വ്യാഴാഴ്‌ച, ജൂൺ 28, 2012

ദി ടവ്വല്‍


അയലോക്കത്തെ ലീലാമ്മച്ചി ആദ്യമായ് അമേരിക്കയില്‍ പോയത് അമിതവാസനാസോപ്പ്, അതിമൃദുലപൌഡര്‍,കമ്മ്യൂണിസ്റ്റ് വിരുദ്ധപാത്രങ്ങള്‍,വിപ്ലവവിരുദ്ധതുണി,പട്ടിണിവിരുദ്ധ
ചോക്കളേറ്റ്,മുതലായ കുത്തക-മുതലാളിത്ത-ഭൂര്‍ഷ്വ വിഭവങ്ങള്‍ കൊണ്ടുവരാനാകുന്നു.കൊച്ചുഭൂര്‍ഷ്വാസി ആയ എന്നെ ആകര്‍ഷിച്ചത് ഒരു വെളുത്ത ടവ്വല്‍ ആകുന്നു,അമ്മയുടെ ഒരേഒരു അപ്പന്‍റെ ഒരേഒരു താടിയിലെ രോമങ്ങള്‍ പോലെ രോമങ്ങള്‍ ഉള്ള ഒരേഒരുടവ്വല്‍.

കൊടുംചൂടുവെള്ളത്തിലൊന്ന് കുളിച്ചു, അതുകൊണ്ടൊന്നു തോര്‍ത്താന്‍ കാമിച്ചു .ആവശ്യം സമക്ഷം സമര്‍പ്പിച്ചു .സാധനം കെടച്ചില്ല എന്നു മാത്രമല്ല അതിനു ശേഷം നടത്തിയ സമരമുറകള്‍ക്ക് നേരെ ലാത്തിവീശുണ്ടായി

ഇത്തരത്തില്‍പ്പെട്ട , ടവ്വലുകള്‍ സൂക്ഷിച്ചു വെക്കണം എന്നും,അവകൊണ്ടു പ്രത്യേക തരത്തിലുള്ള ആവശ്യങ്ങള്‍ വരുമെന്നുമുള്ള ന്യായം 'ലോ ആന്ഡ് ആര്‍ഡര്‍' വിഭാഗം തലവനായ അപ്പന്‍ മുന്‍പാകെ മാതാശ്രീ ബോധിപ്പിച്ചു,തല്‍ക്കാലം പ്രതിസ്ഥാനത്തുള്ള ടവ്വലിനെ അലമാരിയിലേക്ക് റിമാന്‍ഡ് ചെയ്തുകൊണ്ട് വിധിയുണ്ടായി.ഇടയ്ക്കിടെ അലമാര തുറക്കുമ്പോള്‍ മുഖം കാട്ടിയ ആ വെള്ളക്കാരിയെ നോക്കി ഞാന്‍ പറഞ്ഞു “പ്രിയപ്പെട്ടവളെ നിന്നെ ഞാനൊരിക്കല്‍ കുളിച്ചു തോര്‍ത്തും ..............”

2007 ഡിസംബര്‍ പത്തൊന്‍പത് ,വലിയ തണുപ്പൊന്നുമില്ലാതിരുന്നിട്ടും അന്ന് രാത്രി 2.30നു ഭൂമിഫോണ്‍ നിലവിളിച്ചു.കാലാകാലങ്ങളായി പാതിരായ്ക്കു ശേഷം വരുന്ന വിളികളില്‍ വിദ്വാന്മാര്‍ അപ്പനോടു മരണം-അപകടം എന്നും,വിദ്വാനികള്‍ അമ്മയോട് ഒളിച്ചോട്ടം-വിവാഹമോചനം എന്നും പറയുന്നു.

പണ്ട് ഇങ്ങനെ വന്ന ഒരു വിളിയില്‍ ഒരു വിദ്വാന്‍, മരണ വാര്‍ത്ത പറഞ്ഞു ഭയപ്പെടുത്തേണ്ട എന്ന പരനിര്‍ദ്ദേശപ്രകാരം ,ഇങ്ങനെ പറഞ്ഞു , “ചേച്ചി തെക്കെലെ കൊച്ചുരാമന്‍ പേരപ്പന്‍റെ സ്ഥിതി അല്‍പ്പം മോശമാണ്,പേടിക്കാനൊന്നുമില്ല....,ചേച്ചിയും കെട്ടിയോനും ധൃതി പിടിച്ച് കെട്ടിയെടുക്കേണ്ട .... അടക്ക് നാളെയേ ഉള്ളൂ....”അന്ന് ബോധം കെട്ടുവീണ അമ്മയെ എടുത്തു പോക്കാന്‍ ശ്രമിച്ചു അപ്പന്‍റെ നടുവെട്ടി.. ,ബോധമില്ലത്തെ ഭാര്യയെ എടുക്കുന്നതിനെക്കാള്‍ സുതാര്യമാണല്ലോ ബോധമില്ലാത്തവന്മാനരുടെ ഫോണ്‍ എടുക്കുന്നത്,ഇപ്പോള്‍ എല്ലാവിധ പാതിരാ വിളികളും അപ്പന്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.

ഈ വിളിയിലും കഥയ്ക്കു മാറ്റമില്ല , “സഖാവ് വി.എസ്സിനെക്കാള്‍ ഏഴെട്ട് വയസ്സു മൂപ്പുള്ള,വലിച്ചു കിടന്നിരുന്ന അമ്മയുടെ അമ്മൂമ്മ,എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പൂര്‍വ്വാധികം ശക്തിയായ് വലിച്ചു തുടങ്ങിയിരിക്കുന്ന വിവരം വ്യസനസമേതം അറിയിക്കുന്നു”.

അപ്പന്‍ അമ്മയോട് “എടിയേ, നമുക്കൊന്ന് വീഗാലാണ്ടില്‍ പോകാം...” എന്നു പറയും എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ അങ്ങേര് ഉള്ള കാര്യം പറഞ്ഞു,ഒരു രഥം വിളിക്കപ്പെട്ടു,അതില്‍ അപ്പനും പ്രജകളും മറ്റും കരേറി,ഞാന്‍ കണ്ടു, ആ വെളുത്ത ടവ്വല്‍ അമ്മയുടെ കയ്യില്‍,വഴിനീളെ, സ്ട്രീംലൈന്‍ ഫ്ലോയുടെ ഇടവേളകളില്‍ നോസ് ആന്‍ഡ് അയിസ് ഫ്ലോ തടുക്കാനും തുടയ്ക്കാനും, എന്‍റെ പ്രിയ വെള്ളടവ്വല്‍ ഉപയോഗിക്കപ്പെട്ടു.

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടു , ഭാരതത്തിന്‍റെ കണ്ണീര്‍ ഒപ്പുന്ന ഏക ക്യാപ്പിറ്റലിസ്റ്റ് ഉത്പന്നം.

സംഭവസ്ഥലം എത്തുമ്പോളേക്കും, അപ്പന്‍ പതിനൊന്നു ബീഡിയും അമൂമ്മ ആ പ്രദേശത്തു മിച്ചമുള്ള ശുദ്ധവായു മുഴുവനും,ടവ്വല്‍ ഒരുകിണര്‍ കണ്ണുനീരും,ഞാന്‍ മൂന്നു ഗ്യാലന്‍ നെടുവീര്‍പ്പും വലിച്ചു തീര്‍ക്കുന്നു.മരണം നടക്കുന്ന സമയം,ബന്ധുക്കള്‍ക്കു ഇടത്തു ഭാഗത്തും ശത്രുക്കള്‍ക്കു വലത്തു ഭാഗത്തും,ബി.ജെ.പി ക്കാര്‍ക്കു നടുക്കു ഭാഗത്തും നിന്നു സംഭവം നേരിട്ടു നോക്കി കാണാന്‍ ഉള്ള സൌകര്യം ഒരുക്കിയിരുന്നു.

മരണം സ്ഥിതീകരിക്കാന്‍ പാറുചിറ്റയുടെ കെട്ടിയോന്‍ ഡാക്ടര്‍ സദാശിവന്‍പിള്ള അവറഹള്‍ ക്ഷണിക്കപ്പെട്ടു ,മൂപ്പിലാന്‍ ദന്ത ഡാക്ടര്‍ ആണെന്ന് ചില സ്ഥാപിത താല്‍പര്യ ശക്തികള്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും , ‘മരിച്ചു’ എന്നു പറയാന്‍ ദന്തങ്ങള്‍ മതിയാകും എന്നു ശക്തമായ എതിതിര്‍വാദമുണ്ടായി.‘അപ്പര്‍ സെന്‍ട്രല്‍ ഇന്‍സിസറിനും’ , ‘ലോവര്‍സെക്കണ്ട്മൊളാറിനും’,ഇടയിലൂടെ എടുക്കപ്പെട്ട വായു അവസാനത്തേതാകയാലും,അത് തിരികെ വന്നതിനു തെളിവൊ സാക്ഷികളോ ഇല്ലാത്തത്തിനാലും, മരണം സ്ഥിതീകരിച്ചിരിക്കുന്നു.

പതിനഞ്ചു മുതല്‍ മുപ്പതു വയസ്സുവരെ പ്രായമുള്ള,ആര്‍ത്തലച്ചുകരയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തും,മുപ്പതു മുതല്‍ അറുപത് വസ്സുവരെ പ്രായമുള്ള, നിലവിളിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ വടക്ക് പടിഞാറ് ഭാഗത്തും ,അറുപത്തിനുമേല്‍ പ്രായമുള്ള “നാളെ ഞാന്‍......” എന്നോര്‍ത്തു ചുമ്മാ കുനിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ തെക്ക് ഭാഗത്തും, പാര്‍ക്ക് ചെയ്തു പണി തുടങ്ങി.

അമ്മയ്ക്ക് ഒത്തനടുക്ക് എല്ലാവരും കാണത്തക്ക വിധത്തില്‍, ദാക്ഷായാണിചിറ്റ കഞ്ഞികുടിക്കാന്‍ പോയപ്പോള്‍ ഒഴിഞ്ഞ സീറ്റ് കിട്ടി.അന്നുച്ചക്കു കുടിച്ച കഞ്ഞി കൊടുത്ത മുഴുവന്‍ ഊര്‍ജ്ജവും പുറത്തെടുത്ത് അമ്മ നിലവിളിച്ചു. “എന്‍റെ അമ്മമ്മേ ഒന്നെണീറ്റ് നോക്കോ അമ്മമ്മേടെ ,ഇത്തിത്താനത്ത് കെട്ടിച്ചുവിട്ട ഓമനാമയുടെ,പൂവന്തുരുത്തില്‍ കെട്ടിച്ചു വിട്ട..... മൂത്തമോള്‍ ജയമോ...........ള്‍......, അമ്മമ്മയ്ക്ക് ഓര്‍മ്മയുണ്ടോ????? അമ്മയുടെ...... മറ്റ് കൊച്ചുമക്കളില്‍ വെച്ചു.... ഏറ്റവും ... ഏറ്റവും ഇഷ്ട്ടമുള്ള മോള് വന്നേ......” വല്യമ്മയെ അവസാനകാലത്ത് നോക്കിയിരു ന്ന ചില സ്ത്രീജനങ്ങള്‍ വന്നു അമ്മയെ പിടിച്ച് അകത്തു കൊണ്ടുപോയി, അമ്മയുടെ സ്വയം പുകഴ്ത്തല്‍ പിടിക്കാഞ്ഞിട്ടല്ല,ഈ വിളിയെങ്ങാന്‍ കേട്ടു വല്യമ്മാ ഉണര്‍ന്നു “ഓര്‍മ്മയില്ലടി...!!!!” എന്നു പറഞ്ഞാലോ എന്നു കരുതിയാവണം.

വെറുതെ നാലു ദിവസം കഴിഞ്ഞു,അമ്മയുടെ അപ്പന്‍റെ ചേട്ടന്‍ അതായത് അക്കരെവീട്ടിലെ പാക്കരന്‍ ചിറ്റപ്പനും അത്യാസന്നനായി,പതിവുപോലെ ഞങ്ങള്‍ എത്തുംപോളേക്കും,മൂപ്പിലാന്‍ രാത്രി ഒന്നു മുപ്പത്തിന്,ചങ്ങനാശേരിയില്‍ നിന്നും നരകത്തിനുള്ള വണ്ടി പിടിച്ചു.അമ്മയുടെ അപ്പന്‍റെ വക ഉണ്ടായിരുന്ന റബ്ബര്‍ത്തോട്ടത്തില്‍ കയറി വെട്ടാനോ,വെട്ടിക്കാനോ,വേലികെട്ടാനോ ശ്രമിച്ചപ്പോളൊക്കെ ഈ മൂപ്പിലാന്‍ വെട്ടുകത്തിയെടുത്തു വേട്ടയാടിനാന്‍.അതുകൊണ്ടു തന്നെ അമ്മയുടെ ദുഖ:പ്രകടനം അമേരിക്കയിലേക്കുള്ള നാലു മൂക്കുചീറ്റലില്‍ ഒതുങ്ങി.

അധികം വൈകാതെ സി.സി അടഞ്ഞുതീര്‍ന്ന പല കലാകാരന്മാരും, കലാപകാരന്മാരും ഇതേ രീതിയില്‍ കാലന്‍സ് ക്ലബ്ബില്‍ അംഗത്വം നേടി.എല്ലായിടത്തും അമ്മയും ടവ്വലും എത്തുംപോളേക്കും,ആണ്‍പെണ്‍ വ്യത്യാസം ലവലേശമില്ലാതെ ആളു കാലിയാകുന്നത് പതിവായ്.

പക്ഷേ ഒരിടത്ത് സംഗതി ലൈവ് ആയി കാണാന്‍ സാധിച്ചു,ഞങ്ങള്‍ എത്തി ചായേം മിച്ചറും കഴിച്ചു കഴിഞ്ഞാണ് ആളു വടിയായത്. അന്ന് കോട്ടയത്തു നിന്നും നരകത്തിലേക്കുള്ള പാത ഇരട്ടിപ്പിക്കലിന്‍റെ പണിനടക്കുന്ന കാരണമാണ് വണ്ടി വൈകുന്നത് എന്നായിരുന്നു പൊതുവിലയിരുത്തല്‍ പക്ഷേ സമാന്തരമായ് മറ്റൊരു സംഭവമുണ്ടായ്,അന്നേദിവസം പനച്ചിക്കാട് പഞ്ചായത്തില്‍ ചട്ടവിരുദ്ധമായ് പെയ്ത ഒരു മഴയില്‍, കഴിഞ്ഞ അടക്കിന് ശേഷം അലക്കിയിട്ട ചീറ്റല്‍ടവ്വല്‍ ഉണങ്ങികിട്ടിയില്ല.അതുമൂലം തന്നെ ഇത്തവണ, മൂന്നാംലോക ദരിദ്രബിംബമായ ഒരു ചുവന്ന തോര്‍ത്താണ് കര്‍ത്തവ്യം നിര്‍വഹിച്ചത്.

വീണ്ടും അഞ്ച് ദിവസം ഒരുകാര്യവുമില്ലാതെ കടന്നു പോകുന്നു.അപ്പന്‍ കോഗ്രസ്സുകാരന്‍ എന്നതറിഞ്ഞുള്ള ഒരു കളിയായിരുന്നു……, ഇടത് പക്ഷത്തുള്ള ചുവപ്പന്‍ കോട്ടയായ ഹൃദയത്തിലെ ചില ഞരമ്പു തൊഴിലാളികള്‍ മദ്യം,പുക തുടങ്ങിയ സാമ്രാജിത്വ ശക്തികളുടെ അമിതമായ കടന്നുകയറ്റിത്തിനെതിരെ ഒരു മിന്നല്‍ സൂചനാപണിമുടക്ക് നടത്തി.

ഞാനും അനിയനും കൂടി തൂക്കിയെടുത്ത് വണ്ടിയേലിട്ട് കൊണ്ടുപോകാന്‍ തുടങ്ങുമ്പോ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു അപ്പന്‍ പറഞ്ഞു

“മക്കളെ.. നിങ്ങടെ അമ്മ....അവള്‍ .... ആ വെളുത്ത ടവ്വല്‍ എടുക്കാതെ നോക്കണം.........”

വ്യാഴാഴ്‌ച, ജൂൺ 21, 2012

പാറുവയര്‍ തിയറി



അങ്ങേ വീട്ടിലെ പാറു ചേച്ചി എന്നെ നോക്കി വളര്‍ത്തിയതായിരുന്നു  ,ഞാനും....അപ്പടി ഇരിക്കെ ഒരു ദിവസം 'ആള്‍ ഓഫ് എ സഡന്‍' ഷി ഗോട്ട് മാരീഡ്.

താലികെട്ട് ഞാനും കണ്ടു..ആഫ്റ്റര്‍ സെര്‍ടന്‍ ഡേയ്സ് ,പാറുചേച്ചിയുടെ വയറു ദിവസം തോറും വീര്‍ത്തു-വീര്‍ത്തു   വന്നു .ഈ വയറുവീര്‍ക്കലിന്‍റെ കാരണം വല്യമ്മയോട് ആരാഞ്ഞു , “അത് വായുവിന്‍റെ ഏനക്കേട് ആടാ കൊച്ചനെ..” എന്നു, അറ്റ് ദി മൊമന്‍റ് ഇംപോട്ടെന്‍റ് ആയ വല്യമ്മ അസൂയാനിമിത്തം  ബോധിപ്പിച്ചു .

പക്ഷേ സംഗതി ശരിയാകാനും  സാധ്യത ഉണ്ട്, ബലൂണ്‍ വീര്‍ക്കുന്നത്  വായുവിന്‍റെ ഏനക്കേട് കൊണ്ടാണെന്ന് സയന്‍സ് പഠിപ്പിക്കുന്ന സാറാമ്മ ടീച്ചര്‍ പറഞ്ഞതാണ് ,അപ്പോള്‍ ഇതിന്‍റെ തിയറിയും അത് തന്നെ.ബട്ട് ടു മൈ അണ്‍പ്ലസന്‍റ് സര്‍പ്രൈസ്, പെട്ടെന്നൊരു ദിവസം അതില്‍ നിന്നു വന്നതെന്ന വണ്ണം, മോങ്ങുകയും,അപ്പിയിടുകയും മൊറോവര്‍ മൂത്രമൊഴിക്കുകയും മാത്രം ചെയ്യുന്ന ഒരു പീക്കിരീ ചെക്കനെ പാറുഫാമിലിയില്‍ കണ്ടുകിട്ടി,ബലൂണിലെ വായു നഷ്ടപ്പെടുകയും ചെയ്തു.

ചുറ്റുപാടുമുള്ള ഈ അസ്വാഭാവിക സംഭവവികാസങ്ങള്‍ എന്നിലെ സയന്‍റിസ്റ്റിനെ, തലയില്‍ വെള്ളമൊഴിച്ചുണര്‍ത്തി ... .

പണ്ട്, ഞാന്‍ എങ്ങനെ ഉണ്ടായി എന്നു അപ്പനോടു ചോദിച്ചപ്പോള്‍ ,താഴേ പറമ്പിലെ ഒഴുക്കില്‍, ഒരു മഴക്കാലത്ത് ഒലിച്ചു വന്നതാണ് എന്നായിരുന്നു ഉത്തരം,ക്വയറ്റ് നാച്ചുറല്‍!!!....ബട്ട് നോട്ട് ലോജിക്കല്‍....!! ...,അപ്പന്‍ മേലേപറമ്പിലെ ഒഴുക്കില്‍ ഒലിച്ചുവന്നതാണോ എന്ന കുരുത്തക്കേട് ഞാന്‍ ചോദിച്ചില്ല.

പക്ഷേ പാറുചേച്ചിയുടെ കേസ് വിശദമായി വിശകലനം ചെയ്തു ശാസ്ത്രീയമായി തന്നെ  പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു.കേസിനാസ്പദമായ സംഭവം വേനല്‍ക്കാലത്ത് നടന്നതിനാലും,പാറുവയറിന്‍റെ അവസാനകാലത്തെ വലുപ്പവും, ഉണ്ടായ ചെക്കന്‍റെ വലുപ്പവും തമ്മില്‍ അനിഷേധ്യമായ സാദൃശ്യവും നിലനില്‍ക്കുന്നതിനാല്‍ വയറ്റിലെ വായു ചെക്കനായി മാറി പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മാരിയെജിന് മുന്‍പ് എന്തുകൊണ്ട് പാറുവയര്‍ വീര്‍ത്തില്ല ? ,കുട്ടിയുണ്ടായില്ല?? എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം റിലേറ്റിവിലി സിംമ്പിള്‍ ആണ്. എഫ്. ഐ.ആര്‍ പ്രകാരമുള്ള ഡേറ്റ വിശദമായി  വിശകലനം ചെയ്യുമ്പോള്‍,വിവാഹ ശേഷം പാറുവില്‍ കാണപ്പെടുന്ന ഏക മാറ്റം താലിയാണ്, അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യത്തിനുള്ള പൂര്‍ണ്ണ  ഉത്തരവാദിത്തവും താലിയില്‍ ആരോപിക്കപ്പെടുന്നു. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍ ..

പാറുവയര്‍ തിയറി ഒട്ടേറെ ജനശ്രദ്ധ പിടിച്ച് പറ്റി.  അഞ്ച് (ബി) ക്ലാസ്സിലെ യുവാക്കളുടെ ഇടയില്‍ തിയറി വന്‍വിജയമായി  പ്രചരിക്കപ്പെട്ടു.ഞാന്‍ സൂപ്പര്‍ ഹീറോ ആയി.

അന്ന് എന്‍റെ കണക്ക് പുസ്തകത്തിലെ മുപ്പത്തി ഒന്നാം പേജില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന സില്‍മാനടിയും, സര്‍വോപരി  ഞങ്ങളുടെ ഡ്രീം ഗേളും ആയ  സീമയുടെ നിക്കര്‍ ഇട്ട പടം അന്നമ്മ ടീച്ചെറിന് കാട്ടികൊടുത്തു, പുരുശവംശത്തെ ആകെ വഞ്ചിച്ച 'ജയാ.ജി.സുകുമാരനെ' പാറുവയര്‍ തിയറി ഉപയോഗിച്ച് ഒരു ലെസ്സണ്‍  പഠിപ്പിക്കാനും,പ്രസ്തുത വിഷയത്തിലേക്ക് കട്ടോ മോഷ്ടിച്ചോ മറ്റോ ഒരു താലി  എത്രയും വേഗം ഒന്നാം പ്രതിയായ ഞാന്‍ തന്നെ എത്തിക്കേണ്ടതാണെന്നും, സംഭവശേഷമുള്ള പ്രതികളുടെ  യോഗത്തില്‍ ധാരണയായി.

അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിലെ മേരിക്കുട്ടി ചാക്കോ ഗര്‍ഭിണിയായി  എന്ന വാര്‍ത്ത പള്ളിക്കൂടത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു  .ഒന്‍പത് (ബി)യിലെ വിജയന്‍ പിള്ള, സുകുമാരനോടു രഹസ്യമായി  പറയുന്നതു ഞാന്‍ മൂത്രപ്പുരയ്ക്ക് പിന്നില്‍ ദിനേശ്ബീഡി കത്തിക്കുമ്പോള്‍, അവരോഴിക്കുന്ന മൂത്രത്തിന്‍റെ കളകളനാദത്തിനൊപ്പം,  ആകസ്മികമായി കേള്‍ക്കാന്‍  ഇടയായി.വിജയന്‍ പിള്ളയ്ക്ക് മേരിക്കുട്ടിയോടുള്ള 'തെഴ്സ്റ്റും',  'ഹംഗറും'  പണ്ടേ പ്രശസ്തമാണ്.

പത്താം മാസത്തിലെ പത്താം ക്ലാസ്സ് വിനോദയാത്രയില്‍ ഔസേഫ് ചാക്കോ മേരിക്കുട്ടിയെ വഞ്ചിച്ചിട്ടുണ്ടാകാന്‍ ഉള്ള സാധ്യതയും കോണ്‍സിക്വെന്‍റ്ലി,  മേരിക്കുട്ടി ഇര വിഴുങ്ങിയ ആനക്കോണ്ടയെ പോലെ വയറും വീര്‍ത്തു  ഇഴയുമെന്നും തദ്വാരാ അതുകണ്ട് താന്‍ കൈകൊട്ടിയും, ആര്‍പ്പുവിളിച്ചും സര്‍വോപരി  ചൂളം വിളിച്ചും ആഘോഷിക്കുമെന്നമുള്ള മൊഴി രേഖപ്പെടുത്തി.

എനിക്കു സങ്കടം തോന്നി, ബീഡി ഒറ്റ ഏറിന് നിക്കറിന്‍റെ പോക്കറ്റില്‍ ഇട്ടു ഞാന്‍ തീപ്പട്ടി കടിച്ചുപിടിച്ചു ബെല്ലടിക്കുംവരെ വിതുമ്പി ,നോ....!!! പൊട്ടി പൊട്ടി കരഞ്ഞു..... .

ദൂരെനിന്നു കണ്ടാല്‍ സില്‍ക്ക്സ്മിതയെ പോലുള്ള മേരിക്കുട്ടിയുടെ വയര്‍ പാറുകണക്കെ  വീര്‍ക്കുന്നതിനെക്കാള്‍,എനിക്കു ദുഖം എന്‍റെ പാറുവയര്‍ തിയറി പൊളിഞ്ഞതിലായിരുന്നു.......

ഭൂലോകത്തും പരലോകത്തും ഉണ്ടാകാനിടയുള്ള എല്ലാ സാമാനത്തിന്‍റെയും ഏറ്റവും അവസാനത്തേതും, ഏറ്റവും ചെറുതുമായ ഉണ്ട ‘ആറ്റം’ ആണെന്ന് ഒരു സായിപ്പ് പറഞ്ഞു, മറ്റൊരു സായിപ്പ് ആ ഉണ്ടയ്ക്കുള്ളില്‍ വീണ്ടും ചെറിയേ-ചെറിയേ ഉണ്ടകള്‍ ഉണ്ടന്നു തെളിയിച്ചു,വീണ്ടും-വീണ്ടും ഉണ്ടാകളുണ്ടന്നു വീണ്ടും-വീണ്ടും സായിപ്സ് പറഞ്ഞു,പാവം ഇന്ത്യക്കാര്‍ എല്ലാം വിശ്വസിച്ചു.

“അങ്ങനെയാണ് മക്കളെ....,  ശാസ്ത്രം പുരോഗമിക്കുമ്പോള്‍ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ വിവരിക്കാന്‍  പുത്തന്‍ തിയറികള്‍ ജനിക്കും, അവ പഴയ തിയറികളെയും, അത് കണ്ടെത്തിയ തിയറന്മാരെയും അടച്ചു പുശ്ച്ചിക്കും”.... ആറാം ക്ലാസ്സില്‍ വെച്ചു ഉച്ചക്ക് ഒന്നു മുപ്പത്തിന് തോമാ സാര്‍, മലംപനിമൂലം ലീവെടുത്ത് പോയി മരിക്കുന്നതിന് മുന്‍പായ്, പറഞ്ഞു നിര്‍ത്തി .

പക്ഷേ ഒന്നിവിടെ ഊന്നിയൂന്നി പറയട്ടെ , ആദ്യത്തെ ഉണ്ട കണ്ടെത്തിയതുമൂലമാകുന്നു അതിനുള്ളിലുള്ള ഉണ്ടകള്‍ കണ്ടെത്താന്‍ സാധിച്ചത് .അതുകൊണ്ടു തന്നെ പാറുവയര്‍ തിയറിയുടെ പ്രസക്തി ഒരു കാലത്തും നഷ്ടപ്പെടുന്നില്ല ,വിനോദവഞ്ചന തിയറി പോലുള്ള തിയറികള്‍ ഇതിന്‍റെ പിന്തുടര്‍ച്ച   മാത്രം.....

തിങ്കളാഴ്‌ച, ജൂൺ 18, 2012

വീണ്ടും മദ്യം വീണ്ടും പ്രണയം


‘റം’, ആദ്യചവര്‍പ്പ്   തൊണ്ടയില്‍ നിന്നും താഴെക്കിറങ്ങുംപോള്‍, പെട്ടെന്നു പുറത്തേക്ക് തികട്ടിവരുന്നു... പിന്നെ ആരുടെയൊക്കെയോ പ്രോത്സാഹനത്തില്‍, കണ്ണും മൂക്കും പൊത്തി ഒറ്റവലി...... നെഞ്ചിലൂടെ ഒരു തീവണ്ടിയെപ്പോലെ ചൂളം വിളിച്ചു വയറ്റിലെക്കിറങ്ങുന്ന...ഹൃദയത്തിലെക്കിറങ്ങുന്ന... ലഹരി.

ഇങ്ങനെയായിരുന്നു  അവന്‍റെ ഒട്ടുമിക്ക ബന്ധങ്ങളും തുടങ്ങിയത്.പ്രത്യേകിച്ചു സ്ത്രീകളുമായുള്ള ബന്ധങ്ങള്‍ ,ആറാം തരം മുതല്‍ മാറി മാറി പ്രണയിച്ച ഒട്ടുമിക്ക സുന്ദരികളും ആദ്യം ശത്രുക്കള്‍ ആയിരുന്നു. ആദ്യം മദ്യവും ശത്രുവായിരുന്നു, ഓരോ തവണയും ഉള്ളിലേക്കെടുക്കുമ്പോള്‍ ശക്തമായി ശരീരം പ്രതിഷേധിച്ചു , “വേണ്ട....വിഷമാണ്....” എന്നു ഉപദേശിച്ചു,പ്രണയ തീരങ്ങളില്‍ ചെന്നു ചേരവേ ആഴി തിരയെ എന്നപോലെ, ബുദ്ധി മനസ്സിനെ തിരികെ വിളിച്ചു.തിരകള്‍ വീണ്ടും തീരം തേടി......

പല ഗ്ലാസ്സുകളില്‍ ഒഴിച്ച് പുറകെ-പുറകെ കുടിച്ചിറക്കിയ ചവര്‍പ്പ്  തന്ന ലഹരിയുമായ് ഏറെനേരം,കാഴ്ച്ചയും കേള്‍വിയും മങ്ങുമ്പോള്‍ ഉണ്ടാകുന്ന ധൈര്യത്തോടെ ഇരിക്കുന്നു, സഞ്ചരിക്കുന്നു .... ...പിന്നെ കണ്ണുതുറക്കുമ്പോള്‍ കെട്ടിറങ്ങുംപോലെ വിട്ടുപോയ സൌഹൃദങ്ങളും പ്രണയങ്ങളും,അവയുടെ ഹാങോവറുമായി കുറേ കാലം.....

ഫോര്‍ട്ടി ഫൈവ് ലോങ് ഇയേഴ്സ്..... അയാളുടെ ഒപ്പം തുടങ്ങിയവരില്‍ ചിലര്‍ നിര്‍ത്തി ,ചിലര്‍ കരള്‍ തകര്‍ന്നു  ചത്തു,ചിലര്‍ ഒരു ബ്രാണ്ടില്‍ ഒതുങ്ങി. അയാള്‍ മാത്രം പന്ത്രണ്ടാം വയസ്സില്‍, കറുത്ത  റമ്മില്‍ തുടങ്ങി പിന്നീട്  പല മുന്തിയ ഇനങ്ങളും പരീക്ഷിച്ചു..വെളുത്തവള്‍ വോഡ്ക,തവിട്ടു നിറമുള്ളവള്‍ ബ്രാണ്ടി ,ഇരുനിറക്കാരി വിസ്കി,മല്ലിയുടെ മണമുള്ള ജിന്‍, പലനിറമുള്ള കുപ്പികളില്‍ നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന വീര്യം കുറഞ്ഞ ബീയറുകള്‍  ... അയാള്‍ തിരഞ്ഞെടുത്ത മദ്യവും സ്ത്രീകളും എന്തുകൊണ്ടോ അയാളെ തിരികെ മാത്രം പ്രണയിച്ചില്ല...ഒരിക്കലും.....

ഇന്നും അയാള്‍ തുടക്കത്തില്‍ ഓക്കാനിക്കാതെ മദ്യപിക്കാനോ പ്രണയിക്കാനോ അഭ്യസിച്ചിട്ടില്ല.ബുദ്ധിയും ശരീരവും ഇന്നും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല ,പക്ഷേ രണ്ടും തരുന്ന ലഹരി കാലങ്ങളായി മിത്രമായിരിക്കുന്നു. ഹിസ് ഒണ്‍ലി  ലോങ് ലാസ്റ്റിങ് റിലേഷന്‍.ഹിസ് ഒണ്‍ലി ഫ്രെണ്ട് ആന്‍ഡ് ഒണ്‍ലി ലവ്.

മറ്റൊരു മഴക്കാലം കൂടി ലഹരിതേടുന്ന തണുപ്പുമായ് വന്നു നില്ക്കേ അയാള്‍ക്ക്  വീണ്ടും ഒരിക്കല്‍കൂടി  പ്രണയിക്കാന്‍ മോഹം...... എനിക്കും.......

വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഒരു പ്രണയവും ഇത്തിരി കഞ്ചാവും


മനോഹരിമോഹിനിസുന്ദരിയവള്‍ വിദൂരതയില്‍ നിന്നും, നീല ചുരിദാറിട്ടു മന്ദം മന്ദം നടന്നു വന്നുകൊണ്ടേയിരുന്നു.. കനവിലും നിനവിലും നീണ്ടുകിടന്ന വഴിയിലും……..

 

ദൂരെനിന്നു നോക്കുമ്പോള്‍ അവളൊരു പണ്ടാരസുന്ദരിയായിരുന്നു.കലാലയ മുറ്റത്ത് അവള്‍ നടന്നകലുന്നതും,അങ്ങകലെ കരിമുകില്‍വര്‍ണമാര്‍ന്ന റോഡിലെ 'കരിവണ്ടിയില്‍' തൂങ്ങിക്കയറുന്നതും വൈഡ് ആങ്ഗിളില്‍ ദൂരെ നിന്നു തത്ര കണ്‍പാര്‍ത്തു കുളിര്‍ കൊണ്ട്റെന്‍.......

 

പുരുഷനെ വശംകെടുത്തുന്ന ഒന്നാമത്തെ വിഭവത്തോട് എനിക്കു ആദ്യമായ് പ്രണയം തോന്നുന്നത്,സ്വാഭാവികമായും പുരുഷനെ ഒരുവശം കെടുത്തി കിടത്തുന്ന രണ്ടാമത്തെ വിഭവത്തിന്‍റെ സേവയ്ക്ക് ശേഷമാകുന്നു.

 

അന്നൊരുനാള്‍ സിന്തെറ്റിക്ക്-കോക്കനട്ട്-ജ്യൂസ് അടിച്ചു ഒരു ട്രീച്ചുവട്ടില്‍ വശംകെട്ടിരിക്കുമ്പോള്‍ സമീപസ്ഥനായ അരുമമിത്രം അരയില്‍ നിന്നും ഒരു പൊതി തുറന്നു പണി തുടങ്ങി . തെറുപ്പ്തൊഴിലാളി സഖാക്കളെ പരസ്യമായി വെല്ലുവിളിച്ചു മൂപ്പിലാന്‍ ദിനേശന്‍റെ ചുരുളഴിച്ചു, അതില്‍ നൂറു ശതമാനം പ്രകൃതിദത്തമായ കഞ്ചാവുലീവ്സ് തിരുകി തെറുത്തു.മൂക്കും ചുണ്ടും ഒരുമിച്ച് കത്തിക്കത്തക്ക രീതിയില്‍ സ്റ്റയിലായി കത്തിച്ചു.പണ്ട് ഹനുമാന്‍ ലങ്കയിലേക്ക് ചാടും മുന്‍പ് ഒരു ദീര്‍ഘനിശ്വാസം എടുത്തിരിക്കണം ,അമ്മാതിരി വലിയാ-വലി.ഞാന്‍ വെറുതെ ആ കത്തിച്ച തീപ്പെട്ടിക്കൊള്ളി തപ്പി....., ഇല്ല അവന്‍ അതും വലിച്ചു കയറ്റിക്കളഞ്ഞു.

 

ഇമ്മാതിരി നാലു പേരെ കഞ്ചാവു ബീഡി കൊടുത്തു ആ ബെംഗാള്‍ തീരത്ത് ഇരുത്തണം ,സകല ചുഴലിയും കൊടുംക്കാറ്റും, ഈവെന്‍ സുനാമി പോലും ഈ ബീഡിക്കൊപ്പം ലവന്മാര്‍ ഉള്ളിലേയ്ക്ക് വലിച്ചെടുത്തുകൊള്ളും.

 

 സംഗതി ‘സൂപ്പര്‍നാച്ചുറല്‍’ ആണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. നായകനു മോഹം,ഒരു പുക തിന്നണം,എന്തൂട്ടാ മൊതല് എന്നു തിരിയണം.ആവശ്യം അറിയിച്ചു,..... "ദക്ഷിണ വെയ്ക്കാന്‍....!!"

 

സര്‍ക്കാര്‍ കോളേജില്‍ പഠിക്കുന്ന ഡിഗ്രിത്തെണ്ടിയുടെ കീശയില്‍ എന്തുണ്ട്???? ,കള്‍സിന്‍റെസുഗന്ധം അകറ്റാനും, കെട്ടും-മട്ടും-മൂപ്പും മറ്റും കൂട്ടാനും ആശിച്ചു വാങ്ങിയ പാന്‍പരാഗപണയം.

 

സാധനം കയ്യില്‍,ആള്‍മോസ്റ്റ് നിയര്‍ ലിപ്പ്സ്....... ,(ഈ ഷോട്ട് ഇവിടെ കട്ട് .ക്യാമറ ദൂരെ നടവഴിയിലേക്ക് ഫോക്കസ് ചെയ്യുന്നു).നായകന്‍ ദൂരെ നിന്നും മന്ദകുന്ദം നടന്നു വരുന്ന ലാവിഷ്സുന്ദരിയെ കാണുന്നു.....,മൌത്ത് വൈഡ്ഓപ്പണ്‍ ആന്ഡ് ഫോര്‍ഗോട്ട് ദി ബീഡി ഫോര്‍ എ മൊമന്‍റ്........ആശാന്‍ സ്റ്റഫ് തിരികെ വാങ്ങി, “.......മോനേ..... ഓരോ പുകയും അമൂല്യമാണ്....”.

 

അങ്ങനെ എന്നൂടെ കടിഞ്ഞൂല്‍കഞ്ചാവുസേവാമോഹം അവന്നൂടെ ചുണ്ടിലെ ബീഡിയോടൊപ്പം പുകഞ്ഞൊടുങ്ങി.

 

കണ്ടമാനം പല്ലിളിച്ചും, മാനകണ്ടം കണ്ണുരച്ചും, വിത്തഔട്ട്നാണം പുറകെ നടന്നും, ഒടുവില്‍ അവള്‍ എന്നെ ഓക്കാനിച്ചുവിഷമിച്ചു പ്രണയിച്ചു.

 

ഒരു കാമുകി ചോദിക്കുന്ന ആദ്യ ചോദ്യം ഒരു കാമുകനും ലൈഫില്‍ മറക്കില്ല.പ്രിയതമയുടെ പ്രണയകുറ്റസമ്മതത്തിന് ശേഷംഎനിക്കു കിട്ടിയതു ഇതായിരുന്നു.

 

“കള്ളുകുടി നിര്‍ത്താമോ???? ,എന്നും കുളിച്ചാല്‍ എന്താ????ഈ താടിയും മുടിയും ഒന്നു വെട്ടിക്കൂടെ ???ബീഡി വല്ലാണ്ട് ബോറാ....... ,നിര്‍ത്താന്‍ വയ്യെങ്കില്‍ വല്ല വില്ല്സും വലിച്ചു കൂടെ.(പണ്ട് രാമന്‍ വില്ല്സ് വലിച്ചു സീതയെ കെട്ടിയ സ്മരണ ഞാന്‍ പുതുക്കി ,എല്ലാ പ്രണയ പരിണയ കഥയിലും ചരിത്രം ആവര്‍ത്തിക്കുന്നു.)

 

“ഇനി കഞ്ചാവു വലിയും ഉണ്ടോ ആവോ.....?????”

ശനിയാഴ്‌ച, മാർച്ച് 10, 2012

അനുക്രമം




അയാള്‍ അത്യധികം വ്യാധിയോടെ-ആധിയോടെ ജനിച്ചു വീണ പിഞ്ചു കുഞ്ഞിന്‍റെ വാ പൊളിപ്പിച്ചു നോക്കി ,ഹാ...!! പല്ലുകളൊന്നുമില്ല....!! .വിധിയെ താന്‍ തിരുത്തി എഴുതിയിരിക്കുന്നു.ചരിത്രം ഇനി തന്നെ ആദരിക്കും ... കാലത്തിന്‍റെ കറുത്ത നിയമങ്ങളെ മാറ്റിയെഴുതിയ വിപ്ലവകാരിയായി ലോകം തന്നെ വാഴ്ത്തും......

'അനുക്രമം' .അങ്ങനെ ഒരു രീതിയുണ്ടത്രേ ,കഥയുടെ ക്ലൈമാക്സ് ആദ്യം എഴുന്നള്ളിക്കും പിന്നെ തുടക്കത്തില്‍ നിന്നും ഒടുക്കത്തിലേക്ക് ,അല്ല തുടക്കത്തില്‍ നിന്നും തുടക്കത്തിലേക്ക് കഥപറഞ്ഞു വരും.ആ രീതിയാണ് ഈ രീതി.

നായകന്‍റെ  കുടുംബത്തിലെ ഒരു വിശ്വാസം (ആ നാട്ടിലെ വിശ്വാസം എന്നൊക്കെ പറഞ്ഞു തല്‍ക്കാലം ഞാന്‍ ഉഴപ്പുന്നില്ല).പ്രണയിച്ചു  വിവാഹം കഴിച്ചാല്‍ ഉണ്ടാകുന്ന കുഞ്ഞിനു പല്ല് പൊങ്ങുമെന്ന്.

എഴുതാന്‍ ഒരു വകയും ഇല്ലാത്ത കഴിവേറി....! നീ ഇതല്ല ഇതിനപ്പുറം പറയും എന്നാണോ? ,എന്നാല്‍ കേട്ടോ ഇത് കേരളത്തില്‍ നടന്ന കഥയല്ല 'ആഫ്രിക്ക-വാക്ക-വാക്കാ'. ആഫ്രിക്കയില്‍ ആനയെ ആമ വിഴുങ്ങി എന്നു പറഞ്ഞാലും വിശ്വസിക്കണം.അതിനാല്‍  ഈ കഥയും കഥാപാത്രങ്ങളെയും ആഫ്രിക്കയ്ക്ക് വിട്ടു കൊടുക്കുന്നു, അഞ്ചു പൈസ ആ വകയില്‍ ദരിദ്രാഫ്രിക്കയില്‍ നിന്നും ഞാന്‍ വാങ്ങുന്നില്ല.

അങ്ങനെ ആഫ്രിക്കയിലെ എന്താണ്ടുംപ്രവിശ്യയില്‍ (അങ്ങെനെയാണ് വിദേശ രാജ്യത്തെ പറ്റി പറയുമ്പോള്‍ പ്രവിശ്യാ എന്ന വാക്കു ഉപയോഗിക്കണം.)

ദോണ്ട് ദോ പ്രവിശ്യയില്‍ നായകന്‍ സമാധാനമായി പട്ടിണി കിടക്കുന്ന കാലം ,വയറുന്തി നെഞ്ചു ഉള്ളിലേക്ക് തള്ളിയ മൊട്ടത്തലയുള്ള  കറുത്ത രൂപത്തെ എന്‍റെ  നായകനായി ദയവായി സങ്കല്പ്പി ക്കരുത്. ഇദ്ദേഹം മൂന്നു വയസ്സുള്ളപ്പോള്‍ തൊഴില്‍ നഷ്ട്ടപ്പെട്ട് ചെക്കോസ്ലോവാക്കിയായില്‍ നിന്നും ആഫ്രിക്കയില്‍ ജോലി അന്വേഷിച്ചു കുടിയേറിയതാണ് പിന്നീട് ഭൂനയം നടപ്പിലായപ്പോള്‍ കുടികിടപ്പവകാശം ലഭിച്ചു, എങ്കിലും, എല്ലായിടത്തും കുടിച്ചിട്ടു പോയി കിടക്കാന്‍ സാധിച്ചിട്ടില്ല, ശ്രമിക്കുന്നുണ്ട്.

ഇതിയാന്‍ എന്തിന് പട്ടിണി കിടക്കുന്നു?? ‘പ്രണയിക്കാന്‍’ ,ഈ കഥയിലെ നായകന്‍ എന്തിന് പ്രണയിക്കണം ? അനുക്രമിക്കാന്‍...!! 

പട്ടിണി കിടക്കുന്നവര്‍ക്ക്  പെട്ടെന്നു പ്രണയം വരും.
(ഇതൊരു ശാസ്ത്ര കഥയല്ല, എനിക്കു ഫിലോസഫിയും വശമില്ല. അതുകൊണ്ടു എഴുത്തുകാരന്‍ പറയുന്ന ഒന്നു രണ്ടു കാര്യമെങ്കിലും കഥയുടെ തുടര്‍ച്ചയേക്കരുതി കണ്ണടച്ച് ഇരുട്ടാക്കി വിഴുങ്ങുക.)     

മിസ്റ്റര്‍ നായകന്‍, ഇങ്ങനെ കിടന്നാല്‍ എങ്ങനെ? പട്ടിണികിടക്കുക  എന്നാല്‍ വെറും കിടപ്പല്ലാ, ഇടയ്ക്കു എഴുന്നേല്ക്കണം വയറുതിരുമ്മി കുനിഞ്ഞു നിന്നു ദയനീയമായി ഉലാത്തണം. എങ്കിലല്ലേ ആ റോഡിലൂടെ പോകുന്ന അതിസുന്ദരിയായ നായികയെ  കാണു.... ,അവര്‍ താങ്കളെ കാണൂ???സഹകരിക്കു പ്ലീസ്.

നായിക- നാല്‍പ്പതര വയസ്സു പ്രായം-ഇരുനിറം-ആറടി എട്ടിഞ്ച് പൊക്കം നാല് മക്കള്‍-രണ്ടു ഭര്‍ത്താക്കന്‍മാര്‍ വിദേശത്തു ജോലിചെയ്യുന്നു(തെങ്ങില്‍ കയറും).
ഫെമിനിസ്റ്റുകളെ നിങ്ങള്‍ കേട്ടുവോ? നായികമാരെ ആണെഴുത്തുകാര്‍ കഴിവ്  കുറച്ചു കാണിക്കുന്നു എന്ന പരാതി ഇനി വേണ്ട.

ആഫ്റ്റര്‍ സെര്‍ട്ടന്‍ ടൈം, നായകനും നായികയും പ്രണയബദ്ധരായി. എങ്ങനെ? നായകന്‍ പട്ടിണി കിടക്കുകയാണ്.എങ്കിലും....? ഇതൊരു പ്രണയ കഥയല്ല, ‘അനുക്രമം’ ആണ് ഒരു ‘കുഞ്ഞിക്കാല്’ കാണാന്‍ ഉള്ള മോഹം...!! അത് നടത്തി തരില്ലെ?? ഇവരെന്തായാലും പ്രണയിക്കും, അതിപ്പോള്‍ എങ്ങനെ എന്നുള്ളത്തില്‍ എന്തു കാര്യം?? ഹൂ കേഴെഴ്സ്?

അങ്ങനെ ഇരിക്കുമ്പോ  അവരുക്ക് ഒരു കുഞ്ഞി ജനിച്ചീനി ...!! എങ്ങനെ?? ഹ അത് കള!!!!

തലമുറ-തലമുറയായി-മുറയായി ജനിച്ച തലകളില്‍ പല്ലുകള്‍ പൊങ്ങിനാന്‍ ,തന്‍ പിഞ്ചോമനയ്ക്കും പല്ലുകള്‍ പൊങ്ങുമോ?ഉത്കണ്ഠ!!

ഇല്ല സിംഗിള്‍ പല്ലില്ല.ശാസ്ത്രം ജയിച്ചു അന്ധവിശ്വാസം തോറ്റു.

ഇനി കംസനിസം പ്രയോഗിക്കണോ? ശാസ്ത്രവും കുഞ്ഞും  വളര്‍ന്നപ്പോള്‍പ്പോള്‍ രണ്ടിനും  പല്ലുകള്‍ ഉണ്ടായി നായകന്‍ ഓരോന്നായി പറിച്ചെടുത്ത് കളഞ്ഞു. വീണ്ടും പല്ലുകള്‍ വന്നു, വീണ്ടും പറിച്ചു.
ആധുനിക ദന്തശാസ്ത്രത്തിന്‍റെ പിതാവ് ഈ കഥയിലെ നായകന്‍ ആകുന്നു .

പിതാവേ ...!!! അത്രയ്ക്ക് വേണോ? ലെറ്റ്സ് ഗെറ്റ് ഇറ്റ് ദിസ് വേ
ഈ പതിവ് ഇന്നും ആഫ്രിക്കയിലെ ഈ പ്രവിശ്യയില്‍ തുടരുന്നു ,പല്ലില്ലാത്ത തലമുറകള്‍ പല്ലില്ലാത്ത തലമുറകളെ ഇന്നും സൃഷ്ട്ടിക്കുന്നു.എന്നാലും പ്രണയിച്ചു വിവാഹം കഴിക്കുന്നത് നിര്‍ത്തില്ല.

"ഇലാമ പഴം വിഷമാണ് അതാരും കഴിക്കരുതേ....!!"

അനുക്രമം ? ഓ പിന്നെ....!! വേറെ ഒരു നിയമവും പാലിക്കാത്ത ഒരു കഥയും,നായകനും,നായികയും,പല്ലില്ലാകുഞ്ഞും ,പിന്നെ ഞാനല്ലേ നിയമം പാലിക്കുന്നത് ,എനിക്കും പല്ലില്ല....!!!

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

കാരുണ്യം


  ചുറ്റും ഓടിച്ചാടിനടക്കുന്ന സഹൃദയരായ ആത്മാക്കള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ,അപ്പടിപെട്ട്ര നടപടികള്‍ യതാവത് സ്വന്തം ജീവിതത്തിലും അനുവര്‍ത്തിക്കണം എന്നു നമ്മുടെ നായകന്‍ നിനച്ചിരിക്കെ അതിനു ഒരു അവസരമുണ്ടായി,ഇങ്ങനെ നിനച്ചിരിക്കാതെ നിനച്ചിരിക്കുന്നതിനായി ‘ടപ്പ്’ എന്ന കണക്ക് അവസരങ്ങള്‍ വന്നുചേരുന്നത് ചരിത്രാതീത കാലം മുതല്‍ സുലഭമാണ്.
 
ഉദാഹരണത്തിന് , പണ്ട് ഒരിറ്റു തേങ്ങുങ്ങുവാന്‍-ഒരുവറ്റ് മോങ്ങുവാന്‍ മോഹിച്ച ഒരു ശ്വാനപ്രമാണിയുടെ ശിരസ്സില്‍, ന്യൂട്ടാഭീഷ്ടഗുരുത്വത്തിന്നുടെ ആകര്‍ഷണം നിമിത്തമല്ലാതെ, മേല്‍പ്പറഞ്ഞ പ്രമാണിയുടെ തികച്ചും സ്വാര്‍ത്ഥവും-സ്ഥാപിതവുമായ താല്പ്പര്യം സംരക്ഷിക്കാന്‍ മാത്രം ,ഒരു സാധു കര്‍ഷക തൊഴിലാളിയുടെ നാളികേരം വന്ന് പതിക്കുക ഉണ്ടായി (കര്‍ഷകന്‍ പില്‍ക്കാലത്ത് ആത്മഹത്യ ചെയ്തപ്പോള്‍ ഹൈക്കോടതി വിധിപ്രകാരം നാളികേരം പ്രമാണി തിരികെ നല്കി.വീണ്ടും അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം വിജയിച്ചു. )

കഥയിലേക്ക്.....
നായകന്‍-സുന്ദരന്‍-സുമുഖന്‍-സുഭ
ാഷണന്‍-സുസ്മേരവദനന്‍-സുവസ്ത്രന്‍-പേര്-സുമേഷ്-വയസ്സു ഇരുപത്തി അഞ്ചും പിന്നെ രണ്ടു കാലും അതിനൊത്ത രണ്ടു കയ്യുകളും. അങ്ങനെ സകല ഗുണഗണങ്ങളും ഒത്തുചേര്‍ന്ന വല്ലഭന്‍.ടിയാന്‍ ഒരുതരിചിരി വായില്‍നിന്നും വീണുപോകാതെ കടിച്ചുപിടിച്ചു ഫ്രെയ്മില്‍ നിറഞ്ഞു നിന്നു ചായകുടിക്കുന്നു.

യാതൊരു ജീവകാരുണ്യവും ഉദ്ദേശിക്കാതെ, (അതല്പ്പം കടന്നുപോയി സ്വന്തം ജീവകാരുണ്യം തീര്‍ച്ചയായും ഈ കഥയിലെ വില്ലന്‍ കണക്കില്‍ എടുക്കുന്നുണ്ട് ) ഒരു ഉദരപ്രശ്നപരിഹാരശാല (ഹോട്ടല്‍ എന്നു അസാഹിത്യ ഭാഷ) നടത്തിപ്പോരുന്ന വില്ലന്‍ പിന്നില്‍ ഇരിക്കുന്നു , ഭക്ഷണം എന്ന വ്യാജേന, ആഹാരം വിറ്റു കിട്ടിയ പണം ആക്രാന്തത്തോടെ എണ്ണുന്നു(ആഹാരം പോലും വില്ക്കു ന്ന കാപാലികന്‍ …!! ഇതാകുന്നു വില്ലനിഷ് ഹൈലൈറ്റ്)

പിന്നെ മുഷിഞ്ഞ നോട്ടുകള്‍ എണ്ണുക എന്നത് എന്‍റെ കഥയിലെ വില്ലന്‍റെ ഒരു ഹോബി അല്ല അത് ക്യാരെക്ടര്‍ ക്രിയഷനില്‍ പെടും, അങ്ങനെ ചില സ്വഭാവദൂഷ്യങ്ങള്‍ ഞാന്‍ വില്ലന് കൊടുക്കും, ഫ്രെയ്മില്‍ പണം എണ്ണിയാല്‍ കുത്തക ഭൂര്‍ഷ്വായും തൊഴിലാളി വിരുദ്ധനും ആക്കാം എന്ന തത്ത്വം തന്നെ. വേണ്ടി വന്നാല്‍ അയാളുടെ മേശപ്പുറത്തുള്ള കട്ടഞ്ചായയെ സ്കോച്ച് വിസ്കി വരെയാക്കി മാറ്റും,അതുംപോരാതെ അയാളെ പാട്ടുപാടിച്ചു പാട്ടിനൊപ്പം വായില്‍നിന്നും പുകയും വരുത്തും.

അങ്ങനെ, നായകനും വില്ലനും കാലാവസ്ഥയും രാഷ്ട്രീയവും, ശബ്ദം കുറച്ചു അല്പ്പം വര്‍ഗ്ഗീയവും ചര്‍ച്ച ചെയ്യുമ്പോള്‍ , ഒരു വൃദ്ധനായ (പ്രായം ഏകദേശം നടുവളയുംവരെ) വിറയ്ക്കുന്ന കൈകാലുകളോടെ-വിറയ്ക്കുന്ന വയലിന്‍ നല്‍കുന്ന ബാഗ്രൌണ്ട് സ്കോര്‍- വിറയ്ക്കാത്ത-ഹൃദയമുള്ളവരുടെ ഹൃദയത്തിന്‍റെ ഇടത്തെ ചെവിയില്‍ എത്തിച്ച്- വിറച്ച് കൊണ്ട് രംഗപ്രവേശനം ചെയ്യുന്നു.

വൃദ്ധന്‍ വില്ലനോട്....
അല്ല, അതങ്ങനെ ആണല്ലോ ....നായകന്‍ ഇവിടെ ഇതേ ഫ്രൈമില്‍ നല്ല പയറു-പയറു പോലെ നില്‍പ്പുണ്ട് എന്നാലും എനിക്കൊക്കെ കഥയുണ്ടാക്കാനായി വില്ലന്‍റെ പോസ്റ്റില്‍ തന്നെ ചെന്നു കേറിക്കോണം.

"മോനേ....!!" (അതിലും ദയനീയമായ ഒരു വിളി തല്ക്കാ ലം സ്റ്റോക്കില്ല)

"അഞ്ചു ദിവസമായി....."
അഞ്ചോ..?? പിതാവേ ഈ കടയും ഈ നായകനും കഴിഞ്ഞ അഞ്ചു ദിവസമായി ലീവ് ഒന്നുമായിരുന്നില്ല ഇതിയാന് നാലു ദിവസം മുന്നേ വന്നുകൂടായിരുന്നോ..??

“നോ ഐ വാസ് ബിസി പ്ലേയിങ് ടൈറ്റില്‍ ദരിദ്രന്‍ ഇന്‍ അനതര്‍ സ്റ്റോറി”

ഓകെ കണ്ടിന്യു..

"വീണ്ടുംമോനേ.... ഇത്തിരി ചായേന്‍റെ വെള്ളം കിട്ടിയാല്‍...??”

വില്ലന്‍ ചി-ച്ചി-ചി-ച്ചിരിയോടെ “ചായയില്‍ ചേര്‍ക്കുന്ന വെള്ളം മതിയോ മിസ്റ്റര്‍ ദരിദ്രന്‍..??”

ഡോ വില്ലന്‍ ഇത് ഒരു കോമഡി കഥ അല്ല, ഫോര്‍ യുവര്‍ നോട്ടീസ്..! കൈന്ദ്ലി പുട്ട് ഇന്‍ സംത്തിങ് ദേവിളിഷ്.നവ് ഹീ ഗോട്ട് ദി പോയിന്‍റ് .

വില്ലന്‍ കണ്ണുകള്‍ ചുവപ്പിച്ച് നോട്ടുകളില്‍ തന്നെ നോട്ടമിട്ട് , കോ-ക്കോ-ക്കോ-കൊലച്ചിരിയോടെ...

“സിക്സ് ഇന്ത്യന്‍ രൂപയ മിലേഗാ ത്തോ ചായ മിലേഗാ, നഹി തോ ‘നഹി’ ഭി നഹി മിലേഗാ സാലെ...!!!!”

ആഹാ കുളിര് കോരുന്നു..!! കുളിര് എന്തു കോരുന്നു എന്നു കവിഭാവന. “ഏതായാലും ചായക്കുള്ള വെള്ളം അല്ല കവേ ,അത് വഴിയേ വാങ്ങി വെക്കുന്നുണ്ട്”...വില്ലനിഷ് ഡയലോഗുകളുടെ മൊത്തവ്യാപാരവിപണനവിജയത്തില്‍ ഹിന്ദിയെ വെല്ലാന്‍ ഒരു ഭാഷ വേറെ, ഇനി ഹിന്ദിയുടെ തന്തയ്ക്കു ഇംഗ്ലീഷിന്‍റെ തള്ളയില്‍ ജനിക്കണം..!!ഹുറെ ...ക്ലാപ്സ്!!!ക്ലാപ്സ്!!!! . ഈ ചിന്തയാണ് കോരിയത്.

നായകന്‍ അതിലെ പോയ ചുവന്ന ചുരിദാറുകാരിയെ വായിനോക്കുന്നത് ഫ്രെയിമില്‍ നിന്നും ഒഴിവാക്കി, ആ മാന്യാദ്ദേഹത്തെ കഥയിലേക്ക് വലിച്ചിടാം

“ഒരു പാവം വൃദ്ധന്‍ ഒരു സിംഗിള്‍ 'ട്ടി' ചോദിച്ചാല്‍ നിനക്കു കൊടുത്തു കൂടാ അല്ലെടാ റാസ്കല്‍...!! എടുക്കേടാ ചായ..!! കൊടുക്കേടാ ഗ്ലാസ്സില്‍..!!”

പൊന്നനിയാ ആറ് രൂപയ്ക്കു കിട്ടുന്ന ചായ..., ആറായിരം കൊടുത്താലും കിട്ടത്തുമില്ല, അടിയും കിട്ടും ,ഇത് ജീവകാരുണ്യമാണ് ബി പ്രാക്ടിക്കല്‍.

“അണ്ണാ ഒരു ചായ കൊട് കാഷ് ഞാന്‍ തരാം...”
“ഡേ.. അവിഡൊര് ച്ഛായ്....”
“മേക് ഇറ്റ് ലൈറ്റ് ആന്ഡ് മോര്‍ മില്ക്ക് പ്ലസ് ലെസ്സ് ഷുഗര്‍ അയാം ഡയബെറ്റിക്”
"പ്ഭാ ...!!!!.*/
*-+-**=-0&^%$$#***@$"(നായകനോ വില്ലനോ അവനവന്‍റെ റിഫ്ലെക്സ് അനുസരിച്ചു ഉപയോഗിക്കാന്‍ ഈ ഡയലോഗ് വിട്ടുകൊടുക്കുന്നു .)

ദരിദ്രന്‍ ചായ മോന്തിയ ശേഷം പേഴ്സ് തുറക്കുന്നു .എന്തേ..?? ദരിദ്രന് പേഴ്സ് ഉപയോഗിക്കാന്‍ പാടില്ലെ?? ...എന്‍റെ കഥയിലെ ദരിദ്രന് പെഴ്സുണ്ട് പക്ഷേ അതില്‍ പണം ഇല്ല....!! ഐ ഗ്യാരന്‍റീ യു..!!.സഹനടന്‍ പേഴ്സ് തുറന്നു സ്വാതന്ത്ര്യാനന്തര ഗാന്ധികള്‍ ഒന്നും ഇല്ല എന്നു ഉറപ്പുവരുത്തുന്നു.

നായകന്‍ സ്വന്തം പേഴ്സ് തുറക്കുന്നു ജില്ലമ്-ജില്ലമ്-ജില്ലമ്-പട-പട-
ജില്ലമ് പട-പട.... ഹൃദയം പറഞ്ഞു

“കുട്ടാ പെഴ്സില്‍ അഞ്ചിന്‍റെ കാറല്‍ മാക്സില്ല”

നായകന്‍, ദരിദ്രനെയും വില്ലനെയും മാറിമാറി നോക്കുന്നു ഇരുപക്ഷത്തിനും കാര്യം പിടികിട്ടി എന്നു ഉറപ്പ് വരുത്തുന്നു

“ കൊച്ചാ- നീ പിച്ചയെ വെല്ലുന്ന ഇച്ച- വെറുമൊരീച്ചയേ-ഈ-ചായയെ വാങ്ങാന്‍ കെല്‍പ്പില്ലാത്ത എച്ചി-നീ  ചത്താ എനിക്കു മെച്ചം ” എന്ന ഭാവത്തില്‍ ദരിദ്രന്‍ നോക്കുന്നു.

ദരിദ്രനെയും, നായകനെയും കെട്ടിപ്പിടിച്ചു പറയുന്നു "ഇന്നത്തെ ചായ ഫ്രീ-ഫ്രീ-ഫ്രീ ..... താങ്കളുടെ ജീവകാരുണ്യത്തില്‍ ഞാന്‍ ധന്യന്‍ പ്രഭോ....”:സസ്നേഹം മനസ്സുമാറിയ വില്ലന്‍

വില്ലന്‍റെ മുഖത്തു നയന്‍ വണ്‍ സിക്സ് ഹാള്‍മാര്‍ക്ക് ചിരി
“എന്‍റെ വല്യപ്പന്‍ വാങ്ങിയതാ ഭീമേന്നൂ...”

ദരിദ്രന്‍ വില്ലന്‍ തന്നുടെ ചിരിയുരച്ചു നോക്കി മാറ്റ്ഉറപ്പ് വരുത്തി നന്ദി പറയുന്നു. വില്ലന്‍ കപ്പടാമീശയും, ജുബ്ബായും അഴിച്ചു മാറ്റി ജിമ്മില്‍ പോകാതെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വയറു ചെറുതാക്കി നിന്നു.

ദരിദ്രന്‍ തുടരുന്നു.. “മോനേ അഞ്ചു ദിവസമായി എന്തേലും തിന്നിട്ടു ഒരു വട തരുമോ..??”
നായകന്‍ ഒരു മഞ്ഞ ചുരിദാരിട്ട പെണ്ണിനെ വായിനോക്കുന്നത് ഫ്രെയിമില്‍ വരുന്നു.വില്ലന്‍ സ്കോച്ചു കുടിക്കുന്നു.

ദരിദ്രന്‍: “മോനേ......”
"പോടാ.... ഈ കഥ കഴിഞ്ഞു.. അടുത്ത ചായക്കടേല്‍ പോടാ ...!!!"

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

ലോസ് ഓഫ് മോഷന്‍


  പതിവുപോലെ അന്നും രാത്രിയായപ്പോള്‍ ഒരു പാതിരാത്രി ഉണ്ടായിവന്നു. പാതിരാത്രിയുടെ പാതിയില്‍ ഈ പാപിയെ തേടിവരുന്ന ചില തന്ത്രപ്രധാന നിമിഷങ്ങള്‍ക്കായി കണ്ണില്‍ കള്ളൊഴിച്ചു കാത്തിരുന്നു.

ഫോണ്‍ജീവി പതിവിലുമുറക്കെ മുദ്രാവാക്യം വിളിച്ചു. അപ്പുറത്ത് പതിവ് കാമുകിയുടെ പതിവ് ദീനരോദനം പതിവുപോലെതന്നെ തുടങ്ങുകയായി... ഓര്‍മ്മവെച്ചകാലം കാലം മുതല്‍ ഓര്‍മ്മയ്ക്കപ്പുറമിപ്പുറം മറഞ്ഞു പോയ ദൈവങ്ങളെ ഒരു ബാക്ക് അപ്പ് സപ്പോര്‍ട്ടിനു ഓരോന്നായി ഓര്‍മ്മിച്ചെടുത്ത് പേരുവിളിച്ച് അടുത്തുനിര്‍ത്തി ഞാന്‍ തയാറെടുത്തു.കിളിനാദം മൊഴിഞ്ഞു

“എനിക്കു വയറിളക്കമാണ്’

“ഉവ്വോ..??”

ഇത് ഒരു അനുഗ്രഹമാണ്, ഈ വാക്ക്, ചിരിക്കാനും,കരയാനും,കൊഞ്ഞനം കുത്താനും,കോക്രി കാണിക്കാനും മറ്റിതര രസങ്ങള്‍ക്കുമായി , കലാകാലമായി ഞാന്‍ പാലുകൊടുത്തു പരിപാലിച്ചു പോരുന്ന വജ്രായുധം

“ഇത് നാളെ തന്നെ മാറാന്‍ പ്രാര്‍ത്ഥിക്കണം....”

“ഉവ്വ..! പക്ഷേ എന്‍റെ കാമുകിയുടെ വയറടയാന്‍ പ്രാര്‍ത്ഥിച്ചാല്‍..., ഒടുവില്‍ പടച്ചവന്‍ എങ്ങാന്‍ തെറ്റിദ്ധരിച്ചാല്‍...??!!”

“അപ്പോ ലിറ്ററലി ഞാന്‍ വയറിളകി ചാകട്ടെ എന്നു അല്ലേ...??”

“’ ‘ടെക്നിക്കലി’ നോ.. ടു ബി ഫ്രാങ്ക്”

ഒരു ഗതികേട്ട കാമുകനും ഒരു ഗതികേട്ട കാലത്തും അത് ആഗ്രഹിക്കില്ല ‘ടെക്നിക്കാലിട്ടീസ്’ യു നോ?? (:അവള്‍?? :പോയി..!! :എങ്ങനെയായിരുന്നു?? :വയറിളകി...!! ച്ഛെ !! മ്ലേച്ഛം)ഞാന്‍ കണ്‍സള്‍ട്ടേഷന്‍ ഫിക്സ് ചെയ്തു.

“ഫ്രേസ് ആന്ഡ് സ്റ്റൈല്‍ ഒന്നു മാറ്റാം. (നമ്മുടെ ഐച്ഛിക വിഷയ ഭാഷയില്‍ ആയിക്കൊള്ളട്ടെ) “ഓ ഗോഡ്.. എവരി ബോഡി കണ്ടിന്യൂസ് ടു ബി ഇന്‍ ഇറ്റ്സ് സ്റ്റേറ്റ് ഓഫ് റെസ്റ്റ് ഓര്‍ യൂണിഫോം മോഷന്‍ അണ്‍ലെസ്സ് ആന്ഡ് അണ്ടില്‍ ആന്‍ എക്സ്റ്റെണല്‍ ഫോഴ്സ് ആക്ട്സ് അപോണ്‍ ഇറ്റ്” “കൈണ്ട്ലി ഡൂ ദി നീഡ്ഫുള്‍...!!”

കാത്തിരിപ്പിനൊടുവില്‍ മറുപടി വന്നു

“ഡിയര്‍ ലിറ്റില്‍ന്യൂട്ടന്‍ യുവര്‍ ലോസ് ഓഫ് മോഷന്‍ ഡസിന്‍റ് വെരി വെല്‍ അപ്ലൈ ടു സെര്‍ട്ടന്‍ പ്രോബ്ലംസ്, ട്രൈ ലഗ്രാഞ്ചിയന്‍ മെക്കാനിക്സ്”

“ അത് പി‌ജി ലെവല്‍ ആണ് പിതാവേ ഒരു വയറിളക്കത്തിന് പരിഹാരം കാണാന്‍ ബിരുദാനന്തര ബിരുദം വേണമാ??ഇത് ന്യായമാ കടവുളെ?? ഞാന്‍ വല്ലോ പണിക്കും പൊയ് ജീവിച്ചോട്ടെ..??” “ബട്ട് വാട്ട് എബൌട്ട് സം ഫ്രിക്ഷന്‍??”

“യൂസ് സം ലൂബ്രിക്കന്‍റ്സ് ഡംബ് ഹെഡ് ..!!”

(ഇരുട്ടത്തു ഉത്തരകര്‍ത്താവായ കര്‍ത്താവ് മാറിയിരിക്കുന്നു , കേട്ടമാത്രയിലേ നോം ശ്ശി ശങ്കിച്ചു...)

“കൃഷ്ണന്‍ സ്റ്റാണ്ട് വിടുക..!! ഹനുമാന്‍ സ്വാമി കൈന്ദ്ലീ കം ടു ദി ഡയസ് ആന്ഡ്ം ഗിവ് മി എ സൊലൂഷന്‍”

മനുഷ്യ ചരിത്രത്തിലെ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറി സ്വന്തം ശരീരത്തില്‍ നടത്തി വിജയിപ്പിച്ച ഡോക്റ്റര്‍ സ്വാമി ഇപ്രകാരം മൊഴിഞ്ഞു

“സോറി ദിസ് ഇസ് കാര്‍ഡിയോളജി ഡിവിഷന്‍ കൈന്ദ്ലി വിസിറ്റ് ഡോക്റ്റര്‍ ഗണപതി ഫോര്‍ ഗ്യാസ്ട്രോ”

അദ്ദേഹം ഇനി 'കുടല്‍' സംബന്ധമായ വിഷയം എന്ന നിലയില്‍ ഭദ്രകാളിയ്ക്കു റെഫര്‍ ചെയ്തേക്കാം,വെല്‍ ഷി ഇസ് ആള്‍റെഡി ഓണ്‍ ലൈന്‍...എനിവേ ദി അള്‍ട്ടിമേറ്റ് സൊലൂഷന്‍ ഇസ് വിത്ത് മി...ഒഫ്കോഴ്സ്... ഞാന്‍ ഉറപ്പിച്ച് പറഞ്ഞു

“ഓ ഡിയര്‍ ട്രൈ ‘ഹാര്‍ഡ്’ യു വില്‍ ബി ഫൈന്‍ സൂണ്‍..”

പിറ്റെന്നു കൂറ്റാകൂറ്റിരുട്ടില്‍ പതിവിന് വിപരീതമായി ഒരു പാതിരാത്രി കൂടി മുളച്ചു വന്നു , എനിക്കു മൂക്കൊലിപ്പ് ,ഞാന്‍ ഒരക്ഷരം മിണ്ടിയില്ല.ഒരുപക്ഷേ അവളുടെ പ്രാര്‍ത്ഥന കിട്ടാതെ ഞാന്‍ മൂക്കൊലിച്ചു മരിച്ചേക്കാം, ഒന്നുമില്ലെങ്കിലും നാളെ നാലു വോട്ടും ഈശ്വരനിന്ദയാല്‍ തന്നെ ഒന്നാം തരം ഒരു രക്തസാക്ഷിയെയും പാര്‍ട്ടിയ്ക്ക് കിട്ടും.പിന്നെ, തലേന്ന് പടച്ചവന്‍ പറഞ്ഞപോലെ ‘ന്യൂട്ടന്‍സ് ലോസ് ഡസിന്‍റ് അപ്ലൈ ടു ആള്‍ പ്രോബ്ലംസ്….’ ‘ഫോര്‍ എവരി ആക്ഷന്‍ ഓഫ് യുവര്‍ കാമുകി ഡോണ്ട് ഗിവ് ആന്‍ ഇക്കുവല്‍ ആന്ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍’…!!

അമ്മ പറയുന്നു “മക്കളെ 'കഥയല്ലിത് ജീവിതം'..”

പെറ്റ തള്ള പറഞ്ഞാലും ഞാന്‍ വകവെച്ചെന്നു വരില്ല, അമ്മ പറഞ്ഞാല്‍........

"റാന്‍ മാതാ....ഇതുതാന്‍..."