വ്യാഴാഴ്‌ച, ജൂൺ 28, 2012

ദി ടവ്വല്‍


അയലോക്കത്തെ ലീലാമ്മച്ചി ആദ്യമായ് അമേരിക്കയില്‍ പോയത് അമിതവാസനാസോപ്പ്, അതിമൃദുലപൌഡര്‍,കമ്മ്യൂണിസ്റ്റ് വിരുദ്ധപാത്രങ്ങള്‍,വിപ്ലവവിരുദ്ധതുണി,പട്ടിണിവിരുദ്ധ
ചോക്കളേറ്റ്,മുതലായ കുത്തക-മുതലാളിത്ത-ഭൂര്‍ഷ്വ വിഭവങ്ങള്‍ കൊണ്ടുവരാനാകുന്നു.കൊച്ചുഭൂര്‍ഷ്വാസി ആയ എന്നെ ആകര്‍ഷിച്ചത് ഒരു വെളുത്ത ടവ്വല്‍ ആകുന്നു,അമ്മയുടെ ഒരേഒരു അപ്പന്‍റെ ഒരേഒരു താടിയിലെ രോമങ്ങള്‍ പോലെ രോമങ്ങള്‍ ഉള്ള ഒരേഒരുടവ്വല്‍.

കൊടുംചൂടുവെള്ളത്തിലൊന്ന് കുളിച്ചു, അതുകൊണ്ടൊന്നു തോര്‍ത്താന്‍ കാമിച്ചു .ആവശ്യം സമക്ഷം സമര്‍പ്പിച്ചു .സാധനം കെടച്ചില്ല എന്നു മാത്രമല്ല അതിനു ശേഷം നടത്തിയ സമരമുറകള്‍ക്ക് നേരെ ലാത്തിവീശുണ്ടായി

ഇത്തരത്തില്‍പ്പെട്ട , ടവ്വലുകള്‍ സൂക്ഷിച്ചു വെക്കണം എന്നും,അവകൊണ്ടു പ്രത്യേക തരത്തിലുള്ള ആവശ്യങ്ങള്‍ വരുമെന്നുമുള്ള ന്യായം 'ലോ ആന്ഡ് ആര്‍ഡര്‍' വിഭാഗം തലവനായ അപ്പന്‍ മുന്‍പാകെ മാതാശ്രീ ബോധിപ്പിച്ചു,തല്‍ക്കാലം പ്രതിസ്ഥാനത്തുള്ള ടവ്വലിനെ അലമാരിയിലേക്ക് റിമാന്‍ഡ് ചെയ്തുകൊണ്ട് വിധിയുണ്ടായി.ഇടയ്ക്കിടെ അലമാര തുറക്കുമ്പോള്‍ മുഖം കാട്ടിയ ആ വെള്ളക്കാരിയെ നോക്കി ഞാന്‍ പറഞ്ഞു “പ്രിയപ്പെട്ടവളെ നിന്നെ ഞാനൊരിക്കല്‍ കുളിച്ചു തോര്‍ത്തും ..............”

2007 ഡിസംബര്‍ പത്തൊന്‍പത് ,വലിയ തണുപ്പൊന്നുമില്ലാതിരുന്നിട്ടും അന്ന് രാത്രി 2.30നു ഭൂമിഫോണ്‍ നിലവിളിച്ചു.കാലാകാലങ്ങളായി പാതിരായ്ക്കു ശേഷം വരുന്ന വിളികളില്‍ വിദ്വാന്മാര്‍ അപ്പനോടു മരണം-അപകടം എന്നും,വിദ്വാനികള്‍ അമ്മയോട് ഒളിച്ചോട്ടം-വിവാഹമോചനം എന്നും പറയുന്നു.

പണ്ട് ഇങ്ങനെ വന്ന ഒരു വിളിയില്‍ ഒരു വിദ്വാന്‍, മരണ വാര്‍ത്ത പറഞ്ഞു ഭയപ്പെടുത്തേണ്ട എന്ന പരനിര്‍ദ്ദേശപ്രകാരം ,ഇങ്ങനെ പറഞ്ഞു , “ചേച്ചി തെക്കെലെ കൊച്ചുരാമന്‍ പേരപ്പന്‍റെ സ്ഥിതി അല്‍പ്പം മോശമാണ്,പേടിക്കാനൊന്നുമില്ല....,ചേച്ചിയും കെട്ടിയോനും ധൃതി പിടിച്ച് കെട്ടിയെടുക്കേണ്ട .... അടക്ക് നാളെയേ ഉള്ളൂ....”അന്ന് ബോധം കെട്ടുവീണ അമ്മയെ എടുത്തു പോക്കാന്‍ ശ്രമിച്ചു അപ്പന്‍റെ നടുവെട്ടി.. ,ബോധമില്ലത്തെ ഭാര്യയെ എടുക്കുന്നതിനെക്കാള്‍ സുതാര്യമാണല്ലോ ബോധമില്ലാത്തവന്മാനരുടെ ഫോണ്‍ എടുക്കുന്നത്,ഇപ്പോള്‍ എല്ലാവിധ പാതിരാ വിളികളും അപ്പന്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.

ഈ വിളിയിലും കഥയ്ക്കു മാറ്റമില്ല , “സഖാവ് വി.എസ്സിനെക്കാള്‍ ഏഴെട്ട് വയസ്സു മൂപ്പുള്ള,വലിച്ചു കിടന്നിരുന്ന അമ്മയുടെ അമ്മൂമ്മ,എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പൂര്‍വ്വാധികം ശക്തിയായ് വലിച്ചു തുടങ്ങിയിരിക്കുന്ന വിവരം വ്യസനസമേതം അറിയിക്കുന്നു”.

അപ്പന്‍ അമ്മയോട് “എടിയേ, നമുക്കൊന്ന് വീഗാലാണ്ടില്‍ പോകാം...” എന്നു പറയും എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ അങ്ങേര് ഉള്ള കാര്യം പറഞ്ഞു,ഒരു രഥം വിളിക്കപ്പെട്ടു,അതില്‍ അപ്പനും പ്രജകളും മറ്റും കരേറി,ഞാന്‍ കണ്ടു, ആ വെളുത്ത ടവ്വല്‍ അമ്മയുടെ കയ്യില്‍,വഴിനീളെ, സ്ട്രീംലൈന്‍ ഫ്ലോയുടെ ഇടവേളകളില്‍ നോസ് ആന്‍ഡ് അയിസ് ഫ്ലോ തടുക്കാനും തുടയ്ക്കാനും, എന്‍റെ പ്രിയ വെള്ളടവ്വല്‍ ഉപയോഗിക്കപ്പെട്ടു.

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടു , ഭാരതത്തിന്‍റെ കണ്ണീര്‍ ഒപ്പുന്ന ഏക ക്യാപ്പിറ്റലിസ്റ്റ് ഉത്പന്നം.

സംഭവസ്ഥലം എത്തുമ്പോളേക്കും, അപ്പന്‍ പതിനൊന്നു ബീഡിയും അമൂമ്മ ആ പ്രദേശത്തു മിച്ചമുള്ള ശുദ്ധവായു മുഴുവനും,ടവ്വല്‍ ഒരുകിണര്‍ കണ്ണുനീരും,ഞാന്‍ മൂന്നു ഗ്യാലന്‍ നെടുവീര്‍പ്പും വലിച്ചു തീര്‍ക്കുന്നു.മരണം നടക്കുന്ന സമയം,ബന്ധുക്കള്‍ക്കു ഇടത്തു ഭാഗത്തും ശത്രുക്കള്‍ക്കു വലത്തു ഭാഗത്തും,ബി.ജെ.പി ക്കാര്‍ക്കു നടുക്കു ഭാഗത്തും നിന്നു സംഭവം നേരിട്ടു നോക്കി കാണാന്‍ ഉള്ള സൌകര്യം ഒരുക്കിയിരുന്നു.

മരണം സ്ഥിതീകരിക്കാന്‍ പാറുചിറ്റയുടെ കെട്ടിയോന്‍ ഡാക്ടര്‍ സദാശിവന്‍പിള്ള അവറഹള്‍ ക്ഷണിക്കപ്പെട്ടു ,മൂപ്പിലാന്‍ ദന്ത ഡാക്ടര്‍ ആണെന്ന് ചില സ്ഥാപിത താല്‍പര്യ ശക്തികള്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും , ‘മരിച്ചു’ എന്നു പറയാന്‍ ദന്തങ്ങള്‍ മതിയാകും എന്നു ശക്തമായ എതിതിര്‍വാദമുണ്ടായി.‘അപ്പര്‍ സെന്‍ട്രല്‍ ഇന്‍സിസറിനും’ , ‘ലോവര്‍സെക്കണ്ട്മൊളാറിനും’,ഇടയിലൂടെ എടുക്കപ്പെട്ട വായു അവസാനത്തേതാകയാലും,അത് തിരികെ വന്നതിനു തെളിവൊ സാക്ഷികളോ ഇല്ലാത്തത്തിനാലും, മരണം സ്ഥിതീകരിച്ചിരിക്കുന്നു.

പതിനഞ്ചു മുതല്‍ മുപ്പതു വയസ്സുവരെ പ്രായമുള്ള,ആര്‍ത്തലച്ചുകരയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തും,മുപ്പതു മുതല്‍ അറുപത് വസ്സുവരെ പ്രായമുള്ള, നിലവിളിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ വടക്ക് പടിഞാറ് ഭാഗത്തും ,അറുപത്തിനുമേല്‍ പ്രായമുള്ള “നാളെ ഞാന്‍......” എന്നോര്‍ത്തു ചുമ്മാ കുനിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ തെക്ക് ഭാഗത്തും, പാര്‍ക്ക് ചെയ്തു പണി തുടങ്ങി.

അമ്മയ്ക്ക് ഒത്തനടുക്ക് എല്ലാവരും കാണത്തക്ക വിധത്തില്‍, ദാക്ഷായാണിചിറ്റ കഞ്ഞികുടിക്കാന്‍ പോയപ്പോള്‍ ഒഴിഞ്ഞ സീറ്റ് കിട്ടി.അന്നുച്ചക്കു കുടിച്ച കഞ്ഞി കൊടുത്ത മുഴുവന്‍ ഊര്‍ജ്ജവും പുറത്തെടുത്ത് അമ്മ നിലവിളിച്ചു. “എന്‍റെ അമ്മമ്മേ ഒന്നെണീറ്റ് നോക്കോ അമ്മമ്മേടെ ,ഇത്തിത്താനത്ത് കെട്ടിച്ചുവിട്ട ഓമനാമയുടെ,പൂവന്തുരുത്തില്‍ കെട്ടിച്ചു വിട്ട..... മൂത്തമോള്‍ ജയമോ...........ള്‍......, അമ്മമ്മയ്ക്ക് ഓര്‍മ്മയുണ്ടോ????? അമ്മയുടെ...... മറ്റ് കൊച്ചുമക്കളില്‍ വെച്ചു.... ഏറ്റവും ... ഏറ്റവും ഇഷ്ട്ടമുള്ള മോള് വന്നേ......” വല്യമ്മയെ അവസാനകാലത്ത് നോക്കിയിരു ന്ന ചില സ്ത്രീജനങ്ങള്‍ വന്നു അമ്മയെ പിടിച്ച് അകത്തു കൊണ്ടുപോയി, അമ്മയുടെ സ്വയം പുകഴ്ത്തല്‍ പിടിക്കാഞ്ഞിട്ടല്ല,ഈ വിളിയെങ്ങാന്‍ കേട്ടു വല്യമ്മാ ഉണര്‍ന്നു “ഓര്‍മ്മയില്ലടി...!!!!” എന്നു പറഞ്ഞാലോ എന്നു കരുതിയാവണം.

വെറുതെ നാലു ദിവസം കഴിഞ്ഞു,അമ്മയുടെ അപ്പന്‍റെ ചേട്ടന്‍ അതായത് അക്കരെവീട്ടിലെ പാക്കരന്‍ ചിറ്റപ്പനും അത്യാസന്നനായി,പതിവുപോലെ ഞങ്ങള്‍ എത്തുംപോളേക്കും,മൂപ്പിലാന്‍ രാത്രി ഒന്നു മുപ്പത്തിന്,ചങ്ങനാശേരിയില്‍ നിന്നും നരകത്തിനുള്ള വണ്ടി പിടിച്ചു.അമ്മയുടെ അപ്പന്‍റെ വക ഉണ്ടായിരുന്ന റബ്ബര്‍ത്തോട്ടത്തില്‍ കയറി വെട്ടാനോ,വെട്ടിക്കാനോ,വേലികെട്ടാനോ ശ്രമിച്ചപ്പോളൊക്കെ ഈ മൂപ്പിലാന്‍ വെട്ടുകത്തിയെടുത്തു വേട്ടയാടിനാന്‍.അതുകൊണ്ടു തന്നെ അമ്മയുടെ ദുഖ:പ്രകടനം അമേരിക്കയിലേക്കുള്ള നാലു മൂക്കുചീറ്റലില്‍ ഒതുങ്ങി.

അധികം വൈകാതെ സി.സി അടഞ്ഞുതീര്‍ന്ന പല കലാകാരന്മാരും, കലാപകാരന്മാരും ഇതേ രീതിയില്‍ കാലന്‍സ് ക്ലബ്ബില്‍ അംഗത്വം നേടി.എല്ലായിടത്തും അമ്മയും ടവ്വലും എത്തുംപോളേക്കും,ആണ്‍പെണ്‍ വ്യത്യാസം ലവലേശമില്ലാതെ ആളു കാലിയാകുന്നത് പതിവായ്.

പക്ഷേ ഒരിടത്ത് സംഗതി ലൈവ് ആയി കാണാന്‍ സാധിച്ചു,ഞങ്ങള്‍ എത്തി ചായേം മിച്ചറും കഴിച്ചു കഴിഞ്ഞാണ് ആളു വടിയായത്. അന്ന് കോട്ടയത്തു നിന്നും നരകത്തിലേക്കുള്ള പാത ഇരട്ടിപ്പിക്കലിന്‍റെ പണിനടക്കുന്ന കാരണമാണ് വണ്ടി വൈകുന്നത് എന്നായിരുന്നു പൊതുവിലയിരുത്തല്‍ പക്ഷേ സമാന്തരമായ് മറ്റൊരു സംഭവമുണ്ടായ്,അന്നേദിവസം പനച്ചിക്കാട് പഞ്ചായത്തില്‍ ചട്ടവിരുദ്ധമായ് പെയ്ത ഒരു മഴയില്‍, കഴിഞ്ഞ അടക്കിന് ശേഷം അലക്കിയിട്ട ചീറ്റല്‍ടവ്വല്‍ ഉണങ്ങികിട്ടിയില്ല.അതുമൂലം തന്നെ ഇത്തവണ, മൂന്നാംലോക ദരിദ്രബിംബമായ ഒരു ചുവന്ന തോര്‍ത്താണ് കര്‍ത്തവ്യം നിര്‍വഹിച്ചത്.

വീണ്ടും അഞ്ച് ദിവസം ഒരുകാര്യവുമില്ലാതെ കടന്നു പോകുന്നു.അപ്പന്‍ കോഗ്രസ്സുകാരന്‍ എന്നതറിഞ്ഞുള്ള ഒരു കളിയായിരുന്നു……, ഇടത് പക്ഷത്തുള്ള ചുവപ്പന്‍ കോട്ടയായ ഹൃദയത്തിലെ ചില ഞരമ്പു തൊഴിലാളികള്‍ മദ്യം,പുക തുടങ്ങിയ സാമ്രാജിത്വ ശക്തികളുടെ അമിതമായ കടന്നുകയറ്റിത്തിനെതിരെ ഒരു മിന്നല്‍ സൂചനാപണിമുടക്ക് നടത്തി.

ഞാനും അനിയനും കൂടി തൂക്കിയെടുത്ത് വണ്ടിയേലിട്ട് കൊണ്ടുപോകാന്‍ തുടങ്ങുമ്പോ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു അപ്പന്‍ പറഞ്ഞു

“മക്കളെ.. നിങ്ങടെ അമ്മ....അവള്‍ .... ആ വെളുത്ത ടവ്വല്‍ എടുക്കാതെ നോക്കണം.........”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ