ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012
ബുധനാഴ്‌ച, ഫെബ്രുവരി 22, 2012
ലോസ് ഓഫ് മോഷന്‍
പതിവുപോലെ അന്നും രാത്രിയായപ്പോള്‍ ഒരു പാതിരാത്രി ഉണ്ടായിവന്നു.
പാതിരാത്രിയുടെ പാതിയില്‍ ഈ പാപിയെ തേടിവരുന്ന ചില തന്ത്രപ്രധാന
നിമിഷങ്ങള്‍ക്കായി കണ്ണില്‍ കള്ളൊഴിച്ചു കാത്തിരുന്നു.
ഫോണ്‍ജീവി പതിവിലുമുറക്കെ മുദ്രാവാക്യം വിളിച്ചു. അപ്പുറത്ത് പതിവ്
കാമുകിയുടെ പതിവ് ദീനരോദനം പതിവുപോലെതന്നെ തുടങ്ങുകയായി...
ഓര്‍മ്മവെച്ചകാലം കാലം മുതല്‍ ഓര്‍മ്മയ്ക്കപ്പുറമിപ്പുറം മറഞ്ഞു പോയ
ദൈവങ്ങളെ ഒരു ബാക്ക് അപ്പ് സപ്പോര്‍ട്ടിനു ഓരോന്നായി ഓര്‍മ്മിച്ചെടുത്ത്
പേരുവിളിച്ച് അടുത്തുനിര്‍ത്തി ഞാന്‍ തയാറെടുത്തു.കിളിനാദം മൊഴിഞ്ഞു
“എനിക്കു വയറിളക്കമാണ്’
“ഉവ്വോ..??”
ഇത് ഒരു അനുഗ്രഹമാണ്, ഈ വാക്ക്, ചിരിക്കാനും,കരയാനും,കൊഞ്ഞനം
കുത്താനും,കോക്രി കാണിക്കാനും മറ്റിതര രസങ്ങള്‍ക്കുമായി , കലാകാലമായി
ഞാന്‍ പാലുകൊടുത്തു പരിപാലിച്ചു പോരുന്ന വജ്രായുധം
“ഇത് നാളെ തന്നെ മാറാന്‍ പ്രാര്‍ത്ഥിക്കണം....”
“ഉവ്വ..! പക്ഷേ എന്‍റെ കാമുകിയുടെ വയറടയാന്‍ പ്രാര്‍ത്ഥിച്ചാല്‍..., ഒടുവില്‍ പടച്ചവന്‍ എങ്ങാന്‍ തെറ്റിദ്ധരിച്ചാല്‍...??!!”
“അപ്പോ ലിറ്ററലി ഞാന്‍ വയറിളകി ചാകട്ടെ എന്നു അല്ലേ...??”
“’ ‘ടെക്നിക്കലി’ നോ.. ടു ബി ഫ്രാങ്ക്”
ഒരു ഗതികേട്ട കാമുകനും ഒരു ഗതികേട്ട കാലത്തും അത് ആഗ്രഹിക്കില്ല
‘ടെക്നിക്കാലിട്ടീസ്’ യു നോ?? (:അവള്‍?? :പോയി..!! :എങ്ങനെയായിരുന്നു??
:വയറിളകി...!! ച്ഛെ !! മ്ലേച്ഛം)ഞാന്‍ കണ്‍സള്‍ട്ടേഷന്‍ ഫിക്സ് ചെയ്തു.
“ഫ്രേസ് ആന്ഡ് സ്റ്റൈല്‍ ഒന്നു മാറ്റാം. (നമ്മുടെ ഐച്ഛിക വിഷയ ഭാഷയില്‍
ആയിക്കൊള്ളട്ടെ) “ഓ ഗോഡ്.. എവരി ബോഡി കണ്ടിന്യൂസ് ടു ബി ഇന്‍ ഇറ്റ്സ്
സ്റ്റേറ്റ് ഓഫ് റെസ്റ്റ് ഓര്‍ യൂണിഫോം മോഷന്‍ അണ്‍ലെസ്സ് ആന്ഡ് അണ്ടില്‍
ആന്‍ എക്സ്റ്റെണല്‍ ഫോഴ്സ് ആക്ട്സ് അപോണ്‍ ഇറ്റ്” “കൈണ്ട്ലി ഡൂ ദി
നീഡ്ഫുള്‍...!!”
കാത്തിരിപ്പിനൊടുവില്‍ മറുപടി വന്നു
“ഡിയര്‍ ലിറ്റില്‍ന്യൂട്ടന്‍ യുവര്‍ ലോസ് ഓഫ് മോഷന്‍ ഡസിന്‍റ് വെരി വെല്‍
അപ്ലൈ ടു സെര്‍ട്ടന്‍ പ്രോബ്ലംസ്, ട്രൈ ലഗ്രാഞ്ചിയന്‍ മെക്കാനിക്സ്”
“ അത് പിജി ലെവല്‍ ആണ് പിതാവേ ഒരു വയറിളക്കത്തിന് പരിഹാരം കാണാന്‍
ബിരുദാനന്തര ബിരുദം വേണമാ??ഇത് ന്യായമാ കടവുളെ?? ഞാന്‍ വല്ലോ പണിക്കും പൊയ്
ജീവിച്ചോട്ടെ..??” “ബട്ട് വാട്ട് എബൌട്ട് സം ഫ്രിക്ഷന്‍??”
“യൂസ് സം ലൂബ്രിക്കന്‍റ്സ് ഡംബ് ഹെഡ് ..!!”
(ഇരുട്ടത്തു ഉത്തരകര്‍ത്താവായ കര്‍ത്താവ് മാറിയിരിക്കുന്നു , കേട്ടമാത്രയിലേ നോം ശ്ശി ശങ്കിച്ചു...)
“കൃഷ്ണന്‍ സ്റ്റാണ്ട് വിടുക..!! ഹനുമാന്‍ സ്വാമി കൈന്ദ്ലീ കം ടു ദി ഡയസ് ആന്ഡ്ം ഗിവ് മി എ സൊലൂഷന്‍”
മനുഷ്യ ചരിത്രത്തിലെ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറി സ്വന്തം
ശരീരത്തില്‍ നടത്തി വിജയിപ്പിച്ച ഡോക്റ്റര്‍ സ്വാമി ഇപ്രകാരം മൊഴിഞ്ഞു
“സോറി ദിസ് ഇസ് കാര്‍ഡിയോളജി ഡിവിഷന്‍ കൈന്ദ്ലി വിസിറ്റ് ഡോക്റ്റര്‍ ഗണപതി ഫോര്‍ ഗ്യാസ്ട്രോ”
അദ്ദേഹം ഇനി 'കുടല്‍' സംബന്ധമായ വിഷയം എന്ന നിലയില്‍ ഭദ്രകാളിയ്ക്കു
റെഫര്‍ ചെയ്തേക്കാം,വെല്‍ ഷി ഇസ് ആള്‍റെഡി ഓണ്‍ ലൈന്‍...എനിവേ ദി
അള്‍ട്ടിമേറ്റ് സൊലൂഷന്‍ ഇസ് വിത്ത് മി...ഒഫ്കോഴ്സ്... ഞാന്‍ ഉറപ്പിച്ച്
പറഞ്ഞു
“ഓ ഡിയര്‍ ട്രൈ ‘ഹാര്‍ഡ്’ യു വില്‍ ബി ഫൈന്‍ സൂണ്‍..”
പിറ്റെന്നു കൂറ്റാകൂറ്റിരുട്ടില്‍ പതിവിന് വിപരീതമായി ഒരു പാതിരാത്രി കൂടി
മുളച്ചു വന്നു , എനിക്കു മൂക്കൊലിപ്പ് ,ഞാന്‍ ഒരക്ഷരം
മിണ്ടിയില്ല.ഒരുപക്ഷേ അവളുടെ പ്രാര്‍ത്ഥന കിട്ടാതെ ഞാന്‍ മൂക്കൊലിച്ചു
മരിച്ചേക്കാം, ഒന്നുമില്ലെങ്കിലും നാളെ നാലു വോട്ടും ഈശ്വരനിന്ദയാല്‍
തന്നെ ഒന്നാം തരം ഒരു രക്തസാക്ഷിയെയും പാര്‍ട്ടിയ്ക്ക് കിട്ടും.പിന്നെ,
തലേന്ന് പടച്ചവന്‍ പറഞ്ഞപോലെ ‘ന്യൂട്ടന്‍സ് ലോസ് ഡസിന്‍റ് അപ്ലൈ ടു ആള്‍
പ്രോബ്ലംസ്….’ ‘ഫോര്‍ എവരി ആക്ഷന്‍ ഓഫ് യുവര്‍ കാമുകി ഡോണ്ട് ഗിവ് ആന്‍
ഇക്കുവല്‍ ആന്ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍’…!!
അമ്മ പറയുന്നു “മക്കളെ 'കഥയല്ലിത് ജീവിതം'..”
പെറ്റ തള്ള പറഞ്ഞാലും ഞാന്‍ വകവെച്ചെന്നു വരില്ല, അമ്മ പറഞ്ഞാല്‍........
"റാന്‍ മാതാ....ഇതുതാന്‍..."
ശനിയാഴ്‌ച, ഫെബ്രുവരി 04, 2012
ആനന്ദം
ബ്രോയിലര്‍വിപ്ലവത്തിന്‍റെ പാര്‍ശ്വഫലമായ തന്തൂരി ചിക്കനാകുന്നു കേന്ദ്ര കഥാപാത്രം.
അനിയന്‍ പൊടിയാണ്തരിയാണ്, തരികിടപൊടിപടലകിടതകിടതരികിടയാണു അന്ന്.
എവിടെയോ മേല്‍പ്പറഞ്ഞ വിപ്ലവത്തിന്‍റെ മണം പിടിച്ചുള്ള വരവാണ് വിദ്വാന്‍..., ഒരു ഏര്‍ലി വൈകുന്നേരം .
ഉടനടി കിട്ടണം സാധനം.നീഡ് ഓഫ് ദി അവര്‍.
അന്തരീക്ഷം ചുവന്നു തുടുത്തു, ഗുളികപദസമ്മേളിതബഹളമയം ചര്‍ച്ചകള്‍ തുടങ്ങി,
ഒരു പാര്‍ലമെന്‍ററി നിലാവാരം പുലര്‍ത്തി തുടങ്ങിയിരിക്കുന്നു
അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും.
എതിരാരോപണം ഉന്നയിച്ച അടുക്കളഭരണപക്ഷാംഗത്തിന്‍റെ ശ്രീകൂന്തലില്‍ തൂങ്ങിയാടുകയാണ് മാന്യദ്ദേഹം.
ഇളയ സന്തതിയുടെ മുന്‍പാകെ വനിതാ സംവരണത്തിന്‍റെ മഹത്വം വിളമ്പിയിട്ട്
കാര്യമില്ല എന്നു തോന്നിയിട്ടാവാം, വട്ടം ചുറ്റി എപ്പടിയാവത് ഒരെണ്ണം
പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ലേഡീ വാര്‍ഡന്‍ , അവന്‍ ഊഞ്ഞാലില്‍ എന്ന
പോലെ വട്ടം പറന്നു ആടുന്നു ,അടുത്ത അഭ്യാസ മുറ അതികഠിനമായ കടി ആണ്.അതും
മാതാവിന് അറിയാം , അതിനാല്‍ എത്രയും വേഗം ബാധ ഒഴിപ്പിക്കണം.
നായകന്‍ വില്ലനെ അടിക്കുന്ന പോലെ, ഒടുവില്‍, പുറകില്‍ നിന്നും വാരിപൊക്കി
എടുത്തു നിലത്തിട്ടു,സഖാവ് വാവിട്ടു നിലവിളിച്ചു, മുദ്രാവാക്യം മുഴക്കി.
ഇതൊക്കെ കണ്ടു നിഷ്പക്ഷനായ ഈ ആത്മാവ് ഭേഷ.. രസിച്ചു
നില്‍പ്പുണ്ട്. അദ്ദേഹത്തെ പോലെ തന്നെ ചുട്ട കോഴിയെ ഒരെണ്ണം മൊത്തമായ്
വിഴുങ്ങിയാല്‍ കൊള്ളാം എന്നു ആശ ഉണ്ട്, പക്ഷേ തിരിച്ചറിവുണ്ട് എന്നു സമൂഹം
തെറ്റിദ്ധരിച്ചേക്കാവുന്ന പ്രായമാകയാല്‍,വിപ്ലവ ചിന്തകള്‍ തീവ്രവാദമായി
ചിത്രീകരിക്കപ്പെടും. അതിനാല്‍ നിശബ്ദ കഞ്ചുകകുഞ്ചുകഹാരങ്ങള്‍ വിരിമാറില്‍
ചാര്‍ത്തി ആല്‍പ്പം വലത്തോട്ട് മാറിനിന്നു.
വരും ദിവസങ്ങളില്‍
സമരം കൂടുതല്‍ ശക്തി പ്രാപിച്ചു വന്നു ,ഗാന്ധി ലൈനില്‍ ഒരു
നിരാഹാരത്തിനൊന്നും വിപ്ലവനായകന്‍ മുതിര്‍ന്നില്ല ,വര്‍ഗ്ഗ ശത്രു വിളംബുന്ന
ആഹാരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആ ഊര്‍ജ്ജം അതേ ശത്രുവിനെതിരെ
ഉപയോഗിക്കുന്ന യുദ്ധ തന്ത്രം. .
ഞാന്‍ വര്‍ഗ്ഗവഞ്ചകന്‍ അല്ല,
മുറിബീഡിക്ക് മറുബീഡി ഇല്ലാത്ത കാലത്ത് തെറി പറയാതെ തെറുപ്പ് ബീഡിയെങ്കിലും
തന്ന സമരസഖാക്കളെ...!!, ഞാന്‍ നിങ്ങളെ വഞ്ചിച്ചിട്ടില്ല,
വഞ്ചിക്കുകയുമില്ല..!! ,അതിനാല്‍ തന്നെ ഈ സമരത്തിന് നിശബ്ദ്
മുദ്രാവാക്യങ്ങള്‍ മുഴക്കി ഈ പഴയവിപ്ലവകാരി മനസ്സില്‍ സമരത്തിന്,
സര്‍വ്വമംഗളവിജയഭാവുകങ്ങള്‍ ആര്‍പ്പിച്ചു, പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു,
അതീവരഹസ്യമായി സമരനായകനെ ധരിപ്പിച്ചു കൊണ്ടേ ഇരുന്നു.
അപ്പന്‍
രണാങ്കണത്തിന്‍റെ ഏതാണ്ട് തന്ത്രപ്രധാനമായ ഒരു ഭാഗത്തിരുന്നു
മൂന്നുദിവസമായി ചുട്ട പപ്പടം ഇടിച്ചുപൊടിച്ചു തരിയാക്കി-അതുനീക്കി കഞ്ഞി
കുടിക്കുന്നു-കുടിച്ചുകൊണ്ടേ ഇരിക്കുന്നു.ബ്ന്ധുജനങ്ങളെ യുദ്ധഭൂമിയിലെ
ശത്രുനിരയില്‍ കണ്ടു തളര്‍ന്ന പാര്‍ത്ഥനോ,ധര്‍മ്മ യുദ്ധത്തിലെ ന്യായം
കണ്ടെത്തിയ പാര്‍ത്ഥസാരഥിയോ??, “പുരാണ പരീജ്ഞ്ജാനാം കമ്മി ഹോത്തസ്യ”...!!
സമരത്തിന്‍റെ നാലാം ദിനം കാറും,കോളും,കാറിത്തുപ്പുകളും നിറഞ്ഞുനിന്ന ഒരു
ത്രിസന്ധ്യയില്‍ കാറാതെ, കാലിടറാതെ ഒരു കോളുമായി പിതൃതനയന്‍ വരികയായി...
ഇടതുകൈവശം ഒരു ചെറിയ പൊതിയുണ്ട്.
ജയിലില്‍ പോയ നായകന്‍ മടങ്ങി
വരുമ്പോള്‍ നായിക ഓടിച്ചെല്ലുന്ന പാരവശ്യത്തോടെ തുറന്ന മൂക്കുകളുമായി
ചെറിയവിപ്ലവം പാഞ്ഞു ചെന്നു, അച്ഛാ...!! എന്നു വിളിച്ചു പൊതിയുള്ള
കയ്യില്‍തന്നെ കടന്നുപിടിച്ചുസ്നേഹിച്ചു ,(ജനിപ്പിച്ചിട്ടിന്നുവരെ ഈ
കെണിയന്‍ എന്നെ ഇത്ര സ്നേഹത്തോടെ ‘അച്ഛാ’ എന്നു വിളിച്ചിട്ടില്ല എന്ന
സന്തോഷാഭിമാനാനന്തരഭാവത്തോടെ) പൊതി അതീവ സൂക്ഷമമായി സഖാവിന്
കൈമാറപ്പെട്ടു.സഖാവ് പരിസരം നിരീക്ഷിച്ചു സാമ്രാജിത്വ ഭൂര്‍ഷ്വകള്‍ ആരും
ഒളിഞ്ഞിരുന്നു നോക്കുന്നില്ല എന്നു ഉറപ്പ് വരുത്തി സംഗതി ബനിയനടിയില്‍
ഒളിപ്പിച്ചു.
എപ്പോള്‍..??
അധികം വൈകാതെ...
ഉം.
സൂക്ഷിക്കണം..!
അറിയാം..!!
വൈകിട്ട് വിപ്ലവത്തിന്‍റെ വിജയപ്പൊതി മലര്‍ക്കെ തുറക്കപ്പെട്ടു,ആയിരം
അദൃശ്യ ഉദരങ്ങളില്‍ നിന്നും വിശപ്പിന്‍റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി
,മിഴികളില്‍ ചുട്ട പിടക്കോഴിയുടെ വര്‍ണ്ണം ചുവപ്പന്‍ പ്രതിബിംബങ്ങള്‍
സൃഷ്ട്ടിച്ചു.
മലര്‍ന്ന് കിടന്നു തന്നെ രക്തസാക്ഷിത്വം വരിച്ചതെന്ന് സംശയം ജനിപ്പിക്കത്തക്ക പോസ്റ്ററില്‍ കോഴി കിടന്നു മാഡി-മാഡി വിളിച്ചൂ,
“ചുട്ടകോയഴിതന്‍-ചത്തഹൃദയമാം-പൊരിഞ്ഞ-ഭൂപടത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍,
തെല്ലും മടിയാതെ മാന്തി-മാന്തി
മാനുജപുത്രര്‍ മറ്റൊരുതീറ്റതുടങ്ങിനാന്‍ ആന്‍പോടുമത്യാദരാര്‍ത്തിയോടും”
വിപ്ലവകാരിയുടെ വലതുകരം ചുട്ട പറവയുടെയും, ഇടതു കരം എന്‍റെയും കഴുത്തില്‍ ഇടവിട്ട് പിടിവിട്ടുകൊണ്ടിരുന്നു.
“ധീരനാംകുടുംബസാരഥി മറ്റൊരു യുദ്ധം പാര്‍ക്കവേ സുന്ദരസുസ്മേരസുമദനനായി നിലകോള്ളവേ.
കോഴിതന്‍ ചക്രവ്യൂഹം തകര്‍ത്തു
പുറത്തു വന്നീടിനാന്‍
പുത്രനാമഭിമന്യു”
വിയര്‍പ്പു തുള്ളികള്‍ പുഷ്പവൃഷ്ടി നടത്തി ,അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പ്രധിനിധീകരിച്ചു പടുകൂറ്റന്‍ ഏമ്പക്കങ്ങള്‍
വായുവിലെ ദോഷ ശത്രുവിന് നേര്‍ക്ക് തുരുതുരാ എയ്തു വിട്ടു.
രണ്ടു ദിവസങ്ങള്‍ക്കപ്പുറം മാതൃഹൃദയ വൃത്താന്തം മൂലം അറിഞ്ഞത് പിതൃതനയന്‍
മൂന്നു ദിനത്തെ ഉച്ച ഭക്ഷണം ഒഴിവാക്കി ലാഭിച്ച പണം കൊണ്ടാണ് നാലാം ദിനം
പ്രിയപുത്രര്‍ക്ക് പ്രിയപ്പെട്ട സാമഗ്രി എത്തിച്ചതത്രേ.
ഏഴു
വര്‍ഷത്തിനപ്പുറം സാഹിത്യാശം ലെവലേശമില്ലാതെ ഞാനും മുട്ടനൊരു കോഴിയെ ചുട്ടു
കുടുംബത്തു കയറ്റി ,കുടുംബം അത് രുചിയോടെ കഴിക്കുന്നത് കണ്ടു ആസ്വദിച്ചു,
ആനന്ദിച്ചു ,അന്ന് അച്ഛന്‍ അനുഭവിച്ച ,അന്ന് മാത്രമോ..? ഒരു
മനുഷ്യായുസ്സില്‍ അനുഭവിച്ച ആനന്ദം അതെവിടെ?അത് എനിക്കില്ല, അതിനു
ത്യാഗത്തിന്‍റെ വിലയുണ്ടായിരുന്നു.
ത്യാഗം കൊണ്ട് വിപ്ലവം വിജയിപ്പിക്കുന്നവര്‍ അനുഭവിക്കുന്ന ആനന്ദം.
അത്യാനന്ദം....
വ്യാഴാഴ്‌ച, ഫെബ്രുവരി 02, 2012
ഒരു വര്‍ഷം....ര്‍ഷം.... ഷം
ജാനു തന്‍റെ അവസാന വരിയില്‍ നിന്നു ഫിബ്രുവിനെ ചുംബിച്ചു പറഞ്ഞു നിന്‍റെ പതിന്നാലിലെ നിത്യപ്രണയത്തിനോടു എനിക്കും പ്രണയം.......
നോ... നോ...!! പ്രണയം എഴുതിയാല്‍ അത് പൈങ്കിളിയോ... പൂങ്കുലയോ...
ആകാന്‍ സാധ്യത കണക്കാക്കുന്നതിനാല്‍ പൊതുവില്‍ പ്രിയമുള്ള, അടിയന്സിന്
വശമുള്ള, പൈകാക്ക-ബൈകഴുകന്‍ ലൈന്‍ സ്വീകരിക്കുന്നു.
:പ്രിയ
ജാനു നിന്‍റെ പേരിനു കേട്ടുമറന്ന ഒരു വേശ്യയുടെ ഭാവമുണ്ട്,ആരോ എന്നോ
കല്പ്പി ച്ചു നല്‍കിയ മാനത്താല്‍, അല്ല മാനക്കേടിനാല്‍, ഒരുതരം അശ്ലീല
ഗന്ധം വമിക്കുന്നു ആ പേരിനൊപ്പം ,കൂടെപ്പിറപ്പായ കുളിരാകുമോ മൂലം?
:അസംബന്ധം...!! അസംബന്ധേനതന്നെ പതിനൊന്നു മാസങ്ങളെ
ഗര്‍ഭംപേറിനില്‍ക്കുന്ന നിത്യകന്യയാം നിത്യഗര്‍ഭിണി ഞാന്‍... പോരാത്തതിനു
'എ' ക്ലാസ് മഞ്ഞു വീണു നല്ല മില്‍മ കണക്കെ വെളുത്തിട്ടും.ഫിബ്രു എന്ന
ക്രാക്രൂക്രീനാമത്തെക്കാള്‍ മഹത്തരം എന്‍ മഹാനാമം .
:നീ
മറ്റൊരു പതിനൊന്നിനെ, മുടങ്ങാതെ- നിത്യമായ്, കാലവും കാലക്കേടും
പോയതറിയാതെ, വന്നറിഞ്ഞവരെയും, പോയ്മറഞ്ഞവരെയും ഗൌനിക്കാതെ, സ്വാഗതം
ചെയ്യുന്ന മേല്‍പ്പറഞ്ഞ വര്‍ഗ്ഗമോ ? പിന്നെ എന്‍നാമം......! ,രവി-ശശി
മുതലായ തൊഴിലാളി വര്‍ഗ്ഗ നാമങ്ങള്‍ സ്വീകരിക്കും മുന്‍പെ., പകലും രാത്രിയും
വെളിച്ചത്തിന്‍റെ മൊത്തവിതരണം നടത്തുന്ന മുതലാളിത്ത സാമ്രാജിത്വ കുത്തകള്‍
ആയ സൂര്യനും ചന്ദ്രനും, അവ കയ്യടക്കി കഴിഞ്ഞുപോയി... അധികം വൈകാതെ
വീണ്ടെടുപ്പിനായ് ഒരു വര്‍ഗ്ഗ സമരം പ്രതീക്ഷിക്കാം നിനക്കു, അപ്രിയേ ...!!
:ഒരിക്കല്‍ പോലും മുപ്പതു തികയ്ക്കാന്‍ യോഗമില്ലാത്ത നീ,കുറുകിയഫിബ്രു... നീ അവിശുദ്ധി പുലമ്പരുതു നിനക്കു പോര അതിനു പക്വത....
:നാലാണ്ടില്‍ ഒരിയ്ക്കല്‍ മാത്രം ഒരു വയസ്സു കൂടുന്ന എന്‍റെ ഇരുപത്തി
ഒന്‍പതില്‍ ജനിച്ചവന്‍റെ അനുഗ്രഹം എനിക്കു തുണ....,പേരിനു മാത്രം
മുപ്പതില്‍ രക്തസാക്ഷിയെ ചുമക്കുന്നവളെക്കാള്‍ പ്രകാശവര്‍ഷങ്ങള്‍ ഭേദം ഈ
ഇരുപത്തേട്ടുകാരന്‍റെ നിര്‍ഭാഗ്യം...
മറ്റൊരു ജാനു കൂടി
ഫിബ്രുവിന്‍റെ നെറുകയില്‍ ചവിട്ടി ആ വരിയിലേക്ക്
കടക്കുമ്പോള്‍....(സൂക്ഷിച്ചു മുന്നോട്ട് പോവുക, അല്പ്പം സീരിയസ് കടുകട്ടി
സാഹിത്യം വഴിയേ.. )
വന്നുചേരാന്‍ സാധ്യതയുള്ള
വസന്തകാലത്തിന്‍റെ മുന്നറിയിപ്പായ മഞ്ഞുകണങ്ങളെചുമക്കുന്ന ഏപ്രില്‍
പുഷ്പങ്ങളും, അവന്‍ 'വിഷുക്കണികാണിക്കുന്ന' നന്മകളും,മാന്യശ്രീ കൃഷ്ണനും
,തേങ്ങയും വെള്ളരിക്കയും മറ്റ് അനുബന്ധ സാധനങ്ങളും, കാണിക്കാത്ത
തിന്മകളും,ഭൂതശ്രീ ശിവനും ,ചിക്കനും, ബീഫും മറ്റനുബന്ധ പലവകകളും, അവനു
മാത്രം വിധിയ്ക്കപ്പെട്ട അവന്‍റെ ഒന്നിലെ വിഡ്ഢിച്ചിരിയും...
ഒരുമയുടെ ഒന്നുമായ് എത്തി...., കൂടെ കൊണ്ടുവരുന്ന പൊരിവെയിലില്‍ മെയ്യനങ്ങി പണിയുന്നവന്‍റെ മെയ്യും,…..
അതിനുമപ്പുറം ആയിരം പിഞ്ചോമനകളെ അക്ഷരം കുറിപ്പിച്ചു മറ്റൊരക്ഷരവര്‍ഷം
തുടങ്ങി, വാക്കുകള്‍ വര്‍ഷിക്കുന്ന പുതിയൊരു വര്‍ഷകാലത്തിനു
തുടക്കമിടുന്ന ജൂണും......
കള്ളക്കര്‍ക്കിടകത്തിന്നു കുടപിടിക്കുന്ന ഏഴില്‍ എന്നെ ജനിപ്പിച്ചതിന്‍റെ ചീത്തപ്പേരുമാത്രമുള്ള മിടുക്കി ജൂലയ്യും...
പിന്നെ വിണ്ണിന് മണ്ണില്‍ മുഖംനോക്കിമിനുക്കാന്‍ പൊന്‍കതിര്‍ പ്രതിബിംബം
നിറഞ്ഞ കണ്ണാടികള്‍ ഒരുക്കുന്ന ഓണക്കാലവും.... (കൃത്യമായി ഏതുമാസം എന്നു
നിശ്ച്ചയം പോര,ഒരു ഭംഗിക്ക് ചേര്‍ത്തു എന്നെ ഉള്ളൂ )
ഇടയ്ക്കു,
ഇന്‍ബിറ്റുവീന്‍ എനിക്കോര്‍മ്മ കിട്ടാത്ത കുറെ ‘മോറോവര്‍ സിമിലര്‍’
ഗുണങ്ങളുമായി കടന്നുപോയേക്കാവുന്ന മറ്റ് അലവലാതി മാസങ്ങളും....
ഒടുവില്‍ ഒരുനാള്‍ ചെന്നെത്തും ഒരു സിംഹത്തിന്‍റെ..... അല്ല സ്നേഹാകാലത്തിന്‍റെ...തണുപ്പുനി റഞ്ഞ ഡിസംബര്‍ഗുഹയില്‍.....ശൂന്യാകാശ ത്ത്,
കുത്തക ഭൂര്‍ഷ്വ ആയ ഹൈഡ്രജന്‍ ഉള്‍പ്പെടുന്ന ചില തല്‍പ്പര ഗ്യാസുകളും,
മണ്ണില്‍, മനുഷ്യന്‍ പട്ടം പറത്തിയും- കറണ്ടടിച്ചു ചത്തും, കണ്ടെത്തിയ
വൈദ്യുതിയും, കത്തിക്കുന്ന നക്ഷത്ര വിളക്കുകളുടെ കാലം .....
അതിനുമപ്പുറം, വീണ്ടും ഒരാഘോഷക്കാലത്തിന്‍റെ സമാപനദിനം കുടിച്ചു ബോധം
കെട്ടുറങ്ങിയവനു വാള്‍സ് വെച്ചു തല നേരെയാക്കാനുള്ള പുതുപുലരിയായി നീ
വീണ്ടും മാറവേ, അന്ന് ഒപ്പത്തിനൊപ്പം പേരിനൊപ്പമുള്ള ചീത്തപ്പെരിനേ
സാധൂകരിക്കത്തക്ക വിധം, ഒരു കോമ്പറ്റീഷന്‍ മേന്‍റാലിറ്റി
കാണിച്ചില്ലെങ്കില്‍, ഓ പ്രിയ ജാനു..., എന്‍റെ ജനുവരി…….!!!. നിന്നെ
ഞാന്‍ എന്‍റെ സ്വന്തമാക്കാം, എന്നിലെ ഇരുപത്തെട്ടില്‍ നീ സൂപ്പറിമ്പോസ്
ചെയ്താല്‍ എനിക്കും മുപ്പത്തൊന്ന് തികച്ചു പൂര്‍ണ്ണതയിലെത്താം.......(ഈ
പോസ്റ്റിന്‍റെ തുടക്കത്തില്‍ എഴുത്തുകാരന്‍ ആഗ്രഹിച്ചപ്പോലെ ....)
ഞായറാഴ്‌ച, ജനുവരി 29, 2012
സങ്കരം
കീഴ്ജാതി പെണ്ണുമായി അവിശുദ്ധ പ്രേമബന്ധം കുടുംബത്തിന്‍റെ ഗംഭീരാഭിമാനം ,
അപ്പന്‍റെ സാമുദായിക വിലക്കയറ്റം.
"ഒന്നു കൊന്നു തരാമോ"??
സ്നേഹപൂര്‍വ്വം
മാതാവ്.
ഒപ്പ്.
അതീവ സുതാര്യമായ മാര്‍ഗ്ഗം മാതാവേ... , ഏതായാലും ആത്മഹത്യ വേണ്ട,
പാളിപ്പോയാല്‍ നാണക്കേട് ,പിന്നെ വല്യ അമ്മായി, ഓരുക്കടെ പുള്ള
പ്രേമിച്ചു കെട്ടിയനാള്‍ രണ്ടിടങ്ങഴി കുരുടാന്‍ ഒറ്റഇരിപ്പിന് വിഴുങ്ങി
,തിരുവയറു കഴുകി വെടിപ്പാക്കുന്നത് നേരില്‍ ദര്‍ശിക്കാനുള്ള സൌഭാഗ്യം
സിദ്ധിച്ചതാണ് ,കുരുടാന്‍,ഫുരിടാന്‍ തിരുടാന്‍, മുതലായ 'വിഷജാതികള്‍'
ഏതായാലും പരിഗണിക്കപ്പെടിടില്ല.അതിലേറെ വിഷമുള്ള ജാതിയത്രേ ഇവള്‍.
ഓപ്പറേഷന്‍ വാര്‍ഡില്‍ ചോര ദാഹിച്ചു കിടന്ന സാമുദായികഡ്രാക്കുളയ്ക്ക്
,പുത്രന്‍ എത്തിച്ച് കൊടുത്തത് വാസ് എ പോസിറ്റീവ് ഈഴവ രക്തം ,ഒരു
നായ(യും)രും അന്വേഷിച്ചില്ല 'രക്തജാതി'.
“എക് ബാത് സരൂര്‍ യാദ് രഘന
‘എ’ ഹോനാ ചാഹിയെ ഫിര്‍ പോസ്റ്റിവ് ഭി... നെഗറ്റീവ് നഹി നഹി”... “നായര്‍
രക്തം തന്നെ കിടയ്ക്കണം”... വന്‍പില്‍ ഉള്ള,പിന്‍പില്‍ ഉള്ള,മുന്‍പില്‍
ഉള്ള കുടുംബസമുദായസ്നേഹതല്പ്പരരാരും അപ്പടി മട്ട്രൂം മൊഴിഞ്ഞതും കിടയാത്..
യേന്‍?? തെരിയലെ....
ഹാര്‍ഡ്-വാട്ടര്‍-വര്ക്കിങ്മെന ്സ്സിന്ഡ്രം
മൂലം കിഡ്നീശ്വരന്‍ പിണങ്ങിപ്പോയ പോയ സ്വാഭിമാനിതൊട്ടുകൂടാകാരണവര്‍
അവറഹള്‍ക്ക് തല്സ്ഥാനത്ത് വെല്‍ഡ് ചെയ്തു ഘടിപ്പിച്ചത്.., ‘തീരെ’, വീണ്ടും
വല്ലാണ്ട് ‘തീരെ’ താണ ജാതി കിഡ്നി ഒരെണ്ണമാണ് ,അതും മറ്റേത് നാലു കിഡ്നി
എടുത്താലും അവിടൊക്കെ സംവരണം ഉറപ്പുള്ള ഫഷ്ട്ട്ക്ലാസ് സ്റ്റഫ്.
മേല്‍മൊഴിഞ്ഞ നിത്യോപയോഗസാമഗ്രി അടിയന്സിന്‍റെ പെണ്ണിന്‍റെ ജാതി ആവാഞ്ഞത്
ഭാഗ്യമായി ,അതിന്‍റെ പരമാണുവിലെ ഒരു 'ഡി.എന്‍.എ' പണ്ട് ഇങ്ങനെ സംവദിച്ചു
മടുത്തു “മദ്യം അതുണ്ടാക്കരുത്,കൊടുക്കരുത്, കുടിക്കരുത്”...
“ആമാശയത്തിനടിയിലിരുന്നു എന്‍ കിഡ്നി മൊഴിഞ്ഞു സോദരാ... മദ്യം വിഷമാണ്” ഇപ്പടിപെട്ട കവിഭാവന കാരണവകവിയ്ക്ക് വരില്ല ഉറപ്പ്.
കിഡ്നിയാവാം,കരളുമാവാം ,വേണാച്ചാല്‍ ലേശം ചോരപ്രഥമനും, , പിന്നെന്തേ
‘ഒരുജാതി’ സ്ത്രീയെ ബന്ധിച്ചോ ,സംബന്ധിച്ചോ അടിയനസിന് മാത്രം
സന്താനോല്പാദനം പാടില്ല?,
വിപ്ലവമാനം കാക്കണം മറുമൊഴികളും സംശയങ്ങളും ചോദ്യം ചെയ്യലുകളും തന്നെ മഹാവിപ്ലവ തുടക്കം.
<സീന്‍- ഏതോ> <ടേക് 2> ലൈറ്റ്സ്, ക്യാമറ, സൈലന്സ് , ആക്ഷന്‍....
സഹനടന്‍:ഡാക്റ്റര്‍ സാബ്...(വേദനയോടെ..., മുഖത്ത് ലോണ്‍ എടുത്തു വാങ്ങിയ
പശു പാല് തരാതെ ചത്ത നിസ്സഹായത) വെളുത്ത തൊലിക്കുളില്‍ അല്ലേ
ഘടിപ്പിച്ചത്..?, പുറത്തു കാണില്ലല്ലോ അല്ലേ.. ഉറപ്പല്ലേ...എനിക്കു വാക്ക്
തരണം...? ബോധരാഹിത്യത്തില്‍ ദര്‍ശിച്ചില്ല ആ കറുത്ത അവയവം, ദൈവം പോലും
അറിയരുത്...
മുഴുവനായി പുറമെ ദൃശംവദമാകുന്ന യാതൊന്നും ഇവിടെ
കച്ചവടമാകില്ല്യ. സ്ത്രീ ആയാലും പുരുഷനായാലും മുഴുവനായി ‘കെട്ടി’
എടുത്താല്‍ അഭ്യുദയകാംഷികള്‍ ചോദ്യം ചെയ്യും. ആ പരിഹാസ ചിരി സഹിക്കില്ല,
ഭേദം മരണമഞ്ചല്‍മാലാദികള്‍...!!ഹാ..! !
ഡോ വെയിറ്റര്‍...!!, മുറിച്ച് കഷ്ണമാക്കി മസാല പുരട്ടി പൊരിച്ചു കൊണ്ട്
വരൂ ഏത് ജാതിയെയും ചവച്ചു രക്തത്തില്‍ അലിയിപ്പിച്ചു കാട്ടിത്തരാം .
ചുട്ടും ,വറുത്തും പൊരിച്ചുമിങനെ നിത്യവും ഭവാന്‍ സേവിക്കുന്ന
ജീവസ്ന്ധാരണ പ്രക്രിയാതുടര്‍മൂലാദികളായ വെളുത്തആടും കറുത്തപോത്തും…, ഹെയ്
പിന്നെയോ...? ഉച്ഛിഷ്ടഹാരപ്രിയത്മാക്കളായ പന്നികളൊയൊക്കെയും....
കളറോ?ഡിസ്കളറോ? ജാതി ചോദിച്ചിട്ടുണ്ടോ ഭവാന്‍?
ഉവ്വ...ചോദിച്ചു മിണ്ടണില്ല....,
മിണ്ടാപ്രാണികളായത് ഭാഗ്യദായകം അല്ലെങ്കില്‍ അവയ്ക്കും കിട്ടിയേനെ തീന്‍മേശയില്‍ സംവരണം.
സംവരണ ലിസ്റ്റില്‍ പേരുചേര്‍ക്കപ്പെട്ടിട്ടും കളര്‍ഫുളുകള്‍ക്കും
,ബ്ലാക്ക് ആന്ഡ് വൈറ്റുകള്‍ക്കുമൊക്കെയും കളറില്ലാദൈവങ്ങള്‍, ദൈവങ്ങളായി
തന്നെ തുടരുന്നല്ലോ.... അപ്പടിപ്പെട്ട്ര ഹതഭാഗ്യരെ നിത്യവും സാഷ്ടാംഗവും
അതിനുമപ്പുറമുള്ള അംഗങ്ങളും വെറുംതറയില്‍ കിടത്തി നമിക്കുന്നല്ലോ,
പൂജിക്കിന്‍റ്റേന്‍..., ഹവ് കം യുവര്‍ കുലമഹിമ അവരെ തഴഞ്ഞില്ല? പകരം
കൊള്ളാവുന്നവയെ കിട്ടാത്തത് മൂലമോ?, നാട്ടിലെ വിലയ്ക്കും ജാതി
മേല്ക്കോയ്മയ്ക്കും എന്തേ കളര്‍ ദൈവങ്ങളൊന്നും പിറക്കലെ?
,സൃഷ്ട്ടിക്കപ്പെട്ടില്ലെ ഭവാന്‍??
<സീന്‍- ഒടുക്കത്തെ > <ടേക് 11> ലൈറ്റ്സ്, ക്യാമറ, സൈലന്സ്, ആക്ഷന്‍....
നായകന്‍: (ആത്മഗതം ,സെന്‍റി,.. സെന്‍റി.. അല്പ്പം വികാരത്തോടെ,
പ്രത്യാശയോടെ) വിപ്ലവമാനം കാക്കണം സംശയങ്ങളും, ചോദ്യങ്ങളും അവയ്ക്കു
കിട്ടാത്ത ഉത്തരങ്ങളും ,കിട്ടുന്ന പീഡനങ്ങളും എന്നെയും എന്‍റെ വരും കാല
സങ്കരവര്‍ഗ്ഗ- സങ്കരജാതി തലമുറയെയും ഈ മണ്ണില്‍ ജീവിക്കാന്‍
പ്രേരിപ്പിക്കട്ടെ.
പാക്കപ്പ്
ബുധനാഴ്‌ച, ജനുവരി 25, 2012
അച്ചായന്‍ ഡയറീസ് 11
അച്ചായന്‍ C/O പഞ്ചായത്ത്
നിയമസഭാ
തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നു അതിഗംഭീരമായ തോല്‍വി
ഏറ്റുവാങ്ങിയിട്ടും അച്ചായന്‍ അടങ്ങിയില്ല ,അടുത്ത പഞ്ചായത്ത് ഇലക്ഷന്
നിന്നു ,ഇത്തവണ ജയിച്ചു അതും വന്‍ഭൂരിപക്ഷത്തില്‍. പ്രധാന തിരഞ്ഞെടുപ്പ്
വാഗ്ദാനം വെള്ളവും വസ്ത്രവും ആയിരുന്നു (വെള്ളം പുരുഷന്മാര്‍ക്കും
,വസ്ത്രം സ്ത്രീകള്‍ക്കും )സംഗതി ഏറ്റു.
ഇപ്പോ പഞ്ചായത്ത്
മെംബര്‍ സ്ഥാനം വഹിക്കുന്നതിന്‍റെ മഹത്തായ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന
അനുഗ്രഹീത വേളയാണ് ,അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അച്ചായന്‍
തയാറെടുക്കുകയാകും എന്ന കണക്കുകൂട്ടലില്‍ ആണ് ഞാന്‍ കാണാന്‍ ചെല്ലുന്നത്
പാലാഴി ബംഗ്ലാവിന്‍റെ മുറ്റം നിറയെ ജനങ്ങള്‍ ,ആശംസകളും അനുമോദനങ്ങളും അറിയിക്കാന്‍ എത്തിയവരാകും...
കയറി ചെല്ലുംമ്പോള്‍ തന്നെ ഒരുത്തന്‍ ഒരു യമകണ്ടന്‍ തെറി വിളിക്കുന്നത്
കേട്ടു ,ആഹാ മനോഹരം എത്ര ശ്ലാഘനീയമായ പദസമ്മേളനം കാളിദാസന്‍ നമിക്കുന്ന
വാക്ചാതുര്യം.
അച്ചായന്‍ വരാന്തയില്‍ എല്ലാം കേട്ടു മിണ്ടാതെ
നില്‍പ്പുണ്ട് ,അതാ വരുന്നു മറ്റൊരെണ്ണം സ്ത്രീ ശബ്ദമാണ് ,സ്ത്രീകളൊക്കെ
ഇത്ര നന്നായി സംസ്കൃതം കൈകാര്യം ചെയ്യാന്‍ തുടങ്ങിയോ എന്നു
ശങ്ക,കൊച്ചുകുട്ടികള്‍ പോലുമുണ്ട് അവരും അണ്ണാന്‍റെ കുഞ്ഞും തന്നാലായത്
എന്ന രീതിയില്‍ പങ്കുചേരുന്നു.
അതിയാന്‍ എന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ പണ്ട് മലയാള സിനിമയില്‍ നസീര്‍ പാട്ടുപാടുന്നതുപോലെ ആകാശത്തു നോക്കി നില്ക്കുന്നു .
ഞാന്‍ മറ്റ് ആട്ടുതുപ്പ്,മുടിയഴിച്ചാട്ട,ചൂലുതുള്ളല്‍
കലാപരിപാടികള്‍ കണ്ടു രസിച്ചു നിന്നു ,അരങ്ങൊഴിഞ്ഞു തുടങ്ങി
,കലാകാരന്മാരും കലാകാരികളും അവരവരുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തു
വിടവാങ്ങി, ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ ഇനി ആനയും ആനക്കാരനും മാത്രം .
നിങ്ങള്‍ കരുതുംപോലെ അച്ചായന്‍ അഴിമതിവീരനൊന്നുമല്ല ,എന്‍റെ അറിവില്‍
അതിയാന്‍ ഒരുരൂപ പോലും ഈ വകുപ്പില്‍ വെട്ടിച്ചിട്ടില്ല. പിന്നെന്തേ
ജനങ്ങള്‍ക്കിത്ര സ്നേഹം തോന്നാന്‍..??
അച്ചായോ ....!!
പോടാ */*@#$%&%$#*&**....... 1 1 ½ 1 ¾...(ലേലം ഉറപ്പിച്ചു)
ഹ്ഹോ....!!! ഇതെന്നതാ മനുഷ്യാ ഈ കാണുന്നെ ഇതെന്തിനാ നാട്ടുകാര്‍ മുഴുക്കെ ഇതിയാനെ തെറി വിളിക്കുന്നെ..??
ഒന്നും പറയണ്ടടാ ഉവ്വേ ഞാന്‍ നാട്ടുകാരെ കൊണം വരുത്താന്‍ ഇറങ്ങിയതാ...!!
അതിന്നെന്തിനാ അവര്‍ തെറി വിളിക്കുന്നെ??
അവരുടെ പ്രശ്നങ്ങള്‍ എത്ര തീര്‍ത്താലും തീരുന്നില്ലല്ലോ...
മനസ്സിലായില്ല..??
ആദ്യം തെറിവിളിച്ച മാന്യനില്ലേ അവനാണ് ഞാന്‍ ആദ്യമായി പഞ്ചായത്ത് ചിലവില്‍ കക്കൂസ് നിര്‍മ്മിച്ചു കൊടുത്തത്
അതിനു തെറിവിളിക്കണോ??
അതിനല്ല ,ഇപ്പോ അവന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ സ്ട്രീറ്റ് ലൈറ്റ്
കത്തുന്നില്ല പോലും ,പണ്ട് ആ വഴിയില്‍ ഇരുട്ടത്ത് കാര്യം സാധിച്ചവനാ,അന്ന്
ഇട്ടുകൊടുത്ത ലൈറ്റോക്കെ ഈ മാന്യന്‍ എറിഞ്ഞു പൊട്ടിക്കും , അവന് കൊതുക്
കുത്താതെ സംഗതി പോയി തുടങ്ങിയപ്പോ നെഗളിപ്പ് ..
ആ ചേച്ചി എന്തിനാ തെറിവിളിച്ചെ..?
ചേച്ചിയോ...??!! എന്നെക്കൊണ്ടു ഒന്നും പറയിപ്പിക്കല്ല് ,ഞാന്‍ ആ മാന്യക്ക് വിധവാ പെന്‍ഷന്‍ ശരിയാകി കൊടുത്തു
അത് നല്ല കാര്യമല്ലേ..??
അതുവ്വ, പക്ഷേ അവളെ ഇന്നലെ തെരുവ് പട്ടി കടിച്ചെന്നു ,പണ്ട് നേരെ
തിരിച്ചായിരുന്നു സ്ഥിതി പട്ടികള്‍ പോലും ആ പരിസരത്ത് പോകത്തില്ലായിരുന്നു
പേടിച്ചിട്ടു... ഇപ്പോ സര്‍ക്കാര്‍ വക വിധവ അല്ലായോ ഇനി പട്ടി ശല്യം
ഉണ്ടാകും
ആ കൊച്ചു കൊച്ചോ..??
എടാ ഉവ്വേ അതുമാത്രം അച്ചായനൊരു അബദ്ധം പറ്റിയതാ
അച്ചായോ ..??
ഹ !!..അതല്ലടാ ഉവ്വേ, അന്ന് അവന് അഞ്ചു വയസ്സേ ഒണ്ടാരുന്നുള്ളൂ വോട്ട്
ചോദിച്ചാപ്പോ, അച്ചായനെ സ്വന്തം പപ്പായെ പോലെ കണ്ടാ മതി എന്നു ഒന്നു പറഞ്ഞു
പോയി, ഇപ്പോ സ്വത്തവകാശം ചോദിച്ചു വന്നേക്കുവാ..!!
(ഞാന്‍ ചിരിച്ചോ,ഇല്ല....)
ചിരിക്കേടാ ചിരിക്ക് എത്ര സാമൂഹിക സേവനം ഉണ്ടാക്കിയാലും പഞ്ചായത്ത്
മെംബര്ക്ക് ആകെ കിട്ടുന്നത് ആയിരത്തി ഇരുന്നൂറു രൂപയാ പിന്നെ ബോണസും.
ബോണസോ ??
' തെറി'........
തിങ്കളാഴ്‌ച, ജനുവരി 23, 2012
അച്ചായന്‍ ഡയറീസ് 10
ഇത്തവണ നേരില്‍ അച്ചായനുമായുള്ള സംഭാഷണത്തിലേക്ക് കടക്കാം, പശ്ചാത്തല വര്‍ണവിവരണപ്രക്രിയ ഒഴിവാക്കിയേക്കാം എന്നാ ??
അച്ചായോ....
എന്നതാടാ ഉവ്വേ..??
അച്ചായന്‍ ചവറ് കഥകള്‍ പറയുന്നു എന്നു ആക്ഷേപം ഉണ്ട്, ഇതിയാനു എന്നെ
ഇങ്ങനെ നാണം കെടുത്താതെ നല്ല സ്റ്റാന്‍റെര്‍ഡ് കഥകള്‍ പറയാന്‍മേലായോ??
ഏത് കഴിവേറിയാടാ അത് പറഞ്ഞത്??
അത് കള ഇതിലൊരു തീരുമാനം പറ, അല്ലേല്‍ ഞാന്‍ ഈ കട പൂട്ടും ഇതിപ്പോ പത്തു ലക്കം തികയുവാ എനിക്കൊന്നു ഷൈന്‍ ചെയ്യണം എന്നാ..??
അപ്പോ അതാണ് കാര്യം...!! നീ എന്നെ വെച്ചു കുറെ മുതലെടുത്തതല്ലേ അതിന്‍റെ
ചിലവ് വരട്ടെ ആദ്യം, നീ പോയി സാധനം മേടിക്ക്,ആ പിന്നെ മറക്കേണ്ട....
അറിയാം...!!
ആ പിന്നെ ...
അറിയാം എനിക്കു വേണേല്‍ മതി എന്നല്ലേ ..??? ഉവ്വ..!!
അച്ചായന്‍ ഈ മദ്യത്തിന്‍റെ കാര്യം പറഞ്ഞു പറഞ്ഞു ഞാന്‍ മുഴുത്ത കുടിയന്‍
ആണെന്നാ നാട്ടുകാരുടെ വിചാരം, മാത്രമല്ല മദ്യത്തെയും മദ്യപാനത്തെയും
പ്രോത്സാഹിപ്പിക്കുന്നു പോലും...!!
എടാ ഉവ്വേ ഇക്കണക്കിനു
കര്‍ത്താവ് താടി വളര്‍ത്തി കാണിച്ചകൊണ്ടാണ് നാട്ടില്‍ ബാര്‍ബര്‍മാര്‍ക്ക്
പണിയില്ലാതായത് എന്നു പറയുമല്ലോ. പോയി കൊണ്ടുവാടാ....
അച്ചായന്
സാധനം വാങ്ങിക്കൊടുത്തു, സ്റ്റാന്‍റര്‍ഡ് കൂട്ടാന്‍ കിട്ടിയതു പതിവിന്
വിപരീതമായി ഒന്നു രണ്ടു തട്ടുപൊളിപ്പന്‍ കവിതകള്‍ ആണ്, അവ ചുവടെ
ചേര്‍ക്കുന്നു, ഈ കവിതകളില്‍ എഴുത്തുകാരന് യാതൊരു വിധ ഉത്തരവാദിത്തവും
ഉണ്ടായിരിക്കുന്നതല്ല എന്നു പ്രഖ്യാപിക്കുന്നു.
അച്ചായന്‍ കവിതകള്‍
********************
1.അന്നാമ്മ
--------------
അട്ടയില്‍ ഒരു ‘ട്ട’ കണ്ടതുമുതല്‍ എനിക്കു ചട്ടയിലെ ‘ട്ട’ ഇഷ്ട്ടമല്ല
പന്നയിലെ ‘ന്ന’ എന്‍ അന്നയിലെ ‘ന്ന’ എങ്കിലും
അന്നത്തിലേ ‘ന്ന’ എന്നെ നന്നാക്കിയ ‘ന്ന’
2.പാലാഴി
-----------------
പാലായെ പാലാഴിയാക്കിയ പാലേ
വലിയുന്ന പാലേ കുറുകുന്ന പാലേ
പശുവിന്‍റെ പേര് കളഞ്ഞ പായസമേ
നീയാണ് അഖിലസാരമൂഴിയില്‍
3.ചൊമല
-----------------
‘ഹേ റാം’ പറഞ്ഞ പഴയ വര്‍ഗീയനെ
സത്യദൈവസഹായ സഖാവക്കുന്ന വര്‍ണമേ
മുദ്രാവാക്യം മുഴങ്ങുമ്പോള്‍ ഉയര്‍ന്നിരുന്ന കൈകളും
മുദ്ര കാണിച്ചു വര്‍ണ്ണ സമ്മേളന നൃത്തവേദിയില്‍
‘വി’ വിഭജനത്തിലില്ല വിഎസ്സിലില്ല വിജയിനിലില്ല
‘വി’യുള്ളത് ‘we’യില്‍ മാത്രം
‘വി’ ആള്‍വേയ്സ് ടുഗേതര്‍ വിവര്‍ണ്ണമെ
4.മനമോഹനം
------------------------
വായില്ലാക്കുന്നിലപ്പനെ,നാട്ടാര െ വായടിപ്പിക്കുന്ന വീരനെ
വാനിലെ സ്പെക്ട്രത്തെ വായു വലിപ്പിച്ച വില്ലനെ
പ്രജകള്‍ തന്‍ ഉച്ചിയില്‍ വലതുകാല്‍ വെക്കുക
വാരിതിനു താഴെയല്ല പാതാളം
വാഴുക വാഴുക വാമന.
****************************** ******************************
നാലാമത്തെ കവിത തന്‍റെയല്ല എന്ന് അച്ചായന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ദയവായി
വിശ്വസിക്കരുത്,ഇത് നിഷ്പക്ഷത സൃഷ്ട്ടിക്കാന്‍ എഴുത്തുകാരന്‍
മനപ്പൂര്‍വ്വം പടച്ചു വിട്ടതാണെന്ന് അതിയാന്‍ പറഞ്ഞേക്കാം, പക്ഷേ
നിങ്ങള്‍ക്കറിയാമല്ലോ എനിക്കു കവിത വരില്ല.....
അച്ചായനാണേ സത്യം...!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)