ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

കാരുണ്യം


  ചുറ്റും ഓടിച്ചാടിനടക്കുന്ന സഹൃദയരായ ആത്മാക്കള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ,അപ്പടിപെട്ട്ര നടപടികള്‍ യതാവത് സ്വന്തം ജീവിതത്തിലും അനുവര്‍ത്തിക്കണം എന്നു നമ്മുടെ നായകന്‍ നിനച്ചിരിക്കെ അതിനു ഒരു അവസരമുണ്ടായി,ഇങ്ങനെ നിനച്ചിരിക്കാതെ നിനച്ചിരിക്കുന്നതിനായി ‘ടപ്പ്’ എന്ന കണക്ക് അവസരങ്ങള്‍ വന്നുചേരുന്നത് ചരിത്രാതീത കാലം മുതല്‍ സുലഭമാണ്.
 
ഉദാഹരണത്തിന് , പണ്ട് ഒരിറ്റു തേങ്ങുങ്ങുവാന്‍-ഒരുവറ്റ് മോങ്ങുവാന്‍ മോഹിച്ച ഒരു ശ്വാനപ്രമാണിയുടെ ശിരസ്സില്‍, ന്യൂട്ടാഭീഷ്ടഗുരുത്വത്തിന്നുടെ ആകര്‍ഷണം നിമിത്തമല്ലാതെ, മേല്‍പ്പറഞ്ഞ പ്രമാണിയുടെ തികച്ചും സ്വാര്‍ത്ഥവും-സ്ഥാപിതവുമായ താല്പ്പര്യം സംരക്ഷിക്കാന്‍ മാത്രം ,ഒരു സാധു കര്‍ഷക തൊഴിലാളിയുടെ നാളികേരം വന്ന് പതിക്കുക ഉണ്ടായി (കര്‍ഷകന്‍ പില്‍ക്കാലത്ത് ആത്മഹത്യ ചെയ്തപ്പോള്‍ ഹൈക്കോടതി വിധിപ്രകാരം നാളികേരം പ്രമാണി തിരികെ നല്കി.വീണ്ടും അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം വിജയിച്ചു. )

കഥയിലേക്ക്.....
നായകന്‍-സുന്ദരന്‍-സുമുഖന്‍-സുഭ
ാഷണന്‍-സുസ്മേരവദനന്‍-സുവസ്ത്രന്‍-പേര്-സുമേഷ്-വയസ്സു ഇരുപത്തി അഞ്ചും പിന്നെ രണ്ടു കാലും അതിനൊത്ത രണ്ടു കയ്യുകളും. അങ്ങനെ സകല ഗുണഗണങ്ങളും ഒത്തുചേര്‍ന്ന വല്ലഭന്‍.ടിയാന്‍ ഒരുതരിചിരി വായില്‍നിന്നും വീണുപോകാതെ കടിച്ചുപിടിച്ചു ഫ്രെയ്മില്‍ നിറഞ്ഞു നിന്നു ചായകുടിക്കുന്നു.

യാതൊരു ജീവകാരുണ്യവും ഉദ്ദേശിക്കാതെ, (അതല്പ്പം കടന്നുപോയി സ്വന്തം ജീവകാരുണ്യം തീര്‍ച്ചയായും ഈ കഥയിലെ വില്ലന്‍ കണക്കില്‍ എടുക്കുന്നുണ്ട് ) ഒരു ഉദരപ്രശ്നപരിഹാരശാല (ഹോട്ടല്‍ എന്നു അസാഹിത്യ ഭാഷ) നടത്തിപ്പോരുന്ന വില്ലന്‍ പിന്നില്‍ ഇരിക്കുന്നു , ഭക്ഷണം എന്ന വ്യാജേന, ആഹാരം വിറ്റു കിട്ടിയ പണം ആക്രാന്തത്തോടെ എണ്ണുന്നു(ആഹാരം പോലും വില്ക്കു ന്ന കാപാലികന്‍ …!! ഇതാകുന്നു വില്ലനിഷ് ഹൈലൈറ്റ്)

പിന്നെ മുഷിഞ്ഞ നോട്ടുകള്‍ എണ്ണുക എന്നത് എന്‍റെ കഥയിലെ വില്ലന്‍റെ ഒരു ഹോബി അല്ല അത് ക്യാരെക്ടര്‍ ക്രിയഷനില്‍ പെടും, അങ്ങനെ ചില സ്വഭാവദൂഷ്യങ്ങള്‍ ഞാന്‍ വില്ലന് കൊടുക്കും, ഫ്രെയ്മില്‍ പണം എണ്ണിയാല്‍ കുത്തക ഭൂര്‍ഷ്വായും തൊഴിലാളി വിരുദ്ധനും ആക്കാം എന്ന തത്ത്വം തന്നെ. വേണ്ടി വന്നാല്‍ അയാളുടെ മേശപ്പുറത്തുള്ള കട്ടഞ്ചായയെ സ്കോച്ച് വിസ്കി വരെയാക്കി മാറ്റും,അതുംപോരാതെ അയാളെ പാട്ടുപാടിച്ചു പാട്ടിനൊപ്പം വായില്‍നിന്നും പുകയും വരുത്തും.

അങ്ങനെ, നായകനും വില്ലനും കാലാവസ്ഥയും രാഷ്ട്രീയവും, ശബ്ദം കുറച്ചു അല്പ്പം വര്‍ഗ്ഗീയവും ചര്‍ച്ച ചെയ്യുമ്പോള്‍ , ഒരു വൃദ്ധനായ (പ്രായം ഏകദേശം നടുവളയുംവരെ) വിറയ്ക്കുന്ന കൈകാലുകളോടെ-വിറയ്ക്കുന്ന വയലിന്‍ നല്‍കുന്ന ബാഗ്രൌണ്ട് സ്കോര്‍- വിറയ്ക്കാത്ത-ഹൃദയമുള്ളവരുടെ ഹൃദയത്തിന്‍റെ ഇടത്തെ ചെവിയില്‍ എത്തിച്ച്- വിറച്ച് കൊണ്ട് രംഗപ്രവേശനം ചെയ്യുന്നു.

വൃദ്ധന്‍ വില്ലനോട്....
അല്ല, അതങ്ങനെ ആണല്ലോ ....നായകന്‍ ഇവിടെ ഇതേ ഫ്രൈമില്‍ നല്ല പയറു-പയറു പോലെ നില്‍പ്പുണ്ട് എന്നാലും എനിക്കൊക്കെ കഥയുണ്ടാക്കാനായി വില്ലന്‍റെ പോസ്റ്റില്‍ തന്നെ ചെന്നു കേറിക്കോണം.

"മോനേ....!!" (അതിലും ദയനീയമായ ഒരു വിളി തല്ക്കാ ലം സ്റ്റോക്കില്ല)

"അഞ്ചു ദിവസമായി....."
അഞ്ചോ..?? പിതാവേ ഈ കടയും ഈ നായകനും കഴിഞ്ഞ അഞ്ചു ദിവസമായി ലീവ് ഒന്നുമായിരുന്നില്ല ഇതിയാന് നാലു ദിവസം മുന്നേ വന്നുകൂടായിരുന്നോ..??

“നോ ഐ വാസ് ബിസി പ്ലേയിങ് ടൈറ്റില്‍ ദരിദ്രന്‍ ഇന്‍ അനതര്‍ സ്റ്റോറി”

ഓകെ കണ്ടിന്യു..

"വീണ്ടുംമോനേ.... ഇത്തിരി ചായേന്‍റെ വെള്ളം കിട്ടിയാല്‍...??”

വില്ലന്‍ ചി-ച്ചി-ചി-ച്ചിരിയോടെ “ചായയില്‍ ചേര്‍ക്കുന്ന വെള്ളം മതിയോ മിസ്റ്റര്‍ ദരിദ്രന്‍..??”

ഡോ വില്ലന്‍ ഇത് ഒരു കോമഡി കഥ അല്ല, ഫോര്‍ യുവര്‍ നോട്ടീസ്..! കൈന്ദ്ലി പുട്ട് ഇന്‍ സംത്തിങ് ദേവിളിഷ്.നവ് ഹീ ഗോട്ട് ദി പോയിന്‍റ് .

വില്ലന്‍ കണ്ണുകള്‍ ചുവപ്പിച്ച് നോട്ടുകളില്‍ തന്നെ നോട്ടമിട്ട് , കോ-ക്കോ-ക്കോ-കൊലച്ചിരിയോടെ...

“സിക്സ് ഇന്ത്യന്‍ രൂപയ മിലേഗാ ത്തോ ചായ മിലേഗാ, നഹി തോ ‘നഹി’ ഭി നഹി മിലേഗാ സാലെ...!!!!”

ആഹാ കുളിര് കോരുന്നു..!! കുളിര് എന്തു കോരുന്നു എന്നു കവിഭാവന. “ഏതായാലും ചായക്കുള്ള വെള്ളം അല്ല കവേ ,അത് വഴിയേ വാങ്ങി വെക്കുന്നുണ്ട്”...വില്ലനിഷ് ഡയലോഗുകളുടെ മൊത്തവ്യാപാരവിപണനവിജയത്തില്‍ ഹിന്ദിയെ വെല്ലാന്‍ ഒരു ഭാഷ വേറെ, ഇനി ഹിന്ദിയുടെ തന്തയ്ക്കു ഇംഗ്ലീഷിന്‍റെ തള്ളയില്‍ ജനിക്കണം..!!ഹുറെ ...ക്ലാപ്സ്!!!ക്ലാപ്സ്!!!! . ഈ ചിന്തയാണ് കോരിയത്.

നായകന്‍ അതിലെ പോയ ചുവന്ന ചുരിദാറുകാരിയെ വായിനോക്കുന്നത് ഫ്രെയിമില്‍ നിന്നും ഒഴിവാക്കി, ആ മാന്യാദ്ദേഹത്തെ കഥയിലേക്ക് വലിച്ചിടാം

“ഒരു പാവം വൃദ്ധന്‍ ഒരു സിംഗിള്‍ 'ട്ടി' ചോദിച്ചാല്‍ നിനക്കു കൊടുത്തു കൂടാ അല്ലെടാ റാസ്കല്‍...!! എടുക്കേടാ ചായ..!! കൊടുക്കേടാ ഗ്ലാസ്സില്‍..!!”

പൊന്നനിയാ ആറ് രൂപയ്ക്കു കിട്ടുന്ന ചായ..., ആറായിരം കൊടുത്താലും കിട്ടത്തുമില്ല, അടിയും കിട്ടും ,ഇത് ജീവകാരുണ്യമാണ് ബി പ്രാക്ടിക്കല്‍.

“അണ്ണാ ഒരു ചായ കൊട് കാഷ് ഞാന്‍ തരാം...”
“ഡേ.. അവിഡൊര് ച്ഛായ്....”
“മേക് ഇറ്റ് ലൈറ്റ് ആന്ഡ് മോര്‍ മില്ക്ക് പ്ലസ് ലെസ്സ് ഷുഗര്‍ അയാം ഡയബെറ്റിക്”
"പ്ഭാ ...!!!!.*/
*-+-**=-0&^%$$#***@$"(നായകനോ വില്ലനോ അവനവന്‍റെ റിഫ്ലെക്സ് അനുസരിച്ചു ഉപയോഗിക്കാന്‍ ഈ ഡയലോഗ് വിട്ടുകൊടുക്കുന്നു .)

ദരിദ്രന്‍ ചായ മോന്തിയ ശേഷം പേഴ്സ് തുറക്കുന്നു .എന്തേ..?? ദരിദ്രന് പേഴ്സ് ഉപയോഗിക്കാന്‍ പാടില്ലെ?? ...എന്‍റെ കഥയിലെ ദരിദ്രന് പെഴ്സുണ്ട് പക്ഷേ അതില്‍ പണം ഇല്ല....!! ഐ ഗ്യാരന്‍റീ യു..!!.സഹനടന്‍ പേഴ്സ് തുറന്നു സ്വാതന്ത്ര്യാനന്തര ഗാന്ധികള്‍ ഒന്നും ഇല്ല എന്നു ഉറപ്പുവരുത്തുന്നു.

നായകന്‍ സ്വന്തം പേഴ്സ് തുറക്കുന്നു ജില്ലമ്-ജില്ലമ്-ജില്ലമ്-പട-പട-
ജില്ലമ് പട-പട.... ഹൃദയം പറഞ്ഞു

“കുട്ടാ പെഴ്സില്‍ അഞ്ചിന്‍റെ കാറല്‍ മാക്സില്ല”

നായകന്‍, ദരിദ്രനെയും വില്ലനെയും മാറിമാറി നോക്കുന്നു ഇരുപക്ഷത്തിനും കാര്യം പിടികിട്ടി എന്നു ഉറപ്പ് വരുത്തുന്നു

“ കൊച്ചാ- നീ പിച്ചയെ വെല്ലുന്ന ഇച്ച- വെറുമൊരീച്ചയേ-ഈ-ചായയെ വാങ്ങാന്‍ കെല്‍പ്പില്ലാത്ത എച്ചി-നീ  ചത്താ എനിക്കു മെച്ചം ” എന്ന ഭാവത്തില്‍ ദരിദ്രന്‍ നോക്കുന്നു.

ദരിദ്രനെയും, നായകനെയും കെട്ടിപ്പിടിച്ചു പറയുന്നു "ഇന്നത്തെ ചായ ഫ്രീ-ഫ്രീ-ഫ്രീ ..... താങ്കളുടെ ജീവകാരുണ്യത്തില്‍ ഞാന്‍ ധന്യന്‍ പ്രഭോ....”:സസ്നേഹം മനസ്സുമാറിയ വില്ലന്‍

വില്ലന്‍റെ മുഖത്തു നയന്‍ വണ്‍ സിക്സ് ഹാള്‍മാര്‍ക്ക് ചിരി
“എന്‍റെ വല്യപ്പന്‍ വാങ്ങിയതാ ഭീമേന്നൂ...”

ദരിദ്രന്‍ വില്ലന്‍ തന്നുടെ ചിരിയുരച്ചു നോക്കി മാറ്റ്ഉറപ്പ് വരുത്തി നന്ദി പറയുന്നു. വില്ലന്‍ കപ്പടാമീശയും, ജുബ്ബായും അഴിച്ചു മാറ്റി ജിമ്മില്‍ പോകാതെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വയറു ചെറുതാക്കി നിന്നു.

ദരിദ്രന്‍ തുടരുന്നു.. “മോനേ അഞ്ചു ദിവസമായി എന്തേലും തിന്നിട്ടു ഒരു വട തരുമോ..??”
നായകന്‍ ഒരു മഞ്ഞ ചുരിദാരിട്ട പെണ്ണിനെ വായിനോക്കുന്നത് ഫ്രെയിമില്‍ വരുന്നു.വില്ലന്‍ സ്കോച്ചു കുടിക്കുന്നു.

ദരിദ്രന്‍: “മോനേ......”
"പോടാ.... ഈ കഥ കഴിഞ്ഞു.. അടുത്ത ചായക്കടേല്‍ പോടാ ...!!!"

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

ലോസ് ഓഫ് മോഷന്‍


  പതിവുപോലെ അന്നും രാത്രിയായപ്പോള്‍ ഒരു പാതിരാത്രി ഉണ്ടായിവന്നു. പാതിരാത്രിയുടെ പാതിയില്‍ ഈ പാപിയെ തേടിവരുന്ന ചില തന്ത്രപ്രധാന നിമിഷങ്ങള്‍ക്കായി കണ്ണില്‍ കള്ളൊഴിച്ചു കാത്തിരുന്നു.

ഫോണ്‍ജീവി പതിവിലുമുറക്കെ മുദ്രാവാക്യം വിളിച്ചു. അപ്പുറത്ത് പതിവ് കാമുകിയുടെ പതിവ് ദീനരോദനം പതിവുപോലെതന്നെ തുടങ്ങുകയായി... ഓര്‍മ്മവെച്ചകാലം കാലം മുതല്‍ ഓര്‍മ്മയ്ക്കപ്പുറമിപ്പുറം മറഞ്ഞു പോയ ദൈവങ്ങളെ ഒരു ബാക്ക് അപ്പ് സപ്പോര്‍ട്ടിനു ഓരോന്നായി ഓര്‍മ്മിച്ചെടുത്ത് പേരുവിളിച്ച് അടുത്തുനിര്‍ത്തി ഞാന്‍ തയാറെടുത്തു.കിളിനാദം മൊഴിഞ്ഞു

“എനിക്കു വയറിളക്കമാണ്’

“ഉവ്വോ..??”

ഇത് ഒരു അനുഗ്രഹമാണ്, ഈ വാക്ക്, ചിരിക്കാനും,കരയാനും,കൊഞ്ഞനം കുത്താനും,കോക്രി കാണിക്കാനും മറ്റിതര രസങ്ങള്‍ക്കുമായി , കലാകാലമായി ഞാന്‍ പാലുകൊടുത്തു പരിപാലിച്ചു പോരുന്ന വജ്രായുധം

“ഇത് നാളെ തന്നെ മാറാന്‍ പ്രാര്‍ത്ഥിക്കണം....”

“ഉവ്വ..! പക്ഷേ എന്‍റെ കാമുകിയുടെ വയറടയാന്‍ പ്രാര്‍ത്ഥിച്ചാല്‍..., ഒടുവില്‍ പടച്ചവന്‍ എങ്ങാന്‍ തെറ്റിദ്ധരിച്ചാല്‍...??!!”

“അപ്പോ ലിറ്ററലി ഞാന്‍ വയറിളകി ചാകട്ടെ എന്നു അല്ലേ...??”

“’ ‘ടെക്നിക്കലി’ നോ.. ടു ബി ഫ്രാങ്ക്”

ഒരു ഗതികേട്ട കാമുകനും ഒരു ഗതികേട്ട കാലത്തും അത് ആഗ്രഹിക്കില്ല ‘ടെക്നിക്കാലിട്ടീസ്’ യു നോ?? (:അവള്‍?? :പോയി..!! :എങ്ങനെയായിരുന്നു?? :വയറിളകി...!! ച്ഛെ !! മ്ലേച്ഛം)ഞാന്‍ കണ്‍സള്‍ട്ടേഷന്‍ ഫിക്സ് ചെയ്തു.

“ഫ്രേസ് ആന്ഡ് സ്റ്റൈല്‍ ഒന്നു മാറ്റാം. (നമ്മുടെ ഐച്ഛിക വിഷയ ഭാഷയില്‍ ആയിക്കൊള്ളട്ടെ) “ഓ ഗോഡ്.. എവരി ബോഡി കണ്ടിന്യൂസ് ടു ബി ഇന്‍ ഇറ്റ്സ് സ്റ്റേറ്റ് ഓഫ് റെസ്റ്റ് ഓര്‍ യൂണിഫോം മോഷന്‍ അണ്‍ലെസ്സ് ആന്ഡ് അണ്ടില്‍ ആന്‍ എക്സ്റ്റെണല്‍ ഫോഴ്സ് ആക്ട്സ് അപോണ്‍ ഇറ്റ്” “കൈണ്ട്ലി ഡൂ ദി നീഡ്ഫുള്‍...!!”

കാത്തിരിപ്പിനൊടുവില്‍ മറുപടി വന്നു

“ഡിയര്‍ ലിറ്റില്‍ന്യൂട്ടന്‍ യുവര്‍ ലോസ് ഓഫ് മോഷന്‍ ഡസിന്‍റ് വെരി വെല്‍ അപ്ലൈ ടു സെര്‍ട്ടന്‍ പ്രോബ്ലംസ്, ട്രൈ ലഗ്രാഞ്ചിയന്‍ മെക്കാനിക്സ്”

“ അത് പി‌ജി ലെവല്‍ ആണ് പിതാവേ ഒരു വയറിളക്കത്തിന് പരിഹാരം കാണാന്‍ ബിരുദാനന്തര ബിരുദം വേണമാ??ഇത് ന്യായമാ കടവുളെ?? ഞാന്‍ വല്ലോ പണിക്കും പൊയ് ജീവിച്ചോട്ടെ..??” “ബട്ട് വാട്ട് എബൌട്ട് സം ഫ്രിക്ഷന്‍??”

“യൂസ് സം ലൂബ്രിക്കന്‍റ്സ് ഡംബ് ഹെഡ് ..!!”

(ഇരുട്ടത്തു ഉത്തരകര്‍ത്താവായ കര്‍ത്താവ് മാറിയിരിക്കുന്നു , കേട്ടമാത്രയിലേ നോം ശ്ശി ശങ്കിച്ചു...)

“കൃഷ്ണന്‍ സ്റ്റാണ്ട് വിടുക..!! ഹനുമാന്‍ സ്വാമി കൈന്ദ്ലീ കം ടു ദി ഡയസ് ആന്ഡ്ം ഗിവ് മി എ സൊലൂഷന്‍”

മനുഷ്യ ചരിത്രത്തിലെ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറി സ്വന്തം ശരീരത്തില്‍ നടത്തി വിജയിപ്പിച്ച ഡോക്റ്റര്‍ സ്വാമി ഇപ്രകാരം മൊഴിഞ്ഞു

“സോറി ദിസ് ഇസ് കാര്‍ഡിയോളജി ഡിവിഷന്‍ കൈന്ദ്ലി വിസിറ്റ് ഡോക്റ്റര്‍ ഗണപതി ഫോര്‍ ഗ്യാസ്ട്രോ”

അദ്ദേഹം ഇനി 'കുടല്‍' സംബന്ധമായ വിഷയം എന്ന നിലയില്‍ ഭദ്രകാളിയ്ക്കു റെഫര്‍ ചെയ്തേക്കാം,വെല്‍ ഷി ഇസ് ആള്‍റെഡി ഓണ്‍ ലൈന്‍...എനിവേ ദി അള്‍ട്ടിമേറ്റ് സൊലൂഷന്‍ ഇസ് വിത്ത് മി...ഒഫ്കോഴ്സ്... ഞാന്‍ ഉറപ്പിച്ച് പറഞ്ഞു

“ഓ ഡിയര്‍ ട്രൈ ‘ഹാര്‍ഡ്’ യു വില്‍ ബി ഫൈന്‍ സൂണ്‍..”

പിറ്റെന്നു കൂറ്റാകൂറ്റിരുട്ടില്‍ പതിവിന് വിപരീതമായി ഒരു പാതിരാത്രി കൂടി മുളച്ചു വന്നു , എനിക്കു മൂക്കൊലിപ്പ് ,ഞാന്‍ ഒരക്ഷരം മിണ്ടിയില്ല.ഒരുപക്ഷേ അവളുടെ പ്രാര്‍ത്ഥന കിട്ടാതെ ഞാന്‍ മൂക്കൊലിച്ചു മരിച്ചേക്കാം, ഒന്നുമില്ലെങ്കിലും നാളെ നാലു വോട്ടും ഈശ്വരനിന്ദയാല്‍ തന്നെ ഒന്നാം തരം ഒരു രക്തസാക്ഷിയെയും പാര്‍ട്ടിയ്ക്ക് കിട്ടും.പിന്നെ, തലേന്ന് പടച്ചവന്‍ പറഞ്ഞപോലെ ‘ന്യൂട്ടന്‍സ് ലോസ് ഡസിന്‍റ് അപ്ലൈ ടു ആള്‍ പ്രോബ്ലംസ്….’ ‘ഫോര്‍ എവരി ആക്ഷന്‍ ഓഫ് യുവര്‍ കാമുകി ഡോണ്ട് ഗിവ് ആന്‍ ഇക്കുവല്‍ ആന്ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍’…!!

അമ്മ പറയുന്നു “മക്കളെ 'കഥയല്ലിത് ജീവിതം'..”

പെറ്റ തള്ള പറഞ്ഞാലും ഞാന്‍ വകവെച്ചെന്നു വരില്ല, അമ്മ പറഞ്ഞാല്‍........

"റാന്‍ മാതാ....ഇതുതാന്‍..."

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

ആനന്ദം


ബ്രോയിലര്‍വിപ്ലവത്തിന്‍റെ പാര്‍ശ്വഫലമായ തന്തൂരി ചിക്കനാകുന്നു കേന്ദ്ര കഥാപാത്രം.

അനിയന്‍ പൊടിയാണ്തരിയാണ്, തരികിടപൊടിപടലകിടതകിടതരികിടയാണു അന്ന്.

എവിടെയോ മേല്‍പ്പറഞ്ഞ വിപ്ലവത്തിന്‍റെ മണം പിടിച്ചുള്ള വരവാണ് വിദ്വാന്‍..., ഒരു ഏര്‍ലി വൈകുന്നേരം .

ഉടനടി കിട്ടണം സാധനം.നീഡ് ഓഫ് ദി അവര്‍.

അന്തരീക്ഷം ചുവന്നു തുടുത്തു, ഗുളികപദസമ്മേളിതബഹളമയം ചര്‍ച്ചകള്‍ തുടങ്ങി, ഒരു പാര്‍ലമെന്‍ററി നിലാവാരം പുലര്‍ത്തി തുടങ്ങിയിരിക്കുന്നു അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും.

എതിരാരോപണം ഉന്നയിച്ച അടുക്കളഭരണപക്ഷാംഗത്തിന്‍റെ ശ്രീകൂന്തലില്‍ തൂങ്ങിയാടുകയാണ് മാന്യദ്ദേഹം.

ഇളയ സന്തതിയുടെ മുന്‍പാകെ വനിതാ സംവരണത്തിന്‍റെ മഹത്വം വിളമ്പിയിട്ട് കാര്യമില്ല എന്നു തോന്നിയിട്ടാവാം, വട്ടം ചുറ്റി എപ്പടിയാവത് ഒരെണ്ണം പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ലേഡീ വാര്‍ഡന്‍ , അവന്‍ ഊഞ്ഞാലില്‍ എന്ന പോലെ വട്ടം പറന്നു ആടുന്നു ,അടുത്ത അഭ്യാസ മുറ അതികഠിനമായ കടി ആണ്.അതും മാതാവിന് അറിയാം , അതിനാല്‍ എത്രയും വേഗം ബാധ ഒഴിപ്പിക്കണം.

നായകന്‍ വില്ലനെ അടിക്കുന്ന പോലെ, ഒടുവില്‍, പുറകില്‍ നിന്നും വാരിപൊക്കി എടുത്തു നിലത്തിട്ടു,സഖാവ് വാവിട്ടു നിലവിളിച്ചു, മുദ്രാവാക്യം മുഴക്കി.

ഇതൊക്കെ കണ്ടു നിഷ്പക്ഷനായ ഈ ആത്മാവ് ഭേഷ.. രസിച്ചു
നില്‍പ്പുണ്ട്. അദ്ദേഹത്തെ പോലെ തന്നെ ചുട്ട കോഴിയെ ഒരെണ്ണം മൊത്തമായ് വിഴുങ്ങിയാല്‍ കൊള്ളാം എന്നു ആശ ഉണ്ട്, പക്ഷേ തിരിച്ചറിവുണ്ട് എന്നു സമൂഹം തെറ്റിദ്ധരിച്ചേക്കാവുന്ന പ്രായമാകയാല്‍,വിപ്ലവ ചിന്തകള്‍ തീവ്രവാദമായി ചിത്രീകരിക്കപ്പെടും. അതിനാല്‍ നിശബ്ദ കഞ്ചുകകുഞ്ചുകഹാരങ്ങള്‍ വിരിമാറില്‍ ചാര്‍ത്തി ആല്‍പ്പം വലത്തോട്ട് മാറിനിന്നു.

വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തി പ്രാപിച്ചു വന്നു ,ഗാന്ധി ലൈനില്‍ ഒരു നിരാഹാരത്തിനൊന്നും വിപ്ലവനായകന്‍ മുതിര്‍ന്നില്ല ,വര്‍ഗ്ഗ ശത്രു വിളംബുന്ന ആഹാരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആ ഊര്‍ജ്ജം അതേ ശത്രുവിനെതിരെ ഉപയോഗിക്കുന്ന യുദ്ധ തന്ത്രം. .

ഞാന്‍ വര്‍ഗ്ഗവഞ്ചകന്‍ അല്ല, മുറിബീഡിക്ക് മറുബീഡി ഇല്ലാത്ത കാലത്ത് തെറി പറയാതെ തെറുപ്പ് ബീഡിയെങ്കിലും തന്ന സമരസഖാക്കളെ...!!, ഞാന്‍ നിങ്ങളെ വഞ്ചിച്ചിട്ടില്ല, വഞ്ചിക്കുകയുമില്ല..!! ,അതിനാല്‍ തന്നെ ഈ സമരത്തിന് നിശബ്ദ് മുദ്രാവാക്യങ്ങള്‍ മുഴക്കി ഈ പഴയവിപ്ലവകാരി മനസ്സില്‍ സമരത്തിന്, സര്‍വ്വമംഗളവിജയഭാവുകങ്ങള്‍ ആര്‍പ്പിച്ചു, പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു, അതീവരഹസ്യമായി സമരനായകനെ ധരിപ്പിച്ചു കൊണ്ടേ ഇരുന്നു.

അപ്പന്‍ രണാങ്കണത്തിന്‍റെ ഏതാണ്ട് തന്ത്രപ്രധാനമായ ഒരു ഭാഗത്തിരുന്നു മൂന്നുദിവസമായി ചുട്ട പപ്പടം ഇടിച്ചുപൊടിച്ചു തരിയാക്കി-അതുനീക്കി കഞ്ഞി കുടിക്കുന്നു-കുടിച്ചുകൊണ്ടേ ഇരിക്കുന്നു.ബ്ന്ധുജനങ്ങളെ യുദ്ധഭൂമിയിലെ ശത്രുനിരയില്‍ കണ്ടു തളര്‍ന്ന പാര്‍ത്ഥനോ,ധര്‍മ്മ യുദ്ധത്തിലെ ന്യായം കണ്ടെത്തിയ പാര്‍ത്ഥസാരഥിയോ??, “പുരാണ പരീജ്ഞ്ജാനാം കമ്മി ഹോത്തസ്യ”...!!

സമരത്തിന്‍റെ നാലാം ദിനം കാറും,കോളും,കാറിത്തുപ്പുകളും നിറഞ്ഞുനിന്ന ഒരു ത്രിസന്ധ്യയില്‍ കാറാതെ, കാലിടറാതെ ഒരു കോളുമായി പിതൃതനയന്‍ വരികയായി... ഇടതുകൈവശം ഒരു ചെറിയ പൊതിയുണ്ട്.

ജയിലില്‍ പോയ നായകന്‍ മടങ്ങി വരുമ്പോള്‍ നായിക ഓടിച്ചെല്ലുന്ന പാരവശ്യത്തോടെ തുറന്ന മൂക്കുകളുമായി ചെറിയവിപ്ലവം പാഞ്ഞു ചെന്നു, അച്ഛാ...!! എന്നു വിളിച്ചു പൊതിയുള്ള കയ്യില്‍തന്നെ കടന്നുപിടിച്ചുസ്നേഹിച്ചു ,(ജനിപ്പിച്ചിട്ടിന്നുവരെ ഈ കെണിയന്‍ എന്നെ ഇത്ര സ്നേഹത്തോടെ ‘അച്ഛാ’ എന്നു വിളിച്ചിട്ടില്ല എന്ന സന്തോഷാഭിമാനാനന്തരഭാവത്തോടെ) പൊതി അതീവ സൂക്ഷമമായി സഖാവിന് കൈമാറപ്പെട്ടു.സഖാവ് പരിസരം നിരീക്ഷിച്ചു സാമ്രാജിത്വ ഭൂര്‍ഷ്വകള്‍ ആരും ഒളിഞ്ഞിരുന്നു നോക്കുന്നില്ല എന്നു ഉറപ്പ് വരുത്തി സംഗതി ബനിയനടിയില്‍ ഒളിപ്പിച്ചു.
എപ്പോള്‍..??
അധികം വൈകാതെ...
ഉം.
സൂക്ഷിക്കണം..!
അറിയാം..!!

വൈകിട്ട് വിപ്ലവത്തിന്‍റെ വിജയപ്പൊതി മലര്‍ക്കെ തുറക്കപ്പെട്ടു,ആയിരം അദൃശ്യ ഉദരങ്ങളില്‍ നിന്നും വിശപ്പിന്‍റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി ,മിഴികളില്‍ ചുട്ട പിടക്കോഴിയുടെ വര്‍ണ്ണം ചുവപ്പന്‍ പ്രതിബിംബങ്ങള്‍ സൃഷ്ട്ടിച്ചു.

മലര്‍ന്ന് കിടന്നു തന്നെ രക്തസാക്ഷിത്വം വരിച്ചതെന്ന് സംശയം ജനിപ്പിക്കത്തക്ക പോസ്റ്ററില്‍ കോഴി കിടന്നു മാഡി-മാഡി വിളിച്ചൂ,

“ചുട്ടകോയഴിതന്‍-ചത്തഹൃദയമാം-പൊരിഞ്ഞ-ഭൂപടത്തിലെ         പടിഞ്ഞാറന്‍ മേഖലയില്‍,
തെല്ലും മടിയാതെ മാന്തി-മാന്തി
മാനുജപുത്രര്‍        മറ്റൊരുതീറ്റതുടങ്ങിനാന്‍ ആന്‍പോടുമത്യാദരാര്‍ത്തിയോടും”

വിപ്ലവകാരിയുടെ വലതുകരം ചുട്ട പറവയുടെയും, ഇടതു കരം എന്‍റെയും കഴുത്തില്‍ ഇടവിട്ട് പിടിവിട്ടുകൊണ്ടിരുന്നു.

“ധീരനാംകുടുംബസാരഥി മറ്റൊരു യുദ്ധം പാര്‍ക്കവേ സുന്ദരസുസ്മേരസുമദനനായി നിലകോള്ളവേ.
കോഴിതന്‍ ചക്രവ്യൂഹം തകര്‍ത്തു
പുറത്തു വന്നീടിനാന്‍
പുത്രനാമഭിമന്യു”

വിയര്‍പ്പു തുള്ളികള്‍ പുഷ്പവൃഷ്ടി നടത്തി ,അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പ്രധിനിധീകരിച്ചു പടുകൂറ്റന്‍ ഏമ്പക്കങ്ങള്‍
വായുവിലെ ദോഷ ശത്രുവിന് നേര്‍ക്ക് തുരുതുരാ എയ്തു വിട്ടു.

രണ്ടു ദിവസങ്ങള്‍ക്കപ്പുറം മാതൃഹൃദയ വൃത്താന്തം മൂലം അറിഞ്ഞത് പിതൃതനയന്‍ മൂന്നു ദിനത്തെ ഉച്ച ഭക്ഷണം ഒഴിവാക്കി ലാഭിച്ച പണം കൊണ്ടാണ് നാലാം ദിനം പ്രിയപുത്രര്‍ക്ക് പ്രിയപ്പെട്ട സാമഗ്രി എത്തിച്ചതത്രേ.

ഏഴു വര്‍ഷത്തിനപ്പുറം സാഹിത്യാശം ലെവലേശമില്ലാതെ ഞാനും മുട്ടനൊരു കോഴിയെ ചുട്ടു കുടുംബത്തു കയറ്റി ,കുടുംബം അത് രുചിയോടെ കഴിക്കുന്നത് കണ്ടു ആസ്വദിച്ചു, ആനന്ദിച്ചു ,അന്ന് അച്ഛന്‍ അനുഭവിച്ച ,അന്ന് മാത്രമോ..? ഒരു മനുഷ്യായുസ്സില്‍ അനുഭവിച്ച ആനന്ദം അതെവിടെ?അത് എനിക്കില്ല, അതിനു ത്യാഗത്തിന്‍റെ വിലയുണ്ടായിരുന്നു.

ത്യാഗം കൊണ്ട് വിപ്ലവം വിജയിപ്പിക്കുന്നവര്‍ അനുഭവിക്കുന്ന ആനന്ദം.

അത്യാനന്ദം....



വ്യാഴാഴ്‌ച, ഫെബ്രുവരി 02, 2012

ഒരു വര്‍ഷം....ര്‍ഷം.... ഷം

ജാനു തന്‍റെ അവസാന വരിയില്‍ നിന്നു ഫിബ്രുവിനെ ചുംബിച്ചു പറഞ്ഞു നിന്‍റെ പതിന്നാലിലെ നിത്യപ്രണയത്തിനോടു എനിക്കും പ്രണയം.......

നോ... നോ...!! പ്രണയം എഴുതിയാല്‍ അത് പൈങ്കിളിയോ... പൂങ്കുലയോ... ആകാന്‍ സാധ്യത കണക്കാക്കുന്നതിനാല്‍ പൊതുവില്‍ പ്രിയമുള്ള, അടിയന്സിന് വശമുള്ള, പൈകാക്ക-ബൈകഴുകന്‍ ലൈന്‍ സ്വീകരിക്കുന്നു.

:പ്രിയ ജാനു നിന്‍റെ പേരിനു കേട്ടുമറന്ന ഒരു വേശ്യയുടെ ഭാവമുണ്ട്,ആരോ എന്നോ കല്പ്പി ച്ചു നല്‍കിയ മാനത്താല്‍, അല്ല മാനക്കേടിനാല്‍, ഒരുതരം അശ്ലീല ഗന്ധം വമിക്കുന്നു ആ പേരിനൊപ്പം ,കൂടെപ്പിറപ്പായ കുളിരാകുമോ മൂലം?

:അസംബന്ധം...!! അസംബന്ധേനതന്നെ പതിനൊന്നു മാസങ്ങളെ ഗര്‍ഭംപേറിനില്‍ക്കുന്ന നിത്യകന്യയാം നിത്യഗര്‍ഭിണി ഞാന്‍... പോരാത്തതിനു 'എ' ക്ലാസ് മഞ്ഞു വീണു നല്ല മില്‍മ കണക്കെ വെളുത്തിട്ടും.ഫിബ്രു എന്ന ക്രാക്രൂക്രീനാമത്തെക്കാള്‍ മഹത്തരം എന്‍ മഹാനാമം .

:നീ മറ്റൊരു പതിനൊന്നിനെ, മുടങ്ങാതെ- നിത്യമായ്, കാലവും കാലക്കേടും പോയതറിയാതെ, വന്നറിഞ്ഞവരെയും, പോയ്മറഞ്ഞവരെയും ഗൌനിക്കാതെ, സ്വാഗതം ചെയ്യുന്ന മേല്‍പ്പറഞ്ഞ വര്‍ഗ്ഗമോ ? പിന്നെ എന്‍നാമം......! ,രവി-ശശി മുതലായ തൊഴിലാളി വര്‍ഗ്ഗ നാമങ്ങള്‍ സ്വീകരിക്കും മുന്‍പെ., പകലും രാത്രിയും വെളിച്ചത്തിന്‍റെ മൊത്തവിതരണം നടത്തുന്ന മുതലാളിത്ത സാമ്രാജിത്വ കുത്തകള്‍ ആയ സൂര്യനും ചന്ദ്രനും, അവ കയ്യടക്കി കഴിഞ്ഞുപോയി... അധികം വൈകാതെ വീണ്ടെടുപ്പിനായ് ഒരു വര്‍ഗ്ഗ സമരം പ്രതീക്ഷിക്കാം നിനക്കു, അപ്രിയേ ...!!

:ഒരിക്കല്‍ പോലും മുപ്പതു തികയ്ക്കാന്‍ യോഗമില്ലാത്ത നീ,കുറുകിയഫിബ്രു... നീ അവിശുദ്ധി പുലമ്പരുതു നിനക്കു പോര അതിനു പക്വത....

:നാലാണ്ടില്‍ ഒരിയ്ക്കല്‍ മാത്രം ഒരു വയസ്സു കൂടുന്ന എന്‍റെ ഇരുപത്തി ഒന്‍പതില്‍ ജനിച്ചവന്‍റെ അനുഗ്രഹം എനിക്കു തുണ....,പേരിനു മാത്രം മുപ്പതില്‍ രക്തസാക്ഷിയെ ചുമക്കുന്നവളെക്കാള്‍ പ്രകാശവര്‍ഷങ്ങള്‍ ഭേദം ഈ ഇരുപത്തേട്ടുകാരന്‍റെ നിര്‍ഭാഗ്യം...

മറ്റൊരു ജാനു കൂടി ഫിബ്രുവിന്‍റെ നെറുകയില്‍ ചവിട്ടി ആ വരിയിലേക്ക് കടക്കുമ്പോള്‍....(സൂക്ഷിച്ചു മുന്നോട്ട് പോവുക, അല്പ്പം സീരിയസ് കടുകട്ടി സാഹിത്യം വഴിയേ.. )

വന്നുചേരാന്‍ സാധ്യതയുള്ള വസന്തകാലത്തിന്‍റെ മുന്നറിയിപ്പായ മഞ്ഞുകണങ്ങളെചുമക്കുന്ന ഏപ്രില്‍ പുഷ്പങ്ങളും, അവന്‍ 'വിഷുക്കണികാണിക്കുന്ന' നന്മകളും,മാന്യശ്രീ കൃഷ്ണനും ,തേങ്ങയും വെള്ളരിക്കയും മറ്റ് അനുബന്ധ സാധനങ്ങളും, കാണിക്കാത്ത തിന്മകളും,ഭൂതശ്രീ ശിവനും ,ചിക്കനും, ബീഫും മറ്റനുബന്ധ പലവകകളും, അവനു മാത്രം വിധിയ്ക്കപ്പെട്ട അവന്‍റെ ഒന്നിലെ വിഡ്ഢിച്ചിരിയും...

ഒരുമയുടെ ഒന്നുമായ് എത്തി...., കൂടെ കൊണ്ടുവരുന്ന പൊരിവെയിലില്‍ മെയ്യനങ്ങി പണിയുന്നവന്‍റെ മെയ്യും,…..
അതിനുമപ്പുറം ആയിരം പിഞ്ചോമനകളെ അക്ഷരം കുറിപ്പിച്ചു മറ്റൊരക്ഷരവര്‍ഷം തുടങ്ങി, വാക്കുകള്‍ വര്‍ഷിക്കുന്ന പുതിയൊരു വര്‍ഷകാലത്തിനു തുടക്കമിടുന്ന ജൂണും......

കള്ളക്കര്‍ക്കിടകത്തിന്നു കുടപിടിക്കുന്ന ഏഴില്‍ എന്നെ ജനിപ്പിച്ചതിന്‍റെ ചീത്തപ്പേരുമാത്രമുള്ള മിടുക്കി ജൂലയ്യും...

പിന്നെ വിണ്ണിന് മണ്ണില്‍ മുഖംനോക്കിമിനുക്കാന്‍ പൊന്‍കതിര്‍ പ്രതിബിംബം നിറഞ്ഞ കണ്ണാടികള്‍ ഒരുക്കുന്ന ഓണക്കാലവും.... (കൃത്യമായി ഏതുമാസം എന്നു നിശ്ച്ചയം പോര,ഒരു ഭംഗിക്ക് ചേര്‍ത്തു എന്നെ ഉള്ളൂ )
ഇടയ്ക്കു, ഇന്‍ബിറ്റുവീന്‍ എനിക്കോര്‍മ്മ കിട്ടാത്ത കുറെ ‘മോറോവര്‍ സിമിലര്‍’ ഗുണങ്ങളുമായി കടന്നുപോയേക്കാവുന്ന മറ്റ് അലവലാതി മാസങ്ങളും....

ഒടുവില്‍ ഒരുനാള്‍ ചെന്നെത്തും ഒരു സിംഹത്തിന്‍റെ..... അല്ല സ്നേഹാകാലത്തിന്‍റെ...തണുപ്പുനിറഞ്ഞ ഡിസംബര്‍ഗുഹയില്‍.....ശൂന്യാകാശത്ത്, കുത്തക ഭൂര്‍ഷ്വ ആയ ഹൈഡ്രജന്‍ ഉള്‍പ്പെടുന്ന ചില തല്‍പ്പര ഗ്യാസുകളും, മണ്ണില്‍, മനുഷ്യന്‍ പട്ടം പറത്തിയും- കറണ്ടടിച്ചു ചത്തും, കണ്ടെത്തിയ വൈദ്യുതിയും, കത്തിക്കുന്ന നക്ഷത്ര വിളക്കുകളുടെ കാലം .....

അതിനുമപ്പുറം, വീണ്ടും ഒരാഘോഷക്കാലത്തിന്‍റെ സമാപനദിനം കുടിച്ചു ബോധം കെട്ടുറങ്ങിയവനു വാള്‍സ് വെച്ചു തല നേരെയാക്കാനുള്ള പുതുപുലരിയായി നീ വീണ്ടും മാറവേ, അന്ന് ഒപ്പത്തിനൊപ്പം പേരിനൊപ്പമുള്ള ചീത്തപ്പെരിനേ സാധൂകരിക്കത്തക്ക വിധം, ഒരു കോമ്പറ്റീഷന്‍ മേന്‍റാലിറ്റി കാണിച്ചില്ലെങ്കില്‍, ഓ പ്രിയ ജാനു..., എന്‍റെ ജനുവരി…….!!!. നിന്നെ ഞാന്‍ എന്‍റെ സ്വന്തമാക്കാം, എന്നിലെ ഇരുപത്തെട്ടില്‍ നീ സൂപ്പറിമ്പോസ് ചെയ്താല്‍ എനിക്കും മുപ്പത്തൊന്ന് തികച്ചു പൂര്‍ണ്ണതയിലെത്താം.......(ഈ പോസ്റ്റിന്‍റെ തുടക്കത്തില്‍ എഴുത്തുകാരന്‍ ആഗ്രഹിച്ചപ്പോലെ ....)