‘റം’, ആദ്യചവര്‍പ്പ് തൊണ്ടയില്‍ നിന്നും താഴെക്കിറങ്ങുംപോള്‍, പെട്ടെന്നു പുറത്തേക്ക് തികട്ടിവരുന്നു... പിന്നെ ആരുടെയൊക്കെയോ പ്രോത്സാഹനത്തില്‍, കണ്ണും മൂക്കും പൊത്തി ഒറ്റവലി...... നെഞ്ചിലൂടെ ഒരു തീവണ്ടിയെപ്പോലെ ചൂളം വിളിച്ചു വയറ്റിലെക്കിറങ്ങുന്ന...ഹൃദയത്തിലെക്കിറങ്ങുന്ന... ലഹരി.
ഇങ്ങനെയായിരുന്നു അവന്‍റെ ഒട്ടുമിക്ക ബന്ധങ്ങളും തുടങ്ങിയത്.പ്രത്യേകിച്ചു സ്ത്രീകളുമായുള്ള ബന്ധങ്ങള്‍ ,ആറാം തരം മുതല്‍ മാറി മാറി പ്രണയിച്ച ഒട്ടുമിക്ക സുന്ദരികളും ആദ്യം ശത്രുക്കള്‍ ആയിരുന്നു. ആദ്യം മദ്യവും ശത്രുവായിരുന്നു, ഓരോ തവണയും ഉള്ളിലേക്കെടുക്കുമ്പോള്‍ ശക്തമായി ശരീരം പ്രതിഷേധിച്ചു , “വേണ്ട....വിഷമാണ്....” എന്നു ഉപദേശിച്ചു,പ്രണയ തീരങ്ങളില്‍ ചെന്നു ചേരവേ ആഴി തിരയെ എന്നപോലെ, ബുദ്ധി മനസ്സിനെ തിരികെ വിളിച്ചു.തിരകള്‍ വീണ്ടും തീരം തേടി......
പല ഗ്ലാസ്സുകളില്‍ ഒഴിച്ച് പുറകെ-പുറകെ കുടിച്ചിറക്കിയ ചവര്‍പ്പ് തന്ന ലഹരിയുമായ് ഏറെനേരം,കാഴ്ച്ചയും കേള്‍വിയും മങ്ങുമ്പോള്‍ ഉണ്ടാകുന്ന ധൈര്യത്തോടെ ഇരിക്കുന്നു, സഞ്ചരിക്കുന്നു .... ...പിന്നെ കണ്ണുതുറക്കുമ്പോള്‍ കെട്ടിറങ്ങുംപോലെ വിട്ടുപോയ സൌഹൃദങ്ങളും പ്രണയങ്ങളും,അവയുടെ ഹാങോവറുമായി കുറേ കാലം.....
ഫോര്‍ട്ടി ഫൈവ് ലോങ് ഇയേഴ്സ്..... അയാളുടെ ഒപ്പം തുടങ്ങിയവരില്‍ ചിലര്‍ നിര്‍ത്തി ,ചിലര്‍ കരള്‍ തകര്‍ന്നു ചത്തു,ചിലര്‍ ഒരു ബ്രാണ്ടില്‍ ഒതുങ്ങി. അയാള്‍ മാത്രം പന്ത്രണ്ടാം വയസ്സില്‍, കറുത്ത റമ്മില്‍ തുടങ്ങി പിന്നീട് പല മുന്തിയ ഇനങ്ങളും പരീക്ഷിച്ചു..വെളുത്തവള്‍ വോഡ്ക,തവിട്ടു നിറമുള്ളവള്‍ ബ്രാണ്ടി ,ഇരുനിറക്കാരി വിസ്കി,മല്ലിയുടെ മണമുള്ള ജിന്‍, പലനിറമുള്ള കുപ്പികളില്‍ നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന വീര്യം കുറഞ്ഞ ബീയറുകള്‍ ... അയാള്‍ തിരഞ്ഞെടുത്ത മദ്യവും സ്ത്രീകളും എന്തുകൊണ്ടോ അയാളെ തിരികെ മാത്രം പ്രണയിച്ചില്ല...ഒരിക്കലും.....
ഇന്നും അയാള്‍ തുടക്കത്തില്‍ ഓക്കാനിക്കാതെ മദ്യപിക്കാനോ പ്രണയിക്കാനോ അഭ്യസിച്ചിട്ടില്ല.ബുദ്ധിയും ശരീരവും ഇന്നും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല ,പക്ഷേ രണ്ടും തരുന്ന ലഹരി കാലങ്ങളായി മിത്രമായിരിക്കുന്നു. ഹിസ് ഒണ്‍ലി ലോങ് ലാസ്റ്റിങ് റിലേഷന്‍.ഹിസ് ഒണ്‍ലി ഫ്രെണ്ട് ആന്‍ഡ് ഒണ്‍ലി ലവ്.
മറ്റൊരു മഴക്കാലം കൂടി ലഹരിതേടുന്ന തണുപ്പുമായ് വന്നു നില്ക്കേ അയാള്‍ക്ക് വീണ്ടും ഒരിക്കല്‍കൂടി പ്രണയിക്കാന്‍ മോഹം...... എനിക്കും.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ