ചൊവ്വാഴ്ച, ജനുവരി 03, 2012

കുടുംബപുരാണം

നല്ല ദാരിദ്ര്യവും, വേണ്ടുവോളം ദുരിതവും, ആവശ്യത്തിന് കടങ്ങളും, കെണികളും...

ആ കാലത്ത് ഞാന്‍ വിപ്ലവം സിരകളിലേന്തിയ,,… മാറ്റങ്ങളെ മാറ്റുവാന്‍ കെല്‍പ്പുള്ള ധീരസഖാവാകുന്നു.......

അതേ കാലത്ത്, ഈ സഖാവിന്‍റെ കൊടിയശിവഭക്തയായിരുന്ന മാതാവ്...ദുരിതരക്ഷാര്‍ത്ഥം ‘മനുഷ്യദൈവനിന്തിരുവടികളുടെ’ വല്‍സലഭക്തയായി മാറുന്നു ........

യുക്തിവാദിയായ..., അങ്ങേയറ്റം പുരോഗമന ചിന്താഗതിക്കാരനായ, ഈ സഖാവിന് സഹിച്ചില്ല... !!

‘മുക്തകണ്ഡം’..???(പോരാ...പോരാ...ഇനിയുമുറക്കെ!!!) (അതിധീരനായ ഈ സഖാവിന് അനുയോജ്യം 'നഖശിഖാന്തം' തന്നെ) ...(തന്നെ..??) അതേ നഖശിഖാന്തം അതിശക്തമായി എതിര്‍ത്തു ...സഖാവൊരു കൊടുംകാറ്റായി ആഞ്ഞടിച്ചു...

അപ്പന്‍ അവസരവാദിയാണ് ഭാര്യയേയും വേണം, മകനെയും വേണം ‘ഞാനൊന്നും അറിയുന്നില്ല’... എന്ന ഭാവത്തില്‍ അസ്സല്‍ ‘ദൈവം’ കളി .

സഖാവ് വിട്ടില്ല...എതിര്‍പ്പ് തുടരുന്നു .... ദിവ്യന്‍റെ ‘ദിവ്യചിത്രം’ കൃത്യം പതിനൊന്നു കഷ്ണമായി കീറി അന്തരീക്ഷത്തില്‍ പറത്തി... അത്ഭുതം സൃഷ്ട്ടിച്ചു...!!

വിരലിനിടയിലെ വിഭൂതി, കഞ്ഞിവെള്ളത്തില്‍ ഉരുട്ടിയെടുത്ത ഗോളങ്ങളാകുന്നതും, തിരിച്ചു ഗോളങ്ങള്‍ വിഭൂതിയാകുന്നതും, ദര്‍ശിക്കാന്‍ മാതൃനേത്രങ്ങള്‍ക്ക് ഭാഗ്യം സിദ്ധിച്ചു...!

കഞ്ഞിവെള്ളംകൊണ്ടുള്ള ദിവ്യത്ത്വം വിനയായി,… കഞ്ഞിവെള്ളം കുടിക്കുന്നതില്‍ നിന്നും കുടുംബത്തിന്‍റെ കീഴ്ഘടകം സഖാവിനെ വിലക്കി..പൊളിറ്റ്ബ്യൂറോയാകുന്ന പിതാവ് സ്വന്തം കഞ്ഞിപ്രശ്നംകൂടിയാകയാല്‍ മൌനം പാലിച്ചു.....,വര്‍ഗ്ഗവഞ്ചകന്‍....!!

മഹത്തായ നിരാഹാര സമരത്തിന്‍റെ മൂന്നാം ദിനം സഖാവ് ജൈവജീവത്സംഭന്ധമായ ചില പ്രത്യേക കാരണങ്ങളാല്‍ സമരം അവസാനിപ്പിച്ചു. (ഇത് വായിക്കുന്ന സഖാക്കള്‍ നമ്മള്‍ തുടങ്ങിവെച്ച സമരങ്ങളില്‍ നിന്നും ഒരുകാരണവശാലും പിന്മാറരുത് ഇതൊരു തോല്‍വിയല്ല,കീഴടങ്ങലല്ല...., തികച്ചും ബൈയോളജിക്കല്‍..അതായത് “ഇന്‍റെസ്റ്റൈനല്‍ കോംപ്ലിക്കഷന്സ്, ലീഡിങ് ടു സെന്‍സിബിള്‍ ഡിസിഷന്‍സ്....!!!”)

വിഭൂതിക്കുറി കഞ്ഞിവെള്ളത്തില്‍ ചാലിച്ചുതൊട്ട്, വേഷം മാറിയ സഖാവ്, ഭക്തനായി അവതരിക്കുന്നു.., അഭിനയിക്കുന്നു........'മഹത് ലക്ഷ്യം' ...."ഉള്ളിലേക്ക് ഇറങ്ങി ചെന്നു പഠിച്ചാലെ ഇവയുടെ പിന്നിലെ ചൂഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ"..

അങ്ങനെ ചൂഷണപഠനം തുടരവേ സഖാവിന് ഭഗവത്കൃപാകടാക്ഷത്താല്‍ ജോലിസൌഭാഗ്യം കൈവരുന്നു.., ഭഗവാന്‍ സഖാവിനായി പരൂക്ഷകള്‍ എഴുതി പഷ്ട്ക്ലാസ്സില്‍ പാസ്സാകുന്നു....

‘വസ്ത്രാഹാരദുരിതബാധ്യതാകട’ പ്രശ്നങ്ങള്‍ ഭഗവാന്‍ പരിഹരിച്ചിരിക്കുന്നു.... സഖാവിന്‍റെ മാതൃശ്രീ മനുഷ്യ ഭഗവാനെ സാവധാനം മാറ്റി, ഭദ്രമായി ഒരു ചില്ലലമാരിയിലേക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു ,ആവശ്യ ഘട്ടത്തില്‍ വീണ്ടും ഉപകാരപ്പെടും, ഇപ്പോള്‍, തല്‍ക്കാലം, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ...

സ്വന്തമായി ഒരു പാന്‍റോ... എന്തിന്, നിക്കറൊ പോലും വാങ്ങാന്‍ ഗതിയില്ലാത്ത അലവലാതിയായ  ശിവഭഗവാനെ.., മാതൃശ്രീ, സര്‍ക്കാര്‍സംവരണത്തില്‍ ദൈവത്തിന്‍റെ സീറ്റ് നേടിയ, സവര്‍ണ്ണപിന്നോക്കന്‍റെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നു..

ഭൂര്‍ഷ്വ ദൈവങ്ങളായ സരസ്വതി ,ബ്രഹ്മാവ് ,ശ്രീപത്മനാഭന്‍ എന്നിവരോടാണ് ഇപ്പോള്‍ മമത ..വേണം...!! ഒപ്പത്തിന് ഒപ്പമുള്ള ഒപ്പിക്കല്‍ സോഷ്യലിസം.. ഇതും സോഷ്യലിസം,.. മാതാവേ അങ്ങും എന്‍റെ സഖാവ്...!! അങ്ങ് ഈ സഖാവിന്‍റെ സോഷ്യലിസ്റ്റ് ചിന്തകള്‍ക്ക്, പുതിയ മാനം കൈവരുത്തിയിരിക്കുന്നു...ലാല്‍സലാം.. !!!!!!
 
അപ്പന്‍ ഇന്നും തികഞ്ഞ നിസ്സംഗത പാലിക്കുന്നു മൂപ്പര്‍ പണ്ടേ ഗാന്ധിയനാകുന്നു ഈ സഖാവിന്‍റെ ജനനം ഉള്‍പ്പടെ ഈ ഗാന്ധിയെത്ര വിപ്ലവം കണ്ടിരിക്കുന്നു ..

സഖാവിനു 'യാത്രാക്ലേശപരിഹാരമാര്‍ഗ്ഗോപായമായി' ഒരു ചെറുവാഹനം വാങ്ങണം, അതിനു കടമെടുക്കാന്‍ കീഴ്ഘടകം വഴി ശുപാര്‍ശ..

മാതൃശ്രീ മനുഷ്യഭഗവാനെ പുറത്തെടുക്കു....നമുക്ക് തുടങ്ങാം കരുണാമയാ കാണാക്കടങ്ങള്‍ നീക്കണേ വിഭോ...വിഭൂതീശ്വരാ...
ലാല്‍സലാം ...!!!

2 അഭിപ്രായങ്ങൾ: