ബുധനാഴ്‌ച, ജനുവരി 25, 2012

അച്ചായന്‍ ഡയറീസ് 11

 

അച്ചായന്‍ C/O പഞ്ചായത്ത്
നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നു അതിഗംഭീരമായ തോല്‍വി ഏറ്റുവാങ്ങിയിട്ടും അച്ചായന്‍ അടങ്ങിയില്ല ,അടുത്ത പഞ്ചായത്ത് ഇലക്ഷന് നിന്നു ,ഇത്തവണ ജയിച്ചു അതും വന്‍ഭൂരിപക്ഷത്തില്‍. പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം വെള്ളവും വസ്ത്രവും ആയിരുന്നു (വെള്ളം പുരുഷന്മാര്‍ക്കും ,വസ്ത്രം സ്ത്രീകള്‍ക്കും )സംഗതി ഏറ്റു.

ഇപ്പോ പഞ്ചായത്ത് മെംബര്‍ സ്ഥാനം വഹിക്കുന്നതിന്‍റെ മഹത്തായ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അനുഗ്രഹീത വേളയാണ് ,അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അച്ചായന്‍ തയാറെടുക്കുകയാകും എന്ന കണക്കുകൂട്ടലില്‍ ആണ് ഞാന്‍ കാണാന്‍ ചെല്ലുന്നത്

പാലാഴി ബംഗ്ലാവിന്‍റെ മുറ്റം നിറയെ ജനങ്ങള്‍ ,ആശംസകളും അനുമോദനങ്ങളും അറിയിക്കാന്‍ എത്തിയവരാകും...

കയറി ചെല്ലുംമ്പോള്‍ തന്നെ ഒരുത്തന്‍ ഒരു യമകണ്ടന്‍ തെറി വിളിക്കുന്നത് കേട്ടു ,ആഹാ മനോഹരം എത്ര ശ്ലാഘനീയമായ പദസമ്മേളനം കാളിദാസന്‍ നമിക്കുന്ന വാക്ചാതുര്യം.

അച്ചായന്‍ വരാന്തയില്‍ എല്ലാം കേട്ടു മിണ്ടാതെ നില്‍പ്പുണ്ട് ,അതാ വരുന്നു മറ്റൊരെണ്ണം സ്ത്രീ ശബ്ദമാണ് ,സ്ത്രീകളൊക്കെ ഇത്ര നന്നായി സംസ്കൃതം കൈകാര്യം ചെയ്യാന്‍ തുടങ്ങിയോ എന്നു ശങ്ക,കൊച്ചുകുട്ടികള്‍ പോലുമുണ്ട് അവരും അണ്ണാന്‍റെ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ പങ്കുചേരുന്നു.

അതിയാന്‍ എന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ പണ്ട് മലയാള സിനിമയില്‍ നസീര്‍ പാട്ടുപാടുന്നതുപോലെ ആകാശത്തു നോക്കി നില്ക്കുന്നു .

ഞാന്‍ മറ്റ് ആട്ടുതുപ്പ്,മുടിയഴിച്ചാട്ട,ചൂലുതുള്ളല്‍ കലാപരിപാടികള്‍ കണ്ടു രസിച്ചു നിന്നു ,അരങ്ങൊഴിഞ്ഞു തുടങ്ങി ,കലാകാരന്മാരും കലാകാരികളും അവരവരുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തു വിടവാങ്ങി, ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ ഇനി ആനയും ആനക്കാരനും മാത്രം .

നിങ്ങള്‍ കരുതുംപോലെ അച്ചായന്‍ അഴിമതിവീരനൊന്നുമല്ല ,എന്‍റെ അറിവില്‍ അതിയാന്‍ ഒരുരൂപ പോലും ഈ വകുപ്പില്‍ വെട്ടിച്ചിട്ടില്ല. പിന്നെന്തേ ജനങ്ങള്‍ക്കിത്ര സ്നേഹം തോന്നാന്‍..??

അച്ചായോ ....!!

പോടാ */*@#$%&%$#*&**....... 1 1 ½ 1 ¾...(ലേലം ഉറപ്പിച്ചു)

ഹ്ഹോ....!!! ഇതെന്നതാ മനുഷ്യാ ഈ കാണുന്നെ ഇതെന്തിനാ നാട്ടുകാര്‍ മുഴുക്കെ ഇതിയാനെ തെറി വിളിക്കുന്നെ..??

ഒന്നും പറയണ്ടടാ ഉവ്വേ ഞാന്‍ നാട്ടുകാരെ കൊണം വരുത്താന്‍ ഇറങ്ങിയതാ...!!

അതിന്നെന്തിനാ അവര്‍ തെറി വിളിക്കുന്നെ??

അവരുടെ പ്രശ്നങ്ങള്‍ എത്ര തീര്‍ത്താലും തീരുന്നില്ലല്ലോ...

മനസ്സിലായില്ല..??

ആദ്യം തെറിവിളിച്ച മാന്യനില്ലേ അവനാണ് ഞാന്‍ ആദ്യമായി പഞ്ചായത്ത് ചിലവില്‍ കക്കൂസ് നിര്‍മ്മിച്ചു കൊടുത്തത്

അതിനു തെറിവിളിക്കണോ??

അതിനല്ല ,ഇപ്പോ അവന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ സ്ട്രീറ്റ് ലൈറ്റ് കത്തുന്നില്ല പോലും ,പണ്ട് ആ വഴിയില്‍ ഇരുട്ടത്ത് കാര്യം സാധിച്ചവനാ,അന്ന് ഇട്ടുകൊടുത്ത ലൈറ്റോക്കെ ഈ മാന്യന്‍ എറിഞ്ഞു പൊട്ടിക്കും , അവന് കൊതുക് കുത്താതെ സംഗതി പോയി തുടങ്ങിയപ്പോ നെഗളിപ്പ് ..

ആ ചേച്ചി എന്തിനാ തെറിവിളിച്ചെ..?

ചേച്ചിയോ...??!! എന്നെക്കൊണ്ടു ഒന്നും പറയിപ്പിക്കല്ല് ,ഞാന്‍ ആ മാന്യക്ക് വിധവാ പെന്‍ഷന്‍ ശരിയാകി കൊടുത്തു

അത് നല്ല കാര്യമല്ലേ..??

അതുവ്വ, പക്ഷേ അവളെ ഇന്നലെ തെരുവ് പട്ടി കടിച്ചെന്നു ,പണ്ട് നേരെ തിരിച്ചായിരുന്നു സ്ഥിതി പട്ടികള്‍ പോലും ആ പരിസരത്ത് പോകത്തില്ലായിരുന്നു പേടിച്ചിട്ടു... ഇപ്പോ സര്‍ക്കാര്‍ വക വിധവ അല്ലായോ ഇനി പട്ടി ശല്യം ഉണ്ടാകും

ആ കൊച്ചു കൊച്ചോ..??

എടാ ഉവ്വേ അതുമാത്രം അച്ചായനൊരു അബദ്ധം പറ്റിയതാ

അച്ചായോ ..??

ഹ !!..അതല്ലടാ ഉവ്വേ, അന്ന് അവന് അഞ്ചു വയസ്സേ ഒണ്ടാരുന്നുള്ളൂ വോട്ട് ചോദിച്ചാപ്പോ, അച്ചായനെ സ്വന്തം പപ്പായെ പോലെ കണ്ടാ മതി എന്നു ഒന്നു പറഞ്ഞു പോയി, ഇപ്പോ സ്വത്തവകാശം ചോദിച്ചു വന്നേക്കുവാ..!!

(ഞാന്‍ ചിരിച്ചോ,ഇല്ല....)

ചിരിക്കേടാ ചിരിക്ക് എത്ര സാമൂഹിക സേവനം ഉണ്ടാക്കിയാലും പഞ്ചായത്ത് മെംബര്ക്ക് ആകെ കിട്ടുന്നത് ആയിരത്തി ഇരുന്നൂറു രൂപയാ പിന്നെ ബോണസും.

ബോണസോ ??

' തെറി'........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ