അങ്ങേ വീട്ടിലെ പാറു ചേച്ചി എന്നെ നോക്കി വളര്‍ത്തിയതായിരുന്നു ,ഞാനും....അപ്പടി ഇരിക്കെ ഒരു ദിവസം 'ആള്‍ ഓഫ് എ സഡന്‍' ഷി ഗോട്ട് മാരീഡ്.
താലികെട്ട് ഞാനും കണ്ടു..ആഫ്റ്റര്‍ സെര്‍ടന്‍ ഡേയ്സ് ,പാറുചേച്ചിയുടെ വയറു ദിവസം തോറും വീര്‍ത്തു-വീര്‍ത്തു വന്നു .ഈ വയറുവീര്‍ക്കലിന്‍റെ കാരണം വല്യമ്മയോട് ആരാഞ്ഞു , “അത് വായുവിന്‍റെ ഏനക്കേട് ആടാ കൊച്ചനെ..” എന്നു, അറ്റ് ദി മൊമന്‍റ് ഇംപോട്ടെന്‍റ് ആയ വല്യമ്മ അസൂയാനിമിത്തം ബോധിപ്പിച്ചു .
പക്ഷേ സംഗതി ശരിയാകാനും സാധ്യത ഉണ്ട്, ബലൂണ്‍ വീര്‍ക്കുന്നത് വായുവിന്‍റെ ഏനക്കേട് കൊണ്ടാണെന്ന് സയന്‍സ് പഠിപ്പിക്കുന്ന സാറാമ്മ ടീച്ചര്‍ പറഞ്ഞതാണ് ,അപ്പോള്‍ ഇതിന്‍റെ തിയറിയും അത് തന്നെ.ബട്ട് ടു മൈ അണ്‍പ്ലസന്‍റ് സര്‍പ്രൈസ്, പെട്ടെന്നൊരു ദിവസം അതില്‍ നിന്നു വന്നതെന്ന വണ്ണം, മോങ്ങുകയും,അപ്പിയിടുകയും മൊറോവര്‍ മൂത്രമൊഴിക്കുകയും മാത്രം ചെയ്യുന്ന ഒരു പീക്കിരീ ചെക്കനെ പാറുഫാമിലിയില്‍ കണ്ടുകിട്ടി,ബലൂണിലെ വായു നഷ്ടപ്പെടുകയും ചെയ്തു.
ചുറ്റുപാടുമുള്ള ഈ അസ്വാഭാവിക സംഭവവികാസങ്ങള്‍ എന്നിലെ സയന്‍റിസ്റ്റിനെ, തലയില്‍ വെള്ളമൊഴിച്ചുണര്‍ത്തി ... .
പണ്ട്, ഞാന്‍ എങ്ങനെ ഉണ്ടായി എന്നു അപ്പനോടു ചോദിച്ചപ്പോള്‍ ,താഴേ പറമ്പിലെ ഒഴുക്കില്‍, ഒരു മഴക്കാലത്ത് ഒലിച്ചു വന്നതാണ് എന്നായിരുന്നു ഉത്തരം,ക്വയറ്റ് നാച്ചുറല്‍!!!....ബട്ട് നോട്ട് ലോജിക്കല്‍....!! ...,അപ്പന്‍ മേലേപറമ്പിലെ ഒഴുക്കില്‍ ഒലിച്ചുവന്നതാണോ എന്ന കുരുത്തക്കേട് ഞാന്‍ ചോദിച്ചില്ല.
പക്ഷേ പാറുചേച്ചിയുടെ കേസ് വിശദമായി വിശകലനം ചെയ്തു ശാസ്ത്രീയമായി തന്നെ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു.കേസിനാസ്പദമായ സംഭവം വേനല്‍ക്കാലത്ത് നടന്നതിനാലും,പാറുവയറിന്‍റെ അവസാനകാലത്തെ വലുപ്പവും, ഉണ്ടായ ചെക്കന്‍റെ വലുപ്പവും തമ്മില്‍ അനിഷേധ്യമായ സാദൃശ്യവും നിലനില്‍ക്കുന്നതിനാല്‍ വയറ്റിലെ വായു ചെക്കനായി മാറി പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മാരിയെജിന് മുന്‍പ് എന്തുകൊണ്ട് പാറുവയര്‍ വീര്‍ത്തില്ല ? ,കുട്ടിയുണ്ടായില്ല?? എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം റിലേറ്റിവിലി സിംമ്പിള്‍ ആണ്. എഫ്. ഐ.ആര്‍ പ്രകാരമുള്ള ഡേറ്റ വിശദമായി വിശകലനം ചെയ്യുമ്പോള്‍,വിവാഹ ശേഷം പാറുവില്‍ കാണപ്പെടുന്ന ഏക മാറ്റം താലിയാണ്, അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യത്തിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തവും താലിയില്‍ ആരോപിക്കപ്പെടുന്നു. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍ ..
പാറുവയര്‍ തിയറി ഒട്ടേറെ ജനശ്രദ്ധ പിടിച്ച് പറ്റി. അഞ്ച് (ബി) ക്ലാസ്സിലെ യുവാക്കളുടെ ഇടയില്‍ തിയറി വന്‍വിജയമായി പ്രചരിക്കപ്പെട്ടു.ഞാന്‍ സൂപ്പര്‍ ഹീറോ ആയി.
അന്ന് എന്‍റെ കണക്ക് പുസ്തകത്തിലെ മുപ്പത്തി ഒന്നാം പേജില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന സില്‍മാനടിയും, സര്‍വോപരി ഞങ്ങളുടെ ഡ്രീം ഗേളും ആയ സീമയുടെ നിക്കര്‍ ഇട്ട പടം അന്നമ്മ ടീച്ചെറിന് കാട്ടികൊടുത്തു, പുരുശവംശത്തെ ആകെ വഞ്ചിച്ച 'ജയാ.ജി.സുകുമാരനെ' പാറുവയര്‍ തിയറി ഉപയോഗിച്ച് ഒരു ലെസ്സണ്‍ പഠിപ്പിക്കാനും,പ്രസ്തുത വിഷയത്തിലേക്ക് കട്ടോ മോഷ്ടിച്ചോ മറ്റോ ഒരു താലി എത്രയും വേഗം ഒന്നാം പ്രതിയായ ഞാന്‍ തന്നെ എത്തിക്കേണ്ടതാണെന്നും, സംഭവശേഷമുള്ള പ്രതികളുടെ യോഗത്തില്‍ ധാരണയായി.
അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിലെ മേരിക്കുട്ടി ചാക്കോ ഗര്‍ഭിണിയായി എന്ന വാര്‍ത്ത പള്ളിക്കൂടത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു .ഒന്‍പത് (ബി)യിലെ വിജയന്‍ പിള്ള, സുകുമാരനോടു രഹസ്യമായി പറയുന്നതു ഞാന്‍ മൂത്രപ്പുരയ്ക്ക് പിന്നില്‍ ദിനേശ്ബീഡി കത്തിക്കുമ്പോള്‍, അവരോഴിക്കുന്ന മൂത്രത്തിന്‍റെ കളകളനാദത്തിനൊപ്പം, ആകസ്മികമായി കേള്‍ക്കാന്‍ ഇടയായി.വിജയന്‍ പിള്ളയ്ക്ക് മേരിക്കുട്ടിയോടുള്ള 'തെഴ്സ്റ്റും', 'ഹംഗറും' പണ്ടേ പ്രശസ്തമാണ്.
പത്താം മാസത്തിലെ പത്താം ക്ലാസ്സ് വിനോദയാത്രയില്‍ ഔസേഫ് ചാക്കോ മേരിക്കുട്ടിയെ വഞ്ചിച്ചിട്ടുണ്ടാകാന്‍ ഉള്ള സാധ്യതയും കോണ്‍സിക്വെന്‍റ്ലി, മേരിക്കുട്ടി ഇര വിഴുങ്ങിയ ആനക്കോണ്ടയെ പോലെ വയറും വീര്‍ത്തു ഇഴയുമെന്നും തദ്വാരാ അതുകണ്ട് താന്‍ കൈകൊട്ടിയും, ആര്‍പ്പുവിളിച്ചും സര്‍വോപരി ചൂളം വിളിച്ചും ആഘോഷിക്കുമെന്നമുള്ള മൊഴി രേഖപ്പെടുത്തി.
എനിക്കു സങ്കടം തോന്നി, ബീഡി ഒറ്റ ഏറിന് നിക്കറിന്‍റെ പോക്കറ്റില്‍ ഇട്ടു ഞാന്‍ തീപ്പട്ടി കടിച്ചുപിടിച്ചു ബെല്ലടിക്കുംവരെ വിതുമ്പി ,നോ....!!! പൊട്ടി പൊട്ടി കരഞ്ഞു..... .
ദൂരെനിന്നു കണ്ടാല്‍ സില്‍ക്ക്സ്മിതയെ പോലുള്ള മേരിക്കുട്ടിയുടെ വയര്‍ പാറുകണക്കെ വീര്‍ക്കുന്നതിനെക്കാള്‍,എനിക്കു ദുഖം എന്‍റെ പാറുവയര്‍ തിയറി പൊളിഞ്ഞതിലായിരുന്നു.......
ഭൂലോകത്തും പരലോകത്തും ഉണ്ടാകാനിടയുള്ള എല്ലാ സാമാനത്തിന്‍റെയും ഏറ്റവും അവസാനത്തേതും, ഏറ്റവും ചെറുതുമായ ഉണ്ട ‘ആറ്റം’ ആണെന്ന് ഒരു സായിപ്പ് പറഞ്ഞു, മറ്റൊരു സായിപ്പ് ആ ഉണ്ടയ്ക്കുള്ളില്‍ വീണ്ടും ചെറിയേ-ചെറിയേ ഉണ്ടകള്‍ ഉണ്ടന്നു തെളിയിച്ചു,വീണ്ടും-വീണ്ടും ഉണ്ടാകളുണ്ടന്നു വീണ്ടും-വീണ്ടും സായിപ്സ് പറഞ്ഞു,പാവം ഇന്ത്യക്കാര്‍ എല്ലാം വിശ്വസിച്ചു.
“അങ്ങനെയാണ് മക്കളെ...., ശാസ്ത്രം പുരോഗമിക്കുമ്പോള്‍ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ വിവരിക്കാന്‍ പുത്തന്‍ തിയറികള്‍ ജനിക്കും, അവ പഴയ തിയറികളെയും, അത് കണ്ടെത്തിയ തിയറന്മാരെയും അടച്ചു പുശ്ച്ചിക്കും”.... ആറാം ക്ലാസ്സില്‍ വെച്ചു ഉച്ചക്ക് ഒന്നു മുപ്പത്തിന് തോമാ സാര്‍, മലംപനിമൂലം ലീവെടുത്ത് പോയി മരിക്കുന്നതിന് മുന്‍പായ്, പറഞ്ഞു നിര്‍ത്തി .
പക്ഷേ ഒന്നിവിടെ ഊന്നിയൂന്നി പറയട്ടെ , ആദ്യത്തെ ഉണ്ട കണ്ടെത്തിയതുമൂലമാകുന്നു അതിനുള്ളിലുള്ള ഉണ്ടകള്‍ കണ്ടെത്താന്‍ സാധിച്ചത് .അതുകൊണ്ടു തന്നെ പാറുവയര്‍ തിയറിയുടെ പ്രസക്തി ഒരു കാലത്തും നഷ്ടപ്പെടുന്നില്ല ,വിനോദവഞ്ചന തിയറി പോലുള്ള തിയറികള്‍ ഇതിന്‍റെ പിന്തുടര്‍ച്ച മാത്രം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ