ചുറ്റും ഓടിച്ചാടിനടക്കുന്ന സഹൃദയരായ ആത്മാക്കള്‍ നടത്തുന്ന ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ,അപ്പടിപെട്ട്ര നടപടികള്‍ യതാവത് സ്വന്തം
ജീവിതത്തിലും അനുവര്‍ത്തിക്കണം എന്നു നമ്മുടെ നായകന്‍ നിനച്ചിരിക്കെ
അതിനു ഒരു അവസരമുണ്ടായി,ഇങ്ങനെ നിനച്ചിരിക്കാതെ നിനച്ചിരിക്കുന്നതിനായി
‘ടപ്പ്’ എന്ന കണക്ക് അവസരങ്ങള്‍ വന്നുചേരുന്നത് ചരിത്രാതീത കാലം മുതല്‍
സുലഭമാണ്.
ഉദാഹരണത്തിന് , പണ്ട് ഒരിറ്റു
തേങ്ങുങ്ങുവാന്‍-ഒരുവറ്റ് മോങ്ങുവാന്‍ മോഹിച്ച ഒരു ശ്വാനപ്രമാണിയുടെ
ശിരസ്സില്‍, ന്യൂട്ടാഭീഷ്ടഗുരുത്വത്തിന്നുടെ
ആകര്‍ഷണം നിമിത്തമല്ലാതെ, മേല്‍പ്പറഞ്ഞ പ്രമാണിയുടെ തികച്ചും
സ്വാര്‍ത്ഥവും-സ്ഥാപിതവുമായ താല്പ്പര്യം സംരക്ഷിക്കാന്‍ മാത്രം ,ഒരു സാധു
കര്‍ഷക തൊഴിലാളിയുടെ നാളികേരം വന്ന് പതിക്കുക ഉണ്ടായി (കര്‍ഷകന്‍
പില്‍ക്കാലത്ത് ആത്മഹത്യ ചെയ്തപ്പോള്‍ ഹൈക്കോടതി വിധിപ്രകാരം നാളികേരം
പ്രമാണി തിരികെ നല്കി.വീണ്ടും അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം
വിജയിച്ചു. )
കഥയിലേക്ക്.....
നായകന്‍-സുന്ദരന്‍-സുമുഖന്‍-സുഭാഷണന്‍-സുസ്മേരവദനന്‍-സുവസ്ത്രന്‍-പേര്-സുമേഷ്-വയസ്സു
ഇരുപത്തി അഞ്ചും പിന്നെ രണ്ടു കാലും അതിനൊത്ത രണ്ടു കയ്യുകളും. അങ്ങനെ
സകല ഗുണഗണങ്ങളും ഒത്തുചേര്‍ന്ന വല്ലഭന്‍.ടിയാന്‍ ഒരുതരിചിരി
വായില്‍നിന്നും വീണുപോകാതെ കടിച്ചുപിടിച്ചു ഫ്രെയ്മില്‍ നിറഞ്ഞു നിന്നു
ചായകുടിക്കുന്നു.
യാതൊരു ജീവകാരുണ്യവും ഉദ്ദേശിക്കാതെ, (അതല്പ്പം
കടന്നുപോയി സ്വന്തം ജീവകാരുണ്യം തീര്‍ച്ചയായും ഈ കഥയിലെ വില്ലന്‍
കണക്കില്‍ എടുക്കുന്നുണ്ട് ) ഒരു ഉദരപ്രശ്നപരിഹാരശാല (ഹോട്ടല്‍ എന്നു
അസാഹിത്യ ഭാഷ) നടത്തിപ്പോരുന്ന വില്ലന്‍ പിന്നില്‍ ഇരിക്കുന്നു , ഭക്ഷണം
എന്ന വ്യാജേന, ആഹാരം വിറ്റു കിട്ടിയ പണം ആക്രാന്തത്തോടെ എണ്ണുന്നു(ആഹാരം
പോലും വില്ക്കു ന്ന കാപാലികന്‍ …!! ഇതാകുന്നു വില്ലനിഷ് ഹൈലൈറ്റ്)
പിന്നെ മുഷിഞ്ഞ നോട്ടുകള്‍ എണ്ണുക എന്നത് എന്‍റെ കഥയിലെ വില്ലന്‍റെ ഒരു
ഹോബി അല്ല അത് ക്യാരെക്ടര്‍ ക്രിയഷനില്‍ പെടും, അങ്ങനെ ചില
സ്വഭാവദൂഷ്യങ്ങള്‍ ഞാന്‍ വില്ലന് കൊടുക്കും, ഫ്രെയ്മില്‍ പണം എണ്ണിയാല്‍
കുത്തക ഭൂര്‍ഷ്വായും തൊഴിലാളി വിരുദ്ധനും ആക്കാം എന്ന തത്ത്വം തന്നെ.
വേണ്ടി വന്നാല്‍ അയാളുടെ മേശപ്പുറത്തുള്ള കട്ടഞ്ചായയെ സ്കോച്ച് വിസ്കി
വരെയാക്കി മാറ്റും,അതുംപോരാതെ അയാളെ പാട്ടുപാടിച്ചു പാട്ടിനൊപ്പം
വായില്‍നിന്നും പുകയും വരുത്തും.
അങ്ങനെ, നായകനും വില്ലനും
കാലാവസ്ഥയും രാഷ്ട്രീയവും, ശബ്ദം കുറച്ചു അല്പ്പം വര്‍ഗ്ഗീയവും ചര്‍ച്ച
ചെയ്യുമ്പോള്‍ , ഒരു വൃദ്ധനായ (പ്രായം ഏകദേശം നടുവളയുംവരെ) വിറയ്ക്കുന്ന
കൈകാലുകളോടെ-വിറയ്ക്കുന്ന വയലിന്‍ നല്‍കുന്ന ബാഗ്രൌണ്ട് സ്കോര്‍-
വിറയ്ക്കാത്ത-ഹൃദയമുള്ളവരുടെ ഹൃദയത്തിന്‍റെ ഇടത്തെ ചെവിയില്‍ എത്തിച്ച്-
വിറച്ച് കൊണ്ട് രംഗപ്രവേശനം ചെയ്യുന്നു.
വൃദ്ധന്‍ വില്ലനോട്....
അല്ല, അതങ്ങനെ ആണല്ലോ ....നായകന്‍ ഇവിടെ ഇതേ ഫ്രൈമില്‍ നല്ല പയറു-പയറു
പോലെ നില്‍പ്പുണ്ട് എന്നാലും എനിക്കൊക്കെ കഥയുണ്ടാക്കാനായി വില്ലന്‍റെ
പോസ്റ്റില്‍ തന്നെ ചെന്നു കേറിക്കോണം.
"മോനേ....!!" (അതിലും ദയനീയമായ ഒരു വിളി തല്ക്കാ ലം സ്റ്റോക്കില്ല)
"അഞ്ചു ദിവസമായി....."
അഞ്ചോ..?? പിതാവേ ഈ കടയും ഈ നായകനും കഴിഞ്ഞ അഞ്ചു ദിവസമായി ലീവ്
ഒന്നുമായിരുന്നില്ല ഇതിയാന് നാലു ദിവസം മുന്നേ വന്നുകൂടായിരുന്നോ..??
“നോ ഐ വാസ് ബിസി പ്ലേയിങ് ടൈറ്റില്‍ ദരിദ്രന്‍ ഇന്‍ അനതര്‍ സ്റ്റോറി”
ഓകെ കണ്ടിന്യു..
"വീണ്ടുംമോനേ.... ഇത്തിരി ചായേന്‍റെ വെള്ളം കിട്ടിയാല്‍...??”
വില്ലന്‍ ചി-ച്ചി-ചി-ച്ചിരിയോടെ “ചായയില്‍ ചേര്‍ക്കുന്ന വെള്ളം മതിയോ മിസ്റ്റര്‍ ദരിദ്രന്‍..??”
ഡോ വില്ലന്‍ ഇത് ഒരു കോമഡി കഥ അല്ല, ഫോര്‍ യുവര്‍ നോട്ടീസ്..! കൈന്ദ്ലി
പുട്ട് ഇന്‍ സംത്തിങ് ദേവിളിഷ്.നവ് ഹീ ഗോട്ട് ദി പോയിന്‍റ് .
വില്ലന്‍ കണ്ണുകള്‍ ചുവപ്പിച്ച് നോട്ടുകളില്‍ തന്നെ നോട്ടമിട്ട് , കോ-ക്കോ-ക്കോ-കൊലച്ചിരിയോടെ...
“സിക്സ് ഇന്ത്യന്‍ രൂപയ മിലേഗാ ത്തോ ചായ മിലേഗാ, നഹി തോ ‘നഹി’ ഭി നഹി മിലേഗാ സാലെ...!!!!”
ആഹാ കുളിര് കോരുന്നു..!! കുളിര് എന്തു കോരുന്നു എന്നു കവിഭാവന. “ഏതായാലും
ചായക്കുള്ള വെള്ളം അല്ല കവേ ,അത് വഴിയേ വാങ്ങി
വെക്കുന്നുണ്ട്”...വില്ലനിഷ് ഡയലോഗുകളുടെ മൊത്തവ്യാപാരവിപണനവിജയത്തില്‍
ഹിന്ദിയെ വെല്ലാന്‍ ഒരു ഭാഷ വേറെ, ഇനി ഹിന്ദിയുടെ തന്തയ്ക്കു ഇംഗ്ലീഷിന്‍റെ
തള്ളയില്‍ ജനിക്കണം..!!ഹുറെ ...ക്ലാപ്സ്!!!ക്ലാപ്സ്!!!! . ഈ ചിന്തയാണ്
കോരിയത്.
നായകന്‍ അതിലെ പോയ ചുവന്ന ചുരിദാറുകാരിയെ വായിനോക്കുന്നത് ഫ്രെയിമില്‍ നിന്നും ഒഴിവാക്കി, ആ മാന്യാദ്ദേഹത്തെ കഥയിലേക്ക് വലിച്ചിടാം
“ഒരു പാവം വൃദ്ധന്‍ ഒരു സിംഗിള്‍ 'ട്ടി' ചോദിച്ചാല്‍ നിനക്കു കൊടുത്തു
കൂടാ അല്ലെടാ റാസ്കല്‍...!! എടുക്കേടാ ചായ..!! കൊടുക്കേടാ ഗ്ലാസ്സില്‍..!!”
പൊന്നനിയാ ആറ് രൂപയ്ക്കു കിട്ടുന്ന ചായ..., ആറായിരം കൊടുത്താലും
കിട്ടത്തുമില്ല, അടിയും കിട്ടും ,ഇത് ജീവകാരുണ്യമാണ് ബി പ്രാക്ടിക്കല്‍.
“അണ്ണാ ഒരു ചായ കൊട് കാഷ് ഞാന്‍ തരാം...”
“ഡേ.. അവിഡൊര് ച്ഛായ്....”
“മേക് ഇറ്റ് ലൈറ്റ് ആന്ഡ് മോര്‍ മില്ക്ക് പ്ലസ് ലെസ്സ് ഷുഗര്‍ അയാം ഡയബെറ്റിക്”
"പ്ഭാ ...!!!!.*/*-+-**=-0&^%$$#***@$"(നായകനോ വില്ലനോ അവനവന്‍റെ റിഫ്ലെക്സ് അനുസരിച്ചു ഉപയോഗിക്കാന്‍ ഈ ഡയലോഗ് വിട്ടുകൊടുക്കുന്നു .)
ദരിദ്രന്‍ ചായ മോന്തിയ ശേഷം പേഴ്സ് തുറക്കുന്നു .എന്തേ..?? ദരിദ്രന്
പേഴ്സ് ഉപയോഗിക്കാന്‍ പാടില്ലെ?? ...എന്‍റെ കഥയിലെ ദരിദ്രന് പെഴ്സുണ്ട്
പക്ഷേ അതില്‍ പണം ഇല്ല....!! ഐ ഗ്യാരന്‍റീ യു..!!.സഹനടന്‍ പേഴ്സ് തുറന്നു
സ്വാതന്ത്ര്യാനന്തര ഗാന്ധികള്‍ ഒന്നും ഇല്ല എന്നു ഉറപ്പുവരുത്തുന്നു.
നായകന്‍ സ്വന്തം പേഴ്സ് തുറക്കുന്നു ജില്ലമ്-ജില്ലമ്-ജില്ലമ്-പട-പട-ജില്ലമ് പട-പട.... ഹൃദയം പറഞ്ഞു
“കുട്ടാ പെഴ്സില്‍ അഞ്ചിന്‍റെ കാറല്‍ മാക്സില്ല”
നായകന്‍, ദരിദ്രനെയും വില്ലനെയും മാറിമാറി നോക്കുന്നു ഇരുപക്ഷത്തിനും കാര്യം പിടികിട്ടി എന്നു ഉറപ്പ് വരുത്തുന്നു
“ കൊച്ചാ- നീ പിച്ചയെ വെല്ലുന്ന ഇച്ച- വെറുമൊരീച്ചയേ-ഈ-ചായയെ വാങ്ങാന്‍
കെല്‍പ്പില്ലാത്ത എച്ചി-നീ ചത്താ എനിക്കു മെച്ചം ” എന്ന ഭാവത്തില്‍ ദരിദ്രന്‍ നോക്കുന്നു.
ദരിദ്രനെയും, നായകനെയും കെട്ടിപ്പിടിച്ചു പറയുന്നു "ഇന്നത്തെ
ചായ ഫ്രീ-ഫ്രീ-ഫ്രീ ..... താങ്കളുടെ ജീവകാരുണ്യത്തില്‍ ഞാന്‍ ധന്യന്‍
പ്രഭോ....”:സസ്നേഹം മനസ്സുമാറിയ വില്ലന്‍
വില്ലന്‍റെ മുഖത്തു നയന്‍ വണ്‍ സിക്സ് ഹാള്‍മാര്‍ക്ക് ചിരി
“എന്‍റെ വല്യപ്പന്‍ വാങ്ങിയതാ ഭീമേന്നൂ...”
ദരിദ്രന്‍ വില്ലന്‍ തന്നുടെ ചിരിയുരച്ചു നോക്കി മാറ്റ്ഉറപ്പ് വരുത്തി
നന്ദി പറയുന്നു. വില്ലന്‍ കപ്പടാമീശയും, ജുബ്ബായും അഴിച്ചു മാറ്റി
ജിമ്മില്‍ പോകാതെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വയറു ചെറുതാക്കി നിന്നു.
ദരിദ്രന്‍ തുടരുന്നു.. “മോനേ അഞ്ചു ദിവസമായി എന്തേലും തിന്നിട്ടു ഒരു വട തരുമോ..??”
നായകന്‍ ഒരു മഞ്ഞ ചുരിദാരിട്ട പെണ്ണിനെ വായിനോക്കുന്നത് ഫ്രെയിമില്‍ വരുന്നു.വില്ലന്‍ സ്കോച്ചു കുടിക്കുന്നു.
ദരിദ്രന്‍: “മോനേ......”
"പോടാ.... ഈ കഥ കഴിഞ്ഞു.. അടുത്ത ചായക്കടേല്‍ പോടാ ...!!!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ