ശനിയാഴ്‌ച, ഡിസംബർ 17, 2011

അച്ചായന്‍ ഡയറീസ് 4


അച്ചായന്‍ നല്ല മൂപ്പാണ്....

:എടാ ഉവ്വേ...

:എന്നതാ അച്ചായോ???

:ഈ നഴ്സിങ് പഠനത്തെ പറ്റി എന്താ അഭിപ്രായം??  
:നല്ലതല്ലായോ??

:ഫൂള്‍..!! അല്ല...!!
 
:എന്നതാ അച്ചായാ? നമ്മളൊക്കെ ജനിച്ചു വീണത് തന്നെ ആ മാലാഖമാരുടെ കയ്യില്‍ അല്ലേ??

:‘നമ്മള്‍’ അല്ല ‘നീ’... എന്‍റെ അമ്മച്ചിടെ പേറെടുത്തത് വയറ്റാട്ടി കാര്‍ത്ത്യായിനിയാണെന്ന് അപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
 
:എന്നിട്ടാണൊ അച്ചായന്‍ ഇളയവള് മോളിക്കുട്ടിയെ നഴ്സിങ്ങിന് വിട്ടേ..??

:എടാ ഉവ്വേ അതീ ജോലിയുടെ മഹത്വം കണ്ടിട്ടൊന്നുമല്ല.. എനിക്കു കൂടെപ്പിറന്ന ഒരുത്തി ഉണ്ടല്ലോ മറിയാമ്മ അവളാ പറഞ്ഞേ കൊച്ചിനെ നഴ്സിങ് പഠിപ്പിച്ചാല്‍ അമേരിക്കയിലോട്ട് കെട്ടിയെടുത്തോലാമെന്ന്.....ഇളയ
വളെ കണ്ടു മുടക്കിയ മുതലിങ് പൊരുമല്ലോ എന്നുകരുതിയല്ലേ.. ഞാന്‍ സമ്മതിച്ചേ ....
എന്നിട്ടെന്നായി??

:എന്നിട്ടോ ഞാന്‍ ഒരു പറമ്പു വാങ്ങി നാലു റബ്ബറു വെച്ചു പാലെടുക്കാമെന്ന് കരുതി,അതിനുവെച്ചിരുന്ന കാശും മുടക്കി അവളെ മംഗലാപുരത്തോട്ട് വിട്ടു..നഴ്സ് ആയില്ലേലും ആശുപത്രിയില്‍ എത്തി എന്നാത്തിനാ??
അവള് ,റബ്ബറു വെക്കാതെ തന്നെ പാലെടുക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുവാരുന്നു......
 
:എന്‍റച്ചായോ ..ഇതൊക്കെ ഇപ്പോ വിളിച്ച് കൂവി ഇനി നാട്ടുകാരെക്കൂടി അറിയിക്കണോ??

:അതല്ലടാ ഉവ്വേ... ഒടുവില്‍ അമേരിക്കയില്‍ തന്നെ ഉള്ള ഒരു പാവം കഴിവേറിയുടെ തലയില്‍ വെച്ചു കെട്ടിയപ്പോളാ സമാധാനമായേ..
ആട്ടെ നിന്‍റെ കെട്ടിയോള് നഴ്സല്ലേ,എവിടാ പടിച്ചെന്നാ പറഞ്ഞേ??
 
:അച്ചായാ പോക്ക്രിത്തരം പറയല്ല്...അവള് നാട്ടിലാ പഠിച്ചെ ...

:അയ്യോടാ ഉവ്വേ... പോക്ക്രിത്തരമോ ...അല്ലടാ “മാലാഖ”...!! ഇത്ര വേഗം മാറിയോ??

:അച്ചായന്‍റെ അയല്‍വാസി ആ രാഘവന്‍ നായരും മകളെ മംഗലാപുരത്തു വിട്ടല്ലേ നഴ്സിങ് പഠിപ്പിച്ചെ,അവള് മിടുക്കിയായി പഠിച്ചു വന്നില്ലേ
 
:ആ എന്നിട്ട്..?? നീ ബാക്കി കൂടി പറ..
 
:ആ കൊച്ചു, എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്തു.... കഷ്ടം.... ജോലി... പ്രതിസന്ധി... ,സേവന വേതന വ്യവസ്ഥയുടെ തകരാറു പിന്നെ....

:എടാ... എടാ.. കൊച്ചുകഴിവേറീ... നീ എനിക്കു മനസ്സിലാകാത്ത സാധനമൊക്കെ പറഞ്ഞു ആളാകാതെ.... ,രാഘവന്‍റെ പെങ്ങള് അമേരിക്കയിലുണ്ടോ??
ഇല്ല അവര്‍ പാവപ്പെട്ടവരല്ലേ..??

:ആ... അതാണ് പറയുന്നെ ആന വാ പൊളിക്കുന്നത് കണ്ടു ആടു വാ പൊളിക്കരുതെന്ന്... കീറിപ്പോകും...
 
:അച്ചായാ.. ഇതെന്നാ കൊള്ളരുതാത്ത വര്‍ത്തമാനമാ ..??

:എടാ ഉവ്വേ.... ഈ നാട്ടില്‍ത്തന്നെ ജോലി ചെയ്യാന്‍ തയ്യാറായി പഠിക്കാന്‍ പോകുന്ന എത്രയെണ്ണമുണ്ട്?? എല്ലാം പുറത്തു ചാടാനുള്ള മോഹംകൊണ്ട് അല്ലായോ..?? അല്ലാതെ ഈ ജോലിയോടുള്ള സ്നേഹം കൊണ്ടോ... ‘ആതുര സേവന പ്രേമം’ കൊണ്ടോ പോകുന്ന എത്ര പേരെ നിനക്കറിയാം പറ കേള്‍ക്കട്ടെ ..??
 
:കുറവാണ്..

:അല്ലായോ ..?? കാശുണ്ടാക്കാന്‍ തന്നെ അല്ലായോ..??
 
:അതേ...

:എല്ലാം കഴിഞ്ഞു നാട്ടിലെത്തുംപൊളാണോ ഇതുങ്ങള് അറിയുന്നെ വിദേശത്തു കൊണ്ടുപോകാന്‍ ആരുമില്ലന്നു... ഇവിടെ ജോലിചെയ്താ വണ്ടിക്കൂലി പോലും കിട്ടില്ലന്നും....
വേറെ എന്തൊക്കെ പഠിക്കാന്‍ ഉണ്ട് മോനേ നാട്ടില്‍ ആട്ടെ നീയെന്നതാ പഠിച്ചെ??
 
:സാധാരണ ഡിഗ്രീ അതും സര്‍ക്കാര് വക കോളേജില്‍...

:അതും പണ്ടത്തെ റേഷന്‍ കാര്‍ഡിലെ ദാരിദ്ര്യം കാണിച്ചു സര്‍ക്കാരിനെയും പറ്റിച്ച്... ഇങ്ങോട്ട് കാശ് വാങ്ങി അല്ലായോ???
 
:ഉവ്വ.....

:എന്നിട്ട് നിനക്കു ജോലിയില്ലേ??
 
:ഉണ്ട്...
 
:എവിടെ..??
 
:ബാങ്കില്‍...

:എന്നാ കിട്ടും മാസം..?? കുടുംബം കഴിഞ്ഞു പോകുന്നില്ലേ?
 
:ഉവ്വ...

:നല്ല കാശും കിട്ടുന്നില്ലേ.... ആ സാധനം തീര്‍ന്നു ... നീ പോയി ഒരെണ്ണം വാങ്ങി വാ.... നിനക്കു വേണേല്‍ മതി... മറക്കേണ്ട ‘ബ്ലാക്ക് ഡോഗ്’

(എല്ലാ വര്‍ഷവും ഇവിടെ ഒന്നര ലക്ഷം പേര്‍ നഴ്സിങ് പഠിച്ചു ഇറങ്ങുന്നത്രേ......
അതില്‍ മോളിക്കുട്ടി പെടുന്നില്ല...........!!!!)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ