ശനിയാഴ്‌ച, മാർച്ച് 10, 2012

അനുക്രമം




അയാള്‍ അത്യധികം വ്യാധിയോടെ-ആധിയോടെ ജനിച്ചു വീണ പിഞ്ചു കുഞ്ഞിന്‍റെ വാ പൊളിപ്പിച്ചു നോക്കി ,ഹാ...!! പല്ലുകളൊന്നുമില്ല....!! .വിധിയെ താന്‍ തിരുത്തി എഴുതിയിരിക്കുന്നു.ചരിത്രം ഇനി തന്നെ ആദരിക്കും ... കാലത്തിന്‍റെ കറുത്ത നിയമങ്ങളെ മാറ്റിയെഴുതിയ വിപ്ലവകാരിയായി ലോകം തന്നെ വാഴ്ത്തും......

'അനുക്രമം' .അങ്ങനെ ഒരു രീതിയുണ്ടത്രേ ,കഥയുടെ ക്ലൈമാക്സ് ആദ്യം എഴുന്നള്ളിക്കും പിന്നെ തുടക്കത്തില്‍ നിന്നും ഒടുക്കത്തിലേക്ക് ,അല്ല തുടക്കത്തില്‍ നിന്നും തുടക്കത്തിലേക്ക് കഥപറഞ്ഞു വരും.ആ രീതിയാണ് ഈ രീതി.

നായകന്‍റെ  കുടുംബത്തിലെ ഒരു വിശ്വാസം (ആ നാട്ടിലെ വിശ്വാസം എന്നൊക്കെ പറഞ്ഞു തല്‍ക്കാലം ഞാന്‍ ഉഴപ്പുന്നില്ല).പ്രണയിച്ചു  വിവാഹം കഴിച്ചാല്‍ ഉണ്ടാകുന്ന കുഞ്ഞിനു പല്ല് പൊങ്ങുമെന്ന്.

എഴുതാന്‍ ഒരു വകയും ഇല്ലാത്ത കഴിവേറി....! നീ ഇതല്ല ഇതിനപ്പുറം പറയും എന്നാണോ? ,എന്നാല്‍ കേട്ടോ ഇത് കേരളത്തില്‍ നടന്ന കഥയല്ല 'ആഫ്രിക്ക-വാക്ക-വാക്കാ'. ആഫ്രിക്കയില്‍ ആനയെ ആമ വിഴുങ്ങി എന്നു പറഞ്ഞാലും വിശ്വസിക്കണം.അതിനാല്‍  ഈ കഥയും കഥാപാത്രങ്ങളെയും ആഫ്രിക്കയ്ക്ക് വിട്ടു കൊടുക്കുന്നു, അഞ്ചു പൈസ ആ വകയില്‍ ദരിദ്രാഫ്രിക്കയില്‍ നിന്നും ഞാന്‍ വാങ്ങുന്നില്ല.

അങ്ങനെ ആഫ്രിക്കയിലെ എന്താണ്ടുംപ്രവിശ്യയില്‍ (അങ്ങെനെയാണ് വിദേശ രാജ്യത്തെ പറ്റി പറയുമ്പോള്‍ പ്രവിശ്യാ എന്ന വാക്കു ഉപയോഗിക്കണം.)

ദോണ്ട് ദോ പ്രവിശ്യയില്‍ നായകന്‍ സമാധാനമായി പട്ടിണി കിടക്കുന്ന കാലം ,വയറുന്തി നെഞ്ചു ഉള്ളിലേക്ക് തള്ളിയ മൊട്ടത്തലയുള്ള  കറുത്ത രൂപത്തെ എന്‍റെ  നായകനായി ദയവായി സങ്കല്പ്പി ക്കരുത്. ഇദ്ദേഹം മൂന്നു വയസ്സുള്ളപ്പോള്‍ തൊഴില്‍ നഷ്ട്ടപ്പെട്ട് ചെക്കോസ്ലോവാക്കിയായില്‍ നിന്നും ആഫ്രിക്കയില്‍ ജോലി അന്വേഷിച്ചു കുടിയേറിയതാണ് പിന്നീട് ഭൂനയം നടപ്പിലായപ്പോള്‍ കുടികിടപ്പവകാശം ലഭിച്ചു, എങ്കിലും, എല്ലായിടത്തും കുടിച്ചിട്ടു പോയി കിടക്കാന്‍ സാധിച്ചിട്ടില്ല, ശ്രമിക്കുന്നുണ്ട്.

ഇതിയാന്‍ എന്തിന് പട്ടിണി കിടക്കുന്നു?? ‘പ്രണയിക്കാന്‍’ ,ഈ കഥയിലെ നായകന്‍ എന്തിന് പ്രണയിക്കണം ? അനുക്രമിക്കാന്‍...!! 

പട്ടിണി കിടക്കുന്നവര്‍ക്ക്  പെട്ടെന്നു പ്രണയം വരും.
(ഇതൊരു ശാസ്ത്ര കഥയല്ല, എനിക്കു ഫിലോസഫിയും വശമില്ല. അതുകൊണ്ടു എഴുത്തുകാരന്‍ പറയുന്ന ഒന്നു രണ്ടു കാര്യമെങ്കിലും കഥയുടെ തുടര്‍ച്ചയേക്കരുതി കണ്ണടച്ച് ഇരുട്ടാക്കി വിഴുങ്ങുക.)     

മിസ്റ്റര്‍ നായകന്‍, ഇങ്ങനെ കിടന്നാല്‍ എങ്ങനെ? പട്ടിണികിടക്കുക  എന്നാല്‍ വെറും കിടപ്പല്ലാ, ഇടയ്ക്കു എഴുന്നേല്ക്കണം വയറുതിരുമ്മി കുനിഞ്ഞു നിന്നു ദയനീയമായി ഉലാത്തണം. എങ്കിലല്ലേ ആ റോഡിലൂടെ പോകുന്ന അതിസുന്ദരിയായ നായികയെ  കാണു.... ,അവര്‍ താങ്കളെ കാണൂ???സഹകരിക്കു പ്ലീസ്.

നായിക- നാല്‍പ്പതര വയസ്സു പ്രായം-ഇരുനിറം-ആറടി എട്ടിഞ്ച് പൊക്കം നാല് മക്കള്‍-രണ്ടു ഭര്‍ത്താക്കന്‍മാര്‍ വിദേശത്തു ജോലിചെയ്യുന്നു(തെങ്ങില്‍ കയറും).
ഫെമിനിസ്റ്റുകളെ നിങ്ങള്‍ കേട്ടുവോ? നായികമാരെ ആണെഴുത്തുകാര്‍ കഴിവ്  കുറച്ചു കാണിക്കുന്നു എന്ന പരാതി ഇനി വേണ്ട.

ആഫ്റ്റര്‍ സെര്‍ട്ടന്‍ ടൈം, നായകനും നായികയും പ്രണയബദ്ധരായി. എങ്ങനെ? നായകന്‍ പട്ടിണി കിടക്കുകയാണ്.എങ്കിലും....? ഇതൊരു പ്രണയ കഥയല്ല, ‘അനുക്രമം’ ആണ് ഒരു ‘കുഞ്ഞിക്കാല്’ കാണാന്‍ ഉള്ള മോഹം...!! അത് നടത്തി തരില്ലെ?? ഇവരെന്തായാലും പ്രണയിക്കും, അതിപ്പോള്‍ എങ്ങനെ എന്നുള്ളത്തില്‍ എന്തു കാര്യം?? ഹൂ കേഴെഴ്സ്?

അങ്ങനെ ഇരിക്കുമ്പോ  അവരുക്ക് ഒരു കുഞ്ഞി ജനിച്ചീനി ...!! എങ്ങനെ?? ഹ അത് കള!!!!

തലമുറ-തലമുറയായി-മുറയായി ജനിച്ച തലകളില്‍ പല്ലുകള്‍ പൊങ്ങിനാന്‍ ,തന്‍ പിഞ്ചോമനയ്ക്കും പല്ലുകള്‍ പൊങ്ങുമോ?ഉത്കണ്ഠ!!

ഇല്ല സിംഗിള്‍ പല്ലില്ല.ശാസ്ത്രം ജയിച്ചു അന്ധവിശ്വാസം തോറ്റു.

ഇനി കംസനിസം പ്രയോഗിക്കണോ? ശാസ്ത്രവും കുഞ്ഞും  വളര്‍ന്നപ്പോള്‍പ്പോള്‍ രണ്ടിനും  പല്ലുകള്‍ ഉണ്ടായി നായകന്‍ ഓരോന്നായി പറിച്ചെടുത്ത് കളഞ്ഞു. വീണ്ടും പല്ലുകള്‍ വന്നു, വീണ്ടും പറിച്ചു.
ആധുനിക ദന്തശാസ്ത്രത്തിന്‍റെ പിതാവ് ഈ കഥയിലെ നായകന്‍ ആകുന്നു .

പിതാവേ ...!!! അത്രയ്ക്ക് വേണോ? ലെറ്റ്സ് ഗെറ്റ് ഇറ്റ് ദിസ് വേ
ഈ പതിവ് ഇന്നും ആഫ്രിക്കയിലെ ഈ പ്രവിശ്യയില്‍ തുടരുന്നു ,പല്ലില്ലാത്ത തലമുറകള്‍ പല്ലില്ലാത്ത തലമുറകളെ ഇന്നും സൃഷ്ട്ടിക്കുന്നു.എന്നാലും പ്രണയിച്ചു വിവാഹം കഴിക്കുന്നത് നിര്‍ത്തില്ല.

"ഇലാമ പഴം വിഷമാണ് അതാരും കഴിക്കരുതേ....!!"

അനുക്രമം ? ഓ പിന്നെ....!! വേറെ ഒരു നിയമവും പാലിക്കാത്ത ഒരു കഥയും,നായകനും,നായികയും,പല്ലില്ലാകുഞ്ഞും ,പിന്നെ ഞാനല്ലേ നിയമം പാലിക്കുന്നത് ,എനിക്കും പല്ലില്ല....!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ