വ്യാഴാഴ്‌ച, ജൂൺ 28, 2012

ദി ടവ്വല്‍


അയലോക്കത്തെ ലീലാമ്മച്ചി ആദ്യമായ് അമേരിക്കയില്‍ പോയത് അമിതവാസനാസോപ്പ്, അതിമൃദുലപൌഡര്‍,കമ്മ്യൂണിസ്റ്റ് വിരുദ്ധപാത്രങ്ങള്‍,വിപ്ലവവിരുദ്ധതുണി,പട്ടിണിവിരുദ്ധ
ചോക്കളേറ്റ്,മുതലായ കുത്തക-മുതലാളിത്ത-ഭൂര്‍ഷ്വ വിഭവങ്ങള്‍ കൊണ്ടുവരാനാകുന്നു.കൊച്ചുഭൂര്‍ഷ്വാസി ആയ എന്നെ ആകര്‍ഷിച്ചത് ഒരു വെളുത്ത ടവ്വല്‍ ആകുന്നു,അമ്മയുടെ ഒരേഒരു അപ്പന്‍റെ ഒരേഒരു താടിയിലെ രോമങ്ങള്‍ പോലെ രോമങ്ങള്‍ ഉള്ള ഒരേഒരുടവ്വല്‍.

കൊടുംചൂടുവെള്ളത്തിലൊന്ന് കുളിച്ചു, അതുകൊണ്ടൊന്നു തോര്‍ത്താന്‍ കാമിച്ചു .ആവശ്യം സമക്ഷം സമര്‍പ്പിച്ചു .സാധനം കെടച്ചില്ല എന്നു മാത്രമല്ല അതിനു ശേഷം നടത്തിയ സമരമുറകള്‍ക്ക് നേരെ ലാത്തിവീശുണ്ടായി

ഇത്തരത്തില്‍പ്പെട്ട , ടവ്വലുകള്‍ സൂക്ഷിച്ചു വെക്കണം എന്നും,അവകൊണ്ടു പ്രത്യേക തരത്തിലുള്ള ആവശ്യങ്ങള്‍ വരുമെന്നുമുള്ള ന്യായം 'ലോ ആന്ഡ് ആര്‍ഡര്‍' വിഭാഗം തലവനായ അപ്പന്‍ മുന്‍പാകെ മാതാശ്രീ ബോധിപ്പിച്ചു,തല്‍ക്കാലം പ്രതിസ്ഥാനത്തുള്ള ടവ്വലിനെ അലമാരിയിലേക്ക് റിമാന്‍ഡ് ചെയ്തുകൊണ്ട് വിധിയുണ്ടായി.ഇടയ്ക്കിടെ അലമാര തുറക്കുമ്പോള്‍ മുഖം കാട്ടിയ ആ വെള്ളക്കാരിയെ നോക്കി ഞാന്‍ പറഞ്ഞു “പ്രിയപ്പെട്ടവളെ നിന്നെ ഞാനൊരിക്കല്‍ കുളിച്ചു തോര്‍ത്തും ..............”

2007 ഡിസംബര്‍ പത്തൊന്‍പത് ,വലിയ തണുപ്പൊന്നുമില്ലാതിരുന്നിട്ടും അന്ന് രാത്രി 2.30നു ഭൂമിഫോണ്‍ നിലവിളിച്ചു.കാലാകാലങ്ങളായി പാതിരായ്ക്കു ശേഷം വരുന്ന വിളികളില്‍ വിദ്വാന്മാര്‍ അപ്പനോടു മരണം-അപകടം എന്നും,വിദ്വാനികള്‍ അമ്മയോട് ഒളിച്ചോട്ടം-വിവാഹമോചനം എന്നും പറയുന്നു.

പണ്ട് ഇങ്ങനെ വന്ന ഒരു വിളിയില്‍ ഒരു വിദ്വാന്‍, മരണ വാര്‍ത്ത പറഞ്ഞു ഭയപ്പെടുത്തേണ്ട എന്ന പരനിര്‍ദ്ദേശപ്രകാരം ,ഇങ്ങനെ പറഞ്ഞു , “ചേച്ചി തെക്കെലെ കൊച്ചുരാമന്‍ പേരപ്പന്‍റെ സ്ഥിതി അല്‍പ്പം മോശമാണ്,പേടിക്കാനൊന്നുമില്ല....,ചേച്ചിയും കെട്ടിയോനും ധൃതി പിടിച്ച് കെട്ടിയെടുക്കേണ്ട .... അടക്ക് നാളെയേ ഉള്ളൂ....”അന്ന് ബോധം കെട്ടുവീണ അമ്മയെ എടുത്തു പോക്കാന്‍ ശ്രമിച്ചു അപ്പന്‍റെ നടുവെട്ടി.. ,ബോധമില്ലത്തെ ഭാര്യയെ എടുക്കുന്നതിനെക്കാള്‍ സുതാര്യമാണല്ലോ ബോധമില്ലാത്തവന്മാനരുടെ ഫോണ്‍ എടുക്കുന്നത്,ഇപ്പോള്‍ എല്ലാവിധ പാതിരാ വിളികളും അപ്പന്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.

ഈ വിളിയിലും കഥയ്ക്കു മാറ്റമില്ല , “സഖാവ് വി.എസ്സിനെക്കാള്‍ ഏഴെട്ട് വയസ്സു മൂപ്പുള്ള,വലിച്ചു കിടന്നിരുന്ന അമ്മയുടെ അമ്മൂമ്മ,എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പൂര്‍വ്വാധികം ശക്തിയായ് വലിച്ചു തുടങ്ങിയിരിക്കുന്ന വിവരം വ്യസനസമേതം അറിയിക്കുന്നു”.

അപ്പന്‍ അമ്മയോട് “എടിയേ, നമുക്കൊന്ന് വീഗാലാണ്ടില്‍ പോകാം...” എന്നു പറയും എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ അങ്ങേര് ഉള്ള കാര്യം പറഞ്ഞു,ഒരു രഥം വിളിക്കപ്പെട്ടു,അതില്‍ അപ്പനും പ്രജകളും മറ്റും കരേറി,ഞാന്‍ കണ്ടു, ആ വെളുത്ത ടവ്വല്‍ അമ്മയുടെ കയ്യില്‍,വഴിനീളെ, സ്ട്രീംലൈന്‍ ഫ്ലോയുടെ ഇടവേളകളില്‍ നോസ് ആന്‍ഡ് അയിസ് ഫ്ലോ തടുക്കാനും തുടയ്ക്കാനും, എന്‍റെ പ്രിയ വെള്ളടവ്വല്‍ ഉപയോഗിക്കപ്പെട്ടു.

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടു , ഭാരതത്തിന്‍റെ കണ്ണീര്‍ ഒപ്പുന്ന ഏക ക്യാപ്പിറ്റലിസ്റ്റ് ഉത്പന്നം.

സംഭവസ്ഥലം എത്തുമ്പോളേക്കും, അപ്പന്‍ പതിനൊന്നു ബീഡിയും അമൂമ്മ ആ പ്രദേശത്തു മിച്ചമുള്ള ശുദ്ധവായു മുഴുവനും,ടവ്വല്‍ ഒരുകിണര്‍ കണ്ണുനീരും,ഞാന്‍ മൂന്നു ഗ്യാലന്‍ നെടുവീര്‍പ്പും വലിച്ചു തീര്‍ക്കുന്നു.മരണം നടക്കുന്ന സമയം,ബന്ധുക്കള്‍ക്കു ഇടത്തു ഭാഗത്തും ശത്രുക്കള്‍ക്കു വലത്തു ഭാഗത്തും,ബി.ജെ.പി ക്കാര്‍ക്കു നടുക്കു ഭാഗത്തും നിന്നു സംഭവം നേരിട്ടു നോക്കി കാണാന്‍ ഉള്ള സൌകര്യം ഒരുക്കിയിരുന്നു.

മരണം സ്ഥിതീകരിക്കാന്‍ പാറുചിറ്റയുടെ കെട്ടിയോന്‍ ഡാക്ടര്‍ സദാശിവന്‍പിള്ള അവറഹള്‍ ക്ഷണിക്കപ്പെട്ടു ,മൂപ്പിലാന്‍ ദന്ത ഡാക്ടര്‍ ആണെന്ന് ചില സ്ഥാപിത താല്‍പര്യ ശക്തികള്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും , ‘മരിച്ചു’ എന്നു പറയാന്‍ ദന്തങ്ങള്‍ മതിയാകും എന്നു ശക്തമായ എതിതിര്‍വാദമുണ്ടായി.‘അപ്പര്‍ സെന്‍ട്രല്‍ ഇന്‍സിസറിനും’ , ‘ലോവര്‍സെക്കണ്ട്മൊളാറിനും’,ഇടയിലൂടെ എടുക്കപ്പെട്ട വായു അവസാനത്തേതാകയാലും,അത് തിരികെ വന്നതിനു തെളിവൊ സാക്ഷികളോ ഇല്ലാത്തത്തിനാലും, മരണം സ്ഥിതീകരിച്ചിരിക്കുന്നു.

പതിനഞ്ചു മുതല്‍ മുപ്പതു വയസ്സുവരെ പ്രായമുള്ള,ആര്‍ത്തലച്ചുകരയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തും,മുപ്പതു മുതല്‍ അറുപത് വസ്സുവരെ പ്രായമുള്ള, നിലവിളിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ വടക്ക് പടിഞാറ് ഭാഗത്തും ,അറുപത്തിനുമേല്‍ പ്രായമുള്ള “നാളെ ഞാന്‍......” എന്നോര്‍ത്തു ചുമ്മാ കുനിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ തെക്ക് ഭാഗത്തും, പാര്‍ക്ക് ചെയ്തു പണി തുടങ്ങി.

അമ്മയ്ക്ക് ഒത്തനടുക്ക് എല്ലാവരും കാണത്തക്ക വിധത്തില്‍, ദാക്ഷായാണിചിറ്റ കഞ്ഞികുടിക്കാന്‍ പോയപ്പോള്‍ ഒഴിഞ്ഞ സീറ്റ് കിട്ടി.അന്നുച്ചക്കു കുടിച്ച കഞ്ഞി കൊടുത്ത മുഴുവന്‍ ഊര്‍ജ്ജവും പുറത്തെടുത്ത് അമ്മ നിലവിളിച്ചു. “എന്‍റെ അമ്മമ്മേ ഒന്നെണീറ്റ് നോക്കോ അമ്മമ്മേടെ ,ഇത്തിത്താനത്ത് കെട്ടിച്ചുവിട്ട ഓമനാമയുടെ,പൂവന്തുരുത്തില്‍ കെട്ടിച്ചു വിട്ട..... മൂത്തമോള്‍ ജയമോ...........ള്‍......, അമ്മമ്മയ്ക്ക് ഓര്‍മ്മയുണ്ടോ????? അമ്മയുടെ...... മറ്റ് കൊച്ചുമക്കളില്‍ വെച്ചു.... ഏറ്റവും ... ഏറ്റവും ഇഷ്ട്ടമുള്ള മോള് വന്നേ......” വല്യമ്മയെ അവസാനകാലത്ത് നോക്കിയിരു ന്ന ചില സ്ത്രീജനങ്ങള്‍ വന്നു അമ്മയെ പിടിച്ച് അകത്തു കൊണ്ടുപോയി, അമ്മയുടെ സ്വയം പുകഴ്ത്തല്‍ പിടിക്കാഞ്ഞിട്ടല്ല,ഈ വിളിയെങ്ങാന്‍ കേട്ടു വല്യമ്മാ ഉണര്‍ന്നു “ഓര്‍മ്മയില്ലടി...!!!!” എന്നു പറഞ്ഞാലോ എന്നു കരുതിയാവണം.

വെറുതെ നാലു ദിവസം കഴിഞ്ഞു,അമ്മയുടെ അപ്പന്‍റെ ചേട്ടന്‍ അതായത് അക്കരെവീട്ടിലെ പാക്കരന്‍ ചിറ്റപ്പനും അത്യാസന്നനായി,പതിവുപോലെ ഞങ്ങള്‍ എത്തുംപോളേക്കും,മൂപ്പിലാന്‍ രാത്രി ഒന്നു മുപ്പത്തിന്,ചങ്ങനാശേരിയില്‍ നിന്നും നരകത്തിനുള്ള വണ്ടി പിടിച്ചു.അമ്മയുടെ അപ്പന്‍റെ വക ഉണ്ടായിരുന്ന റബ്ബര്‍ത്തോട്ടത്തില്‍ കയറി വെട്ടാനോ,വെട്ടിക്കാനോ,വേലികെട്ടാനോ ശ്രമിച്ചപ്പോളൊക്കെ ഈ മൂപ്പിലാന്‍ വെട്ടുകത്തിയെടുത്തു വേട്ടയാടിനാന്‍.അതുകൊണ്ടു തന്നെ അമ്മയുടെ ദുഖ:പ്രകടനം അമേരിക്കയിലേക്കുള്ള നാലു മൂക്കുചീറ്റലില്‍ ഒതുങ്ങി.

അധികം വൈകാതെ സി.സി അടഞ്ഞുതീര്‍ന്ന പല കലാകാരന്മാരും, കലാപകാരന്മാരും ഇതേ രീതിയില്‍ കാലന്‍സ് ക്ലബ്ബില്‍ അംഗത്വം നേടി.എല്ലായിടത്തും അമ്മയും ടവ്വലും എത്തുംപോളേക്കും,ആണ്‍പെണ്‍ വ്യത്യാസം ലവലേശമില്ലാതെ ആളു കാലിയാകുന്നത് പതിവായ്.

പക്ഷേ ഒരിടത്ത് സംഗതി ലൈവ് ആയി കാണാന്‍ സാധിച്ചു,ഞങ്ങള്‍ എത്തി ചായേം മിച്ചറും കഴിച്ചു കഴിഞ്ഞാണ് ആളു വടിയായത്. അന്ന് കോട്ടയത്തു നിന്നും നരകത്തിലേക്കുള്ള പാത ഇരട്ടിപ്പിക്കലിന്‍റെ പണിനടക്കുന്ന കാരണമാണ് വണ്ടി വൈകുന്നത് എന്നായിരുന്നു പൊതുവിലയിരുത്തല്‍ പക്ഷേ സമാന്തരമായ് മറ്റൊരു സംഭവമുണ്ടായ്,അന്നേദിവസം പനച്ചിക്കാട് പഞ്ചായത്തില്‍ ചട്ടവിരുദ്ധമായ് പെയ്ത ഒരു മഴയില്‍, കഴിഞ്ഞ അടക്കിന് ശേഷം അലക്കിയിട്ട ചീറ്റല്‍ടവ്വല്‍ ഉണങ്ങികിട്ടിയില്ല.അതുമൂലം തന്നെ ഇത്തവണ, മൂന്നാംലോക ദരിദ്രബിംബമായ ഒരു ചുവന്ന തോര്‍ത്താണ് കര്‍ത്തവ്യം നിര്‍വഹിച്ചത്.

വീണ്ടും അഞ്ച് ദിവസം ഒരുകാര്യവുമില്ലാതെ കടന്നു പോകുന്നു.അപ്പന്‍ കോഗ്രസ്സുകാരന്‍ എന്നതറിഞ്ഞുള്ള ഒരു കളിയായിരുന്നു……, ഇടത് പക്ഷത്തുള്ള ചുവപ്പന്‍ കോട്ടയായ ഹൃദയത്തിലെ ചില ഞരമ്പു തൊഴിലാളികള്‍ മദ്യം,പുക തുടങ്ങിയ സാമ്രാജിത്വ ശക്തികളുടെ അമിതമായ കടന്നുകയറ്റിത്തിനെതിരെ ഒരു മിന്നല്‍ സൂചനാപണിമുടക്ക് നടത്തി.

ഞാനും അനിയനും കൂടി തൂക്കിയെടുത്ത് വണ്ടിയേലിട്ട് കൊണ്ടുപോകാന്‍ തുടങ്ങുമ്പോ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു അപ്പന്‍ പറഞ്ഞു

“മക്കളെ.. നിങ്ങടെ അമ്മ....അവള്‍ .... ആ വെളുത്ത ടവ്വല്‍ എടുക്കാതെ നോക്കണം.........”

വ്യാഴാഴ്‌ച, ജൂൺ 21, 2012

പാറുവയര്‍ തിയറി



അങ്ങേ വീട്ടിലെ പാറു ചേച്ചി എന്നെ നോക്കി വളര്‍ത്തിയതായിരുന്നു  ,ഞാനും....അപ്പടി ഇരിക്കെ ഒരു ദിവസം 'ആള്‍ ഓഫ് എ സഡന്‍' ഷി ഗോട്ട് മാരീഡ്.

താലികെട്ട് ഞാനും കണ്ടു..ആഫ്റ്റര്‍ സെര്‍ടന്‍ ഡേയ്സ് ,പാറുചേച്ചിയുടെ വയറു ദിവസം തോറും വീര്‍ത്തു-വീര്‍ത്തു   വന്നു .ഈ വയറുവീര്‍ക്കലിന്‍റെ കാരണം വല്യമ്മയോട് ആരാഞ്ഞു , “അത് വായുവിന്‍റെ ഏനക്കേട് ആടാ കൊച്ചനെ..” എന്നു, അറ്റ് ദി മൊമന്‍റ് ഇംപോട്ടെന്‍റ് ആയ വല്യമ്മ അസൂയാനിമിത്തം  ബോധിപ്പിച്ചു .

പക്ഷേ സംഗതി ശരിയാകാനും  സാധ്യത ഉണ്ട്, ബലൂണ്‍ വീര്‍ക്കുന്നത്  വായുവിന്‍റെ ഏനക്കേട് കൊണ്ടാണെന്ന് സയന്‍സ് പഠിപ്പിക്കുന്ന സാറാമ്മ ടീച്ചര്‍ പറഞ്ഞതാണ് ,അപ്പോള്‍ ഇതിന്‍റെ തിയറിയും അത് തന്നെ.ബട്ട് ടു മൈ അണ്‍പ്ലസന്‍റ് സര്‍പ്രൈസ്, പെട്ടെന്നൊരു ദിവസം അതില്‍ നിന്നു വന്നതെന്ന വണ്ണം, മോങ്ങുകയും,അപ്പിയിടുകയും മൊറോവര്‍ മൂത്രമൊഴിക്കുകയും മാത്രം ചെയ്യുന്ന ഒരു പീക്കിരീ ചെക്കനെ പാറുഫാമിലിയില്‍ കണ്ടുകിട്ടി,ബലൂണിലെ വായു നഷ്ടപ്പെടുകയും ചെയ്തു.

ചുറ്റുപാടുമുള്ള ഈ അസ്വാഭാവിക സംഭവവികാസങ്ങള്‍ എന്നിലെ സയന്‍റിസ്റ്റിനെ, തലയില്‍ വെള്ളമൊഴിച്ചുണര്‍ത്തി ... .

പണ്ട്, ഞാന്‍ എങ്ങനെ ഉണ്ടായി എന്നു അപ്പനോടു ചോദിച്ചപ്പോള്‍ ,താഴേ പറമ്പിലെ ഒഴുക്കില്‍, ഒരു മഴക്കാലത്ത് ഒലിച്ചു വന്നതാണ് എന്നായിരുന്നു ഉത്തരം,ക്വയറ്റ് നാച്ചുറല്‍!!!....ബട്ട് നോട്ട് ലോജിക്കല്‍....!! ...,അപ്പന്‍ മേലേപറമ്പിലെ ഒഴുക്കില്‍ ഒലിച്ചുവന്നതാണോ എന്ന കുരുത്തക്കേട് ഞാന്‍ ചോദിച്ചില്ല.

പക്ഷേ പാറുചേച്ചിയുടെ കേസ് വിശദമായി വിശകലനം ചെയ്തു ശാസ്ത്രീയമായി തന്നെ  പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു.കേസിനാസ്പദമായ സംഭവം വേനല്‍ക്കാലത്ത് നടന്നതിനാലും,പാറുവയറിന്‍റെ അവസാനകാലത്തെ വലുപ്പവും, ഉണ്ടായ ചെക്കന്‍റെ വലുപ്പവും തമ്മില്‍ അനിഷേധ്യമായ സാദൃശ്യവും നിലനില്‍ക്കുന്നതിനാല്‍ വയറ്റിലെ വായു ചെക്കനായി മാറി പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മാരിയെജിന് മുന്‍പ് എന്തുകൊണ്ട് പാറുവയര്‍ വീര്‍ത്തില്ല ? ,കുട്ടിയുണ്ടായില്ല?? എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം റിലേറ്റിവിലി സിംമ്പിള്‍ ആണ്. എഫ്. ഐ.ആര്‍ പ്രകാരമുള്ള ഡേറ്റ വിശദമായി  വിശകലനം ചെയ്യുമ്പോള്‍,വിവാഹ ശേഷം പാറുവില്‍ കാണപ്പെടുന്ന ഏക മാറ്റം താലിയാണ്, അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യത്തിനുള്ള പൂര്‍ണ്ണ  ഉത്തരവാദിത്തവും താലിയില്‍ ആരോപിക്കപ്പെടുന്നു. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍ ..

പാറുവയര്‍ തിയറി ഒട്ടേറെ ജനശ്രദ്ധ പിടിച്ച് പറ്റി.  അഞ്ച് (ബി) ക്ലാസ്സിലെ യുവാക്കളുടെ ഇടയില്‍ തിയറി വന്‍വിജയമായി  പ്രചരിക്കപ്പെട്ടു.ഞാന്‍ സൂപ്പര്‍ ഹീറോ ആയി.

അന്ന് എന്‍റെ കണക്ക് പുസ്തകത്തിലെ മുപ്പത്തി ഒന്നാം പേജില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന സില്‍മാനടിയും, സര്‍വോപരി  ഞങ്ങളുടെ ഡ്രീം ഗേളും ആയ  സീമയുടെ നിക്കര്‍ ഇട്ട പടം അന്നമ്മ ടീച്ചെറിന് കാട്ടികൊടുത്തു, പുരുശവംശത്തെ ആകെ വഞ്ചിച്ച 'ജയാ.ജി.സുകുമാരനെ' പാറുവയര്‍ തിയറി ഉപയോഗിച്ച് ഒരു ലെസ്സണ്‍  പഠിപ്പിക്കാനും,പ്രസ്തുത വിഷയത്തിലേക്ക് കട്ടോ മോഷ്ടിച്ചോ മറ്റോ ഒരു താലി  എത്രയും വേഗം ഒന്നാം പ്രതിയായ ഞാന്‍ തന്നെ എത്തിക്കേണ്ടതാണെന്നും, സംഭവശേഷമുള്ള പ്രതികളുടെ  യോഗത്തില്‍ ധാരണയായി.

അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിലെ മേരിക്കുട്ടി ചാക്കോ ഗര്‍ഭിണിയായി  എന്ന വാര്‍ത്ത പള്ളിക്കൂടത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു  .ഒന്‍പത് (ബി)യിലെ വിജയന്‍ പിള്ള, സുകുമാരനോടു രഹസ്യമായി  പറയുന്നതു ഞാന്‍ മൂത്രപ്പുരയ്ക്ക് പിന്നില്‍ ദിനേശ്ബീഡി കത്തിക്കുമ്പോള്‍, അവരോഴിക്കുന്ന മൂത്രത്തിന്‍റെ കളകളനാദത്തിനൊപ്പം,  ആകസ്മികമായി കേള്‍ക്കാന്‍  ഇടയായി.വിജയന്‍ പിള്ളയ്ക്ക് മേരിക്കുട്ടിയോടുള്ള 'തെഴ്സ്റ്റും',  'ഹംഗറും'  പണ്ടേ പ്രശസ്തമാണ്.

പത്താം മാസത്തിലെ പത്താം ക്ലാസ്സ് വിനോദയാത്രയില്‍ ഔസേഫ് ചാക്കോ മേരിക്കുട്ടിയെ വഞ്ചിച്ചിട്ടുണ്ടാകാന്‍ ഉള്ള സാധ്യതയും കോണ്‍സിക്വെന്‍റ്ലി,  മേരിക്കുട്ടി ഇര വിഴുങ്ങിയ ആനക്കോണ്ടയെ പോലെ വയറും വീര്‍ത്തു  ഇഴയുമെന്നും തദ്വാരാ അതുകണ്ട് താന്‍ കൈകൊട്ടിയും, ആര്‍പ്പുവിളിച്ചും സര്‍വോപരി  ചൂളം വിളിച്ചും ആഘോഷിക്കുമെന്നമുള്ള മൊഴി രേഖപ്പെടുത്തി.

എനിക്കു സങ്കടം തോന്നി, ബീഡി ഒറ്റ ഏറിന് നിക്കറിന്‍റെ പോക്കറ്റില്‍ ഇട്ടു ഞാന്‍ തീപ്പട്ടി കടിച്ചുപിടിച്ചു ബെല്ലടിക്കുംവരെ വിതുമ്പി ,നോ....!!! പൊട്ടി പൊട്ടി കരഞ്ഞു..... .

ദൂരെനിന്നു കണ്ടാല്‍ സില്‍ക്ക്സ്മിതയെ പോലുള്ള മേരിക്കുട്ടിയുടെ വയര്‍ പാറുകണക്കെ  വീര്‍ക്കുന്നതിനെക്കാള്‍,എനിക്കു ദുഖം എന്‍റെ പാറുവയര്‍ തിയറി പൊളിഞ്ഞതിലായിരുന്നു.......

ഭൂലോകത്തും പരലോകത്തും ഉണ്ടാകാനിടയുള്ള എല്ലാ സാമാനത്തിന്‍റെയും ഏറ്റവും അവസാനത്തേതും, ഏറ്റവും ചെറുതുമായ ഉണ്ട ‘ആറ്റം’ ആണെന്ന് ഒരു സായിപ്പ് പറഞ്ഞു, മറ്റൊരു സായിപ്പ് ആ ഉണ്ടയ്ക്കുള്ളില്‍ വീണ്ടും ചെറിയേ-ചെറിയേ ഉണ്ടകള്‍ ഉണ്ടന്നു തെളിയിച്ചു,വീണ്ടും-വീണ്ടും ഉണ്ടാകളുണ്ടന്നു വീണ്ടും-വീണ്ടും സായിപ്സ് പറഞ്ഞു,പാവം ഇന്ത്യക്കാര്‍ എല്ലാം വിശ്വസിച്ചു.

“അങ്ങനെയാണ് മക്കളെ....,  ശാസ്ത്രം പുരോഗമിക്കുമ്പോള്‍ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ വിവരിക്കാന്‍  പുത്തന്‍ തിയറികള്‍ ജനിക്കും, അവ പഴയ തിയറികളെയും, അത് കണ്ടെത്തിയ തിയറന്മാരെയും അടച്ചു പുശ്ച്ചിക്കും”.... ആറാം ക്ലാസ്സില്‍ വെച്ചു ഉച്ചക്ക് ഒന്നു മുപ്പത്തിന് തോമാ സാര്‍, മലംപനിമൂലം ലീവെടുത്ത് പോയി മരിക്കുന്നതിന് മുന്‍പായ്, പറഞ്ഞു നിര്‍ത്തി .

പക്ഷേ ഒന്നിവിടെ ഊന്നിയൂന്നി പറയട്ടെ , ആദ്യത്തെ ഉണ്ട കണ്ടെത്തിയതുമൂലമാകുന്നു അതിനുള്ളിലുള്ള ഉണ്ടകള്‍ കണ്ടെത്താന്‍ സാധിച്ചത് .അതുകൊണ്ടു തന്നെ പാറുവയര്‍ തിയറിയുടെ പ്രസക്തി ഒരു കാലത്തും നഷ്ടപ്പെടുന്നില്ല ,വിനോദവഞ്ചന തിയറി പോലുള്ള തിയറികള്‍ ഇതിന്‍റെ പിന്തുടര്‍ച്ച   മാത്രം.....

തിങ്കളാഴ്‌ച, ജൂൺ 18, 2012

വീണ്ടും മദ്യം വീണ്ടും പ്രണയം


‘റം’, ആദ്യചവര്‍പ്പ്   തൊണ്ടയില്‍ നിന്നും താഴെക്കിറങ്ങുംപോള്‍, പെട്ടെന്നു പുറത്തേക്ക് തികട്ടിവരുന്നു... പിന്നെ ആരുടെയൊക്കെയോ പ്രോത്സാഹനത്തില്‍, കണ്ണും മൂക്കും പൊത്തി ഒറ്റവലി...... നെഞ്ചിലൂടെ ഒരു തീവണ്ടിയെപ്പോലെ ചൂളം വിളിച്ചു വയറ്റിലെക്കിറങ്ങുന്ന...ഹൃദയത്തിലെക്കിറങ്ങുന്ന... ലഹരി.

ഇങ്ങനെയായിരുന്നു  അവന്‍റെ ഒട്ടുമിക്ക ബന്ധങ്ങളും തുടങ്ങിയത്.പ്രത്യേകിച്ചു സ്ത്രീകളുമായുള്ള ബന്ധങ്ങള്‍ ,ആറാം തരം മുതല്‍ മാറി മാറി പ്രണയിച്ച ഒട്ടുമിക്ക സുന്ദരികളും ആദ്യം ശത്രുക്കള്‍ ആയിരുന്നു. ആദ്യം മദ്യവും ശത്രുവായിരുന്നു, ഓരോ തവണയും ഉള്ളിലേക്കെടുക്കുമ്പോള്‍ ശക്തമായി ശരീരം പ്രതിഷേധിച്ചു , “വേണ്ട....വിഷമാണ്....” എന്നു ഉപദേശിച്ചു,പ്രണയ തീരങ്ങളില്‍ ചെന്നു ചേരവേ ആഴി തിരയെ എന്നപോലെ, ബുദ്ധി മനസ്സിനെ തിരികെ വിളിച്ചു.തിരകള്‍ വീണ്ടും തീരം തേടി......

പല ഗ്ലാസ്സുകളില്‍ ഒഴിച്ച് പുറകെ-പുറകെ കുടിച്ചിറക്കിയ ചവര്‍പ്പ്  തന്ന ലഹരിയുമായ് ഏറെനേരം,കാഴ്ച്ചയും കേള്‍വിയും മങ്ങുമ്പോള്‍ ഉണ്ടാകുന്ന ധൈര്യത്തോടെ ഇരിക്കുന്നു, സഞ്ചരിക്കുന്നു .... ...പിന്നെ കണ്ണുതുറക്കുമ്പോള്‍ കെട്ടിറങ്ങുംപോലെ വിട്ടുപോയ സൌഹൃദങ്ങളും പ്രണയങ്ങളും,അവയുടെ ഹാങോവറുമായി കുറേ കാലം.....

ഫോര്‍ട്ടി ഫൈവ് ലോങ് ഇയേഴ്സ്..... അയാളുടെ ഒപ്പം തുടങ്ങിയവരില്‍ ചിലര്‍ നിര്‍ത്തി ,ചിലര്‍ കരള്‍ തകര്‍ന്നു  ചത്തു,ചിലര്‍ ഒരു ബ്രാണ്ടില്‍ ഒതുങ്ങി. അയാള്‍ മാത്രം പന്ത്രണ്ടാം വയസ്സില്‍, കറുത്ത  റമ്മില്‍ തുടങ്ങി പിന്നീട്  പല മുന്തിയ ഇനങ്ങളും പരീക്ഷിച്ചു..വെളുത്തവള്‍ വോഡ്ക,തവിട്ടു നിറമുള്ളവള്‍ ബ്രാണ്ടി ,ഇരുനിറക്കാരി വിസ്കി,മല്ലിയുടെ മണമുള്ള ജിന്‍, പലനിറമുള്ള കുപ്പികളില്‍ നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന വീര്യം കുറഞ്ഞ ബീയറുകള്‍  ... അയാള്‍ തിരഞ്ഞെടുത്ത മദ്യവും സ്ത്രീകളും എന്തുകൊണ്ടോ അയാളെ തിരികെ മാത്രം പ്രണയിച്ചില്ല...ഒരിക്കലും.....

ഇന്നും അയാള്‍ തുടക്കത്തില്‍ ഓക്കാനിക്കാതെ മദ്യപിക്കാനോ പ്രണയിക്കാനോ അഭ്യസിച്ചിട്ടില്ല.ബുദ്ധിയും ശരീരവും ഇന്നും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല ,പക്ഷേ രണ്ടും തരുന്ന ലഹരി കാലങ്ങളായി മിത്രമായിരിക്കുന്നു. ഹിസ് ഒണ്‍ലി  ലോങ് ലാസ്റ്റിങ് റിലേഷന്‍.ഹിസ് ഒണ്‍ലി ഫ്രെണ്ട് ആന്‍ഡ് ഒണ്‍ലി ലവ്.

മറ്റൊരു മഴക്കാലം കൂടി ലഹരിതേടുന്ന തണുപ്പുമായ് വന്നു നില്ക്കേ അയാള്‍ക്ക്  വീണ്ടും ഒരിക്കല്‍കൂടി  പ്രണയിക്കാന്‍ മോഹം...... എനിക്കും.......

വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഒരു പ്രണയവും ഇത്തിരി കഞ്ചാവും


മനോഹരിമോഹിനിസുന്ദരിയവള്‍ വിദൂരതയില്‍ നിന്നും, നീല ചുരിദാറിട്ടു മന്ദം മന്ദം നടന്നു വന്നുകൊണ്ടേയിരുന്നു.. കനവിലും നിനവിലും നീണ്ടുകിടന്ന വഴിയിലും……..

 

ദൂരെനിന്നു നോക്കുമ്പോള്‍ അവളൊരു പണ്ടാരസുന്ദരിയായിരുന്നു.കലാലയ മുറ്റത്ത് അവള്‍ നടന്നകലുന്നതും,അങ്ങകലെ കരിമുകില്‍വര്‍ണമാര്‍ന്ന റോഡിലെ 'കരിവണ്ടിയില്‍' തൂങ്ങിക്കയറുന്നതും വൈഡ് ആങ്ഗിളില്‍ ദൂരെ നിന്നു തത്ര കണ്‍പാര്‍ത്തു കുളിര്‍ കൊണ്ട്റെന്‍.......

 

പുരുഷനെ വശംകെടുത്തുന്ന ഒന്നാമത്തെ വിഭവത്തോട് എനിക്കു ആദ്യമായ് പ്രണയം തോന്നുന്നത്,സ്വാഭാവികമായും പുരുഷനെ ഒരുവശം കെടുത്തി കിടത്തുന്ന രണ്ടാമത്തെ വിഭവത്തിന്‍റെ സേവയ്ക്ക് ശേഷമാകുന്നു.

 

അന്നൊരുനാള്‍ സിന്തെറ്റിക്ക്-കോക്കനട്ട്-ജ്യൂസ് അടിച്ചു ഒരു ട്രീച്ചുവട്ടില്‍ വശംകെട്ടിരിക്കുമ്പോള്‍ സമീപസ്ഥനായ അരുമമിത്രം അരയില്‍ നിന്നും ഒരു പൊതി തുറന്നു പണി തുടങ്ങി . തെറുപ്പ്തൊഴിലാളി സഖാക്കളെ പരസ്യമായി വെല്ലുവിളിച്ചു മൂപ്പിലാന്‍ ദിനേശന്‍റെ ചുരുളഴിച്ചു, അതില്‍ നൂറു ശതമാനം പ്രകൃതിദത്തമായ കഞ്ചാവുലീവ്സ് തിരുകി തെറുത്തു.മൂക്കും ചുണ്ടും ഒരുമിച്ച് കത്തിക്കത്തക്ക രീതിയില്‍ സ്റ്റയിലായി കത്തിച്ചു.പണ്ട് ഹനുമാന്‍ ലങ്കയിലേക്ക് ചാടും മുന്‍പ് ഒരു ദീര്‍ഘനിശ്വാസം എടുത്തിരിക്കണം ,അമ്മാതിരി വലിയാ-വലി.ഞാന്‍ വെറുതെ ആ കത്തിച്ച തീപ്പെട്ടിക്കൊള്ളി തപ്പി....., ഇല്ല അവന്‍ അതും വലിച്ചു കയറ്റിക്കളഞ്ഞു.

 

ഇമ്മാതിരി നാലു പേരെ കഞ്ചാവു ബീഡി കൊടുത്തു ആ ബെംഗാള്‍ തീരത്ത് ഇരുത്തണം ,സകല ചുഴലിയും കൊടുംക്കാറ്റും, ഈവെന്‍ സുനാമി പോലും ഈ ബീഡിക്കൊപ്പം ലവന്മാര്‍ ഉള്ളിലേയ്ക്ക് വലിച്ചെടുത്തുകൊള്ളും.

 

 സംഗതി ‘സൂപ്പര്‍നാച്ചുറല്‍’ ആണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. നായകനു മോഹം,ഒരു പുക തിന്നണം,എന്തൂട്ടാ മൊതല് എന്നു തിരിയണം.ആവശ്യം അറിയിച്ചു,..... "ദക്ഷിണ വെയ്ക്കാന്‍....!!"

 

സര്‍ക്കാര്‍ കോളേജില്‍ പഠിക്കുന്ന ഡിഗ്രിത്തെണ്ടിയുടെ കീശയില്‍ എന്തുണ്ട്???? ,കള്‍സിന്‍റെസുഗന്ധം അകറ്റാനും, കെട്ടും-മട്ടും-മൂപ്പും മറ്റും കൂട്ടാനും ആശിച്ചു വാങ്ങിയ പാന്‍പരാഗപണയം.

 

സാധനം കയ്യില്‍,ആള്‍മോസ്റ്റ് നിയര്‍ ലിപ്പ്സ്....... ,(ഈ ഷോട്ട് ഇവിടെ കട്ട് .ക്യാമറ ദൂരെ നടവഴിയിലേക്ക് ഫോക്കസ് ചെയ്യുന്നു).നായകന്‍ ദൂരെ നിന്നും മന്ദകുന്ദം നടന്നു വരുന്ന ലാവിഷ്സുന്ദരിയെ കാണുന്നു.....,മൌത്ത് വൈഡ്ഓപ്പണ്‍ ആന്ഡ് ഫോര്‍ഗോട്ട് ദി ബീഡി ഫോര്‍ എ മൊമന്‍റ്........ആശാന്‍ സ്റ്റഫ് തിരികെ വാങ്ങി, “.......മോനേ..... ഓരോ പുകയും അമൂല്യമാണ്....”.

 

അങ്ങനെ എന്നൂടെ കടിഞ്ഞൂല്‍കഞ്ചാവുസേവാമോഹം അവന്നൂടെ ചുണ്ടിലെ ബീഡിയോടൊപ്പം പുകഞ്ഞൊടുങ്ങി.

 

കണ്ടമാനം പല്ലിളിച്ചും, മാനകണ്ടം കണ്ണുരച്ചും, വിത്തഔട്ട്നാണം പുറകെ നടന്നും, ഒടുവില്‍ അവള്‍ എന്നെ ഓക്കാനിച്ചുവിഷമിച്ചു പ്രണയിച്ചു.

 

ഒരു കാമുകി ചോദിക്കുന്ന ആദ്യ ചോദ്യം ഒരു കാമുകനും ലൈഫില്‍ മറക്കില്ല.പ്രിയതമയുടെ പ്രണയകുറ്റസമ്മതത്തിന് ശേഷംഎനിക്കു കിട്ടിയതു ഇതായിരുന്നു.

 

“കള്ളുകുടി നിര്‍ത്താമോ???? ,എന്നും കുളിച്ചാല്‍ എന്താ????ഈ താടിയും മുടിയും ഒന്നു വെട്ടിക്കൂടെ ???ബീഡി വല്ലാണ്ട് ബോറാ....... ,നിര്‍ത്താന്‍ വയ്യെങ്കില്‍ വല്ല വില്ല്സും വലിച്ചു കൂടെ.(പണ്ട് രാമന്‍ വില്ല്സ് വലിച്ചു സീതയെ കെട്ടിയ സ്മരണ ഞാന്‍ പുതുക്കി ,എല്ലാ പ്രണയ പരിണയ കഥയിലും ചരിത്രം ആവര്‍ത്തിക്കുന്നു.)

 

“ഇനി കഞ്ചാവു വലിയും ഉണ്ടോ ആവോ.....?????”

ശനിയാഴ്‌ച, മാർച്ച് 10, 2012

അനുക്രമം




അയാള്‍ അത്യധികം വ്യാധിയോടെ-ആധിയോടെ ജനിച്ചു വീണ പിഞ്ചു കുഞ്ഞിന്‍റെ വാ പൊളിപ്പിച്ചു നോക്കി ,ഹാ...!! പല്ലുകളൊന്നുമില്ല....!! .വിധിയെ താന്‍ തിരുത്തി എഴുതിയിരിക്കുന്നു.ചരിത്രം ഇനി തന്നെ ആദരിക്കും ... കാലത്തിന്‍റെ കറുത്ത നിയമങ്ങളെ മാറ്റിയെഴുതിയ വിപ്ലവകാരിയായി ലോകം തന്നെ വാഴ്ത്തും......

'അനുക്രമം' .അങ്ങനെ ഒരു രീതിയുണ്ടത്രേ ,കഥയുടെ ക്ലൈമാക്സ് ആദ്യം എഴുന്നള്ളിക്കും പിന്നെ തുടക്കത്തില്‍ നിന്നും ഒടുക്കത്തിലേക്ക് ,അല്ല തുടക്കത്തില്‍ നിന്നും തുടക്കത്തിലേക്ക് കഥപറഞ്ഞു വരും.ആ രീതിയാണ് ഈ രീതി.

നായകന്‍റെ  കുടുംബത്തിലെ ഒരു വിശ്വാസം (ആ നാട്ടിലെ വിശ്വാസം എന്നൊക്കെ പറഞ്ഞു തല്‍ക്കാലം ഞാന്‍ ഉഴപ്പുന്നില്ല).പ്രണയിച്ചു  വിവാഹം കഴിച്ചാല്‍ ഉണ്ടാകുന്ന കുഞ്ഞിനു പല്ല് പൊങ്ങുമെന്ന്.

എഴുതാന്‍ ഒരു വകയും ഇല്ലാത്ത കഴിവേറി....! നീ ഇതല്ല ഇതിനപ്പുറം പറയും എന്നാണോ? ,എന്നാല്‍ കേട്ടോ ഇത് കേരളത്തില്‍ നടന്ന കഥയല്ല 'ആഫ്രിക്ക-വാക്ക-വാക്കാ'. ആഫ്രിക്കയില്‍ ആനയെ ആമ വിഴുങ്ങി എന്നു പറഞ്ഞാലും വിശ്വസിക്കണം.അതിനാല്‍  ഈ കഥയും കഥാപാത്രങ്ങളെയും ആഫ്രിക്കയ്ക്ക് വിട്ടു കൊടുക്കുന്നു, അഞ്ചു പൈസ ആ വകയില്‍ ദരിദ്രാഫ്രിക്കയില്‍ നിന്നും ഞാന്‍ വാങ്ങുന്നില്ല.

അങ്ങനെ ആഫ്രിക്കയിലെ എന്താണ്ടുംപ്രവിശ്യയില്‍ (അങ്ങെനെയാണ് വിദേശ രാജ്യത്തെ പറ്റി പറയുമ്പോള്‍ പ്രവിശ്യാ എന്ന വാക്കു ഉപയോഗിക്കണം.)

ദോണ്ട് ദോ പ്രവിശ്യയില്‍ നായകന്‍ സമാധാനമായി പട്ടിണി കിടക്കുന്ന കാലം ,വയറുന്തി നെഞ്ചു ഉള്ളിലേക്ക് തള്ളിയ മൊട്ടത്തലയുള്ള  കറുത്ത രൂപത്തെ എന്‍റെ  നായകനായി ദയവായി സങ്കല്പ്പി ക്കരുത്. ഇദ്ദേഹം മൂന്നു വയസ്സുള്ളപ്പോള്‍ തൊഴില്‍ നഷ്ട്ടപ്പെട്ട് ചെക്കോസ്ലോവാക്കിയായില്‍ നിന്നും ആഫ്രിക്കയില്‍ ജോലി അന്വേഷിച്ചു കുടിയേറിയതാണ് പിന്നീട് ഭൂനയം നടപ്പിലായപ്പോള്‍ കുടികിടപ്പവകാശം ലഭിച്ചു, എങ്കിലും, എല്ലായിടത്തും കുടിച്ചിട്ടു പോയി കിടക്കാന്‍ സാധിച്ചിട്ടില്ല, ശ്രമിക്കുന്നുണ്ട്.

ഇതിയാന്‍ എന്തിന് പട്ടിണി കിടക്കുന്നു?? ‘പ്രണയിക്കാന്‍’ ,ഈ കഥയിലെ നായകന്‍ എന്തിന് പ്രണയിക്കണം ? അനുക്രമിക്കാന്‍...!! 

പട്ടിണി കിടക്കുന്നവര്‍ക്ക്  പെട്ടെന്നു പ്രണയം വരും.
(ഇതൊരു ശാസ്ത്ര കഥയല്ല, എനിക്കു ഫിലോസഫിയും വശമില്ല. അതുകൊണ്ടു എഴുത്തുകാരന്‍ പറയുന്ന ഒന്നു രണ്ടു കാര്യമെങ്കിലും കഥയുടെ തുടര്‍ച്ചയേക്കരുതി കണ്ണടച്ച് ഇരുട്ടാക്കി വിഴുങ്ങുക.)     

മിസ്റ്റര്‍ നായകന്‍, ഇങ്ങനെ കിടന്നാല്‍ എങ്ങനെ? പട്ടിണികിടക്കുക  എന്നാല്‍ വെറും കിടപ്പല്ലാ, ഇടയ്ക്കു എഴുന്നേല്ക്കണം വയറുതിരുമ്മി കുനിഞ്ഞു നിന്നു ദയനീയമായി ഉലാത്തണം. എങ്കിലല്ലേ ആ റോഡിലൂടെ പോകുന്ന അതിസുന്ദരിയായ നായികയെ  കാണു.... ,അവര്‍ താങ്കളെ കാണൂ???സഹകരിക്കു പ്ലീസ്.

നായിക- നാല്‍പ്പതര വയസ്സു പ്രായം-ഇരുനിറം-ആറടി എട്ടിഞ്ച് പൊക്കം നാല് മക്കള്‍-രണ്ടു ഭര്‍ത്താക്കന്‍മാര്‍ വിദേശത്തു ജോലിചെയ്യുന്നു(തെങ്ങില്‍ കയറും).
ഫെമിനിസ്റ്റുകളെ നിങ്ങള്‍ കേട്ടുവോ? നായികമാരെ ആണെഴുത്തുകാര്‍ കഴിവ്  കുറച്ചു കാണിക്കുന്നു എന്ന പരാതി ഇനി വേണ്ട.

ആഫ്റ്റര്‍ സെര്‍ട്ടന്‍ ടൈം, നായകനും നായികയും പ്രണയബദ്ധരായി. എങ്ങനെ? നായകന്‍ പട്ടിണി കിടക്കുകയാണ്.എങ്കിലും....? ഇതൊരു പ്രണയ കഥയല്ല, ‘അനുക്രമം’ ആണ് ഒരു ‘കുഞ്ഞിക്കാല്’ കാണാന്‍ ഉള്ള മോഹം...!! അത് നടത്തി തരില്ലെ?? ഇവരെന്തായാലും പ്രണയിക്കും, അതിപ്പോള്‍ എങ്ങനെ എന്നുള്ളത്തില്‍ എന്തു കാര്യം?? ഹൂ കേഴെഴ്സ്?

അങ്ങനെ ഇരിക്കുമ്പോ  അവരുക്ക് ഒരു കുഞ്ഞി ജനിച്ചീനി ...!! എങ്ങനെ?? ഹ അത് കള!!!!

തലമുറ-തലമുറയായി-മുറയായി ജനിച്ച തലകളില്‍ പല്ലുകള്‍ പൊങ്ങിനാന്‍ ,തന്‍ പിഞ്ചോമനയ്ക്കും പല്ലുകള്‍ പൊങ്ങുമോ?ഉത്കണ്ഠ!!

ഇല്ല സിംഗിള്‍ പല്ലില്ല.ശാസ്ത്രം ജയിച്ചു അന്ധവിശ്വാസം തോറ്റു.

ഇനി കംസനിസം പ്രയോഗിക്കണോ? ശാസ്ത്രവും കുഞ്ഞും  വളര്‍ന്നപ്പോള്‍പ്പോള്‍ രണ്ടിനും  പല്ലുകള്‍ ഉണ്ടായി നായകന്‍ ഓരോന്നായി പറിച്ചെടുത്ത് കളഞ്ഞു. വീണ്ടും പല്ലുകള്‍ വന്നു, വീണ്ടും പറിച്ചു.
ആധുനിക ദന്തശാസ്ത്രത്തിന്‍റെ പിതാവ് ഈ കഥയിലെ നായകന്‍ ആകുന്നു .

പിതാവേ ...!!! അത്രയ്ക്ക് വേണോ? ലെറ്റ്സ് ഗെറ്റ് ഇറ്റ് ദിസ് വേ
ഈ പതിവ് ഇന്നും ആഫ്രിക്കയിലെ ഈ പ്രവിശ്യയില്‍ തുടരുന്നു ,പല്ലില്ലാത്ത തലമുറകള്‍ പല്ലില്ലാത്ത തലമുറകളെ ഇന്നും സൃഷ്ട്ടിക്കുന്നു.എന്നാലും പ്രണയിച്ചു വിവാഹം കഴിക്കുന്നത് നിര്‍ത്തില്ല.

"ഇലാമ പഴം വിഷമാണ് അതാരും കഴിക്കരുതേ....!!"

അനുക്രമം ? ഓ പിന്നെ....!! വേറെ ഒരു നിയമവും പാലിക്കാത്ത ഒരു കഥയും,നായകനും,നായികയും,പല്ലില്ലാകുഞ്ഞും ,പിന്നെ ഞാനല്ലേ നിയമം പാലിക്കുന്നത് ,എനിക്കും പല്ലില്ല....!!!

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

കാരുണ്യം


  ചുറ്റും ഓടിച്ചാടിനടക്കുന്ന സഹൃദയരായ ആത്മാക്കള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ,അപ്പടിപെട്ട്ര നടപടികള്‍ യതാവത് സ്വന്തം ജീവിതത്തിലും അനുവര്‍ത്തിക്കണം എന്നു നമ്മുടെ നായകന്‍ നിനച്ചിരിക്കെ അതിനു ഒരു അവസരമുണ്ടായി,ഇങ്ങനെ നിനച്ചിരിക്കാതെ നിനച്ചിരിക്കുന്നതിനായി ‘ടപ്പ്’ എന്ന കണക്ക് അവസരങ്ങള്‍ വന്നുചേരുന്നത് ചരിത്രാതീത കാലം മുതല്‍ സുലഭമാണ്.
 
ഉദാഹരണത്തിന് , പണ്ട് ഒരിറ്റു തേങ്ങുങ്ങുവാന്‍-ഒരുവറ്റ് മോങ്ങുവാന്‍ മോഹിച്ച ഒരു ശ്വാനപ്രമാണിയുടെ ശിരസ്സില്‍, ന്യൂട്ടാഭീഷ്ടഗുരുത്വത്തിന്നുടെ ആകര്‍ഷണം നിമിത്തമല്ലാതെ, മേല്‍പ്പറഞ്ഞ പ്രമാണിയുടെ തികച്ചും സ്വാര്‍ത്ഥവും-സ്ഥാപിതവുമായ താല്പ്പര്യം സംരക്ഷിക്കാന്‍ മാത്രം ,ഒരു സാധു കര്‍ഷക തൊഴിലാളിയുടെ നാളികേരം വന്ന് പതിക്കുക ഉണ്ടായി (കര്‍ഷകന്‍ പില്‍ക്കാലത്ത് ആത്മഹത്യ ചെയ്തപ്പോള്‍ ഹൈക്കോടതി വിധിപ്രകാരം നാളികേരം പ്രമാണി തിരികെ നല്കി.വീണ്ടും അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം വിജയിച്ചു. )

കഥയിലേക്ക്.....
നായകന്‍-സുന്ദരന്‍-സുമുഖന്‍-സുഭ
ാഷണന്‍-സുസ്മേരവദനന്‍-സുവസ്ത്രന്‍-പേര്-സുമേഷ്-വയസ്സു ഇരുപത്തി അഞ്ചും പിന്നെ രണ്ടു കാലും അതിനൊത്ത രണ്ടു കയ്യുകളും. അങ്ങനെ സകല ഗുണഗണങ്ങളും ഒത്തുചേര്‍ന്ന വല്ലഭന്‍.ടിയാന്‍ ഒരുതരിചിരി വായില്‍നിന്നും വീണുപോകാതെ കടിച്ചുപിടിച്ചു ഫ്രെയ്മില്‍ നിറഞ്ഞു നിന്നു ചായകുടിക്കുന്നു.

യാതൊരു ജീവകാരുണ്യവും ഉദ്ദേശിക്കാതെ, (അതല്പ്പം കടന്നുപോയി സ്വന്തം ജീവകാരുണ്യം തീര്‍ച്ചയായും ഈ കഥയിലെ വില്ലന്‍ കണക്കില്‍ എടുക്കുന്നുണ്ട് ) ഒരു ഉദരപ്രശ്നപരിഹാരശാല (ഹോട്ടല്‍ എന്നു അസാഹിത്യ ഭാഷ) നടത്തിപ്പോരുന്ന വില്ലന്‍ പിന്നില്‍ ഇരിക്കുന്നു , ഭക്ഷണം എന്ന വ്യാജേന, ആഹാരം വിറ്റു കിട്ടിയ പണം ആക്രാന്തത്തോടെ എണ്ണുന്നു(ആഹാരം പോലും വില്ക്കു ന്ന കാപാലികന്‍ …!! ഇതാകുന്നു വില്ലനിഷ് ഹൈലൈറ്റ്)

പിന്നെ മുഷിഞ്ഞ നോട്ടുകള്‍ എണ്ണുക എന്നത് എന്‍റെ കഥയിലെ വില്ലന്‍റെ ഒരു ഹോബി അല്ല അത് ക്യാരെക്ടര്‍ ക്രിയഷനില്‍ പെടും, അങ്ങനെ ചില സ്വഭാവദൂഷ്യങ്ങള്‍ ഞാന്‍ വില്ലന് കൊടുക്കും, ഫ്രെയ്മില്‍ പണം എണ്ണിയാല്‍ കുത്തക ഭൂര്‍ഷ്വായും തൊഴിലാളി വിരുദ്ധനും ആക്കാം എന്ന തത്ത്വം തന്നെ. വേണ്ടി വന്നാല്‍ അയാളുടെ മേശപ്പുറത്തുള്ള കട്ടഞ്ചായയെ സ്കോച്ച് വിസ്കി വരെയാക്കി മാറ്റും,അതുംപോരാതെ അയാളെ പാട്ടുപാടിച്ചു പാട്ടിനൊപ്പം വായില്‍നിന്നും പുകയും വരുത്തും.

അങ്ങനെ, നായകനും വില്ലനും കാലാവസ്ഥയും രാഷ്ട്രീയവും, ശബ്ദം കുറച്ചു അല്പ്പം വര്‍ഗ്ഗീയവും ചര്‍ച്ച ചെയ്യുമ്പോള്‍ , ഒരു വൃദ്ധനായ (പ്രായം ഏകദേശം നടുവളയുംവരെ) വിറയ്ക്കുന്ന കൈകാലുകളോടെ-വിറയ്ക്കുന്ന വയലിന്‍ നല്‍കുന്ന ബാഗ്രൌണ്ട് സ്കോര്‍- വിറയ്ക്കാത്ത-ഹൃദയമുള്ളവരുടെ ഹൃദയത്തിന്‍റെ ഇടത്തെ ചെവിയില്‍ എത്തിച്ച്- വിറച്ച് കൊണ്ട് രംഗപ്രവേശനം ചെയ്യുന്നു.

വൃദ്ധന്‍ വില്ലനോട്....
അല്ല, അതങ്ങനെ ആണല്ലോ ....നായകന്‍ ഇവിടെ ഇതേ ഫ്രൈമില്‍ നല്ല പയറു-പയറു പോലെ നില്‍പ്പുണ്ട് എന്നാലും എനിക്കൊക്കെ കഥയുണ്ടാക്കാനായി വില്ലന്‍റെ പോസ്റ്റില്‍ തന്നെ ചെന്നു കേറിക്കോണം.

"മോനേ....!!" (അതിലും ദയനീയമായ ഒരു വിളി തല്ക്കാ ലം സ്റ്റോക്കില്ല)

"അഞ്ചു ദിവസമായി....."
അഞ്ചോ..?? പിതാവേ ഈ കടയും ഈ നായകനും കഴിഞ്ഞ അഞ്ചു ദിവസമായി ലീവ് ഒന്നുമായിരുന്നില്ല ഇതിയാന് നാലു ദിവസം മുന്നേ വന്നുകൂടായിരുന്നോ..??

“നോ ഐ വാസ് ബിസി പ്ലേയിങ് ടൈറ്റില്‍ ദരിദ്രന്‍ ഇന്‍ അനതര്‍ സ്റ്റോറി”

ഓകെ കണ്ടിന്യു..

"വീണ്ടുംമോനേ.... ഇത്തിരി ചായേന്‍റെ വെള്ളം കിട്ടിയാല്‍...??”

വില്ലന്‍ ചി-ച്ചി-ചി-ച്ചിരിയോടെ “ചായയില്‍ ചേര്‍ക്കുന്ന വെള്ളം മതിയോ മിസ്റ്റര്‍ ദരിദ്രന്‍..??”

ഡോ വില്ലന്‍ ഇത് ഒരു കോമഡി കഥ അല്ല, ഫോര്‍ യുവര്‍ നോട്ടീസ്..! കൈന്ദ്ലി പുട്ട് ഇന്‍ സംത്തിങ് ദേവിളിഷ്.നവ് ഹീ ഗോട്ട് ദി പോയിന്‍റ് .

വില്ലന്‍ കണ്ണുകള്‍ ചുവപ്പിച്ച് നോട്ടുകളില്‍ തന്നെ നോട്ടമിട്ട് , കോ-ക്കോ-ക്കോ-കൊലച്ചിരിയോടെ...

“സിക്സ് ഇന്ത്യന്‍ രൂപയ മിലേഗാ ത്തോ ചായ മിലേഗാ, നഹി തോ ‘നഹി’ ഭി നഹി മിലേഗാ സാലെ...!!!!”

ആഹാ കുളിര് കോരുന്നു..!! കുളിര് എന്തു കോരുന്നു എന്നു കവിഭാവന. “ഏതായാലും ചായക്കുള്ള വെള്ളം അല്ല കവേ ,അത് വഴിയേ വാങ്ങി വെക്കുന്നുണ്ട്”...വില്ലനിഷ് ഡയലോഗുകളുടെ മൊത്തവ്യാപാരവിപണനവിജയത്തില്‍ ഹിന്ദിയെ വെല്ലാന്‍ ഒരു ഭാഷ വേറെ, ഇനി ഹിന്ദിയുടെ തന്തയ്ക്കു ഇംഗ്ലീഷിന്‍റെ തള്ളയില്‍ ജനിക്കണം..!!ഹുറെ ...ക്ലാപ്സ്!!!ക്ലാപ്സ്!!!! . ഈ ചിന്തയാണ് കോരിയത്.

നായകന്‍ അതിലെ പോയ ചുവന്ന ചുരിദാറുകാരിയെ വായിനോക്കുന്നത് ഫ്രെയിമില്‍ നിന്നും ഒഴിവാക്കി, ആ മാന്യാദ്ദേഹത്തെ കഥയിലേക്ക് വലിച്ചിടാം

“ഒരു പാവം വൃദ്ധന്‍ ഒരു സിംഗിള്‍ 'ട്ടി' ചോദിച്ചാല്‍ നിനക്കു കൊടുത്തു കൂടാ അല്ലെടാ റാസ്കല്‍...!! എടുക്കേടാ ചായ..!! കൊടുക്കേടാ ഗ്ലാസ്സില്‍..!!”

പൊന്നനിയാ ആറ് രൂപയ്ക്കു കിട്ടുന്ന ചായ..., ആറായിരം കൊടുത്താലും കിട്ടത്തുമില്ല, അടിയും കിട്ടും ,ഇത് ജീവകാരുണ്യമാണ് ബി പ്രാക്ടിക്കല്‍.

“അണ്ണാ ഒരു ചായ കൊട് കാഷ് ഞാന്‍ തരാം...”
“ഡേ.. അവിഡൊര് ച്ഛായ്....”
“മേക് ഇറ്റ് ലൈറ്റ് ആന്ഡ് മോര്‍ മില്ക്ക് പ്ലസ് ലെസ്സ് ഷുഗര്‍ അയാം ഡയബെറ്റിക്”
"പ്ഭാ ...!!!!.*/
*-+-**=-0&^%$$#***@$"(നായകനോ വില്ലനോ അവനവന്‍റെ റിഫ്ലെക്സ് അനുസരിച്ചു ഉപയോഗിക്കാന്‍ ഈ ഡയലോഗ് വിട്ടുകൊടുക്കുന്നു .)

ദരിദ്രന്‍ ചായ മോന്തിയ ശേഷം പേഴ്സ് തുറക്കുന്നു .എന്തേ..?? ദരിദ്രന് പേഴ്സ് ഉപയോഗിക്കാന്‍ പാടില്ലെ?? ...എന്‍റെ കഥയിലെ ദരിദ്രന് പെഴ്സുണ്ട് പക്ഷേ അതില്‍ പണം ഇല്ല....!! ഐ ഗ്യാരന്‍റീ യു..!!.സഹനടന്‍ പേഴ്സ് തുറന്നു സ്വാതന്ത്ര്യാനന്തര ഗാന്ധികള്‍ ഒന്നും ഇല്ല എന്നു ഉറപ്പുവരുത്തുന്നു.

നായകന്‍ സ്വന്തം പേഴ്സ് തുറക്കുന്നു ജില്ലമ്-ജില്ലമ്-ജില്ലമ്-പട-പട-
ജില്ലമ് പട-പട.... ഹൃദയം പറഞ്ഞു

“കുട്ടാ പെഴ്സില്‍ അഞ്ചിന്‍റെ കാറല്‍ മാക്സില്ല”

നായകന്‍, ദരിദ്രനെയും വില്ലനെയും മാറിമാറി നോക്കുന്നു ഇരുപക്ഷത്തിനും കാര്യം പിടികിട്ടി എന്നു ഉറപ്പ് വരുത്തുന്നു

“ കൊച്ചാ- നീ പിച്ചയെ വെല്ലുന്ന ഇച്ച- വെറുമൊരീച്ചയേ-ഈ-ചായയെ വാങ്ങാന്‍ കെല്‍പ്പില്ലാത്ത എച്ചി-നീ  ചത്താ എനിക്കു മെച്ചം ” എന്ന ഭാവത്തില്‍ ദരിദ്രന്‍ നോക്കുന്നു.

ദരിദ്രനെയും, നായകനെയും കെട്ടിപ്പിടിച്ചു പറയുന്നു "ഇന്നത്തെ ചായ ഫ്രീ-ഫ്രീ-ഫ്രീ ..... താങ്കളുടെ ജീവകാരുണ്യത്തില്‍ ഞാന്‍ ധന്യന്‍ പ്രഭോ....”:സസ്നേഹം മനസ്സുമാറിയ വില്ലന്‍

വില്ലന്‍റെ മുഖത്തു നയന്‍ വണ്‍ സിക്സ് ഹാള്‍മാര്‍ക്ക് ചിരി
“എന്‍റെ വല്യപ്പന്‍ വാങ്ങിയതാ ഭീമേന്നൂ...”

ദരിദ്രന്‍ വില്ലന്‍ തന്നുടെ ചിരിയുരച്ചു നോക്കി മാറ്റ്ഉറപ്പ് വരുത്തി നന്ദി പറയുന്നു. വില്ലന്‍ കപ്പടാമീശയും, ജുബ്ബായും അഴിച്ചു മാറ്റി ജിമ്മില്‍ പോകാതെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വയറു ചെറുതാക്കി നിന്നു.

ദരിദ്രന്‍ തുടരുന്നു.. “മോനേ അഞ്ചു ദിവസമായി എന്തേലും തിന്നിട്ടു ഒരു വട തരുമോ..??”
നായകന്‍ ഒരു മഞ്ഞ ചുരിദാരിട്ട പെണ്ണിനെ വായിനോക്കുന്നത് ഫ്രെയിമില്‍ വരുന്നു.വില്ലന്‍ സ്കോച്ചു കുടിക്കുന്നു.

ദരിദ്രന്‍: “മോനേ......”
"പോടാ.... ഈ കഥ കഴിഞ്ഞു.. അടുത്ത ചായക്കടേല്‍ പോടാ ...!!!"

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

ലോസ് ഓഫ് മോഷന്‍


  പതിവുപോലെ അന്നും രാത്രിയായപ്പോള്‍ ഒരു പാതിരാത്രി ഉണ്ടായിവന്നു. പാതിരാത്രിയുടെ പാതിയില്‍ ഈ പാപിയെ തേടിവരുന്ന ചില തന്ത്രപ്രധാന നിമിഷങ്ങള്‍ക്കായി കണ്ണില്‍ കള്ളൊഴിച്ചു കാത്തിരുന്നു.

ഫോണ്‍ജീവി പതിവിലുമുറക്കെ മുദ്രാവാക്യം വിളിച്ചു. അപ്പുറത്ത് പതിവ് കാമുകിയുടെ പതിവ് ദീനരോദനം പതിവുപോലെതന്നെ തുടങ്ങുകയായി... ഓര്‍മ്മവെച്ചകാലം കാലം മുതല്‍ ഓര്‍മ്മയ്ക്കപ്പുറമിപ്പുറം മറഞ്ഞു പോയ ദൈവങ്ങളെ ഒരു ബാക്ക് അപ്പ് സപ്പോര്‍ട്ടിനു ഓരോന്നായി ഓര്‍മ്മിച്ചെടുത്ത് പേരുവിളിച്ച് അടുത്തുനിര്‍ത്തി ഞാന്‍ തയാറെടുത്തു.കിളിനാദം മൊഴിഞ്ഞു

“എനിക്കു വയറിളക്കമാണ്’

“ഉവ്വോ..??”

ഇത് ഒരു അനുഗ്രഹമാണ്, ഈ വാക്ക്, ചിരിക്കാനും,കരയാനും,കൊഞ്ഞനം കുത്താനും,കോക്രി കാണിക്കാനും മറ്റിതര രസങ്ങള്‍ക്കുമായി , കലാകാലമായി ഞാന്‍ പാലുകൊടുത്തു പരിപാലിച്ചു പോരുന്ന വജ്രായുധം

“ഇത് നാളെ തന്നെ മാറാന്‍ പ്രാര്‍ത്ഥിക്കണം....”

“ഉവ്വ..! പക്ഷേ എന്‍റെ കാമുകിയുടെ വയറടയാന്‍ പ്രാര്‍ത്ഥിച്ചാല്‍..., ഒടുവില്‍ പടച്ചവന്‍ എങ്ങാന്‍ തെറ്റിദ്ധരിച്ചാല്‍...??!!”

“അപ്പോ ലിറ്ററലി ഞാന്‍ വയറിളകി ചാകട്ടെ എന്നു അല്ലേ...??”

“’ ‘ടെക്നിക്കലി’ നോ.. ടു ബി ഫ്രാങ്ക്”

ഒരു ഗതികേട്ട കാമുകനും ഒരു ഗതികേട്ട കാലത്തും അത് ആഗ്രഹിക്കില്ല ‘ടെക്നിക്കാലിട്ടീസ്’ യു നോ?? (:അവള്‍?? :പോയി..!! :എങ്ങനെയായിരുന്നു?? :വയറിളകി...!! ച്ഛെ !! മ്ലേച്ഛം)ഞാന്‍ കണ്‍സള്‍ട്ടേഷന്‍ ഫിക്സ് ചെയ്തു.

“ഫ്രേസ് ആന്ഡ് സ്റ്റൈല്‍ ഒന്നു മാറ്റാം. (നമ്മുടെ ഐച്ഛിക വിഷയ ഭാഷയില്‍ ആയിക്കൊള്ളട്ടെ) “ഓ ഗോഡ്.. എവരി ബോഡി കണ്ടിന്യൂസ് ടു ബി ഇന്‍ ഇറ്റ്സ് സ്റ്റേറ്റ് ഓഫ് റെസ്റ്റ് ഓര്‍ യൂണിഫോം മോഷന്‍ അണ്‍ലെസ്സ് ആന്ഡ് അണ്ടില്‍ ആന്‍ എക്സ്റ്റെണല്‍ ഫോഴ്സ് ആക്ട്സ് അപോണ്‍ ഇറ്റ്” “കൈണ്ട്ലി ഡൂ ദി നീഡ്ഫുള്‍...!!”

കാത്തിരിപ്പിനൊടുവില്‍ മറുപടി വന്നു

“ഡിയര്‍ ലിറ്റില്‍ന്യൂട്ടന്‍ യുവര്‍ ലോസ് ഓഫ് മോഷന്‍ ഡസിന്‍റ് വെരി വെല്‍ അപ്ലൈ ടു സെര്‍ട്ടന്‍ പ്രോബ്ലംസ്, ട്രൈ ലഗ്രാഞ്ചിയന്‍ മെക്കാനിക്സ്”

“ അത് പി‌ജി ലെവല്‍ ആണ് പിതാവേ ഒരു വയറിളക്കത്തിന് പരിഹാരം കാണാന്‍ ബിരുദാനന്തര ബിരുദം വേണമാ??ഇത് ന്യായമാ കടവുളെ?? ഞാന്‍ വല്ലോ പണിക്കും പൊയ് ജീവിച്ചോട്ടെ..??” “ബട്ട് വാട്ട് എബൌട്ട് സം ഫ്രിക്ഷന്‍??”

“യൂസ് സം ലൂബ്രിക്കന്‍റ്സ് ഡംബ് ഹെഡ് ..!!”

(ഇരുട്ടത്തു ഉത്തരകര്‍ത്താവായ കര്‍ത്താവ് മാറിയിരിക്കുന്നു , കേട്ടമാത്രയിലേ നോം ശ്ശി ശങ്കിച്ചു...)

“കൃഷ്ണന്‍ സ്റ്റാണ്ട് വിടുക..!! ഹനുമാന്‍ സ്വാമി കൈന്ദ്ലീ കം ടു ദി ഡയസ് ആന്ഡ്ം ഗിവ് മി എ സൊലൂഷന്‍”

മനുഷ്യ ചരിത്രത്തിലെ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറി സ്വന്തം ശരീരത്തില്‍ നടത്തി വിജയിപ്പിച്ച ഡോക്റ്റര്‍ സ്വാമി ഇപ്രകാരം മൊഴിഞ്ഞു

“സോറി ദിസ് ഇസ് കാര്‍ഡിയോളജി ഡിവിഷന്‍ കൈന്ദ്ലി വിസിറ്റ് ഡോക്റ്റര്‍ ഗണപതി ഫോര്‍ ഗ്യാസ്ട്രോ”

അദ്ദേഹം ഇനി 'കുടല്‍' സംബന്ധമായ വിഷയം എന്ന നിലയില്‍ ഭദ്രകാളിയ്ക്കു റെഫര്‍ ചെയ്തേക്കാം,വെല്‍ ഷി ഇസ് ആള്‍റെഡി ഓണ്‍ ലൈന്‍...എനിവേ ദി അള്‍ട്ടിമേറ്റ് സൊലൂഷന്‍ ഇസ് വിത്ത് മി...ഒഫ്കോഴ്സ്... ഞാന്‍ ഉറപ്പിച്ച് പറഞ്ഞു

“ഓ ഡിയര്‍ ട്രൈ ‘ഹാര്‍ഡ്’ യു വില്‍ ബി ഫൈന്‍ സൂണ്‍..”

പിറ്റെന്നു കൂറ്റാകൂറ്റിരുട്ടില്‍ പതിവിന് വിപരീതമായി ഒരു പാതിരാത്രി കൂടി മുളച്ചു വന്നു , എനിക്കു മൂക്കൊലിപ്പ് ,ഞാന്‍ ഒരക്ഷരം മിണ്ടിയില്ല.ഒരുപക്ഷേ അവളുടെ പ്രാര്‍ത്ഥന കിട്ടാതെ ഞാന്‍ മൂക്കൊലിച്ചു മരിച്ചേക്കാം, ഒന്നുമില്ലെങ്കിലും നാളെ നാലു വോട്ടും ഈശ്വരനിന്ദയാല്‍ തന്നെ ഒന്നാം തരം ഒരു രക്തസാക്ഷിയെയും പാര്‍ട്ടിയ്ക്ക് കിട്ടും.പിന്നെ, തലേന്ന് പടച്ചവന്‍ പറഞ്ഞപോലെ ‘ന്യൂട്ടന്‍സ് ലോസ് ഡസിന്‍റ് അപ്ലൈ ടു ആള്‍ പ്രോബ്ലംസ്….’ ‘ഫോര്‍ എവരി ആക്ഷന്‍ ഓഫ് യുവര്‍ കാമുകി ഡോണ്ട് ഗിവ് ആന്‍ ഇക്കുവല്‍ ആന്ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍’…!!

അമ്മ പറയുന്നു “മക്കളെ 'കഥയല്ലിത് ജീവിതം'..”

പെറ്റ തള്ള പറഞ്ഞാലും ഞാന്‍ വകവെച്ചെന്നു വരില്ല, അമ്മ പറഞ്ഞാല്‍........

"റാന്‍ മാതാ....ഇതുതാന്‍..."

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

ആനന്ദം


ബ്രോയിലര്‍വിപ്ലവത്തിന്‍റെ പാര്‍ശ്വഫലമായ തന്തൂരി ചിക്കനാകുന്നു കേന്ദ്ര കഥാപാത്രം.

അനിയന്‍ പൊടിയാണ്തരിയാണ്, തരികിടപൊടിപടലകിടതകിടതരികിടയാണു അന്ന്.

എവിടെയോ മേല്‍പ്പറഞ്ഞ വിപ്ലവത്തിന്‍റെ മണം പിടിച്ചുള്ള വരവാണ് വിദ്വാന്‍..., ഒരു ഏര്‍ലി വൈകുന്നേരം .

ഉടനടി കിട്ടണം സാധനം.നീഡ് ഓഫ് ദി അവര്‍.

അന്തരീക്ഷം ചുവന്നു തുടുത്തു, ഗുളികപദസമ്മേളിതബഹളമയം ചര്‍ച്ചകള്‍ തുടങ്ങി, ഒരു പാര്‍ലമെന്‍ററി നിലാവാരം പുലര്‍ത്തി തുടങ്ങിയിരിക്കുന്നു അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും.

എതിരാരോപണം ഉന്നയിച്ച അടുക്കളഭരണപക്ഷാംഗത്തിന്‍റെ ശ്രീകൂന്തലില്‍ തൂങ്ങിയാടുകയാണ് മാന്യദ്ദേഹം.

ഇളയ സന്തതിയുടെ മുന്‍പാകെ വനിതാ സംവരണത്തിന്‍റെ മഹത്വം വിളമ്പിയിട്ട് കാര്യമില്ല എന്നു തോന്നിയിട്ടാവാം, വട്ടം ചുറ്റി എപ്പടിയാവത് ഒരെണ്ണം പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ലേഡീ വാര്‍ഡന്‍ , അവന്‍ ഊഞ്ഞാലില്‍ എന്ന പോലെ വട്ടം പറന്നു ആടുന്നു ,അടുത്ത അഭ്യാസ മുറ അതികഠിനമായ കടി ആണ്.അതും മാതാവിന് അറിയാം , അതിനാല്‍ എത്രയും വേഗം ബാധ ഒഴിപ്പിക്കണം.

നായകന്‍ വില്ലനെ അടിക്കുന്ന പോലെ, ഒടുവില്‍, പുറകില്‍ നിന്നും വാരിപൊക്കി എടുത്തു നിലത്തിട്ടു,സഖാവ് വാവിട്ടു നിലവിളിച്ചു, മുദ്രാവാക്യം മുഴക്കി.

ഇതൊക്കെ കണ്ടു നിഷ്പക്ഷനായ ഈ ആത്മാവ് ഭേഷ.. രസിച്ചു
നില്‍പ്പുണ്ട്. അദ്ദേഹത്തെ പോലെ തന്നെ ചുട്ട കോഴിയെ ഒരെണ്ണം മൊത്തമായ് വിഴുങ്ങിയാല്‍ കൊള്ളാം എന്നു ആശ ഉണ്ട്, പക്ഷേ തിരിച്ചറിവുണ്ട് എന്നു സമൂഹം തെറ്റിദ്ധരിച്ചേക്കാവുന്ന പ്രായമാകയാല്‍,വിപ്ലവ ചിന്തകള്‍ തീവ്രവാദമായി ചിത്രീകരിക്കപ്പെടും. അതിനാല്‍ നിശബ്ദ കഞ്ചുകകുഞ്ചുകഹാരങ്ങള്‍ വിരിമാറില്‍ ചാര്‍ത്തി ആല്‍പ്പം വലത്തോട്ട് മാറിനിന്നു.

വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തി പ്രാപിച്ചു വന്നു ,ഗാന്ധി ലൈനില്‍ ഒരു നിരാഹാരത്തിനൊന്നും വിപ്ലവനായകന്‍ മുതിര്‍ന്നില്ല ,വര്‍ഗ്ഗ ശത്രു വിളംബുന്ന ആഹാരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആ ഊര്‍ജ്ജം അതേ ശത്രുവിനെതിരെ ഉപയോഗിക്കുന്ന യുദ്ധ തന്ത്രം. .

ഞാന്‍ വര്‍ഗ്ഗവഞ്ചകന്‍ അല്ല, മുറിബീഡിക്ക് മറുബീഡി ഇല്ലാത്ത കാലത്ത് തെറി പറയാതെ തെറുപ്പ് ബീഡിയെങ്കിലും തന്ന സമരസഖാക്കളെ...!!, ഞാന്‍ നിങ്ങളെ വഞ്ചിച്ചിട്ടില്ല, വഞ്ചിക്കുകയുമില്ല..!! ,അതിനാല്‍ തന്നെ ഈ സമരത്തിന് നിശബ്ദ് മുദ്രാവാക്യങ്ങള്‍ മുഴക്കി ഈ പഴയവിപ്ലവകാരി മനസ്സില്‍ സമരത്തിന്, സര്‍വ്വമംഗളവിജയഭാവുകങ്ങള്‍ ആര്‍പ്പിച്ചു, പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു, അതീവരഹസ്യമായി സമരനായകനെ ധരിപ്പിച്ചു കൊണ്ടേ ഇരുന്നു.

അപ്പന്‍ രണാങ്കണത്തിന്‍റെ ഏതാണ്ട് തന്ത്രപ്രധാനമായ ഒരു ഭാഗത്തിരുന്നു മൂന്നുദിവസമായി ചുട്ട പപ്പടം ഇടിച്ചുപൊടിച്ചു തരിയാക്കി-അതുനീക്കി കഞ്ഞി കുടിക്കുന്നു-കുടിച്ചുകൊണ്ടേ ഇരിക്കുന്നു.ബ്ന്ധുജനങ്ങളെ യുദ്ധഭൂമിയിലെ ശത്രുനിരയില്‍ കണ്ടു തളര്‍ന്ന പാര്‍ത്ഥനോ,ധര്‍മ്മ യുദ്ധത്തിലെ ന്യായം കണ്ടെത്തിയ പാര്‍ത്ഥസാരഥിയോ??, “പുരാണ പരീജ്ഞ്ജാനാം കമ്മി ഹോത്തസ്യ”...!!

സമരത്തിന്‍റെ നാലാം ദിനം കാറും,കോളും,കാറിത്തുപ്പുകളും നിറഞ്ഞുനിന്ന ഒരു ത്രിസന്ധ്യയില്‍ കാറാതെ, കാലിടറാതെ ഒരു കോളുമായി പിതൃതനയന്‍ വരികയായി... ഇടതുകൈവശം ഒരു ചെറിയ പൊതിയുണ്ട്.

ജയിലില്‍ പോയ നായകന്‍ മടങ്ങി വരുമ്പോള്‍ നായിക ഓടിച്ചെല്ലുന്ന പാരവശ്യത്തോടെ തുറന്ന മൂക്കുകളുമായി ചെറിയവിപ്ലവം പാഞ്ഞു ചെന്നു, അച്ഛാ...!! എന്നു വിളിച്ചു പൊതിയുള്ള കയ്യില്‍തന്നെ കടന്നുപിടിച്ചുസ്നേഹിച്ചു ,(ജനിപ്പിച്ചിട്ടിന്നുവരെ ഈ കെണിയന്‍ എന്നെ ഇത്ര സ്നേഹത്തോടെ ‘അച്ഛാ’ എന്നു വിളിച്ചിട്ടില്ല എന്ന സന്തോഷാഭിമാനാനന്തരഭാവത്തോടെ) പൊതി അതീവ സൂക്ഷമമായി സഖാവിന് കൈമാറപ്പെട്ടു.സഖാവ് പരിസരം നിരീക്ഷിച്ചു സാമ്രാജിത്വ ഭൂര്‍ഷ്വകള്‍ ആരും ഒളിഞ്ഞിരുന്നു നോക്കുന്നില്ല എന്നു ഉറപ്പ് വരുത്തി സംഗതി ബനിയനടിയില്‍ ഒളിപ്പിച്ചു.
എപ്പോള്‍..??
അധികം വൈകാതെ...
ഉം.
സൂക്ഷിക്കണം..!
അറിയാം..!!

വൈകിട്ട് വിപ്ലവത്തിന്‍റെ വിജയപ്പൊതി മലര്‍ക്കെ തുറക്കപ്പെട്ടു,ആയിരം അദൃശ്യ ഉദരങ്ങളില്‍ നിന്നും വിശപ്പിന്‍റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി ,മിഴികളില്‍ ചുട്ട പിടക്കോഴിയുടെ വര്‍ണ്ണം ചുവപ്പന്‍ പ്രതിബിംബങ്ങള്‍ സൃഷ്ട്ടിച്ചു.

മലര്‍ന്ന് കിടന്നു തന്നെ രക്തസാക്ഷിത്വം വരിച്ചതെന്ന് സംശയം ജനിപ്പിക്കത്തക്ക പോസ്റ്ററില്‍ കോഴി കിടന്നു മാഡി-മാഡി വിളിച്ചൂ,

“ചുട്ടകോയഴിതന്‍-ചത്തഹൃദയമാം-പൊരിഞ്ഞ-ഭൂപടത്തിലെ         പടിഞ്ഞാറന്‍ മേഖലയില്‍,
തെല്ലും മടിയാതെ മാന്തി-മാന്തി
മാനുജപുത്രര്‍        മറ്റൊരുതീറ്റതുടങ്ങിനാന്‍ ആന്‍പോടുമത്യാദരാര്‍ത്തിയോടും”

വിപ്ലവകാരിയുടെ വലതുകരം ചുട്ട പറവയുടെയും, ഇടതു കരം എന്‍റെയും കഴുത്തില്‍ ഇടവിട്ട് പിടിവിട്ടുകൊണ്ടിരുന്നു.

“ധീരനാംകുടുംബസാരഥി മറ്റൊരു യുദ്ധം പാര്‍ക്കവേ സുന്ദരസുസ്മേരസുമദനനായി നിലകോള്ളവേ.
കോഴിതന്‍ ചക്രവ്യൂഹം തകര്‍ത്തു
പുറത്തു വന്നീടിനാന്‍
പുത്രനാമഭിമന്യു”

വിയര്‍പ്പു തുള്ളികള്‍ പുഷ്പവൃഷ്ടി നടത്തി ,അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പ്രധിനിധീകരിച്ചു പടുകൂറ്റന്‍ ഏമ്പക്കങ്ങള്‍
വായുവിലെ ദോഷ ശത്രുവിന് നേര്‍ക്ക് തുരുതുരാ എയ്തു വിട്ടു.

രണ്ടു ദിവസങ്ങള്‍ക്കപ്പുറം മാതൃഹൃദയ വൃത്താന്തം മൂലം അറിഞ്ഞത് പിതൃതനയന്‍ മൂന്നു ദിനത്തെ ഉച്ച ഭക്ഷണം ഒഴിവാക്കി ലാഭിച്ച പണം കൊണ്ടാണ് നാലാം ദിനം പ്രിയപുത്രര്‍ക്ക് പ്രിയപ്പെട്ട സാമഗ്രി എത്തിച്ചതത്രേ.

ഏഴു വര്‍ഷത്തിനപ്പുറം സാഹിത്യാശം ലെവലേശമില്ലാതെ ഞാനും മുട്ടനൊരു കോഴിയെ ചുട്ടു കുടുംബത്തു കയറ്റി ,കുടുംബം അത് രുചിയോടെ കഴിക്കുന്നത് കണ്ടു ആസ്വദിച്ചു, ആനന്ദിച്ചു ,അന്ന് അച്ഛന്‍ അനുഭവിച്ച ,അന്ന് മാത്രമോ..? ഒരു മനുഷ്യായുസ്സില്‍ അനുഭവിച്ച ആനന്ദം അതെവിടെ?അത് എനിക്കില്ല, അതിനു ത്യാഗത്തിന്‍റെ വിലയുണ്ടായിരുന്നു.

ത്യാഗം കൊണ്ട് വിപ്ലവം വിജയിപ്പിക്കുന്നവര്‍ അനുഭവിക്കുന്ന ആനന്ദം.

അത്യാനന്ദം....



വ്യാഴാഴ്‌ച, ഫെബ്രുവരി 02, 2012

ഒരു വര്‍ഷം....ര്‍ഷം.... ഷം

ജാനു തന്‍റെ അവസാന വരിയില്‍ നിന്നു ഫിബ്രുവിനെ ചുംബിച്ചു പറഞ്ഞു നിന്‍റെ പതിന്നാലിലെ നിത്യപ്രണയത്തിനോടു എനിക്കും പ്രണയം.......

നോ... നോ...!! പ്രണയം എഴുതിയാല്‍ അത് പൈങ്കിളിയോ... പൂങ്കുലയോ... ആകാന്‍ സാധ്യത കണക്കാക്കുന്നതിനാല്‍ പൊതുവില്‍ പ്രിയമുള്ള, അടിയന്സിന് വശമുള്ള, പൈകാക്ക-ബൈകഴുകന്‍ ലൈന്‍ സ്വീകരിക്കുന്നു.

:പ്രിയ ജാനു നിന്‍റെ പേരിനു കേട്ടുമറന്ന ഒരു വേശ്യയുടെ ഭാവമുണ്ട്,ആരോ എന്നോ കല്പ്പി ച്ചു നല്‍കിയ മാനത്താല്‍, അല്ല മാനക്കേടിനാല്‍, ഒരുതരം അശ്ലീല ഗന്ധം വമിക്കുന്നു ആ പേരിനൊപ്പം ,കൂടെപ്പിറപ്പായ കുളിരാകുമോ മൂലം?

:അസംബന്ധം...!! അസംബന്ധേനതന്നെ പതിനൊന്നു മാസങ്ങളെ ഗര്‍ഭംപേറിനില്‍ക്കുന്ന നിത്യകന്യയാം നിത്യഗര്‍ഭിണി ഞാന്‍... പോരാത്തതിനു 'എ' ക്ലാസ് മഞ്ഞു വീണു നല്ല മില്‍മ കണക്കെ വെളുത്തിട്ടും.ഫിബ്രു എന്ന ക്രാക്രൂക്രീനാമത്തെക്കാള്‍ മഹത്തരം എന്‍ മഹാനാമം .

:നീ മറ്റൊരു പതിനൊന്നിനെ, മുടങ്ങാതെ- നിത്യമായ്, കാലവും കാലക്കേടും പോയതറിയാതെ, വന്നറിഞ്ഞവരെയും, പോയ്മറഞ്ഞവരെയും ഗൌനിക്കാതെ, സ്വാഗതം ചെയ്യുന്ന മേല്‍പ്പറഞ്ഞ വര്‍ഗ്ഗമോ ? പിന്നെ എന്‍നാമം......! ,രവി-ശശി മുതലായ തൊഴിലാളി വര്‍ഗ്ഗ നാമങ്ങള്‍ സ്വീകരിക്കും മുന്‍പെ., പകലും രാത്രിയും വെളിച്ചത്തിന്‍റെ മൊത്തവിതരണം നടത്തുന്ന മുതലാളിത്ത സാമ്രാജിത്വ കുത്തകള്‍ ആയ സൂര്യനും ചന്ദ്രനും, അവ കയ്യടക്കി കഴിഞ്ഞുപോയി... അധികം വൈകാതെ വീണ്ടെടുപ്പിനായ് ഒരു വര്‍ഗ്ഗ സമരം പ്രതീക്ഷിക്കാം നിനക്കു, അപ്രിയേ ...!!

:ഒരിക്കല്‍ പോലും മുപ്പതു തികയ്ക്കാന്‍ യോഗമില്ലാത്ത നീ,കുറുകിയഫിബ്രു... നീ അവിശുദ്ധി പുലമ്പരുതു നിനക്കു പോര അതിനു പക്വത....

:നാലാണ്ടില്‍ ഒരിയ്ക്കല്‍ മാത്രം ഒരു വയസ്സു കൂടുന്ന എന്‍റെ ഇരുപത്തി ഒന്‍പതില്‍ ജനിച്ചവന്‍റെ അനുഗ്രഹം എനിക്കു തുണ....,പേരിനു മാത്രം മുപ്പതില്‍ രക്തസാക്ഷിയെ ചുമക്കുന്നവളെക്കാള്‍ പ്രകാശവര്‍ഷങ്ങള്‍ ഭേദം ഈ ഇരുപത്തേട്ടുകാരന്‍റെ നിര്‍ഭാഗ്യം...

മറ്റൊരു ജാനു കൂടി ഫിബ്രുവിന്‍റെ നെറുകയില്‍ ചവിട്ടി ആ വരിയിലേക്ക് കടക്കുമ്പോള്‍....(സൂക്ഷിച്ചു മുന്നോട്ട് പോവുക, അല്പ്പം സീരിയസ് കടുകട്ടി സാഹിത്യം വഴിയേ.. )

വന്നുചേരാന്‍ സാധ്യതയുള്ള വസന്തകാലത്തിന്‍റെ മുന്നറിയിപ്പായ മഞ്ഞുകണങ്ങളെചുമക്കുന്ന ഏപ്രില്‍ പുഷ്പങ്ങളും, അവന്‍ 'വിഷുക്കണികാണിക്കുന്ന' നന്മകളും,മാന്യശ്രീ കൃഷ്ണനും ,തേങ്ങയും വെള്ളരിക്കയും മറ്റ് അനുബന്ധ സാധനങ്ങളും, കാണിക്കാത്ത തിന്മകളും,ഭൂതശ്രീ ശിവനും ,ചിക്കനും, ബീഫും മറ്റനുബന്ധ പലവകകളും, അവനു മാത്രം വിധിയ്ക്കപ്പെട്ട അവന്‍റെ ഒന്നിലെ വിഡ്ഢിച്ചിരിയും...

ഒരുമയുടെ ഒന്നുമായ് എത്തി...., കൂടെ കൊണ്ടുവരുന്ന പൊരിവെയിലില്‍ മെയ്യനങ്ങി പണിയുന്നവന്‍റെ മെയ്യും,…..
അതിനുമപ്പുറം ആയിരം പിഞ്ചോമനകളെ അക്ഷരം കുറിപ്പിച്ചു മറ്റൊരക്ഷരവര്‍ഷം തുടങ്ങി, വാക്കുകള്‍ വര്‍ഷിക്കുന്ന പുതിയൊരു വര്‍ഷകാലത്തിനു തുടക്കമിടുന്ന ജൂണും......

കള്ളക്കര്‍ക്കിടകത്തിന്നു കുടപിടിക്കുന്ന ഏഴില്‍ എന്നെ ജനിപ്പിച്ചതിന്‍റെ ചീത്തപ്പേരുമാത്രമുള്ള മിടുക്കി ജൂലയ്യും...

പിന്നെ വിണ്ണിന് മണ്ണില്‍ മുഖംനോക്കിമിനുക്കാന്‍ പൊന്‍കതിര്‍ പ്രതിബിംബം നിറഞ്ഞ കണ്ണാടികള്‍ ഒരുക്കുന്ന ഓണക്കാലവും.... (കൃത്യമായി ഏതുമാസം എന്നു നിശ്ച്ചയം പോര,ഒരു ഭംഗിക്ക് ചേര്‍ത്തു എന്നെ ഉള്ളൂ )
ഇടയ്ക്കു, ഇന്‍ബിറ്റുവീന്‍ എനിക്കോര്‍മ്മ കിട്ടാത്ത കുറെ ‘മോറോവര്‍ സിമിലര്‍’ ഗുണങ്ങളുമായി കടന്നുപോയേക്കാവുന്ന മറ്റ് അലവലാതി മാസങ്ങളും....

ഒടുവില്‍ ഒരുനാള്‍ ചെന്നെത്തും ഒരു സിംഹത്തിന്‍റെ..... അല്ല സ്നേഹാകാലത്തിന്‍റെ...തണുപ്പുനിറഞ്ഞ ഡിസംബര്‍ഗുഹയില്‍.....ശൂന്യാകാശത്ത്, കുത്തക ഭൂര്‍ഷ്വ ആയ ഹൈഡ്രജന്‍ ഉള്‍പ്പെടുന്ന ചില തല്‍പ്പര ഗ്യാസുകളും, മണ്ണില്‍, മനുഷ്യന്‍ പട്ടം പറത്തിയും- കറണ്ടടിച്ചു ചത്തും, കണ്ടെത്തിയ വൈദ്യുതിയും, കത്തിക്കുന്ന നക്ഷത്ര വിളക്കുകളുടെ കാലം .....

അതിനുമപ്പുറം, വീണ്ടും ഒരാഘോഷക്കാലത്തിന്‍റെ സമാപനദിനം കുടിച്ചു ബോധം കെട്ടുറങ്ങിയവനു വാള്‍സ് വെച്ചു തല നേരെയാക്കാനുള്ള പുതുപുലരിയായി നീ വീണ്ടും മാറവേ, അന്ന് ഒപ്പത്തിനൊപ്പം പേരിനൊപ്പമുള്ള ചീത്തപ്പെരിനേ സാധൂകരിക്കത്തക്ക വിധം, ഒരു കോമ്പറ്റീഷന്‍ മേന്‍റാലിറ്റി കാണിച്ചില്ലെങ്കില്‍, ഓ പ്രിയ ജാനു..., എന്‍റെ ജനുവരി…….!!!. നിന്നെ ഞാന്‍ എന്‍റെ സ്വന്തമാക്കാം, എന്നിലെ ഇരുപത്തെട്ടില്‍ നീ സൂപ്പറിമ്പോസ് ചെയ്താല്‍ എനിക്കും മുപ്പത്തൊന്ന് തികച്ചു പൂര്‍ണ്ണതയിലെത്താം.......(ഈ പോസ്റ്റിന്‍റെ തുടക്കത്തില്‍ എഴുത്തുകാരന്‍ ആഗ്രഹിച്ചപ്പോലെ ....)

ഞായറാഴ്‌ച, ജനുവരി 29, 2012

സങ്കരം

കീഴ്ജാതി പെണ്ണുമായി അവിശുദ്ധ പ്രേമബന്ധം കുടുംബത്തിന്‍റെ ഗംഭീരാഭിമാനം ,
അപ്പന്‍റെ സാമുദായിക വിലക്കയറ്റം.

"ഒന്നു കൊന്നു തരാമോ"??
സ്നേഹപൂര്‍വ്വം
മാതാവ്.
ഒപ്പ്.

അതീവ സുതാര്യമായ മാര്‍ഗ്ഗം മാതാവേ... , ഏതായാലും ആത്മഹത്യ വേണ്ട, പാളിപ്പോയാല്‍ നാണക്കേട് ,പിന്നെ വല്യ അമ്മായി, ഓരുക്കടെ പുള്ള പ്രേമിച്ചു കെട്ടിയനാള്‍ രണ്ടിടങ്ങഴി കുരുടാന്‍ ഒറ്റഇരിപ്പിന് വിഴുങ്ങി ,തിരുവയറു കഴുകി വെടിപ്പാക്കുന്നത് നേരില്‍ ദര്‍ശിക്കാനുള്ള സൌഭാഗ്യം സിദ്ധിച്ചതാണ് ,കുരുടാന്‍,ഫുരിടാന്‍ തിരുടാന്‍, മുതലായ 'വിഷജാതികള്‍' ഏതായാലും പരിഗണിക്കപ്പെടിടില്ല.അതിലേറെ വിഷമുള്ള ജാതിയത്രേ ഇവള്‍.

ഓപ്പറേഷന്‍ വാര്‍ഡില്‍ ചോര ദാഹിച്ചു കിടന്ന സാമുദായികഡ്രാക്കുളയ്ക്ക് ,പുത്രന്‍ എത്തിച്ച് കൊടുത്തത് വാസ് എ പോസിറ്റീവ് ഈഴവ രക്തം ,ഒരു നായ(യും)രും അന്വേഷിച്ചില്ല 'രക്തജാതി'.
“എക് ബാത് സരൂര്‍ യാദ് രഘന ‘എ’ ഹോനാ ചാഹിയെ ഫിര്‍ പോസ്റ്റിവ് ഭി... നെഗറ്റീവ് നഹി നഹി”... “നായര്‍ രക്തം തന്നെ കിടയ്ക്കണം”... വന്‍പില്‍ ഉള്ള,പിന്‍പില്‍ ഉള്ള,മുന്‍പില്‍ ഉള്ള കുടുംബസമുദായസ്നേഹതല്പ്പരരാരും അപ്പടി മട്ട്രൂം മൊഴിഞ്ഞതും കിടയാത്.. യേന്‍?? തെരിയലെ....

ഹാര്‍ഡ്-വാട്ടര്‍-വര്‍ക്കിങ്മെന്സ്സിന്ഡ്രം മൂലം കിഡ്നീശ്വരന്‍ പിണങ്ങിപ്പോയ പോയ സ്വാഭിമാനിതൊട്ടുകൂടാകാരണവര്‍ അവറഹള്‍ക്ക് തല്സ്ഥാനത്ത് വെല്‍ഡ് ചെയ്തു ഘടിപ്പിച്ചത്.., ‘തീരെ’, വീണ്ടും വല്ലാണ്ട് ‘തീരെ’ താണ ജാതി കിഡ്നി ഒരെണ്ണമാണ് ,അതും മറ്റേത് നാലു കിഡ്നി എടുത്താലും അവിടൊക്കെ സംവരണം ഉറപ്പുള്ള ഫഷ്ട്ട്ക്ലാസ് സ്റ്റഫ്.
മേല്‍മൊഴിഞ്ഞ നിത്യോപയോഗസാമഗ്രി അടിയന്സിന്‍റെ പെണ്ണിന്‍റെ ജാതി ആവാഞ്ഞത് ഭാഗ്യമായി ,അതിന്‍റെ പരമാണുവിലെ ഒരു 'ഡി‌.എന്‍‌.എ' പണ്ട് ഇങ്ങനെ സംവദിച്ചു മടുത്തു “മദ്യം അതുണ്ടാക്കരുത്,കൊടുക്കരുത്, കുടിക്കരുത്”...

“ആമാശയത്തിനടിയിലിരുന്നു എന്‍ കിഡ്നി മൊഴിഞ്ഞു സോദരാ... മദ്യം വിഷമാണ്” ഇപ്പടിപെട്ട കവിഭാവന കാരണവകവിയ്ക്ക് വരില്ല ഉറപ്പ്.

കിഡ്നിയാവാം,കരളുമാവാം ,വേണാച്ചാല്‍ ലേശം ചോരപ്രഥമനും, , പിന്നെന്തേ ‘ഒരുജാതി’ സ്ത്രീയെ ബന്ധിച്ചോ ,സംബന്ധിച്ചോ അടിയനസിന് മാത്രം സന്താനോല്പാദനം പാടില്ല?,

വിപ്ലവമാനം കാക്കണം മറുമൊഴികളും സംശയങ്ങളും ചോദ്യം ചെയ്യലുകളും തന്നെ മഹാവിപ്ലവ തുടക്കം.

<സീന്‍- ഏതോ> <ടേക് 2> ലൈറ്റ്സ്, ക്യാമറ, സൈലന്സ് , ആക്ഷന്‍....

സഹനടന്‍:ഡാക്റ്റര്‍ സാബ്...(വേദനയോടെ..., മുഖത്ത് ലോണ്‍ എടുത്തു വാങ്ങിയ പശു പാല് തരാതെ ചത്ത നിസ്സഹായത) വെളുത്ത തൊലിക്കുളില്‍ അല്ലേ ഘടിപ്പിച്ചത്..?, പുറത്തു കാണില്ലല്ലോ അല്ലേ.. ഉറപ്പല്ലേ...എനിക്കു വാക്ക് തരണം...? ബോധരാഹിത്യത്തില്‍ ദര്‍ശിച്ചില്ല ആ കറുത്ത അവയവം, ദൈവം പോലും അറിയരുത്...

മുഴുവനായി പുറമെ ദൃശംവദമാകുന്ന യാതൊന്നും ഇവിടെ കച്ചവടമാകില്ല്യ. സ്ത്രീ ആയാലും പുരുഷനായാലും മുഴുവനായി ‘കെട്ടി’ എടുത്താല്‍ അഭ്യുദയകാംഷികള്‍ ചോദ്യം ചെയ്യും. ആ പരിഹാസ ചിരി സഹിക്കില്ല, ഭേദം മരണമഞ്ചല്‍മാലാദികള്‍...!!ഹാ..!!

ഡോ വെയിറ്റര്‍...!!, മുറിച്ച് കഷ്ണമാക്കി മസാല പുരട്ടി പൊരിച്ചു കൊണ്ട് വരൂ ഏത് ജാതിയെയും ചവച്ചു രക്തത്തില്‍ അലിയിപ്പിച്ചു കാട്ടിത്തരാം .

ചുട്ടും ,വറുത്തും പൊരിച്ചുമിങനെ നിത്യവും ഭവാന്‍ സേവിക്കുന്ന ജീവസ്ന്ധാരണ പ്രക്രിയാതുടര്‍മൂലാദികളായ വെളുത്തആടും കറുത്തപോത്തും…, ഹെയ് പിന്നെയോ...? ഉച്ഛിഷ്ടഹാരപ്രിയത്മാക്കളായ പന്നികളൊയൊക്കെയും.... കളറോ?ഡിസ്കളറോ? ജാതി ചോദിച്ചിട്ടുണ്ടോ ഭവാന്‍?
ഉവ്വ...ചോദിച്ചു മിണ്ടണില്ല....,

മിണ്ടാപ്രാണികളായത് ഭാഗ്യദായകം അല്ലെങ്കില്‍ അവയ്ക്കും കിട്ടിയേനെ തീന്‍മേശയില്‍ സംവരണം.

സംവരണ ലിസ്റ്റില്‍ പേരുചേര്‍ക്കപ്പെട്ടിട്ടും കളര്‍ഫുളുകള്‍ക്കും ,ബ്ലാക്ക് ആന്ഡ് വൈറ്റുകള്‍ക്കുമൊക്കെയും കളറില്ലാദൈവങ്ങള്‍, ദൈവങ്ങളായി തന്നെ തുടരുന്നല്ലോ.... അപ്പടിപ്പെട്ട്ര ഹതഭാഗ്യരെ നിത്യവും സാഷ്ടാംഗവും അതിനുമപ്പുറമുള്ള അംഗങ്ങളും വെറുംതറയില്‍ കിടത്തി നമിക്കുന്നല്ലോ, പൂജിക്കിന്‍റ്റേന്‍..., ഹവ് കം യുവര്‍ കുലമഹിമ അവരെ തഴഞ്ഞില്ല? പകരം കൊള്ളാവുന്നവയെ കിട്ടാത്തത് മൂലമോ?, നാട്ടിലെ വിലയ്ക്കും ജാതി മേല്ക്കോയ്മയ്ക്കും എന്തേ കളര്‍ ദൈവങ്ങളൊന്നും പിറക്കലെ? ,സൃഷ്ട്ടിക്കപ്പെട്ടില്ലെ ഭവാന്‍??

<സീന്‍- ഒടുക്കത്തെ > <ടേക് 11> ലൈറ്റ്സ്, ക്യാമറ, സൈലന്‍സ്, ആക്ഷന്‍....

നായകന്‍: (ആത്മഗതം ,സെന്‍റി,.. സെന്‍റി.. അല്പ്പം വികാരത്തോടെ, പ്രത്യാശയോടെ) വിപ്ലവമാനം കാക്കണം സംശയങ്ങളും, ചോദ്യങ്ങളും അവയ്ക്കു കിട്ടാത്ത ഉത്തരങ്ങളും ,കിട്ടുന്ന പീഡനങ്ങളും എന്നെയും എന്‍റെ വരും കാല സങ്കരവര്‍ഗ്ഗ- സങ്കരജാതി തലമുറയെയും ഈ മണ്ണില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കട്ടെ.

പാക്കപ്പ്

ബുധനാഴ്‌ച, ജനുവരി 25, 2012

അച്ചായന്‍ ഡയറീസ് 11

 

അച്ചായന്‍ C/O പഞ്ചായത്ത്
നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നു അതിഗംഭീരമായ തോല്‍വി ഏറ്റുവാങ്ങിയിട്ടും അച്ചായന്‍ അടങ്ങിയില്ല ,അടുത്ത പഞ്ചായത്ത് ഇലക്ഷന് നിന്നു ,ഇത്തവണ ജയിച്ചു അതും വന്‍ഭൂരിപക്ഷത്തില്‍. പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം വെള്ളവും വസ്ത്രവും ആയിരുന്നു (വെള്ളം പുരുഷന്മാര്‍ക്കും ,വസ്ത്രം സ്ത്രീകള്‍ക്കും )സംഗതി ഏറ്റു.

ഇപ്പോ പഞ്ചായത്ത് മെംബര്‍ സ്ഥാനം വഹിക്കുന്നതിന്‍റെ മഹത്തായ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അനുഗ്രഹീത വേളയാണ് ,അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അച്ചായന്‍ തയാറെടുക്കുകയാകും എന്ന കണക്കുകൂട്ടലില്‍ ആണ് ഞാന്‍ കാണാന്‍ ചെല്ലുന്നത്

പാലാഴി ബംഗ്ലാവിന്‍റെ മുറ്റം നിറയെ ജനങ്ങള്‍ ,ആശംസകളും അനുമോദനങ്ങളും അറിയിക്കാന്‍ എത്തിയവരാകും...

കയറി ചെല്ലുംമ്പോള്‍ തന്നെ ഒരുത്തന്‍ ഒരു യമകണ്ടന്‍ തെറി വിളിക്കുന്നത് കേട്ടു ,ആഹാ മനോഹരം എത്ര ശ്ലാഘനീയമായ പദസമ്മേളനം കാളിദാസന്‍ നമിക്കുന്ന വാക്ചാതുര്യം.

അച്ചായന്‍ വരാന്തയില്‍ എല്ലാം കേട്ടു മിണ്ടാതെ നില്‍പ്പുണ്ട് ,അതാ വരുന്നു മറ്റൊരെണ്ണം സ്ത്രീ ശബ്ദമാണ് ,സ്ത്രീകളൊക്കെ ഇത്ര നന്നായി സംസ്കൃതം കൈകാര്യം ചെയ്യാന്‍ തുടങ്ങിയോ എന്നു ശങ്ക,കൊച്ചുകുട്ടികള്‍ പോലുമുണ്ട് അവരും അണ്ണാന്‍റെ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ പങ്കുചേരുന്നു.

അതിയാന്‍ എന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ പണ്ട് മലയാള സിനിമയില്‍ നസീര്‍ പാട്ടുപാടുന്നതുപോലെ ആകാശത്തു നോക്കി നില്ക്കുന്നു .

ഞാന്‍ മറ്റ് ആട്ടുതുപ്പ്,മുടിയഴിച്ചാട്ട,ചൂലുതുള്ളല്‍ കലാപരിപാടികള്‍ കണ്ടു രസിച്ചു നിന്നു ,അരങ്ങൊഴിഞ്ഞു തുടങ്ങി ,കലാകാരന്മാരും കലാകാരികളും അവരവരുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തു വിടവാങ്ങി, ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ ഇനി ആനയും ആനക്കാരനും മാത്രം .

നിങ്ങള്‍ കരുതുംപോലെ അച്ചായന്‍ അഴിമതിവീരനൊന്നുമല്ല ,എന്‍റെ അറിവില്‍ അതിയാന്‍ ഒരുരൂപ പോലും ഈ വകുപ്പില്‍ വെട്ടിച്ചിട്ടില്ല. പിന്നെന്തേ ജനങ്ങള്‍ക്കിത്ര സ്നേഹം തോന്നാന്‍..??

അച്ചായോ ....!!

പോടാ */*@#$%&%$#*&**....... 1 1 ½ 1 ¾...(ലേലം ഉറപ്പിച്ചു)

ഹ്ഹോ....!!! ഇതെന്നതാ മനുഷ്യാ ഈ കാണുന്നെ ഇതെന്തിനാ നാട്ടുകാര്‍ മുഴുക്കെ ഇതിയാനെ തെറി വിളിക്കുന്നെ..??

ഒന്നും പറയണ്ടടാ ഉവ്വേ ഞാന്‍ നാട്ടുകാരെ കൊണം വരുത്താന്‍ ഇറങ്ങിയതാ...!!

അതിന്നെന്തിനാ അവര്‍ തെറി വിളിക്കുന്നെ??

അവരുടെ പ്രശ്നങ്ങള്‍ എത്ര തീര്‍ത്താലും തീരുന്നില്ലല്ലോ...

മനസ്സിലായില്ല..??

ആദ്യം തെറിവിളിച്ച മാന്യനില്ലേ അവനാണ് ഞാന്‍ ആദ്യമായി പഞ്ചായത്ത് ചിലവില്‍ കക്കൂസ് നിര്‍മ്മിച്ചു കൊടുത്തത്

അതിനു തെറിവിളിക്കണോ??

അതിനല്ല ,ഇപ്പോ അവന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ സ്ട്രീറ്റ് ലൈറ്റ് കത്തുന്നില്ല പോലും ,പണ്ട് ആ വഴിയില്‍ ഇരുട്ടത്ത് കാര്യം സാധിച്ചവനാ,അന്ന് ഇട്ടുകൊടുത്ത ലൈറ്റോക്കെ ഈ മാന്യന്‍ എറിഞ്ഞു പൊട്ടിക്കും , അവന് കൊതുക് കുത്താതെ സംഗതി പോയി തുടങ്ങിയപ്പോ നെഗളിപ്പ് ..

ആ ചേച്ചി എന്തിനാ തെറിവിളിച്ചെ..?

ചേച്ചിയോ...??!! എന്നെക്കൊണ്ടു ഒന്നും പറയിപ്പിക്കല്ല് ,ഞാന്‍ ആ മാന്യക്ക് വിധവാ പെന്‍ഷന്‍ ശരിയാകി കൊടുത്തു

അത് നല്ല കാര്യമല്ലേ..??

അതുവ്വ, പക്ഷേ അവളെ ഇന്നലെ തെരുവ് പട്ടി കടിച്ചെന്നു ,പണ്ട് നേരെ തിരിച്ചായിരുന്നു സ്ഥിതി പട്ടികള്‍ പോലും ആ പരിസരത്ത് പോകത്തില്ലായിരുന്നു പേടിച്ചിട്ടു... ഇപ്പോ സര്‍ക്കാര്‍ വക വിധവ അല്ലായോ ഇനി പട്ടി ശല്യം ഉണ്ടാകും

ആ കൊച്ചു കൊച്ചോ..??

എടാ ഉവ്വേ അതുമാത്രം അച്ചായനൊരു അബദ്ധം പറ്റിയതാ

അച്ചായോ ..??

ഹ !!..അതല്ലടാ ഉവ്വേ, അന്ന് അവന് അഞ്ചു വയസ്സേ ഒണ്ടാരുന്നുള്ളൂ വോട്ട് ചോദിച്ചാപ്പോ, അച്ചായനെ സ്വന്തം പപ്പായെ പോലെ കണ്ടാ മതി എന്നു ഒന്നു പറഞ്ഞു പോയി, ഇപ്പോ സ്വത്തവകാശം ചോദിച്ചു വന്നേക്കുവാ..!!

(ഞാന്‍ ചിരിച്ചോ,ഇല്ല....)

ചിരിക്കേടാ ചിരിക്ക് എത്ര സാമൂഹിക സേവനം ഉണ്ടാക്കിയാലും പഞ്ചായത്ത് മെംബര്ക്ക് ആകെ കിട്ടുന്നത് ആയിരത്തി ഇരുന്നൂറു രൂപയാ പിന്നെ ബോണസും.

ബോണസോ ??

' തെറി'........

തിങ്കളാഴ്‌ച, ജനുവരി 23, 2012

അച്ചായന്‍ ഡയറീസ് 10

ഇത്തവണ നേരില്‍ അച്ചായനുമായുള്ള സംഭാഷണത്തിലേക്ക് കടക്കാം, പശ്ചാത്തല വര്‍ണവിവരണപ്രക്രിയ ഒഴിവാക്കിയേക്കാം എന്നാ ??

അച്ചായോ....

എന്നതാടാ ഉവ്വേ..??

അച്ചായന്‍ ചവറ് കഥകള്‍ പറയുന്നു എന്നു ആക്ഷേപം ഉണ്ട്, ഇതിയാനു എന്നെ ഇങ്ങനെ നാണം കെടുത്താതെ നല്ല സ്റ്റാന്‍റെര്‍ഡ് കഥകള്‍ പറയാന്‍മേലായോ??

ഏത് കഴിവേറിയാടാ അത് പറഞ്ഞത്??

അത് കള ഇതിലൊരു തീരുമാനം പറ, അല്ലേല്‍ ഞാന്‍ ഈ കട പൂട്ടും ഇതിപ്പോ പത്തു ലക്കം തികയുവാ എനിക്കൊന്നു ഷൈന്‍ ചെയ്യണം എന്നാ..??

അപ്പോ അതാണ് കാര്യം...!! നീ എന്നെ വെച്ചു കുറെ മുതലെടുത്തതല്ലേ അതിന്‍റെ ചിലവ് വരട്ടെ ആദ്യം, നീ പോയി സാധനം മേടിക്ക്,ആ പിന്നെ മറക്കേണ്ട....

അറിയാം...!!

ആ പിന്നെ ...

അറിയാം എനിക്കു വേണേല്‍ മതി എന്നല്ലേ ..??? ഉവ്വ..!!
അച്ചായന്‍ ഈ മദ്യത്തിന്‍റെ കാര്യം പറഞ്ഞു പറഞ്ഞു ഞാന്‍ മുഴുത്ത കുടിയന്‍ ആണെന്നാ നാട്ടുകാരുടെ വിചാരം, മാത്രമല്ല മദ്യത്തെയും മദ്യപാനത്തെയും പ്രോത്സാഹിപ്പിക്കുന്നു പോലും...!!

എടാ ഉവ്വേ ഇക്കണക്കിനു കര്‍ത്താവ് താടി വളര്‍ത്തി കാണിച്ചകൊണ്ടാണ് നാട്ടില്‍ ബാര്‍ബര്‍മാര്‍ക്ക് പണിയില്ലാതായത് എന്നു പറയുമല്ലോ. പോയി കൊണ്ടുവാടാ....

അച്ചായന് സാധനം വാങ്ങിക്കൊടുത്തു, സ്റ്റാന്‍റര്‍ഡ് കൂട്ടാന്‍ കിട്ടിയതു പതിവിന് വിപരീതമായി ഒന്നു രണ്ടു തട്ടുപൊളിപ്പന്‍ കവിതകള്‍ ആണ്, അവ ചുവടെ ചേര്‍ക്കുന്നു, ഈ കവിതകളില്‍ എഴുത്തുകാരന് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല എന്നു പ്രഖ്യാപിക്കുന്നു.

അച്ചായന്‍ കവിതകള്‍
********************
1.അന്നാമ്മ
--------------
അട്ടയില്‍ ഒരു ‘ട്ട’ കണ്ടതുമുതല്‍ എനിക്കു ചട്ടയിലെ ‘ട്ട’ ഇഷ്ട്ടമല്ല
പന്നയിലെ ‘ന്ന’ എന്‍ അന്നയിലെ ‘ന്ന’ എങ്കിലും
അന്നത്തിലേ ‘ന്ന’ എന്നെ നന്നാക്കിയ ‘ന്ന’

2.പാലാഴി
-----------------
പാലായെ പാലാഴിയാക്കിയ പാലേ
വലിയുന്ന പാലേ കുറുകുന്ന പാലേ
പശുവിന്‍റെ പേര് കളഞ്ഞ പായസമേ
നീയാണ് അഖിലസാരമൂഴിയില്‍

3.ചൊമല
-----------------
‘ഹേ റാം’ പറഞ്ഞ പഴയ വര്‍ഗീയനെ
സത്യദൈവസഹായ സഖാവക്കുന്ന വര്‍ണമേ
മുദ്രാവാക്യം മുഴങ്ങുമ്പോള്‍ ഉയര്‍ന്നിരുന്ന കൈകളും
മുദ്ര കാണിച്ചു വര്‍ണ്ണ സമ്മേളന നൃത്തവേദിയില്‍
‘വി’ വിഭജനത്തിലില്ല വിഎസ്സിലില്ല വിജയിനിലില്ല
‘വി’യുള്ളത് ‘we’യില്‍ മാത്രം
‘വി’ ആള്‍വേയ്സ് ടുഗേതര്‍ വിവര്‍ണ്ണമെ

4.മനമോഹനം
------------------------
വായില്ലാക്കുന്നിലപ്പനെ,നാട്ടാരെ വായടിപ്പിക്കുന്ന വീരനെ
വാനിലെ സ്പെക്ട്രത്തെ വായു വലിപ്പിച്ച വില്ലനെ
പ്രജകള്‍ തന്‍ ഉച്ചിയില്‍ വലതുകാല്‍ വെക്കുക
വാരിതിനു താഴെയല്ല പാതാളം
വാഴുക വാഴുക വാമന.
************************************************************

നാലാമത്തെ കവിത തന്‍റെയല്ല എന്ന് അച്ചായന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ദയവായി വിശ്വസിക്കരുത്,ഇത് നിഷ്പക്ഷത സൃഷ്ട്ടിക്കാന്‍ എഴുത്തുകാരന്‍ മനപ്പൂര്‍വ്വം പടച്ചു വിട്ടതാണെന്ന് അതിയാന്‍ പറഞ്ഞേക്കാം, പക്ഷേ നിങ്ങള്‍ക്കറിയാമല്ലോ എനിക്കു കവിത വരില്ല.....

അച്ചായനാണേ സത്യം...!!!

ഒരു മനുഷ്യന്‍

"ഈ ഭൂമിയില്‍ ചെയ്തുകൂട്ടുന്നതിന്‍റെയൊക്കെയും, നന്മയുടെയും, തിന്മ യുടെയും, ഫലം ഇവിടെ തന്നെ....,ഒരുനാള്‍ തിരികെ ലഭിക്കുമെടാ".
കുറച്ചു കാലം മുന്‍പ് ,തന്‍റെ ചെറിയ പെട്ടിക്കടയില്‍ ഇരുന്നു ആ മനുഷ്യന്‍ വാചാലനായി.അദ്ദേഹം പഠിച്ച ജീവിത തത്വങ്ങള്‍..!!

മുന്നില്‍ നിന്നു നിസ്സഹായത പ്രകടിപ്പിച്ച ഏവരെയും സഹായിച്ചു,സ്നേഹിച്ചു ,സ്വന്തം പാരമ്പര്യ സ്വത്തവകാശം പോലും സഹോദരങ്ങളുടെ ഉന്നതിക്കായി വിട്ടു കൊടുത്തു, വിയര്‍പ്പ് വിറ്റു കിട്ടിയതും, അന്യനെ ആത്മഹത്യയില്‍ നിന്നും കരകയറ്റാന്‍, തിരികെ കിട്ടില്ല എന്നറിഞ്ഞു, കടംകൊടുത്തു.

ഇയാള്‍ ഇതെല്ലാം എന്നോടെന്ന പോലെ, മറ്റ് പലരോടും പറഞ്ഞു കാണും ,എന്നിലെ യുവവിപ്ലവകാരി ചിലപ്പോളൊക്കെ അംഗീകരിച്ചിരുന്നില്ല അയാളെ ,ചെയ്തതൊക്കെ വിളിച്ച് പറയുന്ന അല്‍പ്പനായി കരുതിയിരുന്നു.

അവനവന്‍റെ കുടുംബം നോക്കാന്‍ കഴിയാതെ, അന്യനെ സഹായിക്കുന്ന പടുവിഡ്ഢി, ചോരയില്‍ നിന്നും ഇടയ്ക്കൊക്കെ ചുവപ്പിന്‍റെ മറനീക്കി പുറത്തുവന്നിരുന്ന സവര്‍ണ്ണ മുതലാളിത്ത ചിന്തയ്ക്കും അയാളെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല പലപ്പോഴും.

ഇത്ര നന്മ ചെയ്തവന്‍ എന്തേ പെട്ടിക്കടയുമായി ഇരിക്കുന്നു? ഇവനെന്തേ ഉന്നതി ഇല്ല, ഇടമറുക് സാഹിത്യംപരിപാലിച്ചു പോന്ന യുക്തിവാദിയും ഉണര്‍ന്നു ചിന്തിച്ചിരുന്നു.

ചില വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ആ മനുഷ്യനെ കാണുന്നത്. പഴയ പെട്ടിക്കട ഇരുന്നിടത്ത് വലിയൊരു ബേക്കറി. അദ്ദേഹത്തിന് മാത്രം മാറ്റമൊന്നുമില്ല, പഴയ അതേ ചിരി മുഖത്ത് തെളിഞ്ഞു നില്ക്കുന്നു .

"ഇതാരപ്പാ എവിടെയാ നീ എത്ര കാലമായി വാടാ മോനേ കയറി ഇരിക്കേടാ.."

ഒരു 'ഗോള്‍ഡ് ഫില്‍റ്റര്‍' എടുത്തു കയ്യില്‍ തന്നു ,പഴയ ശീലമാണ്, (നിങ്ങള്‍ക്ക് ദുശീലമെന്നും വിളിക്കാം)അദ്ദേഹം മറന്നിട്ടില്ല, പുകവലി വേദന തന്നപ്പോള്‍ അത് ഉപേക്ഷിച്ചു,ഇപ്പോള്‍ ഒന്നിലേറെ വര്‍ഷങ്ങള്‍, അങ്ങനെയും, അതില്ലാതെയും, ജീവിച്ച് തന്നെ കടന്നുപോയിരിക്കുന്നു. പറഞ്ഞില്ല,വാങ്ങി കത്തിച്ചു.

പിന്നീടൊരുകാലത്ത് വിശപ്പെന്ന യുക്തിയും പട്ടിണിയുടെ സ(അ)വര്‍ണ്ണവും,ആഹാരമെന്ന വിപ്ലവചിന്തയും അടക്കി വാണിരുന്നു മനസ്സിനെ , കൈനീട്ടിയപ്പോളൊക്കെ കയ്യില്‍ വെച്ചു തന്നിട്ടുണ്ട്,അന്ന് നീറുന്ന വേദനകളെ മറക്കാന്‍ സഹായിക്കും എന്നു കരുതിയിരുന്ന പുക ലഹരി മാത്രമല്ല, പലപ്പോഴും ആഹാരവും നാരങ്ങാച്ചുവ സോഡയില്‍ ചാലിച്ച വെള്ളവും,ചിലപ്പോളൊക്കെ പണവും.

"ഇക്കാ ഞാനിതെന്താ ഈ കാണുന്നേ..?? ഇതെന്താ സംഭവിച്ചേ..?"

ഏതോ ഒരുത്തനെ അക്കര കയറ്റി വിട്ടിരുന്നു ആ മനുഷ്യന്‍ പണ്ട്.അവന്‍ നല്ല നിലയില്‍ തിരികെ എത്തി. പട്ടിണിക്കും ദുരിതത്തിനുമിടയില്‍,കിടപ്പാടം പണയപ്പെടുത്തി, തന്നെ സ്വപ്നവിമാനം കയറ്റിയ മനുഷ്യന് അവന്‍ വീട് മാത്രമല്ല ,സ്വന്തമെന്ന ഉറപ്പില്‍ ഒരു ബേക്കറിയുടെയും താക്കോല്‍ക്കൂട്ടം സമ്മാനിച്ചാണ് മടങ്ങിയത്.

"അതുപോട്ടെ നീ ഇപ്പോ എവിടാ?"

"കാഞ്ഞങ്ങാട്, ബാങ്കിലാ..."

"എനിക്കറിയാം മോനേ നീ ഗതിപ്പിടിക്കുമെന്ന്... നീ നല്ലവനാ...!!"

മറ്റ് പലരെയും പോലെ തന്നെ ഞാനും എന്നെപ്പറ്റി എന്നും കരുതിയിരുന്നത് ,ആരുമായും അതീവവികാരപരമായ ബന്ധമില്ലാത്ത,അങ്ങനെയൊന്നും കണ്ണുനീറയാത്ത,ധീരപുരുഷന്‍ എന്നായിരുന്നു.അത്തരം ധാരണകള്‍ ചിലപ്പോഴെങ്കിലും ഇത്തരം മനുഷ്യര്‍ പൊളിച്ചടുക്കിയിട്ടുണ്ട്.

നിറഞ്ഞ കണ്ണുകള്‍ ആ മനുഷ്യന്‍ കാണാതെ മറച്ചു, ഞാന്‍ പൈസ നീട്ടി

"വേണ്ട മോനേ ഇത് ഇക്കായുടെ ഒരു സന്തോഷത്തിന്..."

നിര്‍ബന്ധിച്ചില്ല, അറിയാം വാങ്ങില്ല...

"ഇക്കാ ഞാനെന്നാ വരട്ടെ..?"

"പോയിവാടാ മക്കളെ നല്ലത് വരും,നല്ലതെ വരു...!!!"

ആ മനുഷ്യന്‍റെ പേര് മനപ്പൂര്‍വ്വം ചേര്‍ക്കാത്തതല്ല ,എനിക്കറിയില്ല... ,ഞാന്‍ ചോദിച്ചിട്ടില്ല.... ,ചിലര്‍ എനിക്കങ്ങനെയാണ്, പരിചയപ്പെട്ടു അടുത്ത നിമിഷം മുതല്‍ പോലും അടുപ്പക്കൂടുതല്‍ കാരണം, അവരെന്ത് കരുതും എന്നു കരുതി പേര് ചോദിക്കാന്‍ സാധിക്കില്ല.

അങ്ങനെയുള്ളവരെ ഞാന്‍ മനുഷ്യര്‍ എന്നു വിളിക്കാന്‍ ഇഷ്ട്ടപ്പെടുന്നു.
ഈ മനുഷ്യന് ഞാന്‍ എന്താ പകരം നല്‍കുക...??

എന്‍റെ കയ്യില്‍ ഒന്നുമില്ല......ഒന്നറിയാം

"ഈ ഭൂമിയില്‍ ചെയ്തുകൂട്ടുന്നതിന്‍റെയൊക്കെയും, നന്മയുടെയും, തിന്മ യുടെയും, ഫലം ഇവിടെ തന്നെ....,ഒരുനാള്‍ തിരികെ ലഭിക്കും"

തിങ്കളാഴ്‌ച, ജനുവരി 16, 2012

സര്‍ നുണയന്‍സ് 2

നുണയന്‍ എന്തേ ഇങ്ങനെ വഴിതെറ്റി പോകാന്‍ കാരണം??.... എന്താഡോ നുണയാ താന്‍ നന്നാവാത്തെ??... തനിക്ക് വല്ലപ്പോഴുമെങ്കിലും അല്പ്പം സത്യമൊക്കെ പറഞ്ഞുകൂടെ??.... എന്നൊക്കെ ചില മാന്യന്‍മാര്‍ ഈയിടെ ചോദിക്കുക ഉണ്ടായി.

തൊണ്ണൂറുകളുടെ മദ്ധ്യകാലത്ത് അതായത് ഏതാണ്ട് നാല്‍പ്പത്തിഅഞ്ച് നാല്‍പ്പത്തി ആറു കാലഘട്ടത്തില്‍ ,(നുണയന്‍ പറയുന്ന കാര്യങ്ങള്‍ പഠിച്ചു പി‌എസ്‌സി പരൂക്ഷ പാസ്സാകാം എന്നു ഏതെങ്കിലും മാന്യന്‍ മോഹിച്ചെങ്കില്‍ അത് വെറും വ്യാമോഹമാണ്.കാരണം നുണയന്‍ വഴിയേ വ്യക്തമാക്കാം)നട്ടെല്ല് വളച്ച് വടിയും കുത്തി പിടിച്ച് നിന്നു മൊത്തമായി സായിപ്പിന്‍റെ കയ്യില്‍ നിന്നും എന്തോ സാധനം വാങ്ങി റേഷന്‍ കടകളിലൂടെ സൌജന്യ നിരക്കില്‍ വിതരണം ചെയ്യുന്ന കാലത്ത് ,നുണയനു അതികഠിനമായ മൂക്കടപ്പും ജലദോഷവും കാരണം നേരില്‍ പോയി വാങ്ങാന്‍ സാധിച്ചില്ല ,പകരം നുണയന്‍ അന്ന് കെട്ടിയോളെ പറഞ്ഞു വിടുകയാണ് ഉണ്ടായത്

ഓള് സാധനം വാങ്ങി വന്നു ,നുണയന്‍ സഞ്ചി വാങ്ങി പരിശോദിച്ചപ്പോ പ്രധാനപ്പെട്ട സാധനം ഇല്ല...!!

ഇജ്ജ് സത്യം പറയാനുള്ള സാധനം വാങ്ങീലെ???

ഇല്ലിക്കാ ഓര് അത് എന്തോ പരീക്ഷണം നടത്താനുള്ള പൊത്തകമാക്കി ബിക്കണീന്നു.....!!

പിന്നെന്തേ നുണയന്‍ സത്യത്തിനായി സമരം ചെയ്തില്ല?????,സത്യത്തിനുവേണ്ടിയല്ല നുണയക്ക് വേണ്ടിയെ 'സര്‍' സമരം ചെയ്യൂ ആരോഗ്യം ഒന്നു നന്നാക്കി, ഫൈവ്സ്റ്റാര്‍ സെറ്റപ്പില്‍,നല്ല നല്ല ഡാക്ടറുമാരുടെ പരിചരണത്തില്‍ നാലു സത്യമുദ്രാവാക്യം കേട്ടു നിരാഹാരം കിടക്കാനും, വല്ലാണ്ട് വയറു വിശക്കുമ്പോള്‍,അടിമുടിയൊന്ന് ഉടയുമ്പോള്‍ , അന്വേഷണം താല്ക്കാ ലികമായി അവസാനിപ്പിച്ചു, വീണ്ടും തടി നന്നാക്കി വന്നു മുന്‍കാല പ്രാബല്യത്തോടുകൂടി ഡയറ്റിങ് തുടരാനും മോഹമില്ലാഞ്ഞല്ല ഇപ്പോ സത്യാണ്ണന്മാരുടെയും ,മറ്റണ്ണന്‍മാരുടെയും ടൈം ആണ് അതൊന്നു കഴിയട്ടെ ....

ഇനി അഥവാ നുണയനു വല്ലപ്പോളും സത്യം പറയാന്‍ മോഹമുദിച്ചാല്‍ ഭാര്യയെ വിളിച്ച് രഹസ്യമായി പറയുകയാണ് പതിവ് ,അപ്പോളൊക്കെയും തെറി പറഞ്ഞു എന്ന നുണാരോപണം ഉന്നയിച്ച് , നുണയന് 'സത്യമായ' കഞ്ഞി നിഷേധിക്കപ്പെട്ടിരിക്കുന്നു. അവളെ കെട്ടുന്ന കാലത്ത് അവളുടെ പിതൃതനയന്‍ നുണയനു സ്ത്രീധനമായി തന്ന സാമഗ്രികളില്‍ ഇതും പെടും എന്നു അവള്‍ മനസ്സിലാക്കുന്നില്ല എന്നതാണു സത്യം .

പരൂക്ഷ'ആര്‍ത്തി'കളിലേക്ക് വരാം ,പ്രിയ സര്‍ക്കാര്‍ ഭക്ഷണ മോഹികളെ നുണയന്‍ പറയുന്ന സത്യങ്ങള്‍ നുണകളും നുണകള്‍ സത്യങ്ങളും ആകുന്നു (ഈ പറഞ്ഞത് ഒരു നുണയുമാകുന്നു),വിജ്ഞ്ജാനവും, വിനോദവും, നുണയും, സത്യവും ഒരുമിച്ച് തരാന്‍ നുണയന്‍ ആളല്ല അനങ്ങനെ മോഹിക്കുന്നവര്‍ കണ്ടത്തില്‍ 'മഴവില്‍' കാണുക,അല്ലെങ്കില്‍ സദാചാര സത്യജീവികളുടെ സൌഹൃദം നേടുക ,നുണയനെ തഴയുക ,അല്ലാണ്ട് നുണയന് കിട്ടാത്തതൊന്നും നിങ്ങള്‍ക്കും കിട്ടാന്‍ പാടില്ല എന്ന വൃത്തികെട്ട കോംപ്ലെക്സ് ഒന്നും നുണയനില്ല....

സത്യമായിട്ടും....!!!!!!

വെള്ളിയാഴ്‌ച, ജനുവരി 13, 2012

സുഗന്ധ വ്യാപാരി


റബ്ബറുറകളുടെ നിര്‍മ്മിതിയില്‍ മായം ചേര്‍ത്ത ലാഭചിന്ത, രൂപമില്ലാത്ത പിതാവിനെ സൃഷ്ട്ടിച്ചത് മാത്രം ഗന്ധമില്ലാത്ത ഓര്‍മ്മ

കുടുംബമെന്ന സത്യത്തെ മറച്ചുപിടിച്ചു വന്നു, അവര്‍തന്നുപോയ പുഞ്ചിരികള്‍ക്ക് മദ്യത്തിന്‍റെ സുഗന്ധം.

അമ്മ നല്‍കിയ മുലപ്പാലിന്, മുടിയില്‍ചൂടിയ മുല്ലപ്പൂവിന് അന്യരുടെ അദ്ധ്വാനത്തിന്‍റെ, വിയര്‍പ്പിന്‍റെ സുഗന്ധം.

ശവപ്പറമ്പില്‍ മിച്ചമില്ലാത്ത ജീവന് കാവലിരുന്നകാലം കത്തിയെരിയുന്ന ശരീരത്തില്‍ മിച്ചംനിനിന്നു പുകയുന്ന ഞാനെന്നഹുങ്കിന്‍റെ സുഗന്ധം

കള്ള് വാങ്ങിത്തന്നവന്‍, തള്ളയെ കൊന്നില്ലന്നു കള്ളം പറഞ്ഞു രക്ഷിച്ചപ്പോള്‍, പകരം നേടിയ സ്നേഹത്തിന്‍റെ സുഗന്ധം.

മണ്ണില്‍ ആര്‍ഷസംസ്ക്കാരം, അവസാനകാലം ആവേശത്തോടെ കൃഷിചെയ്യുന്ന പ്ലാസ്റ്റിക്ക് കവറിലെ ഉച്ഛിഷ്ടത്തില്‍, പട്ടിണിപ്പട്ടിയായി കണ്ടെത്തിയ ജീവന്‍റെ സുഗന്ധം.

കാമഭ്രാന്ത് പിച്ചിച്ചീന്തിയ പ്രകൃതിയാം ദേവത, ജീവനെടുക്കാന്‍ പടച്ചുവിട്ട കൊടുങ്കാറ്റു, മൈലുകള്‍ക്കപ്പുറത്തുനിന്നും തനിക്കായ് ചുമന്നു കൊണ്ടുവന്ന ചോരയുടെ സുഗന്ധം

അക്ഷരം പഠിക്കേണ്ട കാലം അക്ഷരത്തെറ്റുകള്‍ അറിഞ്ഞു നല്‍കിയ ദുര്‍ഗന്ധമാവാം ,സുഗന്ധാനുഭവങ്ങളേറെയായിട്ടും അയാളെ കവിതകളെഴുതുന്ന മഹാനാക്കാതെ , സുഗന്ധ വ്യാപാരിയായത്

ഒരു കുപ്പി വാങ്ങി , മനസ്സിലെ നാറുന്ന ചിന്തകള്‍ക്ക് മേലെ വാരിപ്പൂശി.

എന്‍റെ ശരീരവും സുഗന്ധം പരത്തട്ടെ

ചൊവ്വാഴ്ച, ജനുവരി 10, 2012

ഒടിയന്‍


 
ഒടിയന് ആരുടെയെങ്കിലും തന്തയ്ക്കു വിളിക്കണമെന്ന് തോന്നിതുടങ്ങിയിട്ടു കുറെക്കാലമായി ,തന്തയ്ക്കു പിറന്ന ആരെയേലും നേരില്‍ വിളിച്ചാല്‍ തല്ല് കിട്ടാന്‍ സാധ്യത കണക്കാക്കുന്നതിനാല്‍ ഒടിയന്‍ ഒടുവിലൊരുപായം കണ്ടെത്തിയിരിക്കുന്നു ,ദൈവത്തിന്‍റെ തന്തയ്ക്കു പറയുക...,കാരണം ലളിതമാണ്, ദൈവത്തിനൊരു തന്തയുണ്ടായാല്‍ ആ തന്ത ദൈവമുള്‍പ്പടെ സകലസൃഷ്ട്ടിയുടെയും തന്തയാകും അങ്ങനെ വല്യദൈവമാകും അപ്പോ ഇപ്പോള്‍ നിലവിലുള്ള ദൈവം പുറത്താകാന്‍ സാധ്യതയുണ്ട് ,അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദൈവത്തിനു തന്തയുണ്ടാകാന്‍ ഏകാധിപത്യരാജ്യത്തു സാധ്യതയില്ല എന്നു മനനം, നിഗമനം.

ഒടുവില്‍  ഒടിയന്‍ ദൈവത്തിനെ 'തന്തയ്ക്കു പിറക്കാത്തവനെ' എന്നു വിളിച്ചു ,തിരിച്ചു വിളിക്കാന്‍ മൂപ്പര്‍ നാക്ക് വളച്ചതാ.... അപ്പോള്‍ ദൈവത്തിനു യുക്തിബോധം ഉണ്ടായി ,ഒടിയന്‍ ഉള്‍പ്പടെ സകാലചരാചരങ്ങളുടെയും തന്തയായ താന്‍, ഒടിയനെ തന്തയില്ലാത്തവന്‍ എന്നു വിളിച്ചാല്‍ ,സ്വന്തം പുരുഷ്വത്വവും, പ്രതുത്പാദന ശേഷിയും ചോദ്യം ചെയ്യപ്പെടും

പകരം സ്വയം തന്തയുള്ളവന്‍ എന്നു തെളിയിക്കാം.. ,ഒരു തന്തയ്ക്കു തന്തയായിമാറി അങ്ങനെ തനിക്ക് ജനിക്കുന്ന തന്ത ദൈവത്തെ ചൂണ്ടികാണിച്ചു ഇതെന്‍റെ സ്വന്തം തന്ത എന്നു പറയാം. ,ദൈവം അത് തന്നെ ചെയ്തു.

ഒടിയന്‍ ദൈവത്തിന്‍റെ തന്തയെയും തന്തയില്ലാത്തവന്‍ എന്നു വിളിച്ചു..

കുടുങ്ങിയിരിക്കുന്നു ,കള്ളി വെളിച്ചത്താകാന്‍ പാടില്ല, താനാണ് തന്‍റെ തന്തയുടെ തന്ത എന്നു പറഞ്ഞാല്‍ അത് ദൈവത്തിനു നിരക്കാത്ത പണിയാകും ,തന്തയ്ക്കായി ഒരുതന്തയെക്കൂടി സൃഷ്ട്ടിച്ചാല്‍ , ഒടിയന്‍ വീണ്ടും  പണി തുടരും ,ഒടുവില്‍ മക്കള്‍ ഇല്ലാത്ത 'തന്തയ്ക്കു പിറന്ന തന്തമാര്‍' മാത്രമാകും മിച്ചം.

പുത്രനായ തന്തയെ സംഹരിച്ചു ദൈവം സ്വയം തന്തയില്ലായിക സ്ഥിതീകരിച്ചു ,

സര്‍വ്വചരാചര തന്തയ്ക്കു തന്തയുടെ ഒഴിവിലേയ്ക്ക് മറ്റൊരു തന്തയ്ക്കും പിറക്കാത്ത ആളെ ആവശ്യമുണ്ട്.
......ഒടിയന്‍.....