ബ്രോയിലര്‍വിപ്ലവത്തിന്‍റെ പാര്‍ശ്വഫലമായ തന്തൂരി ചിക്കനാകുന്നു കേന്ദ്ര കഥാപാത്രം.
അനിയന്‍ പൊടിയാണ്തരിയാണ്, തരികിടപൊടിപടലകിടതകിടതരികിടയാണു അന്ന്.
എവിടെയോ മേല്‍പ്പറഞ്ഞ വിപ്ലവത്തിന്‍റെ മണം പിടിച്ചുള്ള വരവാണ് വിദ്വാന്‍..., ഒരു ഏര്‍ലി വൈകുന്നേരം .
ഉടനടി കിട്ടണം സാധനം.നീഡ് ഓഫ് ദി അവര്‍.
അന്തരീക്ഷം ചുവന്നു തുടുത്തു, ഗുളികപദസമ്മേളിതബഹളമയം ചര്‍ച്ചകള്‍ തുടങ്ങി,
ഒരു പാര്‍ലമെന്‍ററി നിലാവാരം പുലര്‍ത്തി തുടങ്ങിയിരിക്കുന്നു
അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും.
എതിരാരോപണം ഉന്നയിച്ച അടുക്കളഭരണപക്ഷാംഗത്തിന്‍റെ ശ്രീകൂന്തലില്‍ തൂങ്ങിയാടുകയാണ് മാന്യദ്ദേഹം.
ഇളയ സന്തതിയുടെ മുന്‍പാകെ വനിതാ സംവരണത്തിന്‍റെ മഹത്വം വിളമ്പിയിട്ട്
കാര്യമില്ല എന്നു തോന്നിയിട്ടാവാം, വട്ടം ചുറ്റി എപ്പടിയാവത് ഒരെണ്ണം
പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ലേഡീ വാര്‍ഡന്‍ , അവന്‍ ഊഞ്ഞാലില്‍ എന്ന
പോലെ വട്ടം പറന്നു ആടുന്നു ,അടുത്ത അഭ്യാസ മുറ അതികഠിനമായ കടി ആണ്.അതും
മാതാവിന് അറിയാം , അതിനാല്‍ എത്രയും വേഗം ബാധ ഒഴിപ്പിക്കണം.
നായകന്‍ വില്ലനെ അടിക്കുന്ന പോലെ, ഒടുവില്‍, പുറകില്‍ നിന്നും വാരിപൊക്കി
എടുത്തു നിലത്തിട്ടു,സഖാവ് വാവിട്ടു നിലവിളിച്ചു, മുദ്രാവാക്യം മുഴക്കി.
ഇതൊക്കെ കണ്ടു നിഷ്പക്ഷനായ ഈ ആത്മാവ് ഭേഷ.. രസിച്ചു
നില്‍പ്പുണ്ട്. അദ്ദേഹത്തെ പോലെ തന്നെ ചുട്ട കോഴിയെ ഒരെണ്ണം മൊത്തമായ്
വിഴുങ്ങിയാല്‍ കൊള്ളാം എന്നു ആശ ഉണ്ട്, പക്ഷേ തിരിച്ചറിവുണ്ട് എന്നു സമൂഹം
തെറ്റിദ്ധരിച്ചേക്കാവുന്ന പ്രായമാകയാല്‍,വിപ്ലവ ചിന്തകള്‍ തീവ്രവാദമായി
ചിത്രീകരിക്കപ്പെടും. അതിനാല്‍ നിശബ്ദ കഞ്ചുകകുഞ്ചുകഹാരങ്ങള്‍ വിരിമാറില്‍
ചാര്‍ത്തി ആല്‍പ്പം വലത്തോട്ട് മാറിനിന്നു.
വരും ദിവസങ്ങളില്‍
സമരം കൂടുതല്‍ ശക്തി പ്രാപിച്ചു വന്നു ,ഗാന്ധി ലൈനില്‍ ഒരു
നിരാഹാരത്തിനൊന്നും വിപ്ലവനായകന്‍ മുതിര്‍ന്നില്ല ,വര്‍ഗ്ഗ ശത്രു വിളംബുന്ന
ആഹാരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആ ഊര്‍ജ്ജം അതേ ശത്രുവിനെതിരെ
ഉപയോഗിക്കുന്ന യുദ്ധ തന്ത്രം. .
ഞാന്‍ വര്‍ഗ്ഗവഞ്ചകന്‍ അല്ല,
മുറിബീഡിക്ക് മറുബീഡി ഇല്ലാത്ത കാലത്ത് തെറി പറയാതെ തെറുപ്പ് ബീഡിയെങ്കിലും
തന്ന സമരസഖാക്കളെ...!!, ഞാന്‍ നിങ്ങളെ വഞ്ചിച്ചിട്ടില്ല,
വഞ്ചിക്കുകയുമില്ല..!! ,അതിനാല്‍ തന്നെ ഈ സമരത്തിന് നിശബ്ദ്
മുദ്രാവാക്യങ്ങള്‍ മുഴക്കി ഈ പഴയവിപ്ലവകാരി മനസ്സില്‍ സമരത്തിന്,
സര്‍വ്വമംഗളവിജയഭാവുകങ്ങള്‍ ആര്‍പ്പിച്ചു, പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു,
അതീവരഹസ്യമായി സമരനായകനെ ധരിപ്പിച്ചു കൊണ്ടേ ഇരുന്നു.
അപ്പന്‍
രണാങ്കണത്തിന്‍റെ ഏതാണ്ട് തന്ത്രപ്രധാനമായ ഒരു ഭാഗത്തിരുന്നു
മൂന്നുദിവസമായി ചുട്ട പപ്പടം ഇടിച്ചുപൊടിച്ചു തരിയാക്കി-അതുനീക്കി കഞ്ഞി
കുടിക്കുന്നു-കുടിച്ചുകൊണ്ടേ ഇരിക്കുന്നു.ബ്ന്ധുജനങ്ങളെ യുദ്ധഭൂമിയിലെ
ശത്രുനിരയില്‍ കണ്ടു തളര്‍ന്ന പാര്‍ത്ഥനോ,ധര്‍മ്മ യുദ്ധത്തിലെ ന്യായം
കണ്ടെത്തിയ പാര്‍ത്ഥസാരഥിയോ??, “പുരാണ പരീജ്ഞ്ജാനാം കമ്മി ഹോത്തസ്യ”...!!
സമരത്തിന്‍റെ നാലാം ദിനം കാറും,കോളും,കാറിത്തുപ്പുകളും നിറഞ്ഞുനിന്ന ഒരു
ത്രിസന്ധ്യയില്‍ കാറാതെ, കാലിടറാതെ ഒരു കോളുമായി പിതൃതനയന്‍ വരികയായി...
ഇടതുകൈവശം ഒരു ചെറിയ പൊതിയുണ്ട്.
ജയിലില്‍ പോയ നായകന്‍ മടങ്ങി
വരുമ്പോള്‍ നായിക ഓടിച്ചെല്ലുന്ന പാരവശ്യത്തോടെ തുറന്ന മൂക്കുകളുമായി
ചെറിയവിപ്ലവം പാഞ്ഞു ചെന്നു, അച്ഛാ...!! എന്നു വിളിച്ചു പൊതിയുള്ള
കയ്യില്‍തന്നെ കടന്നുപിടിച്ചുസ്നേഹിച്ചു ,(ജനിപ്പിച്ചിട്ടിന്നുവരെ ഈ
കെണിയന്‍ എന്നെ ഇത്ര സ്നേഹത്തോടെ ‘അച്ഛാ’ എന്നു വിളിച്ചിട്ടില്ല എന്ന
സന്തോഷാഭിമാനാനന്തരഭാവത്തോടെ) പൊതി അതീവ സൂക്ഷമമായി സഖാവിന്
കൈമാറപ്പെട്ടു.സഖാവ് പരിസരം നിരീക്ഷിച്ചു സാമ്രാജിത്വ ഭൂര്‍ഷ്വകള്‍ ആരും
ഒളിഞ്ഞിരുന്നു നോക്കുന്നില്ല എന്നു ഉറപ്പ് വരുത്തി സംഗതി ബനിയനടിയില്‍
ഒളിപ്പിച്ചു.
എപ്പോള്‍..??
അധികം വൈകാതെ...
ഉം.
സൂക്ഷിക്കണം..!
അറിയാം..!!
വൈകിട്ട് വിപ്ലവത്തിന്‍റെ വിജയപ്പൊതി മലര്‍ക്കെ തുറക്കപ്പെട്ടു,ആയിരം
അദൃശ്യ ഉദരങ്ങളില്‍ നിന്നും വിശപ്പിന്‍റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി
,മിഴികളില്‍ ചുട്ട പിടക്കോഴിയുടെ വര്‍ണ്ണം ചുവപ്പന്‍ പ്രതിബിംബങ്ങള്‍
സൃഷ്ട്ടിച്ചു.
മലര്‍ന്ന് കിടന്നു തന്നെ രക്തസാക്ഷിത്വം വരിച്ചതെന്ന് സംശയം ജനിപ്പിക്കത്തക്ക പോസ്റ്ററില്‍ കോഴി കിടന്നു മാഡി-മാഡി വിളിച്ചൂ,
“ചുട്ടകോയഴിതന്‍-ചത്തഹൃദയമാം-പൊരിഞ്ഞ-ഭൂപടത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍,
തെല്ലും മടിയാതെ മാന്തി-മാന്തി
മാനുജപുത്രര്‍ മറ്റൊരുതീറ്റതുടങ്ങിനാന്‍ ആന്‍പോടുമത്യാദരാര്‍ത്തിയോടും”
വിപ്ലവകാരിയുടെ വലതുകരം ചുട്ട പറവയുടെയും, ഇടതു കരം എന്‍റെയും കഴുത്തില്‍ ഇടവിട്ട് പിടിവിട്ടുകൊണ്ടിരുന്നു.
“ധീരനാംകുടുംബസാരഥി മറ്റൊരു യുദ്ധം പാര്‍ക്കവേ സുന്ദരസുസ്മേരസുമദനനായി നിലകോള്ളവേ.
കോഴിതന്‍ ചക്രവ്യൂഹം തകര്‍ത്തു
പുറത്തു വന്നീടിനാന്‍
പുത്രനാമഭിമന്യു”
വിയര്‍പ്പു തുള്ളികള്‍ പുഷ്പവൃഷ്ടി നടത്തി ,അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പ്രധിനിധീകരിച്ചു പടുകൂറ്റന്‍ ഏമ്പക്കങ്ങള്‍
വായുവിലെ ദോഷ ശത്രുവിന് നേര്‍ക്ക് തുരുതുരാ എയ്തു വിട്ടു.
രണ്ടു ദിവസങ്ങള്‍ക്കപ്പുറം മാതൃഹൃദയ വൃത്താന്തം മൂലം അറിഞ്ഞത് പിതൃതനയന്‍
മൂന്നു ദിനത്തെ ഉച്ച ഭക്ഷണം ഒഴിവാക്കി ലാഭിച്ച പണം കൊണ്ടാണ് നാലാം ദിനം
പ്രിയപുത്രര്‍ക്ക് പ്രിയപ്പെട്ട സാമഗ്രി എത്തിച്ചതത്രേ.
ഏഴു
വര്‍ഷത്തിനപ്പുറം സാഹിത്യാശം ലെവലേശമില്ലാതെ ഞാനും മുട്ടനൊരു കോഴിയെ ചുട്ടു
കുടുംബത്തു കയറ്റി ,കുടുംബം അത് രുചിയോടെ കഴിക്കുന്നത് കണ്ടു ആസ്വദിച്ചു,
ആനന്ദിച്ചു ,അന്ന് അച്ഛന്‍ അനുഭവിച്ച ,അന്ന് മാത്രമോ..? ഒരു
മനുഷ്യായുസ്സില്‍ അനുഭവിച്ച ആനന്ദം അതെവിടെ?അത് എനിക്കില്ല, അതിനു
ത്യാഗത്തിന്‍റെ വിലയുണ്ടായിരുന്നു.
ത്യാഗം കൊണ്ട് വിപ്ലവം വിജയിപ്പിക്കുന്നവര്‍ അനുഭവിക്കുന്ന ആനന്ദം.
അത്യാനന്ദം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ