"ഈ ഭൂമിയില്‍ ചെയ്തുകൂട്ടുന്നതിന്‍റെയൊക്കെയും, നന്മയുടെയും, തിന്മ യുടെയും, ഫലം ഇവിടെ തന്നെ....,ഒരുനാള്‍ തിരികെ ലഭിക്കുമെടാ".
കുറച്ചു കാലം മുന്‍പ് ,തന്‍റെ ചെറിയ പെട്ടിക്കടയില്‍ ഇരുന്നു ആ മനുഷ്യന്‍ വാചാലനായി.അദ്ദേഹം പഠിച്ച ജീവിത തത്വങ്ങള്‍..!!
മുന്നില്‍ നിന്നു നിസ്സഹായത പ്രകടിപ്പിച്ച ഏവരെയും സഹായിച്ചു,സ്നേഹിച്ചു
,സ്വന്തം പാരമ്പര്യ സ്വത്തവകാശം പോലും സഹോദരങ്ങളുടെ ഉന്നതിക്കായി വിട്ടു
കൊടുത്തു, വിയര്‍പ്പ് വിറ്റു കിട്ടിയതും, അന്യനെ ആത്മഹത്യയില്‍ നിന്നും
കരകയറ്റാന്‍, തിരികെ കിട്ടില്ല എന്നറിഞ്ഞു, കടംകൊടുത്തു.
ഇയാള്‍
ഇതെല്ലാം എന്നോടെന്ന പോലെ, മറ്റ് പലരോടും പറഞ്ഞു കാണും ,എന്നിലെ
യുവവിപ്ലവകാരി ചിലപ്പോളൊക്കെ അംഗീകരിച്ചിരുന്നില്ല അയാളെ ,ചെയ്തതൊക്കെ
വിളിച്ച് പറയുന്ന അല്‍പ്പനായി കരുതിയിരുന്നു.
അവനവന്‍റെ കുടുംബം
നോക്കാന്‍ കഴിയാതെ, അന്യനെ സഹായിക്കുന്ന പടുവിഡ്ഢി, ചോരയില്‍ നിന്നും
ഇടയ്ക്കൊക്കെ ചുവപ്പിന്‍റെ മറനീക്കി പുറത്തുവന്നിരുന്ന സവര്‍ണ്ണ
മുതലാളിത്ത ചിന്തയ്ക്കും അയാളെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല പലപ്പോഴും.
ഇത്ര നന്മ ചെയ്തവന്‍ എന്തേ പെട്ടിക്കടയുമായി ഇരിക്കുന്നു? ഇവനെന്തേ ഉന്നതി
ഇല്ല, ഇടമറുക് സാഹിത്യംപരിപാലിച്ചു പോന്ന യുക്തിവാദിയും ഉണര്‍ന്നു
ചിന്തിച്ചിരുന്നു.
ചില വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ആ മനുഷ്യനെ
കാണുന്നത്. പഴയ പെട്ടിക്കട ഇരുന്നിടത്ത് വലിയൊരു ബേക്കറി. അദ്ദേഹത്തിന്
മാത്രം മാറ്റമൊന്നുമില്ല, പഴയ അതേ ചിരി മുഖത്ത് തെളിഞ്ഞു നില്ക്കുന്നു .
"ഇതാരപ്പാ എവിടെയാ നീ എത്ര കാലമായി വാടാ മോനേ കയറി ഇരിക്കേടാ.."
ഒരു 'ഗോള്‍ഡ് ഫില്‍റ്റര്‍' എടുത്തു കയ്യില്‍ തന്നു ,പഴയ ശീലമാണ്,
(നിങ്ങള്‍ക്ക് ദുശീലമെന്നും വിളിക്കാം)അദ്ദേഹം മറന്നിട്ടില്ല, പുകവലി
വേദന തന്നപ്പോള്‍ അത് ഉപേക്ഷിച്ചു,ഇപ്പോള്‍ ഒന്നിലേറെ വര്‍ഷങ്ങള്‍,
അങ്ങനെയും, അതില്ലാതെയും, ജീവിച്ച് തന്നെ കടന്നുപോയിരിക്കുന്നു.
പറഞ്ഞില്ല,വാങ്ങി കത്തിച്ചു.
പിന്നീടൊരുകാലത്ത് വിശപ്പെന്ന
യുക്തിയും പട്ടിണിയുടെ സ(അ)വര്‍ണ്ണവും,ആഹാരമെന്ന വിപ്ലവചിന്തയും അടക്കി
വാണിരുന്നു മനസ്സിനെ , കൈനീട്ടിയപ്പോളൊക്കെ കയ്യില്‍ വെച്ചു
തന്നിട്ടുണ്ട്,അന്ന് നീറുന്ന വേദനകളെ മറക്കാന്‍ സഹായിക്കും എന്നു
കരുതിയിരുന്ന പുക ലഹരി മാത്രമല്ല, പലപ്പോഴും ആഹാരവും നാരങ്ങാച്ചുവ
സോഡയില്‍ ചാലിച്ച വെള്ളവും,ചിലപ്പോളൊക്കെ പണവും.
"ഇക്കാ ഞാനിതെന്താ ഈ കാണുന്നേ..?? ഇതെന്താ സംഭവിച്ചേ..?"
ഏതോ ഒരുത്തനെ അക്കര കയറ്റി വിട്ടിരുന്നു ആ മനുഷ്യന്‍ പണ്ട്.അവന്‍ നല്ല
നിലയില്‍ തിരികെ എത്തി. പട്ടിണിക്കും ദുരിതത്തിനുമിടയില്‍,കിടപ്പാടം
പണയപ്പെടുത്തി, തന്നെ സ്വപ്നവിമാനം കയറ്റിയ മനുഷ്യന് അവന്‍ വീട് മാത്രമല്ല
,സ്വന്തമെന്ന ഉറപ്പില്‍ ഒരു ബേക്കറിയുടെയും താക്കോല്‍ക്കൂട്ടം
സമ്മാനിച്ചാണ് മടങ്ങിയത്.
"അതുപോട്ടെ നീ ഇപ്പോ എവിടാ?"
"കാഞ്ഞങ്ങാട്, ബാങ്കിലാ..."
"എനിക്കറിയാം മോനേ നീ ഗതിപ്പിടിക്കുമെന്ന്... നീ നല്ലവനാ...!!"
മറ്റ് പലരെയും പോലെ തന്നെ ഞാനും എന്നെപ്പറ്റി എന്നും കരുതിയിരുന്നത്
,ആരുമായും അതീവവികാരപരമായ ബന്ധമില്ലാത്ത,അങ്ങനെയൊന്നും
കണ്ണുനീറയാത്ത,ധീരപുരുഷന്‍ എന്നായിരുന്നു.അത്തരം ധാരണകള്‍ ചിലപ്പോഴെങ്കിലും
ഇത്തരം മനുഷ്യര്‍ പൊളിച്ചടുക്കിയിട്ടുണ്ട്.
നിറഞ്ഞ കണ്ണുകള്‍ ആ മനുഷ്യന്‍ കാണാതെ മറച്ചു, ഞാന്‍ പൈസ നീട്ടി
"വേണ്ട മോനേ ഇത് ഇക്കായുടെ ഒരു സന്തോഷത്തിന്..."
നിര്‍ബന്ധിച്ചില്ല, അറിയാം വാങ്ങില്ല...
"ഇക്കാ ഞാനെന്നാ വരട്ടെ..?"
"പോയിവാടാ മക്കളെ നല്ലത് വരും,നല്ലതെ വരു...!!!"
ആ മനുഷ്യന്‍റെ പേര് മനപ്പൂര്‍വ്വം ചേര്‍ക്കാത്തതല്ല ,എനിക്കറിയില്ല...
,ഞാന്‍ ചോദിച്ചിട്ടില്ല.... ,ചിലര്‍ എനിക്കങ്ങനെയാണ്, പരിചയപ്പെട്ടു അടുത്ത
നിമിഷം മുതല്‍ പോലും അടുപ്പക്കൂടുതല്‍ കാരണം, അവരെന്ത് കരുതും എന്നു കരുതി
പേര് ചോദിക്കാന്‍ സാധിക്കില്ല.
അങ്ങനെയുള്ളവരെ ഞാന്‍ മനുഷ്യര്‍ എന്നു വിളിക്കാന്‍ ഇഷ്ട്ടപ്പെടുന്നു.
ഈ മനുഷ്യന് ഞാന്‍ എന്താ പകരം നല്‍കുക...??
എന്‍റെ കയ്യില്‍ ഒന്നുമില്ല......ഒന്നറിയാം
"ഈ ഭൂമിയില്‍ ചെയ്തുകൂട്ടുന്നതിന്‍റെയൊക്കെയും, നന്മയുടെയും, തിന്മ യുടെയും, ഫലം ഇവിടെ തന്നെ....,ഒരുനാള്‍ തിരികെ ലഭിക്കും"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ