(അച്ചായന്‍ വീണ്ടും സമൂഹത്തിലേക്കും ജനങ്ങള്‍ക്കിടയിലേക്കും ഇറങ്ങി എന്നു ആരോ പറഞ്ഞു കേട്ടിരുന്നു .പക്ഷേ അത്രക്കങ്ങോട്ട് വിശ്വസിച്ചില്ല .സ്വന്തം കീശയില്‍ നാലു ചില്ലറ വീഴാത്ത ഒരു ഇടപാടിനും അങ്ങേര് ഇറങ്ങി തിരിക്കില്ല.കണ്ടിട്ടാണെല്‍ കുറച്ചുനാളായി .ഒരു വൈകുന്നേരം ശ്രീമതിയെ പറഞ്ഞു അവളുടെ വീട്ടില്‍ വിട്ടു ഞാനൊന്നു കാണാന്‍ ഇറങ്ങി .ഈ കേള്‍ക്കുന്നതില്‍ എന്തെങ്കിലും നേരുണ്ടോ എന്നു നേരിട്ടു ചോദിച്ചറിയുകയുമാവാം.)
(കവലയിലൂടെ പോകുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ സുപരിചിതമായ ആ ഗംഭീര ശബ്ദം. “പിതാവേ അച്ചായന്‍”.....!! ഞാന്‍ വണ്ടി ഒതുക്കി ശ്രദ്ധിച്ചു)
...............................പ്രകൃതി നമ്മുടെയെല്ലാം അമ്മയാണ് പെങ്ങളാണ് അവളെ സംരക്ഷിക്കേണ്ട ചുമതലയും നമുക്ക് തന്നെ....... പ്രകൃതിസ്നേഹം എന്നില്‍ ജന്മനാ ഉള്ള പലഗുണങ്ങളില്‍ ഒന്നു തന്നെ എന്നു നിങ്ങള്‍ക്കേവര്‍ക്കും അറിയുന്നതാണല്ലോ ...നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു എന്തു ചെയ്യാം എന്നുള്ള ഗാഢമായ ചിന്തയാണ് ,എന്നെ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന മഹത് കര്‍മത്തിലേക്ക് നയിച്ചത് ....ഇതാ ഇന്നിവിടെ നാം അതിനു തുടക്കം കുറിക്കുക ആണ്...........................................
(അച്ചായന്‍ ഉടനെങ്ങും നിര്‍ത്തുന്ന ലക്ഷണമില്ല “എന്നാലും ഇങ്ങേര്‍ക്കിത് എന്തു പറ്റി ..??”ഞാന്‍ കാത്തു നിന്നു... വേദിയില്‍ നിന്നും ഇറങ്ങി മരം നടീലിനു തുടക്കം കുറിച്ച അച്ചായനെ ഞാന്‍ കൈകാട്ടി വിളിച്ചു .)
:എടാ ഉവ്വേ നീയോ..! കുറക്കാലമായല്ലോ നീ എങ്ങോട്ടാ? :അങ്ങോട്ട് തന്നെ.
:എന്നാ വിട് ഞാനുമുണ്ട്.
:ഇവിടുത്തെ പരിപാടിയൊക്കേ ??
:യെസ് എവെരിത്തിങ് ഫൈന്‍..
:സാധനം വാങ്ങണോ?
:വേണ്ടടാ ഉവ്വേ സ്റ്റോക്കുണ്ട് നീ വണ്ടി വിട്.
വീട്ടിലെത്തി ഒരു റൌണ്ട് കഴിഞ്ഞപ്പോ മനസ്സില്‍ കുരുങ്ങിക്കിടന്ന ചോദ്യം ഞാന്‍ തന്നെ ഇട്ടുകൊടുത്തു
:അച്ചായോ ഇതെന്നാ പുകിലൊക്കെയാ ..??പ്രകൃതി സ്നേഹമോ എപ്പോ ?വൃക്ഷം നടലോ?? ഇതിയാനു ഇത് എന്നാ പറ്റി കര്‍ത്താവേ ??
:എടാ ഉവ്വേ നമ്മള്‍ ജനങ്ങളുമായി നിരന്തരം സംബര്‍ക്കത്തില്‍ ഇരിക്കണം ..ചില സാമൂഹിക പ്രവര്‍ത്തികളിലൂടെയേ അത് സാധ്യമാവൂ ,എന്നാലേ ആളുകള്‍ ശ്രദ്ധിക്കു ക്യാഷ് മാത്രം ഉണ്ടായാല്‍ പോരാ.....
:സാമൂഹിക പ്രവര്‍ത്തനം എന്നു പ്രയുമ്പോള്‍ വേറെയും വഴിയുണ്ടല്ലോ...ആതുര സേവനം ...മാനുഷിക സേവനം ...എന്തേ പെട്ടെന്നൊരു പ്രകൃതി സ്നേഹം ....അതും മരം ??
:എടാ ആതുര സേവനം ഒന്നും എനിക്കു പറ്റില്ല നമ്മുടെ ഒരു സ്റ്റാന്‍റര്‍ടും നോക്കണ്ടേ ....മനുഷ്യ സ്നേഹമാകുമ്പോ ...കുഷ്ടം ...മലം ...മൂത്രം ...അതൊന്നും നമുക്ക് പറ്റില്ല.. പ്രകൃതി കൊള്ളാം..മരങ്ങള്‍..പുഴകള്‍ കാടുകള്‍ ..അരുവികള്‍ ..ആഹാ എത്ര മനോഹരം ..വെരി ഹയ്ജീനിക് ടൂ...മറ്റ് ചില ഉദ്ദേശങ്ങളും ഉണ്ടെന്ന് കൂട്ടിക്കൊ...
(അന്ന് ഞങ്ങള്‍ പിരിഞ്ഞ ശേഷം ആ വിഷയം മറന്നു കുറച്ചു കാലം കഴിഞ്ഞു ഒരു വാര്‍ത്ത കേട്ടു......അച്ചായാന്‍ പണ്ട് പ്രകൃതി സ്നേഹം മൂത്ത് നട്ടതും നാട്ടുകാരെ കൊണ്ട് നടീപ്പിച്ചതും റബര്‍ മരങ്ങള്‍ ....അതും അതിരാവിലെ ആരോ വെട്ടി കൃത്യമായി പാലെടുക്കുന്നു പോലും.എന്‍റെ പഴയ സംശയം എല്ലാം മാറി പറമ്പില്‍ ഇനി റബ്ബര്‍ നടാന്‍ സ്ഥലം ഇല്ലാന്നു കണ്ടപ്പോ അതിയാന്‍ നാട്ടുകാരെ പറ്റിച്ചു, അവരെ കൊണ്ട് തന്നെ റോഡില്‍ റബര്‍ വെപ്പിച്ചു, എന്നിട്ട്, ഒതുക്കത്തില്‍ പാലെടുക്കുവാ..)
ഞാന്‍ അച്ചായനെ കാണാന്‍ തീരുമാനിച്ചു
:അച്ചായോ ആകെ പരാതിയാണല്ലോ റബര്‍ വെച്ചൂന്നോ.... പാലെടുക്കുന്നെന്നോ..... എന്നതാ ..??
:ഓള്ളതാടാ ഉവ്വേ ഞാന്‍ തന്നെയാ പാലെടുക്കുന്നെ...
:അതെന്നാ ‘മറ്റെ’ പണിയാ അച്ചായാ തണല്‍ മരം നടുന്നു എന്നു പറഞ്ഞു നാട്ടുകാരെ പറ്റിച്ചു റബ്ബര്‍ വെക്കുന്നെ?
:റബ്ബറിന്‍റെ ചോട്ടില്‍ തണല് കിട്ടത്തില്ലായോ????
:അതുവ്വ....
:എടാ നാട്ടുകാര്‍ക്ക് തണലും കിട്ടും എനിക്കു പാലും എന്നാ തെറ്റ്??
:അച്ചായോ സാമൂഹിക പ്രവര്‍ത്തനം എന്നത് പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യണം……
:പ്രതിഫലം കിട്ടാതെ ആരെങ്കിലും ആര്‍ക്കെങ്കിലും വേണ്ടി എന്നതേലും ചെയ്തിട്ടുണ്ടോ ഉവ്വോ??
:ഉവ്വ... അച്ചായന്‍ മദര്‍ തെരേസയെ പറ്റി കേട്ടിട്ടില്ല എന്നാ നാട്ടില്‍ പരാതി...
:എടാ ഉവ്വേ പ്രതിഫലം പാലോ പണമോ ആകണം എന്നില്ല... ആതുര സേവനം ചെയ്തപ്പോ കിട്ടിയ മാനസിക സംതൃപ്തി തന്നെ അവരുടെ പ്രതിഫലം ...ചിലര്‍ ഭൌതികമായ പ്രതിഫലം തേടുന്നു ചിലര്‍ ആത്മീയമായതും പ്രതിഫലം പറ്റാതെ എന്തെങ്കിലും ചെയ്യുന്നവന്‍ മനുഷ്യനാകില്ല അല്ലെങ്കില്‍ നീയൊക്കെ പറയുന്ന പോലെ അവതാരമാകണം......
:എന്നാലും ഈ പരാതിയൊക്കെ?
:കുറെഅവന്മാര്‍ എന്‍റെയടുത്തും വന്നു പറഞ്ഞു.. ,എടാ ഞാന്‍ പ്രശ്നം സൃഷ്ട്ടിക്കുന്നു ,ഞാന്‍ തന്നെ പരാതി കേള്‍ക്കുന്നു ,ഞാന്‍ തന്നെ പരിഹാരം കാണുന്നു..എത്ര സുഖകരമായ പ്രക്രിയ.....
:എന്തു പരിഹാരം
:മരം നിങ്ങളുടെ തന്നെ..... (പക്ഷേ പാല് എനിക്കുള്ളതും)
..............................കൊള്ളാം ജനസംബര്‍ക്കനായ അച്ചായന്‍.............................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ