ഞായറാഴ്‌ച, നവംബർ 20, 2011

കാഞ്ഞങ്ങാട് ഡയറീസ്


ആമുഖം
കാസറഗോഡ് ജില്ലയുടെ എതാണ്ടൊരു  പ്രവേശന കവാടമാണ് ഈ ചെറുനഗരം(ഭൌതികമായ പ്രവേശനം ചെറുവത്തൂര്‍ ആണ് തുടങ്ങുന്നത് ) ഒരുവര്‍ഷം മുന്‍പു ഇവിടെ വന്നിറങ്ങുമ്പോ മനസില്‍ ഉണ്ടായിരുന്ന മുനവിധികളെയൊന്നും കാര്യമായി  തിരുത്തി എഴുതാന്‍ ഈ നാടിനു സാധിച്ചിട്ടില്ല .

സാംബത്തികം
മറ്റ് മലബാര്‍ മേഖലകളെ പോലെ തന്നെ പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് കൂടുതല്‍ ,ഈ കൊച്ചു നഗരത്തില്‍ മാത്രം 25ഇല്‍ അധികം ബാങ്കുകള്‍ നഷ്ടം കൂടാതെ പ്രവര്‍ത്തി ക്കുന്നു ഏന്നത് തന്നെ ഇവിടം നേടികൊണ്ടിരിക്കുന്ന സാംബത്തിക പുരോഗതിയുടെ അടയാളമാണ്

വിദ്യാഭ്യാസം, തൊഴില്‍
എന്‍റെ ജന്മനാടിനെ അപേക്ഷിച്ച് പൊതുവേ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കുറവാണ് ,വലിയൊരു ശതമാനം ചെറുപ്പക്കാരും അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍,ബിസ്സിനസ് ,പ്രവാസം ഇതിലേതെങ്കിലുമൊന്നു തിരഞ്ഞെടുക്കുന്നു.

ഗതാഗതം
തുടക്കം മുതലേ ശ്രദ്ധിച്ചതാണ് ഇവിടെ ഓട്ടോറിക്ഷ്കളുടെ എണ്ണം താരതമ്യേന കൂടുതലാണ് അതും വലിയൊരു ശതമാനവും ചെറുപ്പക്കാര്‍ ഓടിക്കുന്നു. ,പിന്നീട് മനസിലായി അവര്‍ ഗള്‍ഫില്‍  പോകാനുള തയാറെടുപ്പിലാണ്, അതിനുള്ള പണം സ്വരൂപിക്കുകയാണ് പലരും .

ഇത്തരം ഓട്ടോകളില്‍ ഈ നാട്ടില്‍ വന്നാല്‍ കഴിയുന്നതും കയറാതിരിക്കുക ഒന്നു രണ്ടു വട്ടം അനുഭവമുണ്ട് ജീപ്പിനെക്കാള്‍ വലുപ്പമുള്ള ഡീസല്‍ വണ്ടികളാണ്, ഉള്ളില്‍ വിശാലമായ പാര്‍ക്കിങ് സൌകര്യം പക്ഷേ ഓടിത്തുടങ്ങിയാല്‍ നടുവൊടിയും, മാര്‍ബിളില്‍ കൂടിപ്പോലും ചാടിച്ചാടിയേ യാത്രയുള്ളൂ .ഒരിക്കല്‍ കേറിയിറങ്ങുമ്പോ ഞാനൊരു ഗര്‍ഭിണിയായ യുവതി അല്ലല്ലോ എന്നു സമാധാനിച്ചു, പെട്രോള്‍ വിലവര്‍ദ്ധനയുടെ മറ്റൊരു അനന്തരഫലമാണ് ഇത്തരം ഗര്‍ഭം കലക്കിവണ്ടികള്‍ ,പെട്രോള്‍ വിലവര്‍ദ്ധനയും ഗര്‍ഭച്ഛിദ്രങ്ങളും നല്ല വിഷയമാണ് .. പുതിയതും..,താല്പര്യമുള്ളവര്‍ക്ക്  ഒരു കൈനോക്കാം.

ആഹാരം ,വെള്ളം
കോട്ടയത്തുനിന്നും ഒരു രാത്രി വണ്ടികേറി, അടുത്തപകല്‍ മുതല്‍ ഇവിടെ പ്രവാസം തുടങ്ങിയ എനിക്കു ഭക്ഷണം തുടക്കത്തിലെ പ്രശ്നമാരുന്നു ,ഇപ്പോളും അങ്ങനെതന്നെ, ഇവിടുത്തെ 90 ശതമാനം ഹോട്ടലുകളിലും വളരെ മോശം ഭക്ഷണം, വളരെ കൂടിയ വിലക്ക് സുലഭമാണ് , ബാക്കി പത്തില്‍ ഒന്‍പതു ഞാന്‍ തപ്പികൊണ്ടിരിക്കുന്നു, പിന്നത്തെ ഒരു ശതമാനം  ശതമാനം പൂട്ടിപ്പോയവയും, ഞാന്‍ തുടങ്ങാന്‍ പോകുന്നവയുമാണ് ..

ഭക്ഷണം കഴിഞ്ഞാല്‍ അടുത്തത് മദ്യമാണല്ലോ ഞങ്ങള്‍ അച്ചായന്‍മാര്‍ക്കു പ്രധാനം .അതും രക്ഷയില്ല ഏതാണ്ട് 30 കിലോമീറ്ററിനുള്ളില്‍ ഒരേ ഒരു ബെവെറെജെസ് ഷോപ്പ്, എന്നും ഗുരുവായൂര്‍ ഏകാദശിയാണ് അവിടെ.. ക്യൂ നിന്ന് ഭഗവത് പ്രസാദം ലഭിക്കണെല്‍ മണിക്കൂറുകളുടെ പ്രയത്നം വേണം ,അതുകൊണ്ടു തന്നെ ഒരു തലമുറ ഇവിടെ ബെവെറെജെസ് ഷോപ്പുകള്‍ ഒഴിവാക്കി നന്നാകുന്നുണ്ട് ,അവര്‍ ബാറുകളില്‍ പോകുന്നു.. നഷ്ടം ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിനു തന്നെ ..,സര്‍ക്കാരിനു

ഭാഷ
പൊതുവേയുള്ള വിദ്യഭ്യാസക്കുറവ്  മാറ്റി നിര്‍ത്തിയാല്‍ ആളുകള്‍ പൊതുവേ സ്നേഹസംബന്നരാണ്,അല്ല, ആ അഹങ്കാരം ഞങ്ങള്‍ തെക്കോട്ടുള്ളവര്ക്ക് ഉള്ളതാ അച്ചടി ഭാഷ സംസാരിക്കുന്ന അക്ഷരനഗരിനിവാസികള്‍...,കണ്ടത്തില്‍ കുടുംബത്തിന്റെ (മലയാള മനോരമ)അനുഗ്രഹാശിസുകളുണ്ട് .....

ആദ്യകാലത്ത് ഇവിടുത്തുകാര്‍ പറയുന്നതൊന്നും പിടികിട്ടില്ലാരുന്നു എന്തുപറഞ്ഞാലും ങേ... ങേ ...ഒരു ബധിര യുവാവിനോടുള്ള സഹതാപം ചില മുഖങ്ങളിലേലും കണ്ടതോര്‍ക്കുന്നു

അതൊരിക്കല്‍ കുറച്ചു മുന്തിരി ഇരുന്നു കേടായപ്പോ എടുത്തു പുറത്തെറിഞ്ഞു, അപ്പുറത്തെ പറമ്പില്‍ വീണോ എന്നു സംശയം തോന്നിയിരുന്നു രാത്രിയല്ലായൊ. അയലത്തെ ചേച്ചി രാവിലെ ചീത്ത വിളിക്കുമ്പോ മുന്തിരി ചാടിച്ചു എന്നു കൂടെക്കൂടെ പറയുന്നുണ്ട് ,മുന്തിരി ചാടിയെന്നോ..?? ,പിന്നീടല്ലേ പിടികിട്ടുന്നെ , കളഞ്ഞു ,എറിഞ്ഞു കളഞ്ഞു എന്നൊക്കെയാണ്...അര്‍ത്ഥം ,തെക്കന്മാരുടെ ശ്രദ്ധയ്ക്ക് ഇവിടെ വന്ന്‍ അപ്പുറത്തെ ചേച്ചി കിണറ്റില്‍ ചാടി എന്നു പറയുമ്പോ സൂക്ഷിക്കുക പോലീസ് പിടിക്കും..

സംസ്കാരം
കേരളത്തില്‍ തെക്കുനിന്നും വടക്കോട്ടു പോരും തോറും ആളുകളുടെ പൊതുവേയുള്ള പെരുമാറ്റത്തിലുള്ള പോസിറ്റീവ് ആയ മാറ്റം ദൃശ്യമാണ് .തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പൊതുജനത്തിന്റെ് പെരുമാറ്റ വൈകില്യങ്ങള്‍ നേരിട്ടു അനുഭവിച്ചറിഞ്ഞതാണ്, കോട്ടയത്തു പിന്നെ പറയണ്ട ...നമ്മുടെ നാടല്ലയോ ..പാലാക്കാരനെയും പാബിനെയും കണ്ടാല്‍ ആദ്യം പാലാക്കാരനെ തല്ലണം എന്നൊക്കെ ഒരു പറച്ചിലുണ്ട്.
 
ചുരുട്ടിക്കൂട്ടല്‍
ഇവിടെ ജീവിതം തുടരുകയാണ്..........
ഇതൊരു മുഖവുര മാത്രം ഒരുപാടൊരുപാടുണ്ട് പറയാന്‍ ഇനിഒരിക്കല്‍ ആകട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ